ചുവന്നപുഷ്പം
Roy VT
നിഷ്കളങ്കയും പരിശുദ്ധയുമായ സീത എന്ന ഗ്രാമീണകന്യക നഗരത്തിലെ പവൻവിലയുള്ള അഭിസാരികയായി മാറുന്ന പരിവർത്തനത്തിന്റെ കഥയാണിത്.തന്റെ ഗ്രാമത്തിനു പുറത്തുള്ള ലോകത്തെപ്പറ്റി സീത ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രാണന്റെ പ്രാണനായി കരുതി താൻ സ്നേഹിക്കുന്ന കാമുകനുമായുള്ള വിവാഹമാണ് അവളുടെ സ്വപ്നം. ഒരിക്കൽ ഒരു ഭീകരരാത്രിയിൽ അജ്ഞാതരായ ചില കാപാലികന്മാരാൽ കൂട്ട ബലാത്സംഗത്തിനു വിധേയയായ സീതയെ നാട്ടുകാർ ഒരു അപശകുനമായി കരുതി. അവൾ നിരപരാധിയാണെന്ന് ഉത്തമബോധ്യമുള്ള അവളുടെ കാമുകൻപോലും നിഷ്കരുണം അവളെ കൈയൊഴിഞ്ഞു. ആകെത്തകർന്നു പോയ സീത ആ നാടുവിട്ടു പോകുകയാണ്. നഗരത്തിലെത്തിയ സീതയ്ക്ക് കുലീനയായ ഒരു സ്ത്രീ തന്റെ വീട്ടിൽ അഭയം നല്കി,പക്ഷെ.. അധികം വൈകാതെ സീതയ്ക്ക് മനസ്സിലായി താൻ എത്തിപ്പെട്ടത് ഒരു വ്യഭിചാര ശാലയിലാണെന്ന്.
ഇരുളിന്റെ മറവിൽ അവിടെയെത്തുന്ന കുബേരന്മാർക്കു മുന്നിലേക്ക് അവൾ ആനയിക്കപ്പെട്ടു.ആദ്യമൊക്കെ അവൾ ചെറുത്തുനിന്നെങ്കിലും അവിടെയുള്ള കിങ്കരന്മാരുടെ ചാട്ടവാറടിയേറ്റ് പുളഞ്ഞ അവൾ കാലിൽ ചിലങ്കയണിഞ്ഞു, മാംസദാഹികളുടെ കഴുകൻകണ്ണുകൾക്കു മുന്നിൽ അവൾ മാദകനൃത്തമാടി, അവരുടെ മദനോത്സവ രാവുകളിൽ അവൾ തേനൂറുന്നൊരു ചുവന്നപുഷ്പമായി വിടർന്നു പരിലസിച്ചു. സീതയുടെ പുതിയ ജീവിതം യാദൃശ്ചികമായി കണ്ടറിഞ്ഞ അവളുടെ പൂർവ്വകാമുകൻ പശ്ചാത്താപ വിവശനായി അവളോട് മാപ്പിരന്നു,തന്റെ ജീവിതത്തിലേക്ക് അവൻ അവളെ ക്ഷണിച്ചു,എന്നാൽ.. അവനൊപ്പം പോകാൻ അവൾ തയ്യാറായില്ല. അവൾക്ക് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു.
മറ്റാർക്കും അറിയാത്ത മഹത്തായ ഒരു ലക്ഷ്യം …
അനിത സിനി ആർട്ട്സിന്റെ ബാനറിൽ ബാബുജോസ് നിർമ്മാതാവായി തെലുങ്കിൽനിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ചുവന്നപുഷ്പം (തെലുങ്ക് പേര് – ‘കലിയുഗ സ്ത്രീ’) അക്കാലത്ത് തെലുങ്കിലെ ഹിറ്റ്മേക്കറായി വിരാജിച്ച P.സാംബശിവറാവു സംവിധാനം ചെയ്തു. ’70കളുടെ രണ്ടാംപകുതിയിലും ’80കളുടെ ആദ്യപകുതിയിലും തെന്നിന്ത്യൻ സിനിമയിൽ (പ്രത്യേകിച്ച് തെലുങ്കിൽ) മുൻനിര നായികയായിരുന്ന ജയസുധ ഇതിൽ സീത എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. രാസലീല, ശിവതാണ്ഡവം, സരോവരം, ഇഷ്ടം തുടങ്ങിയ മലയാള ചിത്രങ്ങളിലും ജയസുധ അഭിനയിച്ചിട്ടുണ്ട്.ശങ്കരാഭരണത്തിലൂടെ കേരളത്തിലും ഏറെ പ്രശസ്തനായ ചന്ദ്രമോഹൻ ആയിരുന്നു ഇതിലെ നായകൻ. ഷീലയുടെ നായകനായി അനന്തശയനം എന്ന B&W ചിത്രത്തിലും ചന്ദ്രമോഹൻ അഭിനയിച്ചിട്ടുണ്ട്.
കേരളത്തിൽ ചലച്ചിത്ര വ്യവസായം ശക്തിപ്പെട്ടു തുടങ്ങിയ കാലഘട്ടം മുതൽക്കേ അന്യഭാഷകളിൽ നിന്നുള്ള മൊഴിമാറ്റ ചിത്രങ്ങൾക്ക് ഇവിടെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
തെലുങ്കിൽനിന്നും തമിഴിലേക്ക് മൊഴി മാറിയെത്തുന്ന ചിത്രങ്ങളാണ് അത്തരത്തിൽ കൂടുതലായും വന്നിട്ടുള്ളത്. തമിഴ് ചിത്രങ്ങൾ അതേപടി കേരളത്തിൽ എത്തുന്നതു കൊണ്ട് തമിഴിൽനിന്നും മലയാളത്തിലേക്കുള്ള മൊഴിമാറ്റം താരതമ്യേന കുറവായിരുന്നു.കന്നടയിൽനിന്നും മലയാളത്തിലേക്കുള്ള മൊഴിമാറ്റം ’80കളിൽ സാധാരണമായിരുന്നു. കൂടുതലും അംബരീഷ് ചിത്രങ്ങളാണ് അങ്ങനെ വന്നിട്ടുള്ളത്.
ഹിന്ദി ചിത്രങ്ങൾ വളരെ അപൂർവ്വമായേ മലയാളം സംസാരിച്ചിട്ടുള്ളൂ.
തെലുങ്കിൽനിന്നും മലയാളത്തിലേക്ക് എത്തിയ ചിത്രങ്ങളിൽ ശങ്കരാഭരണം കരസ്ഥമാക്കിയ വിജയം സമാനതകളില്ലാത്തത് ആയിരുന്നു. സൂപ്പർസ്റ്റാർ കൃഷ്ണ നായകനായ ചട്ടമ്പികൃഷ്ണൻ, സോമയാജുലു കേന്ദ്രകഥാപാത്രമായ വംശവൃക്ഷം, കമലഹാസൻ നായകനായ സാഗരസംഗമം, ചിരഞ്ജീവി നായകനായ കാലൻ, ബാലകൃഷ്ണ നായകനായ തലമുറയുടെ പ്രതികാരം, കൃഷ്ണംരാജു നായകനായ വജ്രായുധം, സുധാചന്ദ്രൻ സ്വന്തം ജീവിതകഥ വെള്ളിത്തിരയിൽ അവതരിപ്പിച്ച മയൂരി, വിട്ടിലാചാര്യയുടെ 3-D ചിത്രമായ ജയ് വേതാളം, വിജയശാന്തി നായികയായ പകരത്തിനു പകരം, ഭാനുചന്ദർ നായകനായ രാക്കുയിൽ, നാഗാർജുന നായകനായ ഗീതാഞ്ജലി തുടങ്ങിയ നിരവധി ചിത്രങ്ങൾ ’80കളിൽ തെലുങ്കിൽനിന്നും മലയാളത്തിലേക്ക് മൊഴിമാറിയെത്തി ഇവിടെ മികച്ച പ്രദർശന വിജയം നേടിയിരുന്നു.