Roy VT
80 – കളുടെ രണ്ടാം പകുതിയിലും 90 – കളുടെ തുടക്കത്തിലും തെന്നിന്ത്യൻ സിനിമയിൽ സൂര്യശോഭയോടെ നിറഞ്ഞുനിന്ന നായിക. അഭിനയ മികവിനേക്കാൾ ഉപരിയായി നൃത്ത രംഗത്തും മികവു പുലർത്തിയ ഈ കലാകാരി, 1986 – ൽ ടി.രാജേന്ദർ അണിയിച്ചൊരുക്കിയ ” മൈഥിലി എന്നൈ കാതലി ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്.തൊട്ടുപിന്നാലേ ആർ.സുന്ദർരാജൻ സംവിധാനം ചെയ്ത ” മെല്ലെത്തിറന്തത് കതവ് ” എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറി. അതേ വർഷം തന്നെ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ നായികയായി വേലൈക്കാരൻ, പുരട്ചി കലൈഞ്ജർ വിജയകാന്തിന്റെ നായികയായി .ഒരു ഇനിയ ഉദയം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അമല തമിഴിലെ മുൻനിര നായികമാരിലൊരാളായി മാറി.
തുടർന്ന് വേദം പുതിത്, സത്യ, ജീവ, അഗ്നിനക്ഷത്രം, കൊടി പറക്കുത്, ഇല്ലം, മാപ്പിളൈ, പുതുപ്പാടകൻ, മൗനം സമ്മതം, കർപ്പൂര മുല്ലൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അമല, തമിഴിനു പുറമേ തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും നായികയായി. 1991- ൽ പുറത്തിറങ്ങിയ എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ മലയാള ചിത്രങ്ങളിലും അമലയായിരുന്നു നായിക. കിരായിദാദ, ശിവ തുടങ്ങി കുറെയേറെ തെലുങ്കു ചിത്രങ്ങളിൽ തന്റെ നായകനായി അഭിനയിച്ച നാഗാർജുനയെ 1992 -ൽ വിവാഹം ചെയ്ത ശേഷം അഭിനയ രംഗത്തോട് താല്ക്കാലികമായി വിടപറഞ്ഞെങ്കിലും 2012 – ൽ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്കു ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തി.