എന്താണ് ‘ഫാഷസ്’ എന്നറിയാമോ ?

0
69

S Rámnath

“ഒറ്റക്ക് നിന്നാൽ നിങ്ങളെ വേഗത്തിൽ നശിപ്പിക്കാനാകും. ഒരുമിച്ച് നിന്നാൽ നിങ്ങൾ വലിയൊരു ശക്തിയാകും.ആരെയും തകർക്കാൻ കഴിയുന്ന ശക്തി !”

പുരാതന റോമിൽ ഉപയോഗിച്ചിരുന്ന ഒരു മഴുവിൻ്റെ തത്വമായിരുന്നു ഇത്. ദുർബ്ബലമായ ധാരാളം മരക്കമ്പുകൾ ഒരേ രീതിയിൽ അടുക്കിവച്ച് അതിൽ ഒരു കോടാലിയും ഘടിപ്പിച്ചതായിരുന്നു ഇതിൻ്റെ രൂപം. ലാറ്റിൻ ഭാഷയിൽ ഈ മഴുവിന് “ഫാഷസ്” (Fasces) എന്നായിരുന്നു പേര്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിൽ യൂറോപ്പിലുദയം ചെയ്ത ‘ഫാസിസം’ എന്ന പ്രത്യയശാസ്ത്രം ഉത്ഭവിച്ചത് ഇതേ വാക്കിൽ നിന്നായിരുന്നു. ഫാസിസത്തിൻ്റെ അടിസ്ഥാനമായി നിന്നതും ഈ മഴുവിൻ്റെ തത്വം തന്നെയായിരുന്നു. “ഒരുമിച്ച് നിങ്ങൾ വലിയൊരു ശക്തിയാണ്”.

റോമിൽ ഫാഷസ് സൂചിപ്പിച്ചത് ഭരണാധികാരിയുടെ അധികാരങ്ങളെയായിരുന്നു. മഴുവിൻ്റെ വായ്ത്തലയോടു കൂടിയ ഫാഷസ് ശിക്ഷിക്കാനുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. വായ്ത്തല ഇല്ലാത്ത ഫാഷസ് ഭരണനിർവ്വഹണത്തിന് മാത്രമുള്ള അധികാരമാണ് സൂചിപ്പിച്ചത്. വിശുദ്ധ റോമാ സാമ്രാജ്യത്തിൻ്റെ പിന്തുടർച്ച അവകാശപ്പെട്ട മുസ്സോളിനിയും ഹിറ്റ്ലറും പുരാതന റോമൻ ചിഹ്നങ്ങളെയും ഭരണ നിർവ്വഹണത്തിൽ സ്വീകരിച്ചിരുന്നു. ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടി തങ്ങളുടെ പതാകയിൽ ഫാഷസ് ഉൾപ്പെടുത്തിയപ്പോൾ നാസിപ്പാർട്ടി റോമൻ ചിഹ്നമായ സ്വസ്തികയാണ് സ്വീകരിച്ചത്. സംഘടിച്ച് ശക്തരാവുക എന്ന തത്വം സർവാധിപത്യത്തിനും അടിച്ചമർത്തലുകൾക്കും വേണ്ടി ഇവർ ഉപയോഗിച്ചപ്പോൾ അത് വലിയൊരു ദുരന്തത്തിലാണ് കലാശിച്ചത്.

ഫാഷസ് ഇന്നും ലോകമെമ്പാടും പ്രചാരത്തിലുണ്ട്. പല രാജ്യങ്ങളിലെ പോലീസിലും സൈന്യത്തിലുമെല്ലാം ഫാഷസ് ഉപയോഗിക്കുന്നു. സ്പെയിനിലും ഫ്രാൻസിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമെല്ലാം ഫാഷസ് ഉപയോഗത്തിലുണ്ട്. ലോകത്തിലേറ്റവുമധികം ഫാഷസ് കാണാൻ സാധിക്കുന്നത് അമേരിക്കയിലാണ്. പോലീസിലും ലിങ്കൺ മെമ്മോറിയലിലും ജനപ്രതിനിധി സഭയിലുമെല്ലാം സംഘടിത ശക്തിയെ സൂചിപ്പിക്കുന്ന റോമൻ ഫാഷസ് കാണാൻ സാധിക്കും.