Roy VT
70 – കളിലും 80 – കളുടെ തുടക്കത്തിലും സജീവമായിരുന്ന അഭിനേത്രി. ഷീല, ജയഭാരതി, ലക്ഷ്മി, ശ്രീവിദ്യ, ശാരദ, സീമ, വിധുബാല, ഉണ്ണിമേരി തുടങ്ങിയ നടികൾ മുൻനിരയിൽ നിറഞ്ഞാടിയ കാലഘട്ടത്തിൽ അവരുടെ പിന്നിൽ കൂടുതൽ ചിത്രങ്ങളിൽ ഉപനായികയായും, വളരെക്കുറച്ച് ചിത്രങ്ങളിൽ നായികയായും അഭിനയിച്ചിരുന്ന കുറെ നടികളുണ്ട്.
ശുഭ, പ്രമീള, രാജകോകില, ശോഭന (ചെമ്പരത്തി), പ്രിയ, ഭവാനി, സുമിത്ര തുടങ്ങിയവരുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു താരമായിരുന്നു റീന.1973 – ൽ ചുക്ക് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ റീന B&W കാലഘട്ടത്തിലെ മുൻനിര നായകനായിരുന്ന സുധീറിന്റെ ജോഡിയായി കൂടുതൽ ശ്രദ്ധേയയായി. A.R.റഹ്മാൻ ചിട്ടപ്പെടുത്തിയ ആദ്യ ഗാനം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന വെള്ളിത്തേൻ കിണ്ണംപോൽ .എന്ന ഗാനരംഗത്ത് അഭിനയിച്ചത് സുധീർ – റീന ജോഡി ആയിരുന്നു.
(ഈ ഗാനം അടങ്ങിയ പെൺപട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ R.K.ശേഖർ ആയിരുന്നു. അദ്ദേഹം പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിനിടെ ഈയൊരു ഗാനം, മകൻ ദിലീപ് വെറുതെയൊന്ന് ട്യൂൺ ചെയ്ത് നോക്കിയത് സംവിധായകൻ ക്രോസ്ബെൽറ്റ് മണിക്ക് ഇഷ്ടപ്പെട്ടപ്പോൾ ആ ട്യൂൺ അതേപടി ഉപയോഗിക്കുകയായിരുന്നു. അന്നത്തെ ദിലീപ് പില്ക്കാലത്ത് A.R.റഹ്മാൻ എന്ന പേരിൽ അറിയപ്പെട്ടു എന്നത് പ്രത്യേകിച്ച് പരാമർശിക്കേണ്ടതില്ലല്ലോ)
മലയാളത്തിനു പുറമേ തമിഴ്, തെലുങ്കു, കന്നട, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള റീന ശിവാജി ഗണേശന്റെ ജോഡിയായി അഭിനയിച്ച തൃശൂലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 80 – കളുടെ തുടക്കത്തിൽ പൂർണ്ണിമ, സുമലത, സ്വപ്ന, മാധവി, അംബിക തുടങ്ങിയ നടികളുടെ മുന്നേറ്റത്തോടെ പ്രഭ മങ്ങിയ റീന ക്രമേണ അഭിനയരംഗം വിടുകയായിരുന്നു. ഒരു ദശകക്കാലം ചലച്ചിത്ര രംഗത്തു നിന്നും വിട്ടു നിന്നതിനു ശേഷം 90 – കളുടെ മധ്യത്തോടെ തിരിച്ചെത്തി ക്യാരക്ടർ റോളുകളിൽ സജീവമായി. നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ട റീന ഇപ്പോഴും അഭിനയരംഗത്ത് തുടരുന്നു.