തിടമ്പ്
Roy VT
പ്രേനസീർ നായകനായ ഒരു കളർ ആക്ഷൻ എന്റർടൈനർ എന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. 1982ൽ ചിത്രീകരണം (അല്പംചില ഫില്ലിംഗ് ഷോട്ടുകൾ ഒഴികെ) ഏകദേശം പൂർത്തിയാക്കി, ഡബ്ബിംഗും കഴിഞ്ഞ്, റിലീസിംഗ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യവും വന്ന ഈ ചിത്രം പക്ഷെ ചില അപ്രതീക്ഷിത സാങ്കേതിക കാരണങ്ങളാൽ റിലീസായില്ല.
പൗർണ്ണമി ഫിലിംസിന്റെ ബാനറിൽ ജിമ്മി നിർമ്മിച്ച ഈ ചിത്രം ജയിംസ് എന്ന തുടക്കക്കാരനാണ് സംവിധാനം ചെയ്തത്. സൗത്ത് ഇൻഡ്യൻ ഫിലിം ആക്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റാങ്ക്ജേതാവായി പുറത്തുവന്ന ജയിംസ് ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും,അതിലേറെ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തതിന്റെ പിൻബലത്തിലാണ് നിത്യവസന്തത്തെ നായകനാക്കി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
പ്രേംനസീറിനു പുറമേ ബാലൻ K നായർ, സത്താർ, ശ്രീനാഥ്, കുതിരവട്ടം പപ്പു, ചാരുഹാസൻ, നെല്ലിക്കോട് ഭാസ്കരൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സിലോൺ മനോഹർ,സ്വപ്ന, അംബിക, അഞ്ജലി നായിഡു, ശാന്തകുമാരി, ശാന്താദേവി തുടങ്ങിയവരും ഇതിലഭിനയിച്ചു.പ്രകൃതിരമണീയമായ മലയോര പശ്ചാത്തലത്തിൽ പാട്ടും പ്രേമവും കോമഡിയും സ്റ്റണ്ടും കുതിരയോട്ടവും എല്ലാം കോർത്തിണക്കിയ തിടമ്പിന് ക്യാമറാമാൻ എന്ന നിലയിൽ J.വില്യംസ് നല്കിയ സംഭാവനകൾ ഏറെ വിലപ്പെട്ടതായിരുന്നു.
ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ രവി വിലങ്ങൻ എഴുതിയ ഗാനങ്ങൾക്ക് ജോൺസൺ സംഗീതം പകർന്നു. യേശുദാസ് പാടിയ വിശ്വതലത്തിന്റെ ഗോപുരവാതിലിൽ വിശ്വംമയക്കുന്ന ദേവിവന്നു …
ഉണ്ണിമേനോനും ലതികയും പാടിയ മഴമുകിലാടും നിശ നിശകളിലാടും വനം വനതലമാകെ തരു
തരുനിരയാടും ഒലി …S.ജാനകി പാടിയ
മലയജ മാമലയിൽ മലർ മലരും താഴ്വ്വരയിൽ …
യേശുദാസ് പാടിയ
ജന്മം പുനർജ്ജന്മം പൂർവ്വജന്മം
മണ്ണിൽ ഈ വിധം മൂന്നുജന്മം …
എന്നിവയായിരുന്നു ഇതിലെ ഗാനങ്ങൾ.
പൊതുവേ താനഭിനയിച്ച ചിത്രങ്ങൾ (സമയക്കുറവ് മൂലം) കാണാറില്ലാത്ത പ്രേംനസീർ ഈ ചിത്രത്തിന്റെ എഡിറ്റിംഗിനു മുമ്പുള്ള പ്രിന്റ് മദ്രാസിലെ A.V.M – D തിയേറ്ററിലിരുന്ന് പൂർണ്ണമായും കണ്ടു എന്നത് അക്കാലത്തെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിൽ വാർത്തയായിരുന്നു.മദ്രാസിലെ ലാബുകളിൽ എവിടെയെങ്കിലും ഈ ചിത്രത്തിന്റെ പ്രിന്റ് കണ്ടെത്താൻ സാധിച്ചാൽ പ്രേംനസീർ ആരാധകർക്ക് അതൊരു വിലപ്പെട്ട നേട്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.