ഓർമ്മപ്പൂക്കൾ 🌹🌹🌹
രതീഷ്
Roy VT
80 – കളിൽ ആക്ഷൻഹീറോ ഇമേജിൽ തിളങ്ങി നിന്ന മുൻനിര നായകൻ.
ആകർഷണീയമായ അഭിനയശൈലി,
സ്ഫുടതയുള്ള സംഭാഷണം,
ഹൃദയഹാരിയായ ഗാനരംഗങ്ങൾ,
ചടുലമായ സംഘട്ടനങ്ങൾ,
ഭാവാർദ്രമായ കണ്ണുകൾ,
നിഷ്കളങ്കമായ പുഞ്ചിരി …
സ്റ്റാൻലി ജോസ് സംവിധാനം ചെയ്ത വേഴാമ്പൽ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടൻ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. തുടർന്ന് ഇടിമുഴക്കം, ചാമരം, പാലാട്ട് കുഞ്ഞിക്കണ്ണൻ, വളർത്തുമൃഗങ്ങൾ തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. ജയന്റെ മരണശേഷം പുതിയ നായകനെത്തേടിയ ഐ.വി.ശശിയുടെ തുഷാരം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. ആ ചിത്രം വൻവിജയം നേടിയതോടെ രതീഷിന് താരപദവി ലഭിച്ചു. തുടർന്ന് മുന്നേറ്റം, അഹിംസ, സംഘർഷം, കരിമ്പൂച്ച, ജോൺ ജാഫർ ജനാർദ്ദനൻ, ചമ്പൽക്കാട്, തടാകം, ഈനാട്, ഒരുമുഖം പലമുഖം, ഇനിയെങ്കിലും, അസുരൻ, അറബിക്കടൽ, യുദ്ധം, അമേരിക്ക അമേരിക്ക, പൊൻതൂവൽ, ഇന്നല്ലെങ്കിൽ നാളെ, ഉണരൂ, ബുള്ളറ്റ്, ഇവിടെ ഇങ്ങനെ, കൂടുതേടുന്ന പറവ, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, ബ്ലാക്ക്മെയിൽ, അക്കച്ചീടെ കുഞ്ഞുവാവ, ഗുരുജീ ഒരു വാക്ക്, റിവഞ്ച്, ആനയ്ക്കൊരുമ്മ, ചോരയ്ക്കു ചോര, ഈ കൈകളിൽ, കുളമ്പടികൾ, എന്റെ ശബ്ദം, ആട്ടക്കഥ, ഇതാ സമയമായി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഈ നടൻ ഒരു കാലഘട്ടത്തിൽ മലയാളത്തിലെ മുൻനിര താരമായി നിറഞ്ഞുനിന്നു.
മഞ്ഞേ വാ
ഇത് മധുവിധുവേള …
കാറ്റു താരാട്ടും
ഈ കിളിമരത്തോണിയിൽ …
തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി …
കരളിതിലേതോ കിളിപാടി …
അഭിലാഷഹാരം ചൂടി …
ദേവാംഗനേ ദേവസുന്ദരീ …
നിന്നെയെൻ സ്വന്തമാക്കും ഞാൻ
പിന്നെയീ നാണം മാറ്റും ഞാൻ …
മഞ്ഞണിഞ്ഞ മാമലയിൽ …
രാജീവം വിടരും
നിൻ മിഴിയിൽ …
തുടങ്ങി ഒട്ടനവധി മനോഹര ഗാനരംഗങ്ങളിലൂടെയും രതീഷ് പ്രേക്ഷകരുടെ മനം കവർന്നു. രതീഷിന്റെ ഒട്ടുമിക്ക ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയിരുന്നു. ധാരാളം ആരാധകരും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷെ കരിയർ ദീർഘകാലം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു: നിലവാരമില്ലാത്ത ചിത്രങ്ങളിൽ വരുംവരായ്കകൾ നോക്കാതെ തല വച്ചുകൊടുക്കാൻ ഈ നടൻ തയ്യാറായി. ക്ലാസിക് ചിത്രങ്ങളിൽ അഭിനയിച്ചാൽ മാത്രമേ നടന്റെ മികവ് അംഗീകരിക്കൂ എന്ന ചിന്താഗതിയുള്ള ബുദ്ധിജീവി നാട്യക്കാരുടെ അപ്രീതിക്ക് പാത്രമായതും ഇദ്ദേഹത്തിന്റെ പ്രശസ്തിയിൽ കരിനിഴൽ വീഴ്ത്തി. മികച്ച കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കാൻ ശ്രദ്ധചെലുത്തിയില്ല.
ഇൻഡസ്ട്രി ഭരിക്കുന്ന വമ്പൻ നിർമ്മാതാക്കളുടെയും സംവിധായകരുടേയും ചിത്രങ്ങളിൽ നായകനാകാൻ സ്വാധീനം ചെലുത്തിയില്ല. നായകനായി തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിൽപ്പോലും ഇമേജ് നോക്കാതെ ഉപനായകനും പ്രതിനായകനും ഒക്കെയാകാൻ സന്നദ്ധനായി. തന്റെ ആരാധകരെ ഒരു സംഘടിത ശക്തിയാക്കി നിർത്താൻ ശ്രദ്ധിച്ചില്ല. ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലെ ലേഖകൻമാരെ സ്വാധീനിച്ച് തനിക്കനുകൂലമായി എഴുതിക്കാനോ, ചലച്ചിത്രരംഗം നിയന്ത്രിച്ചിരുന്ന ജ്യോത്സ്യൻമാരെ സ്വാധീനിച്ച് തനിക്കനുകൂലമായി ശ്യപാർശ ചെയ്യിക്കാനോ ശ്രമിച്ചില്ല. തുഷാരത്തിന്റെ കാലം മുതൽക്കേ ജയനുമായി താരതമ്യം ചെയ്യപ്പെട്ടതും ദോഷമായി. ഇത്തരത്തിൽ നിരവധി ഘടകങ്ങൾ രതീഷിന്റെ കരിയറിന് ദോഷകരമായി ഭവിച്ചു.
പാർട്ണർഷിപ്പിൽ ഏർപ്പെട്ട ബിസ്സിനസ്സുകളിൽ ചതിക്കപ്പെട്ട് സാമ്പത്തികനഷ്ടം ഉണ്ടായതിനെത്തുടർന്ന് മദ്യത്തിൽ അഭയം തേടിയതോടെ ഒരു മികച്ചനടന്റെ തകർച്ച ഏതാണ്ട് പൂർണ്ണമായി. സിനിമയിൽ പ്രതാപത്തോടെ ദീർഘകാലം പിടിച്ചു നില്ക്കാൻ അഭിനയശേഷി മാത്രം പോര, അഭിനയത്തിനുപരിയായ നിരവധി തന്ത്രങ്ങളും പയറ്റണം എന്ന തിരിച്ചറിവ് ഇല്ലാതിരുന്ന ഈ ശുദ്ധഹൃദയൻ നാലഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം കാശ്മീരം എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നപ്പോഴും പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. കമ്മീഷണർ, പാളയം തുടങ്ങിയ ചിത്രങ്ങളിലും പ്രൗഡിയോടെ നിറഞ്ഞുനിന്നു. പക്ഷെ പിന്നീട് ലഭിച്ച കഥാപാത്രങ്ങൾ പലതും മുൻകാല സൂപ്പർഹീറോയുടെ പ്രതാപത്തോട് നീതി പുലർത്തുന്നത് ആയിരുന്നില്ല. 2002 ഡിസംബർ 23 -ന് അകാലത്തിൽ അന്തരിച്ച രതീഷ് എന്ന പ്രിയനായകൻ ഇന്നും ആരാധകരുടെ മനസ്സിൽ ഒരു വികാരമാണ്.