പോർക്കളം
(ബാലകൃഷ്ണയുടെ ഒരു ഡബ്ബിംഗ് ചിത്രം)
Roy VT
അമാനുഷിക പരിവേഷത്തോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നായകൻമാരെ അവരുടെ ആരാധകർ പ്രകീർത്തിക്കുന്നതു പോലെയോ, അതിലേറെയോ മറ്റു നടൻമാരുടെ ആരാധകർ കുറ്റപ്പെടുത്തി പരിഹസിക്കാറുമുണ്ട്. തങ്ങളുടെ ഇഷ്ടതാരത്തേക്കാൾ കൂടുതലായി മറ്റൊരുതാരം ഹീറോയിസം പ്രകടിപ്പിക്കുന്നത് കാണുന്നതിലുള്ള അസഹിഷ്ണുതയാണ് ഇതിന്റെ പിന്നിൽ. യുക്തിക്കു നിരക്കാത്ത സംഭവങ്ങൾ എന്നൊക്കെ കുറ്റപ്പെടുത്തുന്നവർ, അതിനേക്കാൾ അവിശ്വസനീയമായ രംഗങ്ങൾ തങ്ങളുടെ ഇഷ്ടതാരം അവതരിപ്പിച്ചാൽ നൂറുനാവോടെ വാഴ്ത്തിപ്പാടുകയും ചെയ്യും. അന്ധമായ ഫാനിസം കൊണ്ടുമാത്രം മറ്റുള്ളവരെ കുറ്റം പറയുന്ന ഇത്തരം വിമർശകരെ ആരും വില കല്പിക്കുന്നുമില്ല. മറ്റുതാരങ്ങളെ ആരാധിക്കുന്നവരുടെ കുറ്റപ്പെടുത്തലുകൾക്കും, പരിഹാസങ്ങൾക്കും ഏറ്റവുമധികം വിധേയനായിട്ടുള്ള ഒരു താരമാണ് തെലുങ്കിലെ സൂപ്പർഹീറോ ബാലകൃഷ്ണ.
എന്നാൽ ആന്ധ്രയിലല്ല കേരളത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിമർശകർ എന്നതാണ് ഏറെ രസകരം. ആന്ധ്രയിലെ പ്രേക്ഷകർക്കും, തന്റെ ആരാധകർക്കും എന്താണ് വേണ്ടതെന്ന് നല്ലതുപോലെ അറിയാവുന്ന ബാലകൃഷ്ണ അതിനനുസരിച്ചുള്ള ചിത്രങ്ങളാണ് ചെയ്യാറുള്ളത്. അതിനിടയിൽ കേരളത്തിലെ വിമർശകർക്ക് അദ്ദേഹം ചെവി കൊടുക്കാറില്ല. തന്റെ പടങ്ങൾ കണ്ട് വിജയിപ്പിക്കുന്നത് തെലുങ്കു പ്രേക്ഷകരാണെന്നും, കേരളത്തിലെ വിമർശകരുടെ കുറ്റംപറച്ചിൽ കേട്ട് ശൈലി മാറ്റിയാൽ, ആ കുറ്റം പറയുന്നവരാരും തന്റെ ചിത്രം കാണാനോ, നല്ലവാക്ക് പറയാനോ വരില്ല എന്നകാര്യത്തിലും ബാലകൃഷ്ണയ്ക്ക് നല്ല ബോധ്യമുണ്ട് അതുകൊണ്ടുതന്നെ വിമർശകരെ അവഗണിച്ച്, തെലുങ്കു ജനതയെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ മാത്രമേ എല്ലാക്കാലത്തും ബാലകൃഷ്ണയുടേതായി വരാറുള്ളൂ.
ബാലകൃഷ്ണയെ ട്രോളുന്നതിൽ അഭിമാനം കണ്ടെത്തുന്ന മലയാളി വിമർശകർ അറിയുക..’80കളുടെ ആദ്യ പകുതിയിൽ നായകനായി അരങ്ങേറ്റം കുറിച്ചതുമുതൽ ഇന്നേവരെ എല്ലാ ചിത്രങ്ങളിലും നായകനായി മാത്രം അഭിനയിച്ച ബാലകൃഷ്ണയുടെ ഒട്ടനവധി ഡബ്ബിംഗ് ചിത്രങ്ങൾ ഇതേ കേരളത്തിൽ, ഇതേ മലയാളികൾ വമ്പൻ കളക്ഷൻ നല്കി വിജയിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രൈവർ പോലെയുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ച കേരളത്തിലെ തിയേറ്ററുകളിൽ ബാലകൃഷ്ണയുടെ രംഗപ്രവേശനത്തിന് മലയാളി പ്രേക്ഷകർ നല്കിയ കൈയടി മലയാള താരങ്ങളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ബാലകൃഷ്ണ നായകനായി തെലുങ്കിൽ നിന്നും തമിഴിലേക്ക് ഡബ്ബ് ചെയ്ത ആൺമകൻ, രക്താഭിഷേകം, വെറ്റിത്തിരുമകൻ, ലോറിഡ്രൈവർ, ഓട്ടോറാണി, പോലീസ് ലാത്തിച്ചാർജ്ജ്, നാൻ ഉങ്കവീട്ടു പിള്ളൈ, സൂര്യ, രാജസിംഹം, പോർക്കളം തുടങ്ങി എത്രയെത്ര ചിത്രങ്ങളാണ് ഇവിടെ വെന്നിക്കൊടി പാറിച്ചിട്ടുള്ളത് എന്നോർക്കുക.
One Response
Ethra kitty