Roy VT
1979 – ൽ പുറത്തിറങ്ങിയ ഈ ചിത്രം ഞാൻ കാണുന്നത് 1985 – ൽ പുനലൂർ ചെല്ലം ടാക്കീസിൽ നൂൺഷോ ആയി വന്നപ്പോഴാണ്. അന്ന് ആറാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ഞാൻ ഈ ചിത്രം കാണാൻ താല്പര്യപ്പെട്ടത് ഇതിലെ വലിയ A കണ്ടിട്ടൊന്നുമല്ല, പഴയ ഏതു ചിത്രം വന്നാലും താല്പര്യത്തോടെ പോയി കാണുന്ന കൂട്ടത്തിൽ ഇതും കണ്ടു എന്നു മാത്രം. എനിക്കീ ചിത്രം അത്ര ഇഷ്ടപ്പെട്ടതൊന്നുമല്ല. ഭരതന്റെ ചിത്രങ്ങളിൽ ഓർമ്മയ്ക്കായി ആണെനിക്ക് കൂടുതൽ ഇഷ്ടം, പിന്നെ ചാമരം. ദൃശ്യഭംഗിയും സാങ്കേതിക മികവും പരിഗണിച്ചാൽ വൈശാലിയും ഇഷ്ടമാണ്. പത്മരാജന്റെ ചിത്രങ്ങളിൽ പെരുവഴിയമ്പലമാണ് എനിക്ക് കൂടുതലിഷ്ടം. പിന്നെ കള്ളൻ പവിത്രൻ.
സുരേഖ എന്ന നടിയുടെ മാസ്റ്റർപീസ് ചിത്രമായി തകരയെ വിശേഷിപ്പിക്കാമെങ്കിലും തകരയിൽ അവർ അത്ര മികച്ച അഭിനയം കാഴ്ചവെച്ചെന്നോ, ഈ ചിത്രത്തിൽ സുരേഖ അതിസുന്ദരി ആണെന്നോ എനിക്കു തോന്നിയിട്ടില്ല. സത്യത്തിൽ പിൽക്കാലത്താണ് അവർ കൂടുതൽ സുന്ദരിയായതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അപ്പോഴേക്കും അവർ ഒരു എക്സ്ട്രാ നടിയെപ്പോലെ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോയിരുന്നു. 1984 – ൽ അങ്ങാടി ഗ്യാപ്പ്ഫില്ലറായി വന്നപ്പോഴാണ് ഞാൻ ഈ നടിയെ ശ്രദ്ധിക്കുന്നത്. സ്കൂളിൽ സമരമുള്ള ഒരു ദിവസം കൂട്ടുകാരുമൊത്ത് അങ്ങാടി കണ്ടപ്പോൾ ഇവരുടെ പേര് എനിക്കറിയില്ല, എന്റെ ഒപ്പമുണ്ടായിരുന്ന മുതിർന്ന ഒരു സുഹൃത്ത് പറഞ്ഞു നടിയുടെ പേര് തകര എന്നാണെന്ന് (അയാൾ പറ്റിച്ചതായിരിക്കില്ല, ഒരുപക്ഷേ അന്ന് അയാളുടെ ധാരണ അങ്ങനെ ആയിരുന്നിരിക്കാം).
പിന്നീട് കുറേക്കാലത്തേക്ക് ഈ നടിയെ ഞങ്ങൾ സുഹൃത്തുക്കൾ തകര എന്നാണ് വിശേഷിപ്പിച്ചിരുന്നത് (സുരേഖയുടെ രൂപസാദൃശ്യം ഉള്ള ഒരാൾക്ക് അക്കാലത്ത് ഇരട്ടപ്പേരും തകര എന്നായിരുന്നു). ഈ ചിത്രം എനിക്കിഷ്ടമല്ല എന്നുകരുതി ഇത് ഇഷ്ടപ്പെടുന്നവരുടെ അഭിരുചിയെ ഞാൻ മാനിക്കാതിരിക്കുന്നില്ല. ഭരതനെയും പത്മരാജനെയും ഒക്കെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളവർക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ചിത്രം തന്നെയാണ് തകര. ഈ ചിത്രത്തിൽ തകരയായ പ്രതാപ് പോത്തനും, സുഭാഷിണിയായ സുരേഖയും ഇന്നും ഓർമ്മിക്കപ്പെടുന്നത് പ്രധാനമായും തകരയിലൂട തന്നെ. നെടുമുടി വേണു എന്ന നടൻ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരാധകർ ആദ്യം ഓർക്കുന്നത് തകരയിലെ നായകനല്ലാത്ത ചെല്ലപ്പൻ ആശാരിയെയാണ്. തകരയിൽ വലിയ പ്രാധാന്യമൊന്നും ഇല്ലാതെ തന്നെ പ്രധാന കഥാപാത്രങ്ങളേക്കാൾ കൂടുതൽ പ്രശസ്തി നേടിയ കഥാപാത്രം ചെല്ലപ്പനാശാരിയാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവാൻ ഇടയില്ല.