Roy VT

കടപ്പാട് : Malayalam Movie & Music DataBase (m3db)

വിരുന്നുവന്നു സ്നേഹത്തിൻ പൂപ്പാലിക
വിടർന്നല്ലോ വൃശ്ചിക തൃക്കാർത്തിക
ഓർമ്മയിൽ ചാർത്തുന്നു പൊൻതോരണം …

ജയനെ നായകനാക്കി A.B.രാജ് സംവിധാനം ചെയ്ത അഗ്നിശരം എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്, M.K.അർജുനൻ ഈണം പകർന്ന്, യേശുദാസ് പാടിയ ഈ സൂപ്പർഹിറ്റ്ഗാനം വെള്ളിത്തിരയിൽ പാടി അവതരിപ്പിച്ചത് പൊതുവേ ഗാനരംഗങ്ങളിൽ കാര്യമായി അവസരം കിട്ടാത്ത
ഒരു നടനായിരുന്നു..പ്രതാപചന്ദ്രൻ .അത്യപൂർവ്വമായി മാത്രമേ തനിക്ക് ചുണ്ടനക്കി പാടുന്നതായി അഭിനയിക്കാൻ അവസരം കിട്ടാറുള്ളുവെങ്കിലും കിട്ടിയ അവസരം അങ്ങേയറ്റം കൃത്യതയോടെയും, തന്മയത്വത്തോടെയും ആ നടൻ അവതരിപ്പിച്ചു. എങ്കിലും മലയാള ചലച്ചിത്ര രംഗത്ത് പ്രതാപചന്ദ്രന് കിട്ടിയതിലേറെയും താൻതന്നെ ശ്രദ്ധേയമാക്കിയ പല കഥാപാത്രങ്ങളുടെയും തനിയാവർത്തനം മാത്രമായിരുന്നു.

വളരെ ചെറുപ്പത്തിൽത്തന്നെ പ്രായംകൂടിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ബ്രാൻഡ് ചെയ്യപ്പെട്ട പ്രതാപചന്ദ്രൻ ’70കളുടെ അവസാനവും, ’80കളിലും ’90കളിലും അച്ഛൻ, അമ്മാവൻ, മന്ത്രി, പോലീസ് ഓഫീസർ, മുതലാളി തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിനിന്നു. 2000നു ശേഷമുള്ള ചില ഷക്കീല ചിത്രങ്ങൾ ഉൾപ്പെടെ തന്റെ ജീവിതത്തിന്റെ അവസാനകാലം വരെയും അദ്ദേഹം മലയാള സിനിമയുടെ സഹയാത്രികൻ ആയിരുന്നു.1962ൽ വിയർപ്പിന്റെ വില എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്കു പ്രവേശിച്ച പ്രതാപചന്ദ്രൻ തുടർന്ന് ഒരാൾ കൂടി കള്ളനായി, കുടുംബിനി, കാവ്യമേള, ഉത്സവം, തോമാശ്ലീഹ, ആലിംഗനം, ദ്വീപ് തുടങ്ങി കുറെയേറെ ചിത്രങ്ങളിലൂടെ ചുവടുറപ്പിച്ചു. 1977ൽ P.ഭാസ്കരൻ അണിയിച്ചൊരുക്കിയ ജഗദ്ഗുരു ആദിശങ്കരൻ എന്ന ക്ലാസിക് ചിത്രത്തിലെ പത്മപാദർ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഈ നടൻ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി.
പതിറ്റാണ്ടുകൾ നീണ്ട അഭിനയസപര്യയിൽ ഈ നടന്റെ ഏറ്റവും മികച്ച കഥാപാത്രമായി ഞാൻ കരുതുന്നത് ജഗ്ദ്ഗുരു ആദി ശങ്കരന്റെ പ്രിയശിഷ്യനായ പത്മപാദരെ തന്നെയാണ്.

 

എന്റെ കുട്ടിക്കാലത്ത് കണ്ട ശക്തി എന്ന സിനിമയിലെ തിരക്കഥാകൃത്ത് പ്രതാപൻ ഇദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്.പ്രേതബാധയുള്ള വീട്ടിൽ താമസിക്കുന്ന രാത്രിയിൽ അസാധാരണ സംഭവങ്ങളാൽ ഭയചകിതനായി പ്രേതവുമായി സംസാരിക്കുന്ന രംഗങ്ങളിലെ ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ഈ നടന്റെ മുഖം പിന്നീട് കണ്ടാലും തിരിച്ചറിയുന്ന വിധം എന്റെ മനസ്സിൽ പതിഞ്ഞത്.അതിനുമുമ്പും ചില ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും അതിലൊക്കെ ഉണ്ടായിരുന്നത് ഇദ്ദേഹമാണെന്ന് പിൽക്കാലത്താണ് തിരിച്ചറിഞ്ഞത്.

അങ്ങാടിയിലെ പലിശക്കാരൻ സേട്ടുവാണ് ഇദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം. ഭാര്യയെ കിടപ്പറയിൽ മറ്റൊരാൾക്കൊപ്പം കണ്ടതിന്റെ മാനസിക സംഘർഷത്താൽ തന്റെ മുഴുവൻ സ്വത്തുക്കളും ഉപേക്ഷിച്ച് തീർത്ഥയാത്രയ്ക്ക് പുറപ്പെടുന്ന സേട്ടുവിനെ ഈ നടൻ ഭാവോജ്ജ്വലമായി അവതരിപ്പിച്ചു.പ്രബലമായ പത്രസ്ഥാപനത്തിന്റെ ഉടമസ്ഥകുടുംബത്തിലെ അംഗമായിട്ടും യാതൊരു അധികാരവുമില്ലാതെ, മുഴുവൻ അധികാരവും കൈയടക്കിയ സഹോദരന്റെ അടിമയായി കഴിയുകയും, അതേസമയം പുറംലോകത്തിനു മുന്നിൽ പൗരപ്രമുഖനായി നടിക്കുകയും ചെയ്യുന്ന അഹിംസയിലെ ഗോവിന്ദനാണ് ഇദ്ദേഹത്തിന്റെ മറ്റൊരു മികച്ച കഥാപാത്രം.തെരുവിലെ അനാഥബാലികയെ വീട്ടിൽ കൊണ്ടുവന്ന് സ്വന്തം മകളായി സ്നേഹിച്ച് വളർത്തുന്ന മുത്തോടുമുത്ത് എന്ന ചിത്രത്തിലെ ശ്രീനിവാസൻ എന്ന കഥാപാത്രം ഇദ്ദേഹത്തിന്റെ ഏറ്റവുംമികച്ച പ്രകടനങ്ങളിലൊന്നായി എടുത്തു പറയേണ്ടതാണ്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട് ശയ്യാവലംബിയായി കഴിയുമ്പോഴും വളർത്തുമകളുടെ നല്ലഭാവി മാത്രം സ്വപ്നംകാണുന്ന ശ്രീനിവാസനെ പ്രതാപചന്ദ്രൻ അതിമനോഹരമായി അവതരിപ്പിച്ചു.

അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ അത്താണിയായി പ്രവർത്തിക്കാൻ ഇറങ്ങിത്തിരിച്ച തീനാളങ്ങളിലെ പള്ളിവികാരിയാണ് ഈ നടന്റെ മറ്റൊരു മികച്ച കഥാപാത്രം. ഒരുകാലത്ത് തന്റെ കാമുകിയായിരുന്ന യുവതിയെ പിൽക്കാലത്ത് അഭിസാരികയായി കണ്ടുമുട്ടുന്ന രംഗങ്ങൾ പള്ളിവികാരിയുടെ പരിപക്വമായ നിയന്ത്രിത ഭാവങ്ങളാൽ സ്വാഭാവികതയോടെ പ്രകടമാക്കാൻ ഈ നടന് കഴിഞ്ഞു. തകർന്ന കോവിലകത്തെ നഷ്ടപ്രതാപങ്ങൾ അയവിറക്കി കഴിയുന്ന ഇത്രയുംകാലത്തിലെ നമ്പൂതിരി വേഷമാണ് വ്യത്യസ്ഥമായ മറ്റൊന്ന്.ജയിൽ ചാടിയെത്തിയ നിരപരാധിയ്ക്ക് അഭയം നല്കിയതിലൂടെ സ്വന്തം മകളുടെ ജീവൻ നഷ്ടമാകുന്നത് കാണേണ്ടിവന്ന മൂർഖനിലെ ഫോറസ്റ്റ് ഗാർഡിനെയും ഈയവസരത്തിൽ ഓർമ്മവരുന്നു.ബാർബറായി ജീവിതം കെട്ടിപ്പടുത്ത്, അവിടെനിന്നും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ മന്ത്രിയായി മാറിയ ഈനാട് എന്ന ചിത്രത്തിലെ രാഷ്ട്രീയ നേതാവിനെ അത്യുജ്ജ്വലമാക്കിയതോടെയാണ് പ്രതാപചന്ദ്രൻ എന്ന നടനെ മലയാള സിനിമ സ്ഥിരമായി
നേതാവ്/മന്ത്രി വേഷങ്ങളിൽ പ്രതിഷ്ഠിക്കാൻ തുടങ്ങിയത്.

കുഴൽക്കിണറിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നല്കുന്ന മാളൂട്ടിയിലെ റെസ്ക്യൂ ഓഫീസർ ഇദ്ദേഹത്തിന്റെ പതിവു ശൈലിയിൽ നിന്നും വ്യത്യസ്ഥമായി ചടുലമായ ശരീരഭാഷ പ്രകടമാക്കിയ ഒരു കഥാപാത്രമാണ്.സർപ്പം, പഞ്ചാഗ്നി, ആവനാഴി, മഹായാനം തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്.നിരവധി ചിത്രങ്ങളിൽ രാഷ്ട്രീയ നേതാവിനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ ന്നൊണ് യുവജനോത്സവത്തിലെ സ: P. K. ഒരുകാലത്ത് പാർട്ടിയുടെ നെടുംതൂണായിരുന്ന സഖാവിന്റെ മുൻഭാര്യ അധികാരത്തിന്റെ ഉന്നതശൃംഗങ്ങളിൽ വിരാജിക്കുമ്പോഴും തന്റെ ആദർശങ്ങളിൽ മുറുകെപ്പിടിച്ച് ലളിതജീവിതം നയിക്കുന്ന ആ കഥാപാത്രത്തെ മറന്നുകൊണ്ട് പ്രതാപചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തെ അടയാളപ്പെടുത്താനാവില്ല. മദനോത്സവം, ലിസ, ലൗ ഇൻ സിംഗപ്പൂർ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, താളംതെറ്റിയ താരാട്ട്, സന്ധ്യമയങ്ങും നേരം, ആട്ടക്കലാശം, ഇരുപതാം നൂറ്റാണ്ട്, ന്യൂഡൽഹി, ഒരു CBI ഡയറിക്കുറിപ്പ്, സംഘം, ആഗസ്റ്റ് 1, കോട്ടയം കുഞ്ഞച്ചൻ, എന്റെ സൂര്യപുത്രിക്ക്, മാഫിയ, മാന്യന്മാർ, പാളയം തുടങ്ങി പ്രതാപചന്ദ്രൻ എന്ന അഭിനേതാവ് ജീവൻപകർന്ന ഒട്ടുമിക്ക കഥാപാത്രങ്ങളും സ്വാഭാവിക അഭിനയത്തിന്റെ ഉത്തമോദാഹരണങ്ങളായി എക്കാലത്തും ഉയർത്തിക്കാട്ടാവുന്നതാണ്.

മുഖഭാവങ്ങൾക്കൊപ്പം ശബ്ദനിയന്ത്രണത്തിലും ഏറെ സൂഷ്മത പുലർത്തിയ നടനായിരുന്നു പ്രതാപന്ദ്രൻ. പ്രേക്ഷകർക്ക് (ശ്രോതാക്കൾക്ക്) എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നവിധം തനിമയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. മൂർഖൻ എന്ന ചിത്രത്തിന്റെ ഇടവേള സമയത്ത് ജയന്റെ അന്ത്യയാത്രയുടെ ഒരു റീൽ പ്രദർശിപ്പിച്ചിരുന്നു. പ്രതാപചന്ദ്രൻ ആയിരുന്നു അതിന് കമന്റി പറഞ്ഞത്.അങ്ങകലെ ആകാശത്തിന്റെ അനന്തതയിലേക്ക് മാഞ്ഞുപോയ നമ്മുടെ ജയൻ..എന്നൊക്കെയുള്ള പ്രതാപചന്ദ്രന്റെ ശബ്ദം അത്യന്തം വികാര നിർഭരമായിരുന്നു. പിന്നീട് കുറെയേറെക്കാലം കേരളത്തിലെ വിവിധ മിമിക്രി വേദികളിൽ പ്രതാപചന്ദ്രന്റെ ഈ ശബ്ദം അനുകരിക്കപ്പെട്ടിരുന്നു.

അന്നത്തെ പ്രമുഖ മിമിക്രി താരമായിരുന്ന കൊച്ചിൻ മൻസൂറിന്റെ മാസ്റ്റർപീസ് ഐറ്റമായിരുന്നു മൂർഖനൊപ്പം പ്രദർശിപ്പിച്ച അന്ത്യയാത്രാ റീലിലെ പ്രതാപചന്ദ്രന്റെ ശബ്ദം.വരുമൈയിൻ നിറം ശികപ്പ്, തുടിക്കും കരങ്കൾ, ഉദയഗീതം, നായകൻ, നടികൻ, കർപ്പൂരമുല്ലൈ, നൺപർകൾ, മന്നൻ, വാൾട്ടർ വെറ്റിവേൽ, ജയം തുടങ്ങി കുറെയേറെ തമിഴ് ചിത്രങ്ങളിലും പാതാളം പാണ്ഡു, പെദ്ദിണ്ടി അല്ലുഡു എന്നീ തെലുങ്കു ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തപസ്യ എന്ന ടെലിവിഷൻ സീരിയലിലെ കേന്ദ്ര കഥാപാത്രം കുടുംബ സദസ്സുകളിൽ ഏറെ അംഗീകരിക്കപ്പെട്ടതാണ്. പ്രേംനസീർ നായകനായ മാനവധർമ്മം, സോമൻ നായകനായ പ്രകടനം, മമ്മൂട്ടി നായകനായ കോടതി, രതീഷ് നായകനായ ഇവിടെ ഇങ്ങനെ, മുകേഷ് നായകനായ കാട്ടുതീ എന്നീ ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചതാണ്. ഇവിടെ ഇങ്ങനെ എന്ന ചിത്രം B&C സെന്റർകളിൽ ഭേദപ്പെട്ട കളക്ഷൻ നേടിയതൊഴിച്ചാൽ പൊതുവേ ഇദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ കനത്ത സാമ്പത്തിക നഷ്ടമായിരുന്നു. ആ നഷ്ടം നികത്താൻ നിലവാരം നോക്കാതെ കിട്ടിയ വേഷങ്ങളെല്ലാം ചെയ്യാൻ നിർബ്ബന്ധിതനായതാകാം കരിയറിന്റെ അവസാനകാലത്ത് ഈ അനുഗ്രഹീത നടന്റെ യശസ്സിനു കളങ്കം ചാർത്തുന്നതായി. എങ്കിലും മലയാള ചലച്ചിത്ര ചരിത്രത്തിൽ തന്റേതായ ഒരധ്യായം എഴുതിച്ചേർത്തിട്ടു തന്നെയാണ് ഈ കലാകാരൻ വിടപറഞ്ഞത്.

Leave a Reply
You May Also Like

16 മുടക്കി 450 കോടി കൊയ്ത കാന്താര, എന്നിട്ടും ഋഷഭിന് ലഭിച്ച പ്രതിഫലം ‘പിച്ചക്കാശ്’ എന്ന് ആരാധകർ

ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം കാന്താര വൻ ജനപ്രീതി…

എന്താ സൗന്ദര്യം, എന്താ വശ്യത …അസൽ പേർഷ്യൻ അഥവാ മർസിയേ നസിരി ഷോജ എന്ന ഇറാനിയൻ മോഡൽ

ഇറാനിയൻ സംരംഭക, ഫിറ്റ്നസ് മോഡൽ, ഇന്റർനെറ്റ് വ്യക്തിത്വം, നർത്തകി, വ്ലോഗർ, ഡിജിറ്റൽ ഉള്ളടക്ക സ്രഷ്‌ടാവ് എന്നിവയാണ്…

എന്താണ് ഗോസിപ്പ് ? ഗോസിപ്പുകളെ എങ്ങനെ നേരിടാം ? മലയാളസിനിമയിൽ ഒരോ കാലത്ത് വന്നിരുന്ന ചില ഗോസിപ്പുകൾ

ഗോസിപ്പുകൾ…! അത് സിനിമയിലേയും രാഷ്ട്രീയത്തിലേയും മനുഷ്യസാമൂഹ്യ ജീവിതത്തിൻ്റെയും ഭാഗം തന്നെയാണ്. ഗോസിപ്പ് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? അത് നിങ്ങളെ വേദനിപ്പിക്കാറുണ്ടോ ? അറിയാം പരദൂഷണത്തിന്റെ മനശാസ്ത്രം

പടം കാണാത്തവർ ഇത് വായിക്കരുത്, പടം കണ്ടിട്ടും മനസിലാകാത്തവർ മാത്രം വായിക്കുക

മഹാവീര്യർ spoiler alert ???????? പടം കാണാത്തവർ ഇത് വായിക്കരുത് .. Abraham Thomas ഏകദേശം…