മധുവിൽ നിന്നും ജയനിലേക്കു തെന്നിമാറിയ വേഷം, മദിരാശി ആനന്ദ് തിയേറ്ററിൽ ശരപഞ്ജരം നൂറ് ദിവസം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
58 SHARES
692 VIEWS

Roy VT

ശരപഞ്ജരം 

മലയാള ചലച്ചിത്ര ചരിത്രത്തിൽ നവതരംഗങ്ങൾ സൃഷ്ടിച്ച ഈ ചിത്രം പതിറ്റാണ്ടുകൾക്കിപ്പുറവും, തലമുറകൾ കടന്നും ചർച്ചചെയ്യപ്പെടുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓലത്തിയേറ്ററുകളിൽ പോലും വാരങ്ങളോളം നിറഞ്ഞോടിയ ഒരു ചലച്ചിത്ര ഇതിഹാസം. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം.

ജയൻ എന്ന നടന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായൊരു വഴിത്തിരിവ് സൃഷ്ടിക്കപ്പെട്ട ഈ ചിത്രത്തിലൂടെയാണ് ഹരിഹരൻ എന്ന സംവിധായകൻ ഹൈക്ലാസ് ചിത്രങ്ങളിലേക്ക് ചുവടു മാറുന്നത്. അതുവരെ ലേഡീസ് ഹോസ്റ്റൽ, അയലത്തെ സുന്ദരി, രാജഹംസം, അമ്മിണി അമ്മാവൻ, തെമ്മാടി വേലപ്പൻ തുടങ്ങി സ്ഥിരം ഫോർമുലയിൽ പാട്ടും, പ്രേമവും, കോമഡിയും, ക്ലൈമാക്സിലെ കൂട്ടയടിയും ഒക്കെയായി ലൈറ്റ് സബ്ജക്ടുകൾ മാത്രം ചെയ്തിരുന്ന ഹരിഹരന്റെ ആദ്യത്തെ ഹെവി സബ്ജക്ട് ആയി ശരപഞ്ജരത്തെ വിശേഷിപ്പിക്കാം.

D.H.Lawrence എഴുതിയ Lady Chaterley’s Lover എന്ന നോവലിനെ അവലംബിച്ച് മലയാറ്റൂർ രാമകൃഷ്ണൻ മെനഞ്ഞെടുത്ത കഥയാണിത്. സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുകയായിരുന്ന മലയാറ്റൂരിനെ കാണാൻ ചെന്ന ഹരിഹരനോട് മലയാറ്റൂർ വാക്കാൽ പറഞ്ഞ കഥ മനസ്സിൽവച്ച് തിരക്കഥ ഒരുക്കിയതും ഹരിഹരൻ തന്നെയാണ്. നാടകാചാര്യൻ കെ.ടി.മുഹമ്മദാണ് ഇതിന് സംഭാഷണം എഴുതിയത്. G.P.ഫിലിംസിന്റെ ബാനറിൽ G.P.ബാലൻ നിർമ്മിച്ച ഈ ചിത്രത്തിൽ ജയൻ, സത്താർ, P.K.എബ്രഹാം, നെല്ലിക്കോട് ഭാസ്കരൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഭാസ്കരക്കുറുപ്പ്, ഷീല, പ്രിയ, ഭവാനി, കോട്ടയം ശാന്ത, ബേബി സുമതി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം പില്ക്കാലത്ത് ശ്രദ്ധേയരായ ശങ്കർ, ശരത്ബാബു എന്നിവരും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ശങ്കർ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ശരപഞ്ജരം. അക്കാലത്ത് തമിഴിലും, തെലുങ്കിലും വേരുറപ്പിച്ചു തുടങ്ങിയിരുന്ന ശരത്ബാബുവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.

നായകന്റെ പ്രൗഢിയും, പ്രതിനായകന്റെ പരിവേഷവുമുള്ള ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചത് അന്നത്തെ താര ചക്രവർത്തിയായ മധുവിനെ ആയിരുന്നു. ഉദ്ദേശിച്ച സമയത്ത് മധുവിനെ കിട്ടാതായപ്പോഴാണ് ആ വേഷത്തിലേക്ക് അന്ന് കൂടുതലായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ജയനെ പരിഗണിച്ചത്. ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുമ്പോൾ ജയൻ നായകനായുള്ള ചിത്രങ്ങൾ വന്നു തുടങ്ങിയിരുന്നില്ല. എങ്കിലും വില്ലൻ വേഷങ്ങൾക്കിടയിൽ ഇടക്കൊക്കെ ലഭിക്കുന്ന പോസിറ്റീവ് റോളുകളിലൂടെ ജയൻ അതിനകം പ്രേക്ഷകപ്രീതി നേടിയിരുന്നു. മധുവിനു പകരം ജയൻ എത്തിയതോടെ ജയന്റെ രൂപഭാവങ്ങൾക്കും കായിക സവിശേഷതകൾക്കും അനുസൃതമായ വിധത്തിൽ ഹരിഹരൻ ആ കഥാപാത്രത്തെ ഉടച്ചുവാർക്കുക ആയിരുന്നു. മദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും ഒക്കെ ഇത്തരത്തിൽ ജയനു വേണ്ടി എഴുതിച്ചേർത്ത രംഗങ്ങൾ ആയിരുന്നു. അവയൊക്കെ ഈ സിനിമയുടെ വിജയത്തിൽ ഏറെ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു.

ശരപഞ്ജരം ജയനെ താരമാക്കാൻ വേണ്ടി എടുത്ത പടമല്ല. സത്യത്തിൽ അത് നായികയ്ക്ക് പ്രാധാന്യമുള്ള കഥയാണ്. പക്ഷെ ജയന്റെ പെർഫോർമൻസ് കൊണ്ട് അത് പ്രതിനായകന്റെ കഥയായി മാറുകയാണ് ഉണ്ടായത്. ശരിക്കും ഇതിൽ നായകൻ എന്ന പരിവേഷത്തിന് ഇണങ്ങിയ കഥാപാത്രം സത്താറിന്റേതായിരുന്നു. എന്നാൽ ജയന്റെ പ്രഭാവത്തിനു മുന്നിൽ സത്താർ വേണ്ടത്ര ചർച്ചചെയ്യപ്പെട്ടില്ല, എങ്കിലും സത്താർ എന്ന നടനെ ഒരു പരിധി വരെയെങ്കിലും ജനകീയൻ ആക്കിയതിൽ ശരപഞ്ജരം വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിനു മുമ്പ് അനാവരണം എന്ന ചിത്രത്തിലെ നായകവേഷം ഉൾപ്പെടെ പല ചിത്രങ്ങളിലും സത്താർ വേഷമിട്ടെങ്കിലും ശരപഞ്ജരത്തിനു ശേഷമാണ് ആ നടൻ കൂടുതൽ തിരക്കിലേക്കുയരുന്നത്.

ഷീല എന്ന അഭിനേത്രിയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുവച്ചാൽ നായികയുടെ ഇമേജ് നോക്കി അവർ ഒരിക്കലും അഭിനയിക്കാറില്ല. സാധാരണ നടിമാർ ഏറ്റെടുക്കാൻ മടിക്കുന്ന തരം നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കാൻ ഷീല തന്റെ കരിയറിൽ എക്കാലവും സന്നദ്ധയായിരുന്നു. ശരപഞ്ജരത്തിന്റെ ആദ്യ പകുതിയിലും ഷീലയുടെ കഥാപാത്രം സാധാരണ നായികയുടെ ഇമേജിനു വിരുദ്ധമായിരുന്നു. നെല്ലിക്കോട് ഭാസ്കരന് ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ശരപഞ്ജരം.ചുരുക്കം ചില ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ താരമാക്കിയതും ഈ ചിത്രം തന്നെയാണ്.യൂസഫലി കേച്ചേരി രചിച്ച്, ദേവരാജൻ ഈണം പകർന്ന അതിമനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ഈ ചിത്രം.

യേശുദാസ് പാടിയ
അമ്പലക്കുളത്തിലെ ആമ്പൽപോലെ
കണ്വാശ്രമത്തിലെ മാൻപോലെ …

വാണിജയറാം പാടിയ
സാരസ്വതമധുവേന്തും സരസീരുഹമേ സംഗീതമേ …

മാധുരി പാടിയ
മലരിന്റെ മണമുള്ള രാത്രി
മാസ്മര ലയമുള്ള രാത്രി …

ജയചന്ദ്രൻ, മാധുരി പാടിയ
തെയ്യക തെയ്യക താളം
തെക്കൻകാട്ടിന്റെ മേളം …

പി.സുശീല പാടിയ
ശൃംഗാരം വിരുന്നൊരുക്കി
തേൻകിണ്ണം തുകിലൊരുക്കി …
തുടങ്ങി ഇതിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ ജയനും സത്താറും തമ്മിലുള്ള സംഘട്ടനരംഗം ഏറെ ശ്രദ്ധേയമായിരുന്നു. മലമുകളിലെ വഴുക്കലുള്ള പാറപ്പുറത്തുവച്ച് അതി സാഹസികമായിട്ടാണ് ആ രംഗം ചിത്രീകരിച്ചത്. സ്റ്റണ്ട്മാസ്റ്റർ ത്യാഗരാജന് അത്യാവശ്യമായി മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകേണ്ടിവന്ന സാഹചര്യത്തിൽ ഹരിഹരന്റെ അനുവാദത്തോടെ ജയൻ തന്നെയായിരുന്നു ആ സംഘട്ടന രംഗം ചിട്ടപ്പെടുത്തിയത്.

1979 മാർച്ച് 2- ന് ഈ ചിത്രം റിലീസായപ്പോൾ ഹരിഹരൻ തന്റെ അടുത്ത ചിത്രമായ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താരാ ഹോട്ടലിൽ ആയിരുന്നു. ശരപഞ്ജരം കണ്ടിട്ട് ജിയോ കുട്ടപ്പൻ (N.G.ജോൺ) ഹരിഹരനെ ഫോണിൽ വിളിച്ചിട്ടു പറഞ്ഞു: മലയാള നിനിമക്ക് നിങ്ങളൊരു മഹാ നടനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറെക്കഴിഞ്ഞ് ഹരിഹരനെ വിളിച്ചത് കെ.പി.ഉമ്മറാണ്. ഷോലെയിൽ അംജത്ഖാൻ സൃഷ്ടിച്ച തരംഗം പോലെയുണ്ട് ജയന്റെ പ്രകടനം. ആ സിനിമ വമ്പിച്ച വിജയമായി. മദിരാശി ആനന്ദ് തിയേറ്ററിൽ ശരപഞ്ജരം നൂറ് ദിവസം ഓടി. തമിഴിലെ പ്രശസ്ഥ നിർമ്മാതാവ് സത്യാമൂവീസ് ഉടമ R.M.വീരപ്പൻ (അന്നദ്ദേഹം മന്ത്രിയാണ്) ആ സിനിമ കാണാൻ എത്തി. നാഗേഷും കെ.ബാലചന്ദറും ഒക്കെയുണ്ടായിരുന്നു അന്ന് സിനിമ കാണാൻ. സിനിമ കണ്ടു കഴിഞ്ഞപ്പോൾ R.M.വീരപ്പൻ ഹരിഹരനോടു പറഞ്ഞു: ഇവനെ നമുക്ക് തമിഴിൽ അഭിനയിപ്പിക്കണം.

പടം നിർമ്മിക്കാൻ തയാറാണ്. നല്ലൊരു കഥ നോക്കൂ. ഹരിഹരൻ അക്കാര്യം ജയനോടു പറഞ്ഞു, പക്ഷെ മലയാളത്തിലെ തിരക്കു കാരണം ജയൻ ആ ഓഫർ അപ്പോൾ സ്വീകരിച്ചില്ല. പിന്നത്തേക്കു മാറ്റിവച്ചു. എന്നാൽ പിന്നീട് അതു ചെയ്യാൻ കാലം അനുവദിച്ചില്ല.ദശാബ്ദങ്ങൾക്കിപ്പുറവും ആസ്വദിക്കപ്പെടുന്ന ഈ നിത്യഹരിത ചലച്ചിതകാവ്യത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ അടുത്തിടെ കോഴിക്കോട് വച്ചു നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു. ലിപി പബ്ലിക്കേഷൻസ് ആണ് ഇതിന്റെ പ്രസാധകർ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ