Roy VT
ഷീല
മലയാള സിനിമയുടെ എക്കാലത്തേയും വലിയ താരചക്രവർത്തിനി ..അഭിനേതാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിഛായയക്ക് ഏറ്റവുമധികം പ്രാധാന്യം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഷീല എന്ന അഭിനേത്രി ഏറ്റവുമധികം സജീവമായിരുന്നത്. തുളസിക്കതിരിന്റെ നൈർമ്മല്യമുള്ള ഗ്രാമീണ കന്യകയായും, സർവ്വംസഹയായ ഉത്തമ കുടുംബിനിയായും മാത്രം മറ്റു നടികൾ അഭിനയിക്കാൻ താല്പര്യപ്പെട്ടിരുന്ന കാലഘട്ടത്തിൽ ഇത്തരം പ്രതിഛായയുടെ തടവറയിൽ തളച്ചിടപ്പെടാതെ, തികച്ചും പ്രതിനായികാ സ്വഭാവമുള്ളതും, പരുക്കൻ പ്രകൃതമുള്ളതും, ഗ്ലാമറിന്റെ പരിവേഷമില്ലാത്തതും, അവിഹിത ലൈംഗീകാസക്തി പുലർത്തുന്നതും ഒക്കെയായ നിരവധി കഥാപാത്രങ്ങളെ തുടർച്ചയായി രംഗത്തവതരിപ്പിക്കാൻ യാതൊരു മടിയുമില്ലാതെ തയ്യാറായി എന്നുള്ളിടത്താണ് ഷീലയുടെ മഹത്വം. ഇവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒട്ടു മിക്കതും ഇത്തരത്തിൽ ക്ലീൻ ഇമേജിനു നിരക്കുന്നതായിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം.
ചെമ്മീൻ ( ഒരാളെ പ്രണയിച്ച്, മറ്റൊരാളെ വിവാഹം ചെയ്തതിനു ശേഷവും രാത്രിയിൽ കാമുക സവിധത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു ), കള്ളിച്ചെല്ലമ്മ (അവിഹിത ഗർഭം ധരിക്കുന്ന, ഗ്ലാമറിന്റെ പരിവേഷമില്ലാത്ത പരുക്കൻ കഥാപാത്രം), ഭാര്യമാർ സൂക്ഷിക്കുക (സ്നേഹസമ്പന്നനായ ഭർത്താവിനെ മറന്നുകൊണ്ട് കാമുകനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഭാര്യ), അനുഭവങ്ങൾ പാളിച്ചകൾ (ഭർത്താവ് ജയിലിൽനിന്നും തിരിച്ചെത്തുമ്പോൾ അയാളുടെ സുഹൃത്തിന്റെയൊപ്പം ജീവിതം നയിച്ച ഭാര്യ), ഓടക്കുഴൽ (മധ്യവയസ്കയായ വിധവ ഒരു കൗമാരക്കാരനുമായി ബന്ധപ്പെടുന്നു, പിന്നീടവനെ തഴഞ്ഞിട്ട് അതിസമ്പന്നനായ ആളിനെ വിവാഹം ചെയ്യാൻ തയ്യാറാകുന്നു), ഈറ്റ (ഭർത്താവിൽ നിന്നും ലഭിക്കാത്ത സുഖം നേടാൻ അയൽപക്കത്തെ ചെറുപ്പക്കാരനെ വശീകരിക്കുന്ന മദാലസ), ശരപഞ്ജരം (ഹൃദ്രോഗിയായ ഭർത്താവിന് അസുഖം കൂടിയെന്ന് അറിയുമ്പോൾ പോലും ജാരന്റെയൊപ്പം കിടപ്പറ പങ്കിടുന്ന ഭാര്യ), വീട് ഒരു സ്വർഗ്ഗം (ഒരു മാതൃകാ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിക്കൊണ്ട് അവിടുത്തെ ഗൃഹനാഥനെ തന്റെ മോഹന വലയത്തിൽ തളച്ചിടുന്ന മദാലസയായ സന്യാസിനി), കലിക (തന്റെ സ്വൈരവിഹാരത്തിന് എതിരായി വരുന്ന ചെറുപ്പക്കാരെ മാദകത്വത്താൽ വശീകരിച്ച് അവരെ കൊലപ്പെടുത്താൻ തയ്യാറാകുന്ന ദുർമന്ത്രവാദിനി), അതിഥി (സമ്പത്തിലും ദാമ്പത്യത്തിലും തകർന്ന ഒരാളുടെ ഭാര്യ, കുടുംബത്തിൽ നിന്നും ഓടിപ്പോകുന്ന സ്ത്രീ, ഒടുവിൽ അനിയത്തിയുടെ കാമുകനോടൊപ്പം ചേരുന്നു), ജീവിക്കാൻ മറന്നുപോയ സ്ത്രീ (ചിത്രകാരനു മുന്നിൽ നഗ്നയായി പോസ് ചെയ്യുന്ന അവിവാഹിതയായ യുവതി, പിന്നീട് അയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു), അനുഭവം (മദ്യപാനിയായ വിധവ, തന്റെ ഏറ്റവുംവലിയ എതിരാളിയായി വളർന്നു വന്ന ജയഭാരതിയുടെ അമ്മ വേഷം), വിഷ്ണുവിജയം (സമ്പന്നനായ മധ്യവയസ്കന്റെ മദാലസയായ ഭാര്യ, തന്നേക്കാൾ വളരെ ചെറുപ്പമായ ഒരു യുവാവുമായി അവിഹിതബന്ധം പുലർത്തുന്നു), അനന്തശയനം (ചെറുപ്പക്കാരനായ വിദ്യാർത്ഥിയെ കാമിക്കുന്ന മുതിർന്ന അദ്ധ്യാപിക),കാപാലിക, അഗ്നിപുത്രി, തീനാളങ്ങൾ തുടങ്ങി കുറെയേറെ ചിത്രങ്ങളിലെ അഭിസാരിക വേഷങ്ങൾ..
ഇതിനെല്ലാമുപരി ഇന്നും മറ്റൊരു നടിയും ചെയ്യാൻ ധൈര്യപ്പെടാത്ത ചായം (മകനിൽ ലൈംഗീക മോഹമുണർത്തുന്ന അമ്മ) …ഈ ചിത്രങ്ങളിലെല്ലാം ഷീലയുടെ കഥാപാത്രങ്ങൾ മികച്ചതു തന്നെ, പക്ഷെ അവയൊക്കെത്തന്നെ ഒരു സൂപ്പർ നായികയുടെ ഇമേജിന് അനുസരിച്ചുള്ള ആദർശ – കുലീന കഥാപാത്രങ്ങൾ ആയിരുന്നില്ല. എന്നിട്ടും ഇവയെല്ലാം ഷീല എന്ന അഭിനേത്രി അനശ്വരമാക്കി. ഇവക്കൊക്കെ ശേഷം മറ്റു നായികമാരും വല്ലപ്പോഴുമൊക്കെ ചില വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നായികയായി തിളങ്ങി നിന്ന കാലഘട്ടത്തിൽ ഇമേജിനു വിരുദ്ധമായ ഇത്രയേറെ വൈവിധ്യ വേഷങ്ങൾ ഏറ്റെടുത്തു ചെയ്യാൻ ധൈര്യം കാട്ടിയത് ഒരേയൊരു ഷീല മാത്രം.
One Response
One and only sheela. No actress have dared into her territory. She simply ruled.