Roy VT
ഇന്നേക്ക് 42 വർഷം മുമ്പ്.. കൃത്യമായി പറഞ്ഞാൽ 1981 ജനുവരി 23ന് കേരളക്കരയിലെ തിയേറ്ററുകളിൽ ജനസാഗരം സൃഷ്ടിച്ചുകൊണ്ട് വെസ്റ്റേൺ / കൗബോയ് ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ഒരു മലയാള ചലച്ചിത്രം റിലീസായി.’തടവറ ‘
’70കളിലും ’80കളുടെ തുടക്കത്തിലും എല്ലാ ഇൻഡ്യൻ ഭാഷകളിലും മൾട്ടിസ്റ്റാർ ചിത്രങ്ങളുടേതായ ഒരു ട്രെൻഡ് നിലനിന്നിരുന്നു. മുൻനിര നായകൻമാരായ രണ്ടോ മൂന്നോ ചിലപ്പോൾ അതിലും അധികമോ താരങ്ങളെ ഒന്നിച്ചണിനിരത്തിക്കൊണ്ടാണ് അക്കാലത്ത് മിക്ക ഭാഷകളിലും ചിത്രങ്ങൾ വന്നിരുന്നത്. ധർമ്മേന്ദ്ര, ജിതേന്ദ്ര, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ, ശത്രുഘ്നൻ സിൻഹ, ഋഷി കപൂർ എന്നിവരിൽ രണ്ടു പേരെങ്കിലും ഇല്ലാത്ത ചിത്രങ്ങൾ അക്കാലത്ത് ഇതിലാരുടെയും കരിയറിൽ അധികം ഉണ്ടായിരുന്നില്ല. തമിഴിൽ ജയശങ്കർ, ശിവകുമാർ, ശ്രീകാന്ത്, കമലഹാസൻ, രജനീകാന്ത്, വിജയകുമാർ, ജയഗണേഷ് എന്നിവരുടെ ചിത്രങ്ങളും അക്കാലത്ത് ഇങ്ങനെ തന്നെയായിരുന്നു.
മലയാളത്തിൽ നസീർ, മധു, വിൻസന്റ്, സുധീർ, രവികുമാർ, സോമൻ, സുകുമാരൻ, ജോസ് തുടങ്ങി ഏതൊരു നടന്റെയും അക്കാലത്തെ പ്രധാന ചിത്രങ്ങളിൽ മറ്റൊരു താരത്തിന്റെ സാന്നിദ്ധ്യം കൂടി ഉണ്ടാകുമായിരുന്നു. ജയന്റേയും ഒട്ടുമിക്ക ചിത്രങ്ങളും ഇതുപോലെ അക്കാലത്തെ അനിവാര്യമായ മൾട്ടിസ്റ്റാർ ട്രെൻഡിന് അനുസരിച്ചുള്ളതായിരുന്നു. എന്നാൽ ആ ട്രെൻഡിനു വിരുദ്ധമായി സ്വന്തം നിലയിൽ ചിത്രങ്ങൾ വിജയിപ്പിക്കാനും ജയന് കഴിഞ്ഞിരുന്നു. അവനോ അതോ അവളോ, പുതിയവെളിച്ചം, ആവേശം, കരിമ്പന, മൂർഖൻ തുടങ്ങി അത്തരത്തിൽ വൻ വിജയംനേടിയ ചിത്രങ്ങളുടെ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു തടവറ.
സന്തോഷ് ഫിലിംസ് നിർമ്മിച്ച്, അക്കാലത്തെ ഹിറ്റ്മേക്കർ P.ചന്ദ്രകുമാർ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം ജയൻ അസാമാന്യ പ്രാഗത്ഭ്യത്തോടെ കുതിരപ്പുറത്ത് ചീറിപ്പായുന്നതുൾപ്പെടെ നിരവധി സാഹസിക രംഗങ്ങൾകൊണ്ട് സമ്പന്നമായിരുന്നു. സീമ നായികയായ ഈ ചിത്രത്തിൽ M.N.നമ്പ്യാർ, ഉമ്മർ, ജോസ്പ്രകാശ്, സിലോൺ മനോഹർ, ശങ്കരാടി, മാള, കുഞ്ചൻ, നന്ദിതാബോസ്, സുകുമാരി, ജ്യോതിലക്ഷ്മി തുടങ്ങിയവരും അഭിനയിച്ചു. ഇതിന്റെ സഹസംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് A.T.ഉമ്മർ സംഗീതം പകർന്നു. ആനന്ദരാഗം എഴുതിയ കരളിലെ മദഭരഭാവം …കാറ്റും ഈ കാടിന്റെ കുളിരും കോരിത്തരിക്കുന്ന നിമിഷം …തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. 1980ൽ ചിത്രീകരണം തുടങ്ങി, ജയന്റെ മരണശേഷം 1981ൽ റിലീസായ ഈ ചിത്രത്തിൽ ജയൻ അഭിനയിച്ചിടത്തോളം രംഗങ്ങളുടെ ഡബ്ബിംഗും പൂർത്തിയാക്കിയിരുന്നു.
ജയനെവച്ച് കുറച്ചു രംഗങ്ങൾകൂടി ചിത്രീകരിക്കാൻ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണംമൂലം അത് നടന്നില്ല. പകരം അത്യാവശ്യമുള്ള ചില രംഗങ്ങളിൽ കഥാപാത്രം പുറംതിരിഞ്ഞു നില്ക്കുക്കുന്നതായോ അവ്യക്തമായോ കാണിക്കുകയും, ഒരിക്കൽ കാണിച്ച ദൃശ്യംതന്നെ വീണ്ടും കാണിക്കുകയും ഒക്കെ ചെയ്തുകൊണ്ടാണ് ആ കുറവ് പരിഹരിച്ചത്. ജയന്റെ ചില രംഗങ്ങൾ ചിത്രീകരിക്കാൻ കഴിയാഞ്ഞതുമൂലം സിനിമയുടെ ദൈർഘ്യം കുറഞ്ഞു പോകാതിരിക്കാൻ വേണ്ടി ജയൻ രംഗത്തുവരുന്നതിനു മുമ്പുള്ള കുറെ രംഗങ്ങൾ അധികമായി കൂട്ടിച്ചേർക്കുകയും ചെയ്തു. കൊള്ളസങ്കേതത്തിൽ M.N.നമ്പ്യാർ കണ്ണുകെട്ടി സിലോൺ മനോഹറുമായി വാൾപ്പയറ്റ് നടത്തുന്ന രംഗമൊക്കെ സത്യത്തിൽ ജയനുവേണ്ടി തീരുമാനിച്ചിരുന്നതാണെന്ന് സംവിധായകൻ P.ചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്.
എന്റെ ഓർമ്മയിൽ മലയാളത്തിലെ ഒരു നായകന് ഫസ്റ്റ്സൈറ്റിൽ ഏറ്റവുമധികം കൈയടികിട്ടിയ ചിത്രങ്ങളായിരുന്നു കോളിളക്കം, തടവറ, ലൗ ഇൻ സിംഗപ്പൂർ(1980) എന്നിവ. പിൽക്കാലത്ത് നിരവധിതവണ (ഏകദേശം 2000 വരെയൊക്കെ) ഗ്യാപ്പ്ഫില്ലർ ആയി വന്നപ്പോഴും ജയൻ ചിത്രങ്ങൾക്ക് മികച്ച കളക്ഷൻ ലഭിച്ചിരുന്നു.