ഒരു സോളോ ഹീറോ ആയ ആദ്യ സിനിമയിറങ്ങി വെറും ഒന്നര വർഷം മാത്രമാണ് ജയൻ ജീവിച്ചിരുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
484 VIEWS

Roy VT :

1980 നവംബർ 16 – ന് മദ്രാസിലെ ഷോളാവരത്ത് ഒരു നക്ഷത്രം പൊലിഞ്ഞു വീണു. അത് വെറുമൊരു നക്ഷത്രം ആയിരുന്നില്ല, തന്റെ നഭോമണ്ഡലത്തിൽ മറ്റേതൊരു നക്ഷത്രത്തെക്കാളും അത്യുന്നതങ്ങളിൽ വിരാജിച്ചിരുന്ന ഏറ്റവും തിളക്കമുള്ള ഒരു നക്ഷത്രമായിരുന്നു അത്.

ജയൻ എന്ന നക്ഷത്രം.

മലയാള ചലച്ചിത്ര രംഗത്ത് സൂപ്പർസ്റ്റാർ പദവിയിൽ തിളങ്ങിയ ജയൻ എന്ന ഇതിഹാസ നായകൻ മണ്മറഞ്ഞിട്ട് ഇന്ന് (16.11.2022) 42 സംവത്സരങ്ങൾ തികയുന്നു. ഒരു നടന്റെ ഭൗതിക സാന്നിദ്ധ്യം ഈ ഭൂമിയിൽ ഇല്ലാതെയായിട്ട് 4 പതിറ്റാണ്ടിലേറെ കടന്നുപോയിട്ടും ആ നടന്റെ മാസ്മരിക പ്രഭാവത്തിന് തെല്ലും മാറ്റു കുറഞ്ഞിട്ടില്ല എന്നത് ലോക ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു അത്യപൂർവ്വതയാണ്. ആ നടന്റെ വിയോഗ ശേഷം ജനിച്ചവരും, അവരുടെ മക്കളായി ജനിച്ചവരും ഉൾപ്പെടെ തലമുറകൾ കടന്നും ജയൻ എന്ന നടനെ ആരാധിക്കുന്നു എങ്കിൽ ആ നടൻ തന്റെ അഭിനയചാരുതയിലൂടെ പകർന്നു നല്കിയ അവാച്യമായ അനുഭൂതി എത്രയോ മഹത്തരം ആയിരുന്നുവെന്ന് നാം തിരിച്ചറിയണം.

മറ്റു താരങ്ങൾക്കെല്ലാം തങ്ങളുടെ നില ഭദ്രമാക്കാൻ വർഷങ്ങൾ നീണ്ട സാവകാശവും, അതിലൂടെ മഹാരഥന്മാരായ സംവിധായകരുടെയും, പ്രഗത്ഭരായ തിരക്കഥാകൃത്തുക്കളുടെയും ക്ലാസിക് ചിത്രങ്ങളും, വ്യത്യസ്ഥ കഥാപാത്രങ്ങളും ഒക്കെ അനുകൂല ഘടകങ്ങൾ ആകുമ്പോൾ അത്തരത്തിലുള്ള യാതൊരു ആനുകൂല്യവും ഇല്ലാതെ ചുരുങ്ങിയ കാലഘട്ടത്തിൽ ചെയ്ത സ്ഥിരം ടൈപ്പ് ചിത്രങ്ങൾ കൊണ്ടു മാത്രമാണ് ജയൻ എന്ന നടൻ തന്റെ സിംഹാസനം തീർത്തതെന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴം വെളിപ്പെടുത്തുന്നു. കൂടുതൽ വ്യത്യസ്ഥ കഥാപാത്രങ്ങളും, ക്ലാസിക് ചിത്രങ്ങളും ചെയ്യാനുള്ള അർഹതയുള്ള നടനായിരുന്നെങ്കിലും അതിനുള്ള ആയുസ്സ് കിട്ടാഞ്ഞതു കൊണ്ടുമാത്രം കലാകൈരളിക്ക് ആ സുവർണ്ണ നിമിഷങ്ങൾ നഷ്ടമായി എന്നതാണ് സത്യം.

1974 – ൽ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ എന്ന നടനെ പ്രേക്ഷകർ ആദ്യമായി വെള്ളിത്തിരയിൽ കാണുന്നത്. ഷീല നായികയായ ആ ചിത്രത്തിൽ ഉമ്മറും ജോസ്പ്രകാശും ആയിരുന്നു നായകന്മാർ. നായകന്മാരുടെ സുഹൃത്തായി നാലോ അഞ്ചോ സീനിൽ മാത്രം വരുന്ന ഒരു കഥാപാത്രമായാണ് അതിൽ ജയൻ അഭിനയിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. ശാപമോക്ഷം എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ജയൻ എന്നായിരുന്നു. ജോസ്പ്രകാശിന്റെ നിർദ്ദേശപ്രകാരം ആ സിനിമയിലെ കഥാപാത്രത്തിന്റെ പേര് പിന്നീട് നടന്റെ പേരായി സ്വീകരിക്കപ്പെട്ടു. ആദ്യത്തെ രാത്രിയെ വരവേൽക്കാൻ കാർത്തിക വിളക്കുകൾ കൊളുത്തി … എന്ന ഗാനരംഗം ഉൾപ്പെടെ ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാതെ തികഞ്ഞ സ്വാഭാവികതയോടെ ശാപമോക്ഷത്തിലെ വേഷം ജയൻ ഭംഗിയാക്കി. തുടർന്ന് പൂന്തേനരുവി, ഉല്ലാസയാത്ര, അഗ്നിപുഷ്പം തുടങ്ങി ഏതാനും ചിത്രങ്ങളിൽക്കൂടി അഭിനയിച്ചെങ്കിലും 1976 – ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചമി എന്ന ചിത്രത്തിലെ വില്ലൻ വേഷത്തോടെയാണ് ജയൻ പ്രശസ്ഥിയിലേക്ക് ഉയരുന്നത്. 1977 -78 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള വില്ലൻ താരമായി ജയൻ നിറഞ്ഞു നിന്നു. യുവത്വത്തിന്റെ പ്രസരിപ്പും, ഊർജ്ജസ്വലതയും പ്രകടമാക്കുന്ന ജയനെ വില്ലൻ വേഷങ്ങളിൽപ്പോലും പ്രേക്ഷകർ ആരാധനയോടെ സ്വീകരിച്ചു.

വില്ലൻ വേഷങ്ങൾക്കിടയിലും വീണുകിട്ടുന്ന പോസിറ്റീവ് റോളുകൾ ആ നടൻ ശരിക്കും പ്രയോജനപ്പെടുത്തി. കാമധേനു, അച്ചാരം അമ്മിണി ഓശാരം ഓമന, കടത്തനാട്ട് മാക്കം, അടിമക്കച്ചവടം, തച്ചോളി അമ്പു, ഏതോ ഒരു സ്വപ്നം, അസ്തമയം, ശത്രുസംഹാരം, ലിസ തുടങ്ങിയ ചിത്രങ്ങളൊക്ക ഈ നടൻ നായകനാകാൻ സർവ്വഥാ യോഗ്യനാണെന്ന് തെളിയിച്ചു. ഇതിൽ പലതിലും നായകതുല്യം എന്നു പോലും വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങൾ ആയിരുന്നു. ഈ ചിത്രങ്ങളിലൂടെ ലഭിച്ച വൻ ജനപ്രീതി അദ്ദേഹത്തെ അധികംവൈകാതെ നായക പദവിയിലേക്ക് എത്തിച്ചു. 1979 തുടക്കത്തിൽ പുറത്തിറങ്ങിയ അങ്കക്കുറി എന്ന ചിത്രത്തിൽ ജയൻ രണ്ടു നായകന്മാരിലൊരാളായി അഭിനയിച്ചു. ജയന്റെ സാഹസികതക്കും, സ്റ്റൈലിനും, മാനറിസങ്ങൾക്കും ഇണങ്ങിയ ആ ചിത്രത്തോടെ ജയൻ ഒരു ആക്ഷൻഹീറോ പരിവേഷത്തിലേക്ക് ഉയർന്നു. തുടർന്നു വന്ന ശരപഞ്ജരം എന്ന ചിത്രത്തിൽ ജയൻ നായക പ്രൗഢിയോടെ നിറഞ്ഞു നില്ക്കുന്ന പ്രതിനായക വേഷമാണ് അവതരിപ്പിച്ചത്. പ്രാധാന്യമുള്ള കേന്ദ്രകഥാപാത്രമായി നായികയും, നായക പരിവേഷമുള്ള മറ്റൊരു താരവും ആ ചിത്രത്തിൽ ഉണ്ടെങ്കിലും തന്റെ അസാമാന്യ പ്രകടനംകൊണ്ട് ജയൻ ആ ചിത്രം തന്റേതാക്കിത്തീർത്തു. ശരപഞ്ജരത്തിന്റെ വൻ വിജയത്തോടെ അക്ഷരാർത്ഥത്തിൽ ജയൻ ഒരു വികാരമായി പ്രേക്ഷകർക്കിടയിൽ കത്തിപ്പടരുകയായിരുന്നു. ആ കാലഘട്ടത്തിൽ ഇൻഡ്യയിലെ എല്ലാ ഭാഷകളിലും നിലനിന്ന മൾട്ടിസ്റ്റാർ ട്രെന്റിനനുസരിച്ച് മറ്റു താരങ്ങളുമായി നായകവേഷം പങ്കുവക്കുന്ന കുറെയേറെ ചിത്രങ്ങളിൽ ജയൻ അഭിനയിച്ചു. അവയിലെല്ലാംതന്നെ തന്റെ പ്രകടനം കൂടുതൽ മികവുറ്റതാക്കാൻ ജയന് കഴിഞ്ഞിരുന്നു. വില്ലൻ ഛായയില്ലാതെ, മറ്റൊരു നായകന്റെ പങ്കാളിത്തമില്ലാതെ ജയൻ മാത്രം നായകനെന്നു പറയാവുന്ന ആദ്യ ചിത്രമായിരുന്നു 1979 മെയ് 29 – ന് റിലീസായ അവനോ അതോ അവളോ.

ബേബി സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ റിലീസിംഗ് തീയതി മുതൽ വെറും ഒന്നര വർഷം മാത്രമാണ് ജയൻ ഒരു നായകൻ എന്ന നിലയിൽ ജീവിച്ചിരുന്നത്. ആ ചെറിയ കാലയളവിലാണ് പുതിയ വെളിച്ചം, ആവേശം, കഴുകൻ, ശിഖരങ്ങൾ, ലൗ ഇൻ സിംഗപ്പൂർ, തീനാളങ്ങൾ, അങ്ങാടി, ഇടിമുഴക്കം, മീൻ, ശക്തി, കരിമ്പന, ചാകര, ദീപം, അന്തപ്പുരം, മൂർഖൻ, നായാട്ട്, മനുഷ്യമൃഗം, തടവറ, അഗ്നിശരം, കോളിളക്കം തുടങ്ങി എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളിലൂടെ ജയൻ എന്ന സൂപ്പർതാരം മലയാള സിനിമയുടെ നെടുംതൂണായി മാറിയത്. ഇതിനിടയിൽ കച്ചവട ചേരുവകൾ ഒഴിവാക്കി കലാപരമായ മികവ് പുലർത്തിയ പൂട്ടാത പൂട്ടുക്കൾ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ അഭിനയത്തിന് ഒരു വ്യത്യസ്ത മാനം നല്കാനും ജയനെന്ന നടന് കഴിഞ്ഞു. കൂടുതൽ മികവുറ്റ തലങ്ങളിലേക്കുള്ള ഒരു തേരോട്ടത്തിന്റെ തുടക്കത്തിലാണ് അതിസാഹസികതയുടെ ആ മഹാസാമ്രാട്ടിന് തന്റെ ജീവൻ വെടിയേണ്ടി വന്നത്.

തന്റെ കഴിവുകൾ പൂർണ്ണമായും വെളിപ്പെടുത്താൻ സാവകാശം ലഭിച്ചിട്ടില്ലാത്ത, വളരെ ചുരുങ്ങിയ ഒരു കാലഘട്ടത്തിലെ മാത്രം പ്രകടനം കൊണ്ടുപോലും മറ്റേതൊരു താരത്തിനെക്കാളും പതിറ്റാണ്ടുകൾക്ക് ഇപ്പുറവും, തലമുറകൾ കടന്നും ഒരു നടൻ ആരാധിക്കപ്പെടുന്നുവെങ്കിൽ ഓർക്കുക ആ നടൻ വെറുമൊരു നടനല്ല, ഒരു ഇതിഹാസമാണ്. ജയൻ എന്ന അനശ്വരനായകന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ആദരപൂർവ്വം പ്രണാമം അർപ്പിക്കുന്നു. 🌹

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ