ഒരുകാലത്ത് തമിഴ് ചലച്ചിത്രപ്രേമികൾ ഹൃദയത്തോട് ചേർത്തുവച്ച പ്രസിദ്ധീകരണം ആയിരുന്നു ജെമിനി സിനിമ .വാരികയുടെ ഈ മുഖച്ചിത്രം അലങ്കരിക്കുന്ന ത്യാഗരാജൻ ’80കളിൽ തമിഴകത്ത് സൂപ്പർതാര പരിവേഷത്തോടെ നിറഞ്ഞുനിന്ന നായകനാണ്.ഭാരതിരാജയുടെ അലൈകൾ ഓയ്വ്വതില്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ത്യാഗരാജൻ തുടക്കകാലത്ത് കൂടുതലും വില്ലൻവേഷങ്ങളാണ് ചെയ്തിരുന്നത്. ക്രമേണ നായകനായി മാറിയ ഇദ്ദേഹം 1983ൽ രാജശേഖർ സംവിധാനം ചെയ്ത മലൈയൂർ മമ്പട്ടിയാൻ എന്ന ചിത്രത്തിലൂടെ സൂപ്പർതാര സമാനമായ പ്രഭാവം കൈവരിച്ചു. പിന്നീട് കുറേക്കാലത്തേക്ക് ത്യാഗരാജൻ നായകനായ മിക്കവാറും എല്ലാ ചിത്രങ്ങളും തമിഴ്നാടിനു പുറമേ കേരളത്തിലും മികച്ച കളക്ഷൻ നേടിയിരുന്നു. നെഞ്ചിൽ ഒരു രാഗം, നീങ്കൾകേട്ടവൈ, കൊമ്പേരിമൂർഖൻ, നല്ലനാൾ, നെരുപ്പുക്കുൾ ഈറം, കറുപ്പുചട്ടൈക്കാരൻ, മുരട്ടുക്കരങ്കൾ, മച്ചക്കാരൻ, കാവൽ, എരിമലൈ, രാജാ യുവരാജാ, ശങ്കരി, പൂവുക്കുൾ ഭൂകമ്പം, സേലം വിഷ്ണു, തീച്ചട്ടി ഗോവിന്ദൻ തുടങ്ങി പ്രേക്ഷകപ്രീതി നേടിയ ഒട്ടനവധി ചിത്രങ്ങളുണ്ട് ഈ നടന്റേതായി. തമിഴിൽ മുൻനിര നായകനായി തിളങ്ങി നില്ക്കുമ്പോൾ തന്റെ ഹീറോ ഇമേജിനു പ്രതികൂലമായി സഹനടനായും വില്ലനായും (ന്യൂഡെൽഹി ഒഴികെയുള്ള) അന്യഭാഷാ ചിത്രങ്ങൾക്കു തല വച്ചുകൊടുത്തത് കരിയറിനു ദോഷമായി.
ന്യൂഡെൽഹിക്കു പുറമേ ചില്ലുകൊട്ടാരം, അധോലോകം, ഒരുമുത്തശ്ശിക്കഥ, അബ്കാരി, ഊഹക്കച്ചവടം, വൈസ്ചാൻസലർ അർജുൻ ഡെന്നീസ്, മനുഅങ്കിൾ, മിസ്.പമീല തുടങ്ങി കുറെയേറെ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും തമിഴിലെ ഒരു സൂപ്പർനായകന്റെ പകിട്ടിനൊത്ത ചിത്രങ്ങളോ കഥാപാത്രങ്ങളോ ആയിരുന്നില്ല. പൊതുവിൽ അന്യഭാഷാ താരങ്ങൾക്ക് മലയാള സിനിമയെന്നാൽ കലാപരമായ മികവും, വ്യത്യസ്ത കഥാപാത്രങ്ങളും ആയിരിക്കുമെന്ന ചിന്താഗതി അക്കാലത്ത് (ചെമ്മീൻ മുതലിങ്ങോട്ട്) ശക്തമായിരുന്നതിനാൽ മികച്ച അവസരങ്ങൾ ആയിരിക്കുമെന്ന മിഥ്യാധാരണയിൽ ആയിരിക്കും ഈ നടൻ തമിഴിലെ സ്വർണ്ണത്തളിക മാറ്റിവച്ചിട്ട് മലയാളത്തിലെ മൺചട്ടി തേടിവന്നത് എന്ന് ഞാൻ കരുതുന്നു.
ഇവിടുത്തെ അവസരങ്ങൾ മികച്ചതായിരുന്നില്ല എന്ന തിരിച്ചറിവിൽ തമിഴകത്ത് തിരിച്ചെത്തിയപ്പോൾ അവിടെയുമില്ല, ഇവിടെയുമില്ല എന്ന സ്ഥിതിയായി. 1990ൽ വൈകാശി പൊറന്താച്ച് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായകനായി മകൻ പ്രശാന്ത് അരങ്ങേറ്റം കുറിച്ചതോടെ ത്യാഗരാജൻ അഭിനയരംഗം വിട്ട് മകന്റെ കരിയറിൽ പരിപൂർണ്ണമായും ശ്രദ്ധ ചെലുത്തുകയായിരുന്നു.
പിന്നീട് വല്ലപ്പോഴും മാത്രം സിനിമകൾ ചെയ്തിരുന്ന ത്യാഗരാജൻ തിളക്കം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി.