ഓല കൊടുക്കാൻ ഇനി കാളനില്ല

0
213

S.RadhaKrishnan Kannadi

ഓല കൊടുക്കാൻ ഇനി കാളനില്ല.

പാലക്കാട് കണ്ണാടിയിലെ കണ്ണനൂർ മേഖലയിലെ ആയിരത്തോളം വീടുകളിലെ വിവാഹ ക്ഷണ പത്രിക അരനൂറ്റാണ്ടുകാലം കൊടുത്തു വന്നത് പന്നിക്കോട് കാളനാണ്. ഒരു മാസമായി കാളനും ഭാര്യ ചിന്നയും കോവിഡിനിരയായിട്ട്.വിവാഹത്തിന് ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും ക്ഷണിക്കാനുള്ളവരുടെ പത്രിക എഴുതുന്നത് സമൂഹത്തിലെ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികൾ ചേർന്ന്, രണ്ട് മൂന്ന് മണിക്കൂർ ചർച്ചചെയ്താണ് . അതിന് ഓല എഴുതുക എന്ന് തന്നെയാണ് മുതിർന്നവർ ഇപ്പോഴും പറയുന്നത്.(ഓല എഴുതി മാറുക =വിവാഹ കരാറെഴുതി ഇരുകക്ഷികളും കൈമാറുക.
ഓലയിടുക = എഴുത്തയക്കുക. -ശബ്ദതാരാവലി)

May be an image of 1 personകർഷക തൊഴിലാളിയായ കാളനെയാണ് പത്രിക കൊടുക്കാൻ നാട്ടുകാർ വിളിക്കുക. അതാത് കാലഘട്ടങ്ങളിലെ ഒരു ദിവസത്തെ മികച്ച കൂലികൊടുക്കും. കാളൻ പറയുന്നതു തന്നെ കൂലി. വിവാഹ സീസണിൽ നല്ല തിരക്കായിരിക്കും. രണ്ടു വീടുകളിൽ ഒരേ ദിവസം വിവാഹം നിശ്ചയിച്ചിട്ടുണ്ടാവും. രണ്ടു വീട്ടുകാരും കാളനെ തന്നെ വിളിച്ചിട്ടുണ്ടാവും. എന്നാൽ ഒരേ ദിവസം തന്നെ ഒരുമിച്ചു രണ്ടു പത്രികയും കൊടുക്കില്ല. കാരണം ആരുടെയും പ്രാധാന്യം കുറയരുത് എന്നതാണ് കാളന്റെ തത്വം.
ഒരു ദിവസം 150 ലധികം വീടുകളിൽ പത്രിക കൊടുക്കും. വർഷങ്ങളോളം കാൽ നടയായാണ് പത്രിക വിതരണം ചെയ്തിരുന്നത്.പിന്നീട് സൈക്കിളിലായി.വീട്ടുകാർ ഇല്ലെങ്കിൽ അവർ കാണുന്ന വിധത്തിൽ വീട്ടിൽ പത്രിക വച്ചിട്ട് പോകും. പിന്നീട് കാണുമ്പോൾ വന്ന കാര്യം പറയും.

മരണാനന്തര ചടങ്ങുകൾക്ക് മുൻ കാലങ്ങളിൽ ഇന്നത്ത പോലെ അറിയിപ്പിന് കാർഡ് ഉണ്ടായിരുന്നില്ല. ക്ഷണിക്കേണ്ടവരുടെ പേരുകൾ വെള്ള പേപ്പറിൽ എഴുതി കാളനെ ഏൽപ്പിക്കും.
പേരും , അച്ഛന്റെ പേരും,വീട്ടുപേരും ഒന്നിലധികം പേർക്ക് ഉണ്ടാവുന്ന നിരവധി പ്രദേശങ്ങളുണ്ട്. ഉദ്ദേശിച്ച ആൾക്ക് പത്രിക കൊടുക്കാതെ ക്ഷണിക്കാത്ത ആൾക്ക് അറിയാതെ പത്രിക കൊടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സംശയം തോന്നിയാൽ വിവാഹ വീട്ടുകാരോട് ഇക്കാര്യം പറയും. തെറ്റായി കൊടുത്തത് തിരിച്ചു വാങ്ങുന്നത് മാന്യത അല്ലല്ലോ. പരിഹാരം – ഉദ്ദേശിച്ചയാൾക്ക് പത്രിക കൊടുക്കുക എന്നതാണ്. അറിയാതെ പത്രിക കൊടുത്തയാളും വിവാഹത്തിൽ പങ്കെടുക്കും എന്ന് മാത്രം. നിരുപദ്രവകരമായ ഇത്തരം ചെറിയ ചെറിയ അനുഭവങ്ങൾ കാളൻ വിവരിച്ചിട്ടുണ്ട്.

No photo description available.പത്രിക കൊടുക്കുന്നതിനിടയിൽ ഞങ്ങളെ ഒന്നും ക്ഷണിച്ചിട്ടില്ലേ? ക്ഷണിക്കുമെന്ന് കരുതി ! എന്ന് പറയുന്നവരുണ്ട് . അവരോട് നിങ്ങളെ ക്ഷണിച്ചിട്ടില്ല എന്ന് കാളൻ പറയില്ല. പത്രിക ഒന്നുകൂടി നോക്കട്ടെ എന്ന ഡിപ്ലോമസി കാളൻ സ്വീകരിക്കും. എന്നിട്ട് വിവാഹ വീട്ടുകാരോട് ഈ വിവരം പറയും. മിക്കവാറും വീട്ടുകാർ ക്ഷണം പ്രതീക്ഷിച്ച വീട്ടുകാർക്ക് പത്രിക കൊടുത്തു വിടും. ഇന്നലെ പത്രിക എടുക്കാൻ മറന്നു എന്ന് പറഞ്ഞ് പിറ്റേ ദിവസം കാളൻ അവർക്ക് പത്രിക നല്കും. ആരും ആരുടെയും വ്യക്തിത്വത്തെയും അന്തസ്സിനെയും മുറിവേൽപ്പിച്ചില്ല. എല്ലാം ശുഭം.

കൊടുത്ത പത്രിക ഇന്നുവരെ കാളൻ കൊടുക്കാതിരുന്നിട്ടില്ല. ക്ഷണിക്കപ്പെടാത്തവരിൽ ചിലർ , ” എന്നെ ക്ഷണിച്ചില്ലല്ലോ” ഞങ്ങളെ മറന്നുവല്ലേ?എന്ന് വിവാഹ വീട്ടുകാരെ പിന്നീട് കാണുമ്പോൾ ചോദിക്കാറുണ്ട്. കാളൻ മുഖാന്തിരം പത്രിക കൊടുത്തതാണല്ലോ ! വിട്ടു പോയതായിരിക്കും ! ക്ഷമിക്കുമല്ലോ! എന്നു പറഞ്ഞു കാളന്റെ മേലെ കുറ്റം ചാർത്തി തടി രക്ഷപ്പെടുത്തുന്നവരുണ്ട്.രണ്ടുവർഷം മുമ്പ് മകളുടെ വിവാഹത്തിന് കാളൻ തന്നെയാണ് പ്രാദേശികമായി ക്ഷണക്കത്ത് കൊടുത്തത്. അന്നാണ് ജീവിതാനുഭവങ്ങൾ പങ്ക് വച്ചത്.
-മുമ്പ് സൂചിപ്പിച്ചതു പോലെ ഒരു പ്രദേശത്തെ ഒരേ പേരുകാർ മാത്രമാണ് കാളന് പ്രയാസമുണ്ടാക്കിയിട്ടുള്ളൂ.

കൊട്ടേക്കാട് കല്യാണിമാർ

കാളൻ പറഞ്ഞത് ശരിയാണ്.വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമിയിൽ വന്ന വാർത്ത രസകരമായിരുന്നു. മരുതറോഡ് പഞ്ചായത്തിലെ കൊട്ടേകാട് പടലികാട് എന്ന സ്ഥലത്തു മാത്രം 25 ലധികം കല്യാണി w/o വേലായുധന്മാർ ഉണ്ടായിരുന്നു. പോസ്റ്റ്മാന്മാർ വലഞ്ഞത് ബോക്സ് ന്യൂസായിരുന്നു.
കല്യാണിമാരെയും വേലായുധൻമാരെയും തിരിച്ചറിയാൻ ചിരി പടർത്തുന്ന ഇരട്ട പേരുകളും , ഒപ്പം വീട്ടു പേരുകളും നാട്ടുകാർ ഇട്ടിരുന്നു.അടുപ്പിച്ച് കല്യാണിമാരും വേലായുധന്മാരും വോട്ട് ചെയ്യാൻ വന്നത് ബൂത്തിലെ ഉദ്യോഗസ്ഥന്മാർ രസകരമായി വിവരിച്ചിട്ടുണ്ട്.കോവിഡ് – കാളന്റെ തൊഴിലിനെയും ഒരു വർഷമായി ബാധിച്ചു. സമൂഹം പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചു വന്നാൽ, വരുമാനം ഉണ്ടെങ്കിലും പുതിയ തലമുറ ഒരു സീസൺ തൊഴിലായി ഓല കൊടുക്കൽ ഏറ്റെടുക്കുമോ? അതോ വാട്സപ്പ് ക്ഷണക്കത്തിലേക്ക് നീങ്ങുമോ ?കണ്ടറിയാം.