Roy VT
തിരയുടെ ചിലങ്കകൾ കിലുങ്ങി
നിന്റെ ചിരിയുടെ നൂപുരം ചിതറി …
എന്ന ഗാനരംഗത്ത് ബാലാജിയും സൗമിനിയും.1978ൽ പഞ്ചപാണ്ഡവർ എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്, M.S.വിശ്വനാഥൻ ഈണം പകർന്ന് ജയചന്ദ്രൻ, P.സുശീല എന്നിവർ പാടിയ ഗാനമാണിത്.വർണ്ണാലയായുടെ ബാനറിൽ നടരാജൻ, ചാവക്കാട് ഹമീദ്, K.G.മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നവാഗതനായ രാജേഷ് സംവിധാനം ചെയ്തു (I.V.ശശിയുടെ asst.ആയി പ്രവർത്തിച്ചിരുന്ന ശേഖർ കാവശ്ശേരിയാണ് രാജേഷ് എന്നപേരിൽ സംവിധാനം ചെയ്തത്).1978 ഡിസംബർ മാസത്തിലായിരുന്നു ഇതിൻ്റെ ചിത്രീകരണം.
ബോംബെയിൽ ഒന്നിച്ചു താമസിക്കുന്ന അവിവാഹിതരായ അഞ്ച് യുവാക്കളുടെയും, അവരുമായി സൗഹൃദത്തിലാകുന്ന ഒരു യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളും, സംഘർഷങ്ങളും ഒക്കെയായിരുന്നു ഗോപിനാഥ് ഗുരുവായൂർ കഥ, തിരക്കഥ, സംഭാഷണം എഴുതിയ പഞ്ചപാണ്ഡവരുടെ പ്രമേയം.’90കളിൽ മുകേഷും, ജഗദീഷും, സിദ്ദിഖുമൊക്കെ അഭിനയിച്ച നിരവധി കോമഡി എൻ്റർടൈനറുകളുടെ ഒരു മുൻമാതൃക എന്ന് ഇതിനെ വിശേഷിപ്പിക്കാം. രാഘവൻ, സുകുമാരൻ, ജയൻ, കുതിരവട്ടം പപ്പു, പൂജപ്പുര രവി എന്നിവരെയാണ് പ്രധാന വേഷങ്ങളിലേക്ക് തീരുമാനിച്ചിരുന്നത്. രാഘവനും സുകുമാരനും അക്കാലത്തെ പ്രമുഖ താരങ്ങളാണ്. ജയൻ വില്ലൻ വേഷങ്ങളിൽ നിന്നും മോചനംനേടി വരുന്നതേയുള്ളൂ. നായകനായി ചിത്രങ്ങൾ വന്നു തുടങ്ങിയിട്ടില്ല.
സൗമിനി എന്ന പുതിയനടി ആയിരുന്നു നായിക. ഉശിലൈമണി, വിജയവാണി, വത്സല എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ഇവർക്കുപുറമേ അധികം പ്രശസ്ഥരല്ലാത്ത ചില ഹിന്ദി ആർട്ടിസ്റ്റുകളും അഭിനയിച്ചു. പരിപൂർണ്ണമായും ബോംബെയിൽ വച്ചായിരുന്നു ചിത്രീകരണം. അന്ന് കോടമ്പക്കത്തും, കേരളത്തിലും തിരക്കിട്ട് അഭിനയിക്കുന്ന സുകുമാരനും കുതിരവട്ടം പപ്പുവും ഒരു മാസക്കാലം ബോംബെയിൽ തങ്ങാൻ പറ്റില്ല എന്നുപറഞ്ഞ് അവസാനനിമിഷം ഈ ചിത്രത്തിൽ നിന്നും പിന്മാറി. അവർക്ക് പകരക്കാരായി ബോംബെയിലെ സ്റ്റേജ് ആർട്ടിസ്റ്റുകളായ ബാലാജി (സുകുമാരൻ്റെ റോൾ), ചാക്യാർ രാജൻ (പപ്പുവിൻ്റെ റോൾ) എന്നിവരെ ഉൾപ്പെടുത്തി നിശ്ചിത ദിവസംതന്നെ ഷൂട്ടിംഗ് ആരംഭിച്ചു.
അക്കാലത്ത് മലയാളത്തിൽ ബഹുഭൂരിപക്ഷവും B&W ചിത്രങ്ങളായിരുന്നു.കോടമ്പക്കത്തെ സ്റ്റുഡിയോ ഫ്ലോറ്റുകളിലും, കേരളത്തിലും മാത്രമായി മലയാള സിനിമകളുടെ ചിത്രീകരണം നടന്നിരുന്ന സമയത്ത് ബോംബെയിൽ വച്ച് ചിത്രീകരിക്കുന്ന ഒരു ഈസ്റ്റ്മൻ കളർ ചിത്രം എന്നനിലയിൽ പഞ്ചപാണ്ഡവർ നല്ല വാർത്താപ്രാധാന്യം നേടിയിരുന്നു. സാഹസിക രംഗങ്ങൾക്ക് നല്ല പ്രാധാന്യം നല്കിയ ഈ ചിത്രത്തിൽ അക്കാലത്ത് ബോളിവുഡിലെ അതിപ്രശസ്ഥനായ ജലീൽ മാസ്റ്റർ ആക്ഷൻ രംഗങ്ങളൊരുക്കി. അന്നത്തെ ഹിന്ദി ചിത്രങ്ങളുടെ നിലവാരത്തിൽ ആയിരുന്നു ഇതിലെ ത്രസിപ്പിക്കുന്ന ചെയ്സിംഗ് രംഗങ്ങൾ എന്ന് ഇതിൻ്റെ preview show കണ്ടവർ പറഞ്ഞിട്ടുണ്ട്.
അന്ന് മലയാളത്തിൽ ഏറ്റവും പ്രമുഖനായ ക്യാമറാമാൻ U.രാജഗോപാൽ ഈ ചിത്രത്തെ ഒരു ദൃശ്യവിരുന്നാക്കി മാറ്റി എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ശ്രീകുമാരൻ തമ്പി രചിച്ച്, M.S.വിശ്വനാഥൻ ഈണം പകർന്ന അതി മനോഹര ഗാനങ്ങൾ ആയിരുന്നു ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണീയത. നിൻ്റെ ചിരിയോ നീഹാരമണിതൻ പുഞ്ചിരിയോ പുലരിയാദ്യം കണ്ടു. (ജയചന്ദ്രൻ)
തിരയുടെ ചിലങ്കകൾ കിലുങ്ങി
നിൻ്റെ ചിരിയുടെ നൂപുരം ചിതറി
(ജയചന്ദ്രൻ, സുശീല)
മരണം രാത്രിപോൽ വലയെറിഞ്ഞു
ജീവൻ സന്ധ്യപോൽ ചിറകടിച്ചു
(ജാനകി)
ഗോമേദകമണി മോതിരത്തിൽ
നിൻ പ്രേമസങ്കല്പം ആവാഹിക്കും
(യേശുദാസ്)
എന്നീ ഗാനങ്ങളടങ്ങിയ ഇതിൻ്റെ ഓഡിയോ റിക്കോർഡ് അന്ന് പുറത്തിറക്കിയിരുന്നു. പിന്നീട് P.ഭാസ്കരൻ രചിച്ച ഒരു ഹാസ്യഗാനം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തി. കോയമ്പത്തൂരിലെ സഫയർ ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിൻ്റെ വിതരണാവകാശം നേടിയത്.1979ൻ്റെ തുടക്കത്തിൽ ചിത്രം റിലീസിംഗിന് സജ്ജമായപ്പോഴേക്കുംഅങ്കക്കുറി, ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങി ജയന് വലിയ താരമൂല്യം ലഭിച്ചതോടെ ഈ ചിത്രത്തിൻ്റെ വിജയസാധ്യതയും വർദ്ധിച്ചു. പക്ഷെ അപ്രതീക്ഷിതമായി അവകാശത്തർക്കം ഉരുവായതോടെ റിലീസിംഗ് മുടങ്ങി. പിന്നീട് ചില ചർച്ചകൾക്കുശേഷം സെൻസറിംഗ് നടത്തി,
1980 നവംബർ 14ന് ചിത്രം റിലീസ് ചെയ്യുന്നതായി പരസ്യങ്ങൾ വരുകയും തിയേറ്ററുകളിൽ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. എന്നാൽ തർക്കം രൂക്ഷമായതോടെ വിഷയം കോടതിയിലെത്തി, റിലീസ് തീരുമാനിച്ചതിൻ്റെ തലേദിവസം stay order വരികയും ചെയ്തതോടെ ഈ ചിത്രം എന്നെന്നേക്കുമായി പെട്ടിയിലായി.ഇവിടെ post ചെയ്ത Photoയിലെ ബാലാജിയെയും സൗമിനിയെയും കുറിച്ച് അല്പം വിവരങ്ങൾ കൂടി ഇതാ …
Times of Indiaയിലെ ഉദ്യോഗസ്ഥൻ ആയിരുന്ന P.ബാലകൃഷ്ണൻ എന്ന ബാലൻ തൃപ്പൂണിത്തുറ ബാലാജി എന്ന പേരിലാണ് ബോംബെയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവമായത്. ബാലാജിയുടെ ഭാര്യ മീനാക്ഷിയും ബോംബെയിലെ നാടക സമിതികളിൽ സജീവമായി ഉണ്ടായിരുന്ന ഒരു കലാകാരിയാണ്.
Times of Indiaയിലെ ഉദ്യോഗത്തിൽനിന്നും വിരമിച്ചശേഷം ബാലാജി ചലച്ചിത്രരംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. M.T.യുടെ തിരക്കഥയിൽ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള രണ്ടാംവരവ്. തുടർന്ന് മില്ലേനിയം സ്റ്റാർസ്, തിളക്കം, വിനയപൂർവ്വം വിദ്യാധരൻ, സ്നേഹം, പ്രജ, ക്രിസ്ത്യൻ ബ്രദേഴ്സ്, അഭിയും ഞാനും, ലൗഡ്സ്പീക്കർ, പവനായി 99.99, കുട്ടിയുംകോലും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ജയരാജ് സംവിധാനം ചെയ്ത Bhibhatsa, Madhur Bhandarkar സംവിധാനം ചെയ്ത Chandnibar തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തു. BBCയുടെ Osteoporഠsis ഉൾപ്പെടെ നിരവധി ടെലിഫിലിമുകളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ ഏറെ ശ്രദ്ധിക്കപ്പെട്ടHello Inspector എന്ന സീരിയലിന്റെ മലയാള പതിപ്പിൽ നായകവേഷം ചെയ്തതും ബാലാജി ആയിരുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ ബാലാജി ഇപ്പോഴും കലാരംഗത്ത് സജീവമാണ്.
പഞ്ചപാണ്ഡവരിലെ നായികയായി ആദ്യം തീരുമാനിച്ചത് വിജയലക്ഷ്മി എന്ന ആന്ധ്രാ സ്വദേശിനിയായ പുതുമുഖത്തെ ആയിരുന്നു. എന്നാൽ ഇതിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പേ ആ നടി ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ കരാറായി. സിനിമയ്ക്കു വേണ്ടി വിജയലക്ഷ്മിയുടെ പേര് സ്മിത എന്നു മാറ്റി (ഇതേ സ്മിത പിൽക്കാലത്ത് സിൽക്ക് സ്മിത എന്ന പേരിൽ തെന്നിന്ത്യയുടെ താരറാണിയായി മാറി, ഒടുവിൽ ആരാധകരെയും ചലച്ചിത്രലോകത്തെയും നടുക്കിക്കൊണ്ട് സ്വയം ജീവനൊടുക്കി).
ഇണയെത്തേടിയുടെ സെറ്റിൽ നിന്നും പഞ്ചപാണ്ഡവരിൽ അഭിനയിക്കാൻ സ്മിതയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചപാണ്ഡവരിലെ നായികയാകാൻ നറുക്കുവീണ നടിയാണ് നർത്തകി കൂടിയായ സൗമിനി. ഉമാമഹേശ്വരി എന്ന പേര് സിനിമയ്ക്കു വേണ്ടി സൗമിനി എന്ന് മാറ്റുകയായിരുന്നു.
ബോംബെയിലെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയ നായിക കഥാപാത്രത്തെ വളരെ ഭംഗിയായി ഈ നടി അവതരിപ്പിച്ചു എന്ന് പഞ്ചപാണ്ഡവരുടെ പ്രിവ്യൂഷോ കണ്ടവർ സാക്ഷ്യപ്പെടുത്തിയിരുന്നു. ജയനും
സൗമിനിയും ഒന്നിച്ചുള്ള
നിന്റെ ചിരിയോ
നീഹാരമണിതൻ പുഞ്ചിരിയോ
പുലരിയാദ്യം കണ്ടു
എന്ന ഗാനരംഗം
ബോംബെയുടെ ദൃശ്യ മനോഹാരിതയിൽ ഏറെ ആകർഷണീയമായി ചിത്രീകരിച്ചതാണ്.നിർമ്മാതാക്കൾ തമ്മിലുള്ള തർക്കംമൂലം ഈ ചിത്രം റിലീസാകാഞ്ഞതോടെ പിന്നീട് സൗമിനിക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. തുടർന്ന് സൗമിനി ഒരു നർത്തകി എന്ന നിലയിൽ ശ്രദ്ധേയയാവുകയും, സ്വന്തമായി നൃത്തവിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചു.
ആലപ്പി രംഗനാഥ് സംവിധാനം ചെയ്ത അമ്പാടി തന്നിലൊരുണ്ണി എന്ന ചിത്രത്തിൽ സൗമിനിയായിരുന്നു നായിക. പക്ഷെ ആ ചിത്രം വന്നതും പോയതും അധികമാരും അറിഞ്ഞില്ല. പച്ചവെളിച്ചം എന്ന ചിത്രത്തിൽ മധുവിന്റെ രണ്ടാംഭാര്യയായി അഭിനയിച്ചത് സൗമിനി ആയിരുന്നു.അമൃതംഗമയ എന്ന ചിത്രത്തിൽ ഡോക്ടറായ മോഹൻലാലിന്റെ ഹോസിപിറ്റലിലെ നേഴ്സ് ആയി അഭിനയിച്ചു.അതിന്റെ ചിത്രീകരണ വേളയിൽ സൗമിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച പഞ്ചപാണ്ഡവരിൽ സൗമിനിയ്ക്ക് നേഴ്സിന്റെ വേഷമായിരുന്നു. ആ ചിത്രം പുറത്തിറങ്ങിയില്ല.അവസാന ചിത്രമായ അമൃതംഗമയയിലും സൗമിനിക്ക് നേഴ്സിന്റെ വേഷമായിരുന്നു. ആ ചിത്രം പുറത്തിറങ്ങിയപ്പോൾ സൗമിനി ജീവനോടെ ഉണ്ടായിരുന്നില്ല