Roy VT
’80കളിലെ ഒരു മാദകത്തിടമ്പ്. 1978ൽ ബൈബിളിനെ ആസ്പദമാക്കി നിർമ്മിച്ച കരുണാമയുഡു എന്ന തെലുങ്കു ചിത്രത്തിൽ കന്യാമറിയം ആയി വേഷമിട്ടുകൊണ്ടാണ് അഭിനയ രംഗത്തേക്കുള്ള സുരേഖയുടെ അരങ്ങേറ്റം. ആ ചിത്രം മിശിഹാചരിത്രം എന്ന പേരിൽ മലയാളത്തിൽ ഡബ്ബ്ചെയ്ത് കേരളത്തിലും മികച്ച പ്രദർശനവിജയം നേടി. 1979ൽ പ്രേംനസീർ, ജയൻ എന്നിവരെ നായകൻമാരാക്കി ബേബി സംവിധാനം ചെയ്ത പ്രഭു എന്ന ചിത്രത്തിൽ ശശി (ഉത്രാടരാത്രി) യുടെ ജോഡിയായിട്ടാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. തുടർന്ന് പത്മരാജൻ്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത തകര എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി. അഭിനയശേഷിയെക്കാളേറെ അംഗലാവണ്യമായിരുന്നു സുരേഖയുടെ മുതൽക്കൂട്ട്.
I.V.ശശിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ അങ്ങാടിയിലെ ലാടം കാർത്തി എന്ന കഥാപാത്രം ഈ നടിയുടെ ഏറെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നാണ്. ആരോഹണം, കിലുങ്ങാത്ത ചങ്ങലകൾ, ഗ്രീഷ്മജ്വാല, നവംബറിൻ്റെ നഷ്ടം, തടാകം, ജോൺ ജാഫർ ജനാർദ്ദനൻ, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, സിന്ദൂരസന്ധ്യക്ക് മൗനം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മുഹൂർത്തം 11.30ന്, മുളമൂട്ടിൽ അടിമ, വന്നു കണ്ടു കീഴടക്കി, ചേക്കേറാനൊരു ചില്ല, ഐസ്ക്രീം, കട്ടുറുമ്പിനും കാതുകുത്ത്, ഇത്രയുംകാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അവയിലൊക്കെ സഹനടി ലേബലിലൊതുങ്ങി.
എല്ലാം ഇമ്പമയം എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തിയ സുരേഖ നല്ലത് നടന്തേതീരും എന്ന തമിഴ്ചിത്രത്തിൽ നായികയായെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല (ഈ ചിത്രം പോസ്റ്ററിനോളം വലിപ്പമുള്ള A യുടെ അകമ്പടിയോടെ രതിമേളം എന്ന പേരിലാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്). ’80കളുടെ അവസാനത്തോടെ അഭിനയരംഗത്ത് അവസരം കുറഞ്ഞ സുരേഖ പിന്നീട് വിവാഹം, പ്രസവം, ഡൈവോഴ്സ് എന്നീ ഘട്ടങ്ങൾക്കു ശേഷം മാസ്റ്റേർസ് എന്ന ചിത്രത്തിൽ സലിംകുമാറിൻ്റെ ഭാര്യയായി ഒരു നെഗറ്റീവ് വേഷം അവതരിപ്പിച്ചുകൊണ്ട് തിരിച്ചു വന്നു. കലാഭവൻ മണിയുടേതായി അവസാനം റിലീസായ പോയ്മറഞ്ഞു പറയാതെ എന്ന ചിത്രത്തിലും സുരേഖ അഭിനയിച്ചു. അഭിനേത്രി (മലയാളം), പ്രിയസഖി (തമിഴ്) തുടങ്ങി ഏതാനും സീരിയലുകളിലും അഭിനയിച്ച സുരേഖയ്ക്ക് രണ്ടാം വരവിൽ ലഭിച്ചതെല്ലാം നെഗറ്റീവ് റോളുകളായിരുന്നു.