നാമുണ്ടായത് അംബേദ്കര്‍ കാരണം മാത്രമല്ല, റൊട്ടിയും ഉള്ളിയും കഴിച്ചു മരുഭൂയില്‍ വിയര്‍പ്പൊഴുക്കിയ ഗള്‍ഫുകാര്‍ കാരണം കൂടെയാണ്

0
187

Rupesh Kumar എഴുതുന്നു:

രണ്ടു പ്രാവശ്യമായി ദുബായില്‍ ജോലിയും ജോലി അന്വേഷണവും ആയി പോകേണ്ടി വന്നിട്ടുണ്ട്. ജീവിതം തകര്‍ന്നു തരിപ്പണം ആയി അങ്ങ് പൂണ്ടു പോകുന്ന അവസ്ഥയില്‍ പ്രസന്നന്‍ ധര്‍മപാലനെ Prasannan Dharmapalanപോലുള്ള സുഹൃത്തുക്കള്‍ ആണ് ടിക്കറ്റ് അയച്ചു തന്നു ഷാര്ജയിലേക്ക് വിളിച്ചത്. അവിടെ എത്തി യാതൊരു പിടിപാടും ഇല്ലാതെ ജോലി അന്വേഷണങ്ങള്‍ തുടങ്ങി. ജോലി കിട്ടുക എളുപ്പമല്ല എന്നു ആദ്യം തന്നെ മനസ്സിലായി. ആദ്യം താമസിച്ചത് ഒരു ഏജന്‍സി തയ്യാറാക്കിയ ഒമ്പത് പേരോ അതിലധികമോ പേര്‍ താമസിക്കുന്ന ഒരു ഫ്ലാറ്റിലെ അനധികൃത താമസത്തിലായിരുന്നു. അവിടെ ഇപ്പോഴാണ് കൊറോണ വരുന്നതെങ്കില്‍ ഊഹിക്കാന്‍ പോലും വയ്യ. ഓരോരുത്തരും ജോലി അന്വേഷിച്ചു വന്നവര്‍. ഒരു മാസം കഴിഞ്ഞപ്പോള്‍ ജോലി കിട്ടില്ലെന്ന് മനസ്സിലായി

അവിടെ താമസ ചെലവ് സഹിക്കാന്‍ വയ്യാതെ ഞാന്‍ തന്നെ പഠിപ്പിച്ച എന്റെ ഒരു വിദ്യാര്‍ഥിയുടെ കൂടെ അവന്റെ കുതിരപ്പന്തയത്തിന്റെ കമ്പനിയില്‍ ആരും അറിയാതെ താമസിക്കാന്‍ തുടങ്ങി. അവിടെ കുതിര ലായത്തില്‍ പണിയെടുക്കുന്ന സഹോദരങ്ങള്‍ തരുന്ന ആഹാരവും മദ്യവും കഴിച്ചു ഫോണിന് റേഞ്ച് ഇല്ലാത്ത ഒരു മരുഭൂമിയുടെ നടുക്ക് യാത്ര സൌകര്യങ്ങള്‍ ഇല്ലാത്ത ഒരു റിമോട്ട് സ്ഥലത്തു താമസിച്ചു. പിന്നീട് പ്രസന്നന്‍ തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി താമസിപ്പിച്ചു. പ്രസന്നന്റെ അനിയന്‍ പ്രജീഷ് Prajeesh Komalavalli Dharmapalanഇടക്ക് വെച്ചു തരുന്ന നൂറു ദീര്‍ഹമൊക്കെ വാങ്ങിക്കുമ്പോ ദൈവം ഇല്ലാണ്ടായിട്ടില്ല എന്നു തന്നെ വിചാരിക്കും. അത് പോലെ കൂടെ പഠിച്ച ജസ്റ്റിന്‍,@Justin Just-In അങ്ങനെ പേരെടുത്ത് പറയാത്ത പലരും. പ്രസന്നന്റെ തന്നെ മറ്റൊരു കസിന്‍ പ്രജീഷ് Prajeesh AVക്യാംപുകളിലെ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ഗള്ഫില്‍ ഒറ്റ ആട് ജീവിതങ്ങള്‍ അല്ല ഒരു നൂറായിരം ആട് ജീവിതങ്ങള്‍ ഉണ്ടെന്ന് മനസ്സിലായത്.

ആദ്യത്തെ തവണ ജോലി കിട്ടിയില്ല. തിരിച്ചു വരാന്‍ വിസ കാലാവധി കഴിഞ്ഞത് കൊണ്ട് പതിനായിരം രൂപ വിമാനത്താവളത്തില്‍ കെട്ടി വെച്ചാണ് തിരിച്ചു വന്നത്. അടുത്ത തവണ പ്രസന്നന്റെ സഹായത്താല്‍ തന്നെ പിന്നീട് വീണ്ടും പോയി. രാജീവേട്ടനെ Rajeev Chadayammuri പോലുള്ള സുഹൃത്തുക്കളേ അവിടെ കിട്ടി. അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്, അവിടെ മലയാളി ഓര്‍ഗനൈസേഷനുകള്‍ക്ക് പുറമെ നയന്‍മാര്‍ക്ക് വേറെ സംഘടനകളും ഉണ്ട്. അങ്ങനെ ആദ്യം ഒരു ജിംനേഷ്യത്തില്‍ ജോലി ചെയ്തു. ഒരു മാനേജര്‍ പോസ്റ്റില്‍. ഒരു ഹിന്ദിക്കാരന്‍ മൊതലാളി. ഒരു കോണ്ട്രാക്‍ടും ഇല്ലാതെ ദുബൈ പോലീസിനെ പറ്റിച്ചു കൊണ്ടുള്ള ജോലി. പോലീസ് ചെക്കിങ്ങിന് വരുമ്പോള്‍ ഒളിച്ചിരിക്കണം.

യാതൊരു വിധ കോണ്ട്രാക്ടും ഇല്ല. ഒരു മാസം കഴിഞ്ഞു ശംബളം ചോദിക്കാന്‍ ചെന്നപ്പോള്‍ രാത്രി വരാന്‍ പറഞ്ഞു. രാത്രി ചെന്നപ്പോള്‍ “മദ്യപിച്ചു ബഹളമുണ്ടാക്കി” എന്ന കളവ് പറഞ്ഞു എന്നെ ഇടിക്കാന്‍ വന്നു. എന്തോ ഭാഗ്യത്തിന് ഒരു അറബിയുടെ കാംപണിയില്‍ സോഷ്യല്‍ മെഡിയ മാനേജര്‍ ആയി ജോലി കിട്ടി. മൂന്നു മാസം കൊണ്ട് എന്റെ ജോലി ശരിയല്ല എന്നു പറഞ്ഞു എന്നെ ജോലിയില്‍ നിന്നു പുറത്താക്കി. ആ കാലഘട്ടത്തിലും താമസിച്ചത് ഒമ്പത് പേരൊക്കെ ഒരുമിച്ച് താമസിക്കുന്ന ബെഡ് സ്പെസില്‍ ആയിരുന്നു. ആ സമയത്തെ ആകെ സമ്പാദ്യം അമ്മയ്ക്കും അച്ഛനും ആറായിരം രൂപയുടെ രണ്ടു മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു കൊടുത്തതായിരുന്നു.

ഡിപ്രഷന്‍റെ അങ്ങേ അറ്റം അനുഭവിച്ചു. പല പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചു. പറ്റാതെ നാട്ടിലേക്കു തിരിച്ചു വന്നു. അതിന്റെ ഇടയിലും എന്റെ തിരക്കഥ സിനിമ ആക്കാമെന്ന് വന്നു പറഞ്ഞു വന്നവര്‍ എന്റെ കായ്യില്‍ നിന്നും നാലായിരം രൂപ വാങ്ങി അങ്ങനെയും പറ്റിച്ചു. മദ്യപാനം അങ്ങേയറ്റം വര്‍ധിച്ചു. ഒരു മണിക്കൂറില്‍ അധികം ബസ്സില്‍ ഇരുന്നാള്‍ ഷുഗര്‍ കൂടി പന്തില്‍ മൂത്രം ഒഴിക്കുന്ന അവസ്ഥ ആയി. കാലുകള്‍ വീങ്ങി വീര്‍ത്തു. ഈ അനുഭവം ഇപ്പൊഴും ഓരോ ഗള്‍ഫുകാരനും അനുഭവിക്കുന്നതില്‍ പതിനായിരത്തില്‍ ഒന്നു മാത്രമാണു. ഗള്‍ഫില്‍ ആറ് മാസം മാത്രമേ ജീവിച്ചിട്ടുള്ളൂവെങ്കിലും ഒരു കാര്യം മനസ്സിലായത് ലോകത്ത് ഓരോ നിമിഷവും ജീവിതങ്ങളോടും ദൈവത്തിനോടു പോലും യുദ്ധം ചെയ്തു ജീവിക്കുന്ന മനുഷ്യ സമൂഹങ്ങളുടെ ഒരു കൂട്ടം ഇവരാണ്. കേരളം പോലും ഇന്ന് ഇങ്ങനെ ഞെളിഞ്ഞു കണി വെക്കുന്നത് അവര്‍ അവിടെ മരുഭൂമിയില്‍ ഒട്ടകത്തിനെ കാരക്കുന്നത്തു കൊണ്ടാണ്. അത് പിന്നെ മലയാളി “എല്ലാം ഇടത്താണല്ലോ…” എന്നു പറഞ്ഞു നിരന്തരം കൊമഡി ടൈമില്‍ ചിരിച്ചു മറിയുന്നത്. ഏറ്റവും ഭീകരം അവിടെ കൂട്ടം കൂടി ജീവിക്കുന്നതു അവിടത്തെ എല്ലാ മതങ്ങളിലുമുള്ള കീഴാള വിഭാഗങ്ങള്‍ ആണെന്നതാണ്. അത് പോലെ തന്നെ കേരളത്തില്‍ നിന്നു ഗല്‍ഫിലേക്കുള്ള മൈഗ്രേഷനില്‍ ജാതി തിരിച്ചുള്ള അതിന്റെതായ സ്വഭാവമുണ്ട്.

അത് കൊണ്ട് ഈ അംബേദ്കറുടെ ജനമദിനത്തില്‍ വംശീയതക്കെതിരെയും അപരത്വത്തിനെതിരെയും പ്രതികരിക്കുന്ന മനുഷ്യമ് ഈ ഭൂമി മലയാളത്തില്‍ ബാക്കിയുണ്ടെങ്കില്‍ നാട്ടില്‍ വരാന്‍ കഴിയാതെ ഭീകരതയില്‍ ജീവിക്കുന്ന ഗല്‍ഫിലെ മനുഷ്യര്‍ക്ക് വേണ്ടി ശബ്ദിക്കുക. അത് ഉറക്കെ ശബ്ദിക്കുക എന്നത് തന്നെയാണ്. നാമുണ്ടായത് അംബേദ്കര്‍ കാരണം മാത്രമല്ല. റൊട്ടിയും ഉള്ളിയും കഴിച്ചു മരുഭൂയില്‍ വിയര്‍പ്പോഴുക്കിയ ഗള്‍ഫുകാര്‍ കാരണം കൂടെയാണ്.