മഹാനടന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതൊരു താരത്തെക്കാളും സ്വാഭാവികമായി ആ വേഷം അവതരിപ്പിക്കാൻ ജയനെന്ന നടന് കഴിഞ്ഞു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
154 VIEWS

Roy VT :

കഴുകൻ

തമിഴിലെ പ്രഗത്ഭനായ കെ.ബാലചന്ദർ രചനയും സംവിധാനവും നിർവ്വഹിച്ച് രജനീകാന്ത് നായകനായ തപ്പുതാളങ്ങൾ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് 1979 – ൽ കലാരഞ്ജിനി ഫിലിംസിനു വേണ്ടി എ.ബി.രാജ് സംവിധാനം ചെയ്ത് ജയൻ നായകനായ ഈ ചിത്രം. അടൂർ ഗോപാലകൃഷ്ണനും കെ.എസ്.ഗോപാലകൃഷ്ണനും തമ്മിൽ എന്താണ് വ്യത്യാസം ? അത്രത്തോളം ഇല്ലെങ്കിലും ഏകദേശം അതിനോടടുത്തു പറയാവുന്ന വ്യത്യസ്തതയാണ് കെ.ബാലചന്ദറിന്റെയും എ.ബി.രാജിന്റെയും സംവിധാന ശൈലിയിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കെ.ബാലചന്ദർ ചെയ്തപ്പോൾ തപ്പുതാളങ്ങൾ ഒരു ക്ലാസിക് ചിത്രമായി വാഴ്ത്തപ്പെടുകയും എ.ബി.രാജ് ചെയ്തപ്പോൾ കഴുകൻ ഒരു കച്ചവട / സ്റ്റണ്ട് ചിത്രമായി മുദ്ര കുത്തപ്പെടുകയും ചെയ്തു. കലാപരമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും സാമ്പത്തികമായി വിജയം നേടിയ ഒരു ചിത്രമായിരുന്നു കഴുകൻ. വില്ലൻ വേഷങ്ങളിൽ നിന്നും ജയൻ, നായക പദവിയിലേക്ക് ഉയരുന്ന ഘട്ടത്തിൽ അഭിനയിച്ചു തുടങ്ങുകയും ജയനെ സൂപ്പർ സ്റ്റാർഡത്തിൽ അവതരിപ്പിച്ചു കൊണ്ട് പുറത്തുവന്ന പുതിയവെളിച്ചം, ആവേശം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തൊട്ടു പിന്നാലെ റിലീസാവുകയും ചെയ്ത ചിത്രമായിരുന്നു കഴുകൻ.

തെരുവിൽ വളർന്ന ഒരു കൂലിത്തല്ലുകാരന്റെയും, അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു അഭിസാരികയുടെയും മോഹങ്ങളുടെയും മോഹ ഭംഗങ്ങളുടെയും കഥയായിരുന്നു ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. വേലുവിന്റെ ജീവിതത്തിൽ കുട്ടിക്കാലം മുതൽക്കേ പാളിച്ചകളായിരുന്നു, അവന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അച്ഛനെ അവൻ കണ്ടിട്ടു പോലുമില്ല. അച്ഛൻ ആരാണെന്ന് അമ്മ പറഞ്ഞിട്ടുമില്ല. പക്ഷെ വീട്ടിൽ എത്രയെത്ര ആണുങ്ങൾ വരുമായിരുന്നു, അവരെ സൽക്കരിക്കാനേ അമ്മക്ക് സമയമുണ്ടായിരുന്നുള്ളൂ. ക്രമേണ വേലുവിന് മനസ്സിലായി അമ്മയുടെ പോക്ക് ശരിയല്ലെന്ന്. വീടിന്റെ മൂലയിൽ അവൻ ഒരനാഥനെപ്പോലെ കഴിച്ചുകൂട്ടി.

അങ്ങനെയിരിക്കെ അമ്മ ഒരു കല്യാണം കഴിച്ചു. പലരുടെ സ്ഥാനത്ത് സ്ഥിരമായി ഒരു അച്ഛനെ കിട്ടിയതിൽ വേലു അഭിമാനം കൊണ്ടു. പക്ഷേ, അവർക്കൊരു കുഞ്ഞ് പിറന്നതോടെ അമ്മയുടെ ശ്രദ്ധയും വാത്സല്യവും ആ മകനിലേക്കായി. വേലു അവിടെ ഒരന്യനായി. അമ്മയുടെ ഭർത്താവിന്റെ മർദ്ദനത്തിൽ നിന്നും രക്ഷ നേടാനും, കാശ് ചോദിച്ചാൽ തരാത്ത അമ്മയിൽ നിന്നും കാശ് വാങ്ങിയെടുക്കാനും വേലു ആയുധമെടുത്തു. അവന്റെ വഴി അവൻ വെട്ടിത്തെളിക്കുകയായിരുന്നു. വളർന്നപ്പോൾ അവൻ വെറും വേലു ആയിരുന്നില്ല. കൂലിത്തല്ല് തൊഴിലായി സ്വീകരിച്ച അവനെ സമൂഹം റൗഡി വേലു എന്നു വിളിച്ചു …

വേലുവിന് ജാതിയോ മതമോ കക്ഷിയോ ഒന്നുമില്ല. പണം ആരു തരുന്നോ അവരാണ് വേലുവിന്റെ കക്ഷി. ജീവനിൽ തൊട്ടുള്ള കളി വേലുവിനില്ല, വേലുവിന്റെ ഇത്രയും നാളത്തെ സർവ്വീസിനിടയിൽ ഒരുത്തനും ചത്തിട്ടില്ല. 364 ദിവസവും തല്ലിന് സജ്ജനാണെങ്കിലും ആയുധപൂജ ദിവസം മാത്രം വേലുവിന് അവധിയാണ്, അന്ന് വേലു ആയുധം കൈകൊണ്ട് തൊടില്ല.ജയൻ എന്ന താരത്തിനു കിട്ടിയ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഇതിലെ റൗഡി വേലു. നാടകീയത മുറ്റിനില്ക്കുന്ന ഡയലോഗുകൾ എഴുതപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ തടവറയിൽനിന്നും സ്വാഭാവികതയുടെ പുതിയ വെളിച്ചം തേടിയുള്ള പ്രയാണത്തിനിടയിൽ അപ്രതീക്ഷിതമായി എരിഞ്ഞൊടുങ്ങേണ്ടി വന്നതുകൊണ്ടു മാത്രം തന്റെ യഥാർത്ഥ പ്രതിഭ തെളിയിക്കാൻ അവസരം കിട്ടാതെ പോയ ഹതഭാഗ്യവാനായ ആ കലാകാരന്റെ ഉജ്ജ്വലമായ ഭാവാഭിനയ മുഹൂർത്തങ്ങൾ കുറെയെങ്കിലും പ്രകടമാക്കാൻ അവസരം കിട്ടിയ ഒരു ചിത്രമായിരുന്നു കഴുകൻ. ഒരു ഡബ്ബിംഗ് ചിത്രത്തിനു വേണ്ടി എഴുതിയതെന്നു തോന്നിപ്പിക്കുന്ന ഡയലോഗുകൾ പറയേണ്ടി വരുമ്പോഴും മുഖഭാവങ്ങളിലും ശരീരഭാഷയിലും കണ്ണുകളുടെ ചലനത്തിലും ഒക്കെ വിസ്മയങ്ങൾ സൃഷ്ടിക്കാൻ ആ നടന് കഴിഞ്ഞു.

വേശ്യാവൃത്തി ഉപേക്ഷിച്ച് തനിക്കൊപ്പം ജീവിതം ആരംഭിച്ച മാലതിയെ പഴയ ഇടപാടുകാർ തേടി വരുന്നുണ്ടോ എന്ന സംശയത്തിൽ കട്ടിലിൽ കിടന്നുകൊണ്ട് തറയിലെ ബീഡിക്കുറ്റിയിലേക്ക് നോക്കുന്നതും, ജയിൽ മോചിതനായി തിരികെയെത്തുമ്പോൾ താൻ പ്രതീക്ഷിച്ച ജീവിതം നഷ്ടമായി എന്നറിയുമ്പോഴും താൻ സഹോദരിയെപ്പോലെ സ്നേഹിച്ച യുവതിയുടെ ജീവിതം തന്റെ കൈ കൊണ്ട് ഇല്ലാതെയായി എന്ന് തിരിച്ചറിയുമ്പോൾ അടക്കിപ്പിടിച്ച് വിതുമ്പുന്നതും ഒക്കെ മഹാനടന്മാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതൊരു താരത്തെക്കാളും സ്വാഭാവികമായി അവതരിപ്പിക്കാൻ ജയനെന്ന നടന് കഴിഞ്ഞു. പക്ഷെ അടൂരിന്റെയോ അരവിന്ദന്റെയോ എം.ടി.യുടെയോ ഭരതന്റെയോ പത്മരാജന്റെയോ ലോഹിതദാസിന്റെയോ ചിത്രങ്ങളിലെ രംഗങ്ങൾ മാത്രമാണ് അഭിനയത്തിന്റെ അളവുകോൽ എന്ന് വിശ്വസിക്കുന്ന ബുദ്ധിജീവി നാട്യക്കാർ അതംഗീകരിക്കില്ല എന്നു മാത്രം.

നായകനോളം പ്രാധാന്യത്തോടെ നിറഞ്ഞു നില്ക്കുന്ന നായികയായി ശുഭ അഭിനയിച്ചു. മാലതി എന്ന അഭിസാരികയുടെ വേഷം ആ നടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നെഗറ്റീവ് ടച്ചുള്ള ഒരു സുപ്രധാന വേഷത്തിൽ സുകുമാരനും, നിസ്സഹായനായ കൂട്ടിക്കൊടുപ്പുകാരനായി ബഹദൂറും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ജഗ്ഗു, ജഗതി ശ്രീകുമാർ, പോൾ വെങ്ങോല, ജോണി, പ്രിയ, വരലക്ഷ്മി, ഫിലോമിന, ജമീലാ മാലിക്, പുഷ്പ, ശ്രീലത എന്നിവരും വേഷമിട്ട ഈ ചിത്രത്തിൽ പ്രശസ്ഥ വില്ലൻതാരം സിലോൺ മനോഹറും അദ്ദേഹത്തിന്റെ പത്നിയും ഒരു സീനിൽ അഭിനയിച്ചിരുന്നു.
ശ്രീകുമാരൻ തമ്പി രചിച്ച്, എം.കെ.അർജ്ജുനൻ മാസ്റ്റർ ഈണം പകർന്ന് യേശുദാസ് പാടിയ ഇതിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

താളം തെറ്റിയ രാഗങ്ങൾ
തകർന്ന ജീവിതങ്ങൾ
കാലം രചിച്ച കോലങ്ങൾ
കറുത്ത ചിത്രങ്ങൾ …
എന്തിനീ ജീവിത വേഷം
എന്തിനീ മോഹാവേശം
ജനനവും മരണവും തുടർക്കഥ
എല്ലാം ചേർന്നൊരു കടങ്കഥ
പിന്നെ എന്തിനിത്ര നൊമ്പരം
ഞാൻ ആരോ കറക്കിവിട്ട പമ്പരം …
ചന്ദനക്കുളിർ ചൂടിവരും കാറ്റ്
ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട് …
എന്നിവയായിരുന്നു ഇതിലെ ഗാനങ്ങൾ.
ഈ ചിത്രത്തിനു വേണ്ടിയൊരുക്കിയ
പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു …
എന്ന ഗാനവും ഇതിന്റെ ഓഡിയോ റെക്കോഡിൽ ഉണ്ടായിരുന്നെങ്കിലും സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല
(പിന്നീട് ഈ ഗാനം ഇതേ ടീമിന്റെ അഗ്നിശരം എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി)

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ