Roy VT
ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും, ചിലരുടെ കാര്യത്തിൽ അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടായിരിക്കും,മറ്റുചിലരുടെ കാര്യത്തിലാകട്ടെ കാഴ്ചയിലുള്ള രൂപസൗകുമാര്യം കൊണ്ടായിരിക്കും …അങ്ങനെ പലർക്കും പലവിധ കാരണങ്ങളാൽ ആയിരിക്കും ഇഷ്ടംതോന്നുക. 1999-2000 കാലഘട്ടത്തിൽ എന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയിലേക്ക് കടന്നുകൂടിയ ഒരു താരമായിരുന്നു പൂർണ്ണിമാ പരമേശ്വരൻ (വിവാഹിതയായ ശേഷം പൂർണ്ണിമാ ആനന്ദ്) അഭിനയം കൊണ്ടോ,അവതരിപ്പിച്ച കഥാപാത്രങ്ങൾ കൊണ്ടോ ആയിരുന്നില്ല ഞാൻ ഈ നടിയെ ഇഷ്ടപ്പെട്ടത്. എന്റെ മനസ്സിലുള്ള സൗന്ദര്യ സങ്കല്പങ്ങളോട് ഏറ്റവുമധികം അടുത്തുനില്ക്കുന്ന രൂപസൗകുമാര്യം കൊണ്ടുതന്നെയാണ് ഞാനിവരെ ഇഷ്ടപ്പെട്ടത്. 1999ൽ T.Vയിൽ ചാനലുകൾ മാറ്റിമാറ്റി നോക്കുമ്പോൾ ഏതോ തമിഴ് സീരിയലിലാണ് (Jaya T.Vയിൽ എന്നാണ് ഓർമ്മ)ഈ മുഖം ഞാൻ ശ്രദ്ധിക്കുന്നത്.
അപ്പോൾത്തന്നെ റിമോട്ട് മാറ്റിവച്ചിട്ട് ആ സീരിയൽ കണ്ടു.
അതിൽ ഇവരൊരു ഉദ്യോഗസ്ഥയായ യുവതിയാണ്. കാലിനു സ്വാധീനമില്ലാത്ത അനിയനുമായി വീട്ടിൽവച്ച് സംസാരിക്കുന്ന രംഗങ്ങളായിരുന്നു അന്ന് കണ്ടത്.തുടർന്നുള്ള ദിവസങ്ങളിൽ ഇവരെ മലയാളം സീരിയലുകളിലും കണ്ടു. പൊതുവേ സീരിയലുകളോട് ഞാൻ വലിയ താല്പര്യം കാണിക്കാറില്ലെങ്കിലും ഇവരുള്ള സീരിയലുകൾ പലതും കാണാൻ ശ്രമിച്ചിട്ടുണ്ട്. ഇവരുടെ ഗന്ധർവ്വയാമം അക്കാലത്ത് ഏറെ ശ്രദ്ധേയമായ ഒരു സീരിയലായിരുന്നു. ഞാൻ ഇവരെ ശ്രദ്ധിച്ചു തുടങ്ങുന്നതിനു മുമ്പേ ഇവർ ചില സിനിമകളിലൊക്കെ അഭിനയിച്ചിരുന്നെങ്കിലും എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അക്കൂട്ടത്തിൽ ഇവർ നായികയായി അഭിനയിച്ച ആലിബാബയും ആറരക്കള്ളന്മാരും എന്നചിത്രം തിയേറ്ററിൽ കണ്ടിരുന്നെങ്കിലും അന്ന് ഈ നടിയെ ഞാൻ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല(എന്നെ ആകർഷിച്ച സമയത്തുള്ള രൂപസൗകുമാര്യത്തിലേക്ക് അന്ന് എത്തിച്ചേർന്നിരുന്നില്ല എന്നുപറയാം)ആലിബാബ,. ഉൾപ്പെടെയുള്ള ഇവരുടെ ആദ്യകാല ചിത്രങ്ങൾ പില്ക്കാലത്ത് T.Vയിൽ കണ്ടപ്പോഴാണ് ഈ നടി നേരത്തേതന്നെ സിനിമയിൽ ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ മനസ്സിലാക്കുന്നത്.
2000നു ശേഷമുള്ള നാലഞ്ച് വർഷക്കാലം ഇവർ സീരിയലിനു പുറമേ ചലച്ചിത്രരംഗത്തും ഏറെ സജീവമായിരുന്നു. ചലച്ചിത്ര രംഗത്തുള്ളവരുടെ സൗന്ദര്യ സങ്കല്പങ്ങൾ എന്റേതിൽനിന്നും വ്യത്യസ്തമായതു കൊണ്ടായിരിക്കാം ആ തിരക്കുള്ള ഘട്ടത്തിൽ പോലും ഇവർക്ക് നായികാ വേഷങ്ങൾ പോയിട്ട് ഉപനായികാ വേഷങ്ങൾ പോലുമായിരുന്നില്ല കിട്ടിയത്.മിക്കതിലും വില്ലത്തി റോളുകൾ, അല്പം തടി കൂടിത്തുടങ്ങിയപ്പോൾ രണ്ടാനമ്മ / അമ്മായി റോളുകൾ.
സ്വപ്നക്കൂട്, ഉദയം, സസ്നേഹം സുമിത്ര, മാമ്പഴക്കാലം, തസ്ക്കരവീരൻ, ഗ്രാമഫോൺ,CBI ഡയറി- 3, ഗോൾ, ചിന്താമണി കൊലക്കേസ്, മഞ്ഞുപോലൊരു പെൺകുട്ടി, ബസ് കണ്ടക്ടർ തുടങ്ങി കുറെയേറെ ചിത്രങ്ങളിൽ വേഷമിട്ട ഈ നടിയെ 2000- ദശകത്തിന്റെ രണ്ടാംപകുതി ഒക്കെയായപ്പോഴേക്കും സ്ക്രീനിൽ അധികം കാണാൻ കിട്ടാതെയായി.
ഒരുപക്ഷേ ഇവരുടെ അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ’80കളുടെ രണ്ടാംപകുതി മുതൽ സജീവമായ ആനന്ദ് എന്ന നടനാണ് ഇവരുടെ ഭർത്താവ്. വിജയകാന്ത് നായകനായ
പൂന്തോട്ടക്കാവൽക്കാരൻ എന്ന ചിത്രത്തിലെ ഉപനായക വേഷത്തിലാണ് ആനന്ദിനെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത്.പിന്നീട് നിലാപ്പെണ്ണേ എന്ന ചിത്രത്തിൽ നായകനായി.മണിരത്നം സംവിധാനം ചെയ്ത തിരുടാ തിരുടാ എന്ന ചിത്രത്തിൽ പ്രശാന്തിനൊപ്പം നായകവേഷം പങ്കിട്ടു. പിന്നീട് ആനന്ദിനെ ചെറുവില്ലൻ വേഷങ്ങളിലാണ് കൂടുതലും കണ്ടിട്ടുള്ളത്. ഒരു ഇടവേളയ്ക്കു ശേഷം പൂർണ്ണിമ സീരിയൽ രംഗത്ത് വീണ്ടും സജീവമായെങ്കിലും പഴയ രൂപത്തിൽ നിന്നും ഇതിനകം സ്വാഭാവികമായ ഒരുപാട് മാറ്റങ്ങൾ വന്നുകഴിഞ്ഞു. എന്നുവച്ച് എന്റെ ഇഷ്ടം കുറഞ്ഞിട്ടൊന്നുമില്ല.