പഴയ സിനിമകൾ
രക്തം (1981)
Roy VT
1981ലെ ഓണക്കാലത്ത് റിലീസായ ഒരു സൂപ്പർഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ജഗൻ പിക്ചേഴ്സിന്റെ രക്തം. ഹിറ്റ്മേക്കർ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകനായി മധു എന്ന കരുത്തനായ നടൻ തന്റെ അത്യുജ്ജ്വലമായ ഭാവാഭിനയ വൈഭവംകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.അക്കാലത്തെ മുൻനിര താരങ്ങളായ പ്രേംനസീറും സോമനും ഉപനായകന്മാരായ ഇതിൽ വില്ലനായി ബാലൻKനായർ നിറഞ്ഞു നിന്നു. മധുവിന്റെ ജോഡിയായി സുമലതയും, പ്രേംനസീറിന്റെ ജോഡിയായി ശ്രീവിദ്യയും, സോമന്റെ ജോഡിയായി ചെമ്പരത്തി ശോഭനയും അഭിനയിച്ചു.
രവിമേനോൻ, കൊച്ചിൻ ഹനീഫ, ശങ്കരാടി, മാള, അസീസ്, ജഗന്നാഥവർമ്മ, സത്യചിത്ര തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിലൂടെ അന്നത്തെ ബോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെ ക്യാപ്റ്റൻ രാജു എന്ന പുതുമുഖം അരങ്ങേറ്റം കുറിച്ചു.മലയാള ചലച്ചിത്രലോകത്ത് നിർമ്മാതാക്കളുടെ പട്ടികയിൽ മൂന്ന് അപ്പച്ചൻമാരാണുള്ളത്. സാങ്കേതിക വിസ്മയങ്ങളാൽ മലയാളസിനിമയെ
ഇൻഡ്യൻസിനിമയുടെ നെറുകയിലെത്തിച്ച നവോദയ അപ്പച്ചനാണ് അതിൽ പ്രധാനി.’80കളിൽ സജീവമായിരുന്ന ജഗൻ പിക്ചേഴ്സ് അപ്പച്ചനാണ് രണ്ടാമത്തെയാൾ. നിർമ്മാണ / വിതരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്വർഗചിത്ര അപ്പച്ചനാണ് മൂന്നാമത്തെയാൾ.
1980ൽ ഭരതൻ സംവിധാനം ചെയ്ത ചാമരം എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് V.C.ജോർജ്ജ് എന്ന ജഗൻ പിക്ചേഴ്സ് അപ്പച്ചൻ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹം നിർമ്മിച്ച രണ്ടാമത് ചിത്രമായിരുന്നു രക്തം.ഹിറ്റ്മേക്കർ ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.’70കളിൽ ക്രോസ്ബെൽറ്റ് മണിയുടെ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച അനുഭവസമ്പത്തുമായി 1978ൽ ടൈഗർ സലിം എന്ന ചിത്രമൊരുക്കിക്കൊണ്ടാണ് ജോഷി സ്വതന്ത്ര സംവിധായകനാകുന്നത്. ആ ചിത്രം കാര്യമായ നേട്ടമുണ്ടാക്കിയില്ല.തുടർന്ന് ചെയ്ത ആയിരം വസന്തങ്ങൾ എന്ന ചിത്രം റിലീസായതുമില്ല.
അതോടെ കരിയർ പ്രതിസന്ധിയിലായി രംഗംവിടാൻ ഒരുങ്ങി നില്ക്കവേയാണ് ജോഷിയുടെ രക്ഷകനായി
സൂപ്പർസ്റ്റാർ ജയൻ രംഗത്തെത്തുന്നത്. ആരിഫാ എന്റർപ്രൈസസിനു വേണ്ടി ഹസ്സൻ നിർമിക്കുന്ന അടുത്ത ചിത്രത്തിൽ താൻ ഡേറ്റ് നല്കണമെങ്കിൽ ആ ചിത്രത്തിന്റെ സംവിധായകനായി ജോഷിക്ക് അവസരം നല്കണമെന്ന് ജയൻ നിഷ്ക്കർഷിച്ചതോടെ മൂർഖൻ എന്ന ചിത്രത്തിന്റെ സംവിധാന ചുമതല ജോഷിയുടെ കരങ്ങളിൽ നിക്ഷിപ്തമായി. ആ സുവർണ്ണാസരം ജോഷി ശരിക്കും പ്രയോജനപ്പെടുത്തി.
അതിസാഹസിക / സംഘട്ടന രംഗങ്ങളാൽ സമൃദ്ധമായ മൂർഖൻ കേരളത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞോടി വൻകളക്ഷൻ നേടി.
ആ ഒരൊറ്റ ചിത്രത്തോടെ ജോഷി മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറി. തുടർന്ന് കുറേക്കാലത്തേക്ക് ജോഷി മലയാളത്തിലെ പ്രമുഖരായ പല താരങ്ങളെയും ഒന്നിച്ചണിനിരത്തി ആക്ഷന് പ്രാധാന്യമുള്ളതും, അതേസമയം കുടുംബ പശ്ചാത്തലത്തിലെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞതുമായ നിരവധി ചിത്രങ്ങളൊരുക്കി.ആ ഘട്ടത്തിൽ ജോഷിയുടെ വളരെ പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു രക്തം.സൈനികനായ വിശ്വനാഥൻ (മധു) തന്റെ ഭാര്യ വത്സല (സുമലത) യുടെ ദുരൂഹ മരണത്തെ തുടർന്ന് നാട്ടിലെത്തുകയാണ്. ഭാര്യയുടെ മരണം ഒരു കൊലപാതകം ആണെന്നും,ആജാനുബാഹുവായ ഒരജ്ഞാതമനുഷ്യൻ അവളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടിടുകയായിരുന്നു എന്നും മാത്രമേ അയാൾക്ക് അറിയാൻ കഴിഞ്ഞുള്ളൂ.
പോലീസ് അന്വേഷണം കാര്യമായ പുരോഗതി ഉണ്ടാകാതെ വഴിമുട്ടുകയാണ്. ഭാര്യയുടെ ഘാതകനെ കണ്ടെത്തി പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ വിശ്വനാഥൻ ജോലി ഉപേക്ഷിച്ച് നാട്ടിൽ തുടരുന്നു.നഗരത്തിലെ പ്രമുഖനായ അബ്കാരി മുതലാളിയാണ് പത്മനാഭൻ (ബാലൻ K നായർ).അയാളുടെ ഷാപ്പിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ തന്റെ അടുത്ത സുഹൃത്ത് മരണപ്പെട്ടതോടെ വിശ്വനാഥൻ മദ്യലോബിയെ എതിർക്കാൻ രംഗത്തിറങ്ങി.പത്മനാഭന്റെ പണവും സ്വാധീനവും ഉപയോഗിച്ച് അയാൾ നിയമത്തെ തന്റെ വരുതിയിലാക്കിയതോടെ ക്രൂദ്ധനായ വിശ്വനാഥൻ പത്മനാഭന്റെ ബാറുകൾ തല്ലിത്തകർത്തു.പത്മനാഭന് അനുകൂലമായി നിയമത്തെ വളച്ചൊടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെപോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് വെല്ലുവിളിക്കുന്ന വിശ്വനാഥൻ പോലീസിനൊരു തലവേദനയായി മാറി.
പുതുതായി ചാർജെടുത്ത സർക്കിൾ ഇൻസ്പെക്ടർ ഹരിദാസ് (പ്രേംനസീർ) വിശ്വനാഥനുമായി ഏറ്റുമുട്ടിയെങ്കിലും നിയമത്തിന്റെ വരുതിയിൽ വിശ്വനാഥനെ തളച്ചു നിർത്താൻ കഴിയുന്നില്ല.ഇൻസ്പെക്ടർ ഹരിദാസ് ക്രമേണ വിശ്വനാഥനുമായി സൗഹൃദം സൃഷ്ടിക്കുന്നു. ആ സൗഹൃദം ഹരിദാസിന്റെ ഭാര്യ മാലതി (ശ്രീവിദ്യ) ഇഷ്ടപ്പെടുന്നില്ല. താൻ വിവാഹത്തിനു മുമ്പ് മറ്റൊരാളുമായി പ്രണയത്തിൽ ആയിരുന്നതും, അയാളിൽനിന്നും ഗർഭിണിയായതും അറിയാവുന്ന ആളാണ് വിശ്വനാഥൻ എന്നതുകൊണ്ടാണ് ഹരിദാസിന്റെ ഭാര്യ വിശ്വനാഥനെ ഭയപ്പെടുന്നത്.പക്ഷെ ഹരിദാസിന് അറിയാമായിരുന്നു തന്റെ ഭാര്യ പ്രസവിച്ച കുട്ടി തന്റേതല്ലെന്ന്. തനിക്കൊരു അച്ഛനാകാൻ കഴിയില്ലെന്ന് ബോധ്യമുള്ള ഹരിദാസ് തന്റെ ഭാര്യ പ്രസവിച്ച കുട്ടിയെ തന്റേതായി വളർത്തുമ്പോഴും ആ രഹസ്യം താൻ അറിഞ്ഞതായി ഭാവിച്ചിരുന്നില്ല.വത്സലയുടെ ദുരൂഹ മരണത്തെപ്പറ്റി ഹരിദാസ് അന്വേഷണം നടത്തുന്നെങ്കിലും യാതൊരു തുമ്പും ലഭിക്കുന്നില്ല.
വിശ്വനാഥന്റെ ഏക സഹോദരി ശ്രീദേവി (ചെമ്പരത്തി ശോഭന) ഡോക്ടർ വേണു (സോമൻ) വുമായി പ്രണയത്തിലാണ്. പത്മനാഭന്റെ മകനായ ഡോക്ടർ വേണു പിതാവിന്റെ ദുഷ്ചെയ്തികളെയും മദ്യക്കച്ചവടത്തെയും എതിർക്കുന്ന ആദർശശാലിയായ ഒരു യുവാവാണ്. പക്ഷെ തന്റെ ശത്രുവായ പത്മനാഭന്റെ മകനാണ് വേണു എന്ന കാരണത്താൽ വിശ്വനാഥൻ ശ്രീദേവിയുമായുള്ള വേണുവിന്റെ പ്രണയത്തെ എതിർക്കുന്നു. വിശ്വനാഥന്റെ താക്കീത് വകവയ്ക്കാതെ താൻ ശ്രീദേവിയെ വിവാഹം ചെയ്യുമെന്ന് വെല്ലുവിളി ഉയർത്തിയ വേണുവും വിശ്വനാഥനും തമ്മിൽ ഏറ്റുമുട്ടി. പിന്നീട് ഇൻസ്പെക്ടർ ഹരിദാസിന്റെ ഇടപെടൽമൂലം വേണുവിന്റെ നന്മ മനസ്സിലാക്കിയ വിശ്വനാഥൻ സഹോദരിയുടെ ഇഷ്ടത്തിന് വഴങ്ങാൻ തീരുമാനിച്ചു.
വത്സലയുടെ ജഡം റെയിൽവേട്രാക്കിൽ കൊണ്ടിട്ട അജ്ഞാതനെ കണ്ടെത്തിയ വിശ്വനാഥൻ അവനെ ആക്രമിച്ച് കീഴ്പ്പെടുത്തി യഥാർത്ഥ കൊലയാളിയെപ്പറ്റി മനസ്സിലാക്കുന്നു. തന്റെ ഭാര്യയുടെ ഘാതകനോട് കണക്കുതീർക്കാൻ പ്രതികാരദാഹിയായ വിശ്വനാഥൻ ശത്രുപാളയത്തിലേക്ക് കുതിച്ചു.വിവരങ്ങൾ അറിഞ്ഞെത്തിയ ഇൻസ്പെക്ടർ ഹരിദാസും ഡോക്ടർ വേണുവും വിശ്വനാഥൻ നിയമം കൈയിലെടുക്കുന്നത് തടയാൻ പിന്നാലെ പാഞ്ഞു.പക്ഷെ അഗ്നിജ്വാലയായ് ആളിക്കത്തിയ ആ പ്രതികാരദാഹിയെ തടഞ്ഞുനിർത്താൻ ആർക്കും കഴിയുമായിരുന്നില്ല.വിശ്വനാഥന്റെ ഉഗ്രതാണ്ഡവത്തിൽ ശത്രുവിന്റെ രക്തം ചിതറിത്തെറിച്ചു.
പ്രതികാരം നിർവ്വഹിച്ച നിർവൃതിയോടെ വിശ്വനാഥൻ നിയമത്തിന്റെ വിലങ്ങിനുവേണ്ടി കൈകൾനീട്ടി.അക്കാലത്ത് താരതമ്യേന തുടക്കക്കാരൻ ആയിരുന്ന കലൂർ ഡെന്നീസ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചു.ഇതിലെ വിശ്വനാഥൻ എന്ന കേന്ദ്രകഥാപാത്രം ഒരുപക്ഷെ ജയനെ മനസ്സിൽ കണ്ടുകൊണ്ട് രൂപപ്പെടുത്തിയതാണോ എന്ന് തോന്നിപ്പിക്കുന്നവിധം പ്രൗഢോജ്ജ്വലമായിരുന്നു.പിൽക്കാലത്ത് ഒട്ടനവധി കുടുംബ / കോമഡി ചിത്രങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള
കലൂർ ഡെന്നീസിന്റെ തൂലികയിൽനിന്നും വിശ്വനാഥനോളം പോന്നൊരു മാസ്സ്ഹീറോ പിന്നീടെപ്പോഴെങ്കിലും പിറവിയെടുത്തിട്ടുള്ളതായി എന്റെ ഓർമ്മയിൽ തെളിയുന്നില്ല.
R.K.ദാമോദരൻ രചിച്ച്, ജോൺസൺ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.യേശുദാസ്, വാണി ജയറാം എന്നിവരാണ് ഗായകർ. ജോൺസന്റെ സംഗീതത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് ഇതിലെ മഞ്ഞിൽ ചേക്കേറും മകരപ്പെൺപക്ഷീ മൗനപ്പൂചൂടും ഇന്ദീവരാക്ഷീ …എന്ന ഗാനം. സോമനും ചെമ്പരത്തി ശോഭനയും ആയിരുന്നു ഈ ഗാനരംഗത്തെ അഭിനേതാക്കൾ.
മധുവും ഫ്ലാഷ്ബാക്കിലെ സുമലതയും പ്രത്യക്ഷപ്പെടുന്ന സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ നിഴൽ മാത്രം മനം അതു തേടിനടന്നൊരു ഭ്രാന്തൻ പ്രതിഭാസം … എന്നത് ഒരു ശോകഗാനമാണ്. പ്രേംനസീറും ശ്രീവിദ്യയും കുട്ടിയുമൊത്തുള്ള ഉല്ലാസകരമായ മുഹൂർത്തങ്ങളാണ്
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്കകൊത്തി കടലിലിട്ടു …എന്ന ഗാനരംഗത്തുള്ളത്.