ഒരു ഡൽഹി മോതിരത്തിന്റെ റഷ്യൻ യാത്ര 

138

 അൻസാരി പി ഹംസ

1736ൽ ഷാ അബ്ബാസ് 3മന്റെ കാലത്താണ് പേർഷ്യയിൽ (ഇറാൻ ) ഒരു അട്ടിമറി നടന്നത്. സഫവിദ് രാജവംശത്തിലെ 8 വയസ്സുകാരൻ അബ്ബാസ് 3മനെ അട്ടിമറിച്ച് ഭരണം പിടിച്ചത് അവരുടെ തന്നെ വസീറായിരുന്ന നാദിർ ഷാ അഫ്‌ഷറായിരുന്നു. പേർഷ്യയുടെ നെപ്പോളിയൻ, കരവാൾ, രണ്ടാം അലക്‌സാണ്ടർ എന്നൊക്കെ ചരിത്രത്തിൽ അറിയപ്പെട്ട നാദിർ ഷാ ഭരണം പിടിച്ചതോടെ ഇറാൻ തങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം പൂർവ്വാധികം ശക്തിയോടെ തിരിച്ചു പിടിച്ച് തുടങ്ങുകയും ചെയ്തു.

പേർഷ്യയിലെ ഈ ഭരണമാറ്റം മൂലം ഏറ്റവും വെട്ടിലായത് ഡൽഹിയിലെ മുഗൾ ചക്രവർത്തി മുഹമ്മദ്‌ ഷാ ആയിരുന്നു. 1738ൽ ഖൈബർ ചുരം വഴി മുഗൾ സാമ്രാജ്യത്തിലെത്തിയ നാദിർ ഷാ മുഗൾ ചക്രവർത്തിയുടെ അപ്പനപ്പൂപ്പൻമാർ സ്വരുക്കൂട്ടിയതെല്ലാം കവർന്നും മുഗൾ സാമ്രാജ്യം മുച്ചൂടും മുടിച്ചാണ് 1739ൽ ഡൽഹി വിട്ടത്. മൂന്ന് വർഷത്തോളം പേർഷ്യയിലെ സകല നികുതിയും ഒഴിവാക്കാൻ പറ്റുന്നിടത്തോളമുണ്ടായിരുന്നു നാദിർഷാ മുഗളരുടെ ഖജനാവിൽ നിന്നും കവർന്ന സമ്പാദ്യത്തിന്റെ അളവ്. മുഗളരിൽ നിന്നും നാദിർ ഷാ കരസ്ഥമാക്കിയ മയൂര സിംഹാസനവും, കോഹിനൂറും, ദാരിയ നൂറുമുൾപ്പെടുന്ന അമൂല്യമായ അനേകം വസ്തുക്കളുടെ കൂട്ടത്തിൽ മുഗൾ കരവിരുതിൽ പിറന്നൊരു അതിമനോഹരമായൊരു ഒരു സ്വർണ്ണ മോതിരവുമുണ്ടായിരുന്നു.

14 കൊച്ചു മരതകങ്ങളും , 6ക്യാരറ്റ് വീതം വരുന്ന 6 വൈരങ്ങളും , 21 മാണിക്യങ്ങൾ കൊണ്ടും അലങ്കരിച്ച ആ സ്വർണ്ണ മോതിരം 5ആം മുഗൾ ചക്രവർത്തി ഷാജഹാന്റെതായിരുന്നു. ഷാജഹാൻ ചക്രവർത്തി തന്റെ വലതു കൈയ്യിലെ തള്ള വിരലിൽ അണിഞ്ഞിരുന്ന ആ മോതിരം അമ്പെയ്യുന്ന വേളയിൽ വിരലിന് ഉണ്ടാകുന്ന മുറിവുകളെ തടുക്കാനായി പ്രതേകം നിർമ്മിച്ചതായിരുന്നു. മോതിരത്തിന്റെ ഉൾവശത്തിലായി ഷാജാഹാൻ തന്റെ രാജകീയനാമമായ സാഹിബി ഖിറാനി അഥവാ “സംയോജനത്തിന്റെ രണ്ടാം പ്രഭു” എന്നും ആലേഖനം ചെയ്തിരിന്നു. ഷാജഹാൻ തന്റെ പിതാമഹന്മാരിൽ ഒരാളായ തിമൂറിൽ നിന്നായിരുന്നു സാഹിബി ഖിറാനിയെന്ന രാജകിയ നാമം കടമെടുത്തത് (സംയോജനമെന്ന് അർത്ഥമാക്കുന്നത് ദൈവത്തിന് ശേഷം ചന്ദ്രനെയും സൂര്യനെയും ഒരുമിപ്പിച്ചവനെന്ന അർത്ഥത്തിലാണ്).

1739ലെ ശരത്കാലത്തിൽ ആനപ്പടയുടെ അകമ്പടിയോടെ നാദിർ ഷായുടെ ഒരു നയതന്ത്ര പ്രധിനിധി സംഘം റഷ്യയിലെക്ക് യാത്ര തിരിച്ചു. ആ സംഘത്തിന്റെ കൈവശം റഷ്യൻ ചവർത്തിനി “അന്ന ഇവാനോവ്‌നക്കായി” നാദിർ ഷാ കൊടുത്തയച്ച വിലമതിക്കാനാകാത്ത അനേകം സമ്മാനങ്ങളുണ്ടായിരുന്നു. ആ സമ്മാനങ്ങളുടെ കൂട്ടത്തിൽ ഷാജഹാന്റെ മോതിരവും സ്ഥാനം പിടിച്ചിരുന്നു. ഷായുടെ പ്രധിനിധി സംഘം രണ്ട് വർഷങ്ങളെടുത്ത് റഷ്യയിലെത്തിയപ്പഴേക്കും അന്ന ഇവാനോവ്‌ന കാലം ചെയ്യുകയും അന്നയുടെ പിൻഗാമി രണ്ട് വയസ്സുകാരൻ ഇവാൻ 6മനെ തടവിൽ പിടിച്ച് പുതിയ ചക്രവർത്തിനി എലിസബത്ത് പെട്രോവ്ന സിംഹാസത്തിലമരുകയും ചെയ്തിരുന്നു. പുതിയ ചക്രവർത്തിനിയുടെ കൈവശമെത്തിയ ഷാജാഹാന്റെ മോതിരം 1764ൽ കാതറിൻ ചക്രവർത്തിനിയുടെ കാലത്ത് നിർമ്മിച്ച ഹെർമിറ്റേജ് മ്യൂസിയത്തിൽ അതീവ സുരക്ഷയോടെ ഇന്നും സംരക്ഷിച്ചു വരുന്നു.
https://indiayudeinnalakal.blogspot.com/…/12/blog-post.html…

★റഫറൻസ്★

➦ www.hermitagemuseum.org
➦Victoria and Albert Museum
➦The Sword of Persia: Nader Shah, from Tribal Warrior to Conquering Tyrant: Michael Axworthy

 

Advertisements