Roy VT :
ശ്രീകാന്ത് ((19 March 1940 – 12 October 2021))
60 – കളുടെ രണ്ടാം പകുതിയിലും 70 – കളിലും തമിഴ് സിനിമയിൽ നായകനായി നിറഞ്ഞുനിന്ന ഈ നടൻ ഗ്ലാമറിന്റെയോ അമാനുഷിക പരിവേഷത്തിന്റെയോ പിൻബലമില്ലാതെ, ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയുടെ അതുവരെയുള്ള ചട്ടക്കൂടുകളിൽനിന്നും തികച്ചും വ്യത്യസ്ഥമായി ഒരു സമാന്തരപാത വെട്ടിത്തെളിക്കുകയായിരുന്നു. എം ജി ആർ, ശിവാജി, ജയശങ്കർ തുടങ്ങിയവർ അതിഭാവുകത്വത്തോടെ നിറഞ്ഞുനിന്ന അക്കാലത്ത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കലാമൂല്യമുള്ള ചിത്രങ്ങൾ തമിഴിൽ വളരെ അപൂർവ്വമായിരുന്നെങ്കിലും അത്തരം ചിത്രങ്ങളിൽ മിക്കതിലും പ്രേക്ഷകർ കണ്ട പ്രധാന മുഖം ശ്രീകാന്തിന്റേതായിരുന്നു.
നാടകവേദിയിൽ നിന്നും ചലച്ചിത്ര രംഗത്തെത്തിയ ഈ നടൻ ഒരിക്കലും പ്രതിഛായയുടെ തടവറയിൽ ഒതുങ്ങിയിരുന്നില്ല. നായകനായി അഭിനയിക്കുന്ന കാലഘട്ടത്തിൽത്തന്നെ ഉപനായകനായും പ്രതിനായകനായും ഒക്കെ വേഷമിടാൻ യാതൊരു വിസമ്മതവും പ്രകടിപ്പിച്ചിരുന്നില്ല. ജയലളിത, ഉഷാകുമാരി എന്നിവർ അരങ്ങേറ്റം കുറിച്ച വെൺനിറ ആടൈ എന്ന എവർഗ്രീൻക്ലാസ്സിക് ചിത്രത്തിലൂടെയായിരുന്നു ശ്രീകാന്തിന്റെയും ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്.
തുടർന്ന് ആലയം, എതിർനീച്ചൽ, ഭാമാവിജയം, നവഗ്രഹം, തങ്കഗോപുരം, പ്രാപ്തം, ഗോമാതാ എൻ കുലമാതാ, പൊൻവണ്ട്, കാതലിക്ക വാങ്ക, ദിക്കറ്റ പാർവ്വതി, ദാഹം, തിരുമാംഗല്യം, വാഴ്ന്തു കാട്ടുകിറേൻ, പയണം, ചിലനേരങ്കളിൽ ചിലമനിതകൾ, യാരുക്കു മാപ്പിളൈ യാരോ, ഒരുകൊടിയിൽ ഇരുമലർകൾ, വട്ടത്തുക്കുൾ ചതുരം, അഗ്നിപ്രവേശം, ചിട്ടുക്കുരുവി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഈ അനുഗ്രഹീതനടൻ തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്റേതായ ഒരു അധ്യായം എഴുതിച്ചേർത്തു.