Connect with us

thrilling stories

അയാളുടെ നെഞ്ചിൽ കയറിയിരുന്നു അവൾ മരുന്ന് കുത്തിയിറക്കി, അയാൾ ബോധം മറയുവോളം മന്ത്രിച്ചു ‘മൊസാദ് മൊസാദ് ‘

ഇസ്രയേലിലെ ഡിമോണയിൽ നിഗൂഢമായ ഒരു ആണവ നിലയം പ്രവർത്തിച്ചിരുന്നു. ഇസ്രയേൽ – അറബ് യുദ്ധത്തിനു ശേഷം മധ്യപൂർവ്വേഷ്യയെ പൂർണ്ണമായും ചാരമാക്കാൻ ശക്തിയുള്ള മാരകമായ ആണവായുധങ്ങൾ ഇസ്രായേൽ ഇവിടെ നിർമ്മിക്കുന്നതായി

 69 total views

Published

on

എഴുതിയത് S Rámnath

വളരെ നാളുകളായി തന്നെ മോഹിപ്പിച്ച് നടന്നവൾ ഒടുവിൽ ‘യെസ് ‘ പറഞ്ഞിരിക്കുന്നു. ബ്രിട്ടണിൽ നിന്നും റോമിലേക്കുള്ള യാത്രയിലുടനീളം അയാൾ ചിന്തിച്ചത് സിൻഡിയോടൊപ്പം അന്തിയുറങ്ങാൻ പോകുന്ന മനോഹരമായ ആ രാത്രിയെക്കുറിച്ചായിരുന്നു. സിൻഡിയാകട്ടെ അയാളുടെ കൈകളിൽ മുറുകെ പിടിച്ചാണിരിക്കുന്നത്. എയർപോർട്ടിലിറങ്ങിയ ശേഷം സിൻഡിയുടെ സഹോദരിയുടെ വീട്ടിലേക്കാണ് അവർ പോയത്. വീട്ടിലേക്ക് അടുക്കും തോറും അവളുടെ സൗന്ദര്യം കൂടി വരുന്നതായി അയാൾക്ക് തോന്നി. അയാളുടെ സങ്കൽപ്പങ്ങൾക്ക് നിറം പകർന്നു കൊണ്ട് ഇടയ്ക്കെല്ലാം അവൾ അയാളെ ചുംബിച്ചു കൊണ്ടിരുന്നു. റോം നഗരത്തിനുള്ളിലെ മനോഹരമായ ആ ചെറിയ വീടിനു മുൻപിൽ കാർ നിർത്തി. ബൊക്കെയുമായി വന്ന ഒരാൾ വീടിനുള്ളിലേക്ക് അവരെ സ്വീകരിച്ചു.! അകത്തേക്ക് കയറിയതും വാതിൽ പിന്നിൽ നിന്ന് ശക്തമായി അടഞ്ഞു! തലക്ക് പിറകിൽ അതിശക്തമായ പ്രഹരമേറ്റ അയാൾ നിലത്തു വീണു. നോക്കുമ്പോൾ മൂന്നു പേർ അരികിൽ നിൽക്കുന്നു. അതിലൊരാൾ സ്ത്രീയാണ്. പക്ഷെ അത് സിൻഡിയല്ല. ഇത്രയും നേരം തൻ്റെ പിന്നിലുണ്ടായിരുന്ന അവളെവിടെ!

വീണിടത്തു നിന്ന് ഇഴയാൻ പോലും കഴിയാത്ത അവസ്ഥയിലായ അയാളുടെ നെഞ്ചിനു മുകളിലായി ആ സ്ത്രീ ഇരുന്നു. ഒരു സിറിഞ്ചിനുള്ളിലെ മരുന്ന് അയാളുടെ കൈകളിലേക്ക് അവൾ കുത്തിയിറക്കി. കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി. ബോധം പൂർണ്ണമായി മറയും മുമ്പ് ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി ഒരു വാക്ക് മാത്രം ദയനീയമായി അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു!
“മൊസാദ്… മൊസാദ്!!”
……………………………………………………………………….

ആണവ രഹസ്യങ്ങൾ ചോർത്തിയ ജൂത ഉദ്യോഗസ്ഥനെ കുടുക്കിയ മൊസാദിൻ്റെ ഹണിട്രാപ്പ്.

ഇസ്രയേലിലെ ഡിമോണയിൽ നിഗൂഢമായ ഒരു ആണവ നിലയം പ്രവർത്തിച്ചിരുന്നു. ഇസ്രയേൽ – അറബ് യുദ്ധത്തിനു ശേഷം മധ്യപൂർവ്വേഷ്യയെ പൂർണ്ണമായും ചാരമാക്കാൻ ശക്തിയുള്ള മാരകമായ ആണവായുധങ്ങൾ ഇസ്രായേൽ ഇവിടെ നിർമ്മിക്കുന്നതായി ലോക മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നു തുടങ്ങി. അതിനാൽ ഡിമോണ നിലയത്തിൽ കർശനമായ പരിശോധനകളോടെ മാത്രമേ ജോലിക്കാർക്കു പോലും പ്രവേശനമുണ്ടായിരുന്നുള്ളു. സയണിസ്റ്റ് വിരുദ്ധനും തീവ്ര ഇടതുപക്ഷക്കാരനുമായ മോർദെക്കായ് വാനുനു എന്നൊരു ടെക്നീഷ്യൻ ഇവിടെ ജോലിയിലുണ്ടായിരുന്നു. വാനുനുവിൻ്റെ പൂർവ്വകാലത്തെ ഇസ്രായേൽ വിരുദ്ധ നിലപാടുകൾ കൊണ്ടു തന്നെ അയാളുടെ ആണവനിലയത്തിലെ ഓരോ പ്രവൃത്തികളും സീക്രട്ട് ഇൻ്റലിജൻസ് നിരീക്ഷിച്ചിരുന്നു. എന്നാൽ സത്യസന്ധമായ സേവനം കൊണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ അയാൾ കൂടിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി. 2500ഓളം പേർ ജോലി ചെയ്തിരുന്ന നിലയത്തിൽ 100 പേർക്ക് മാത്രം പ്രവേശനമുള്ള ഇൻസ്റ്റിറ്റ്യൂട്ട് 2 എന്ന രഹസ്യ ഭാഗത്തേക്ക് അയാൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. പുറമെ നിന്നു നോക്കിയാൽ സാധാരണ ഒരു കെട്ടിടം പോലെ തോന്നുന്നതും എന്നാൽ അതിനുളളിൽ രഹസ്യമായ 6 ഭൂഗർഭ നിലകളടങ്ങിയതുമായ ഭാഗമായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് 2. ഒരിക്കൽ വാനുനു ഇതിനുള്ളിലേക്ക് ഒരു ക്യാമറയുമായി കടന്നു. തൻ്റെ കയ്യിൽ ക്യാമറയുണ്ടെന്നും ബീച്ചിൽ പോയി വരുന്ന വഴിയാണെന്നും സെക്യൂരിറ്റി ജീവനക്കാരോട് സത്യം പറഞ്ഞു തന്നെയാണ് അയാൾ ക്യാമറയുമായി കടന്നത്. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഈ ക്യാമറ കൊണ്ട് അതിനുള്ളിലെ ചില ചിത്രങ്ങൾ പകർത്തുക എന്നത് അയാളുടെ ഒരു ശീലമായി. ആരും കാണാതെയാണ് ചെയ്തതെങ്കിലും പ്രത്യേകിച്ച് ദുരുദ്ദേശ്യമൊന്നും അയാൾക്ക് ഉണ്ടായിരുന്നില്ല.
ഒൻപത് വർഷങ്ങൾക്ക് ശേഷം ജോലിക്കാരെ കുറയ്ക്കുന്നതിൻ്റെ ഭാഗമായി വാനുനു അടക്കം ധാരാളം പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു .ആനുകൂല്യങ്ങളെല്ലാം നൽകിയാണ് പിരിച്ചുവിട്ടതെങ്കിലും ഈ പ്രവൃത്തി അയാളെ നിരാശയിലാക്കി.ഇസ്രയേൽ വിട്ടു പോകാൻ വാനുനു തീരുമാനിച്ചു. പോകുമ്പോൾ ആണവനിലയത്തിൽ നിന്നു പകർത്തിയ ചിത്രങ്ങളും അയാൾ കൂടെക്കൊണ്ടുപോയി. ഒരു വർഷത്തോളം പല രാജ്യങ്ങളിലായി സഞ്ചരിച്ച അയാൾ ഒടുവിൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി. അവിടെയുള്ള ഒരു കൃസ്ത്യൻ പാതിരിയുമായുള്ള സൗഹൃദത്തിൽപെട്ട് അയാൾ കൃസ്തുമതം സ്വീകരിച്ചു. എന്നാൽ ജൂതമതം മാത്രമല്ല അയാളുടെ മനസ്സിലുണ്ടായിരുന്ന ജൂതരാഷ്ട്രവും അതോടെ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്തത് !

ഇസ്രയേലിലെ തൻ്റെ ജോലിയെക്കുറിച്ച് പള്ളിയിൽ വച്ച് സുഹൃത്തുക്കളുമായി അയാൾ പതിവായി സംസാരിക്കുമായിരുന്നു. ഒരിക്കൽ ഈ സംഭാഷണം ഓസ്ക്കാർ ഗെരേരോ എന്ന ഒരു കൊളംബിയൻ മാധ്യമപ്രവർത്തകൻ കേൾക്കാനിടയായി.വാനുനുവിൻ്റെ കയ്യിലുള്ള ചിത്രങ്ങളുടെ പ്രധാന്യം അയാൾക്ക് മനസ്സിലായി.വാനുനുവിനെ രഹസ്യമായി സന്ദർശിച്ച അയാൾ പല ഓഫറുകളും നൽകി. പണത്തേക്കാളുപരി ഇസ്രായേൽ അറബ് സമാധാനത്തേക്കുറിച്ചും, യുദ്ധമൊഴിവാക്കുന്നതിനെക്കുറിച്ചുമുള്ള ഗെരേരോയുടെ വാക്കുകൾക്ക് വാനുനു കീഴടങ്ങി. ഫോട്ടോകൾ പ്രസിദ്ധീകരിക്കാമെന്ന് അയാൾ സമ്മതിച്ചു. ചിത്രങ്ങളുമായി ഇവർ ഓസ്ട്രേലിയയിലെ പല മാധ്യമസ്ഥാപനങ്ങളെയും സമീപിച്ചുവെങ്കിലും ആരും ഇവ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. ആരും വിശ്വസിച്ചില്ല എന്നതായിരുന്നു സത്യം! ഇസ്രയേൽ പോലൊരു രാജ്യത്തിൻ്റെ രഹസ്യങ്ങൾ ഈ ചെറുപ്പക്കാരുടെ കൈകളിൽ എത്തുവാൻ സാധ്യതയില്ലെന്നും പണത്തിനു വേണ്ടി കള്ളം പറയുകയാണെന്നുമാണ് അവർ കരുതിയത്. നിരാശനായ ഗെരേരോ ഓസ്ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് പോവുകയും ലണ്ടണിലെ സൺഡേ ടൈംസിൻ്റെ ഡയറക്ടറുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം ശാസ്ത്ര വിഭാഗം കൈകാര്യം ചെയ്യുന്ന പീറ്റർ എന്നൊരു മാധ്യമ പ്രവർത്തകനെ ഗെരേരയോടൊപ്പം ഓട്രേലിയയിലേക്ക് അയക്കുകയും ചെയ്തു.

അതിനിടയിൽ ഓസ്ട്രേലിയയിലെ ഒരു മാധ്യമസ്ഥാപനത്തിലുണ്ടായിരുന്ന ജൂതനായ ഒരു മാധ്യമ പ്രവർത്തകന് സംശയം തോന്നിയതിനാൽ അയാൾ ടെൽ അവീവിലെ ഒരു മാധ്യമസുഹൃത്തുമായി ബന്ധപ്പെട്ടു. ഡിമോണയിലെ ആണവ റിയാക്ടറിലെ ചിത്രങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് രണ്ടു പേർ സമീപിച്ചിരുന്നുവെന്നും ആണവനിലയത്തിലെ രഹസ്യങ്ങൾ ചോർന്നുവെന്ന് ചെറുതായൊരു വാർത്ത ടെൽ അവീവിലെ നിങ്ങളുടെ പത്രത്തിൽ കൊടുക്കണമെന്നും അയാൾ ആവശ്യപ്പെട്ടു.
വാർത്ത ചെറുതായിരുന്നെങ്കിലും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളെ ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ചിത്രങ്ങൾ കൈവശമുള്ളയാൾ വാനുനു ആണെന്ന് അവർക്ക് മനസ്സിലായി. പ്രധാനമന്ത്രി ഷിമോൺ പെരസ് സുരക്ഷാ ഉദ്യോസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. ” അവൻ രക്ഷപ്പെട്ടു! നമ്മുടെ സംവിധാനങ്ങൾ പാളി” എന്ന് പ്രതിരോധ ഡയറക്ടർ ഹെയിം കാർമൻ യോഗത്തിൽ നിരാശയോടെ പറഞ്ഞു. വാർത്ത പുറത്താകും മുമ്പ് ഓസ്ട്രേലിയയിൽ വച്ച് വാനുനുവിനെ കൊല്ലണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ അയാളെ ഇസ്രായേലിലെത്തിച്ച് വിചാരണ നടത്തണമെന്നായിരുന്നു ഷിമോൺ പെരസിൻ്റെ തീരുമാനം. മൊസ്സാദിൻ്റെ തലവൻ നേഹം അദ്മാനിയുമായി പെരസ് സംസാരിച്ചു. വാനുനുവിനായി സസ്രിയ സ്ക്വാഡിലെ ചാരൻമാർ ഓസ്ട്രേലിയയിലെത്തി.
എന്നാൽ അപ്പോഴേക്കും വാനുനു പീറ്ററിനൊപ്പം ലണ്ടനിലേക്ക് പോയിരുന്നു. സൺഡേ ടൈംസിലെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ചയിൽ ആണവ നിലയത്തിലെ ചിത്രങ്ങളും അവിടെ ഉണ്ടാക്കുന്ന ന്യൂട്രോൺ ബോംബിനേക്കുറിച്ചും അയാൾ വിശദീകരിച്ചു. എന്നാൽ പറഞ്ഞു കഴിഞ്ഞ ശേഷം വാനുനുവിന് ഭയമായിത്തുടങ്ങി. ഇസ്രയേൽ ഏജൻസികൾ തന്നെ കൊല്ലുമെന്നും സുരക്ഷ നൽകണമെന്നും അയാൾ ആവശ്യപ്പെട്ടു. എന്നാൽ ബ്രിട്ടണിൽ നിങ്ങൾ സുരക്ഷിതനായിരിക്കുമെന്നും ഒരു കാരണവശാലും രാജ്യം വിട്ട് പുറത്ത് പോകരുതെന്നും ഡയറക്ടർ വാനുനുവിന് മുന്നറിയിപ്പ് നൽകി.

ഒരു ലക്ഷം ഡോളർ പണമായും, 40% വിതരണാവകാശവും 25% പകർപ്പവകാശവും വാനുനുവിന് ഓഫർ ചെയ്തു. സൺഡേ ടൈംസിൻ്റെ ഉടമ റൂപർട്ട് മർഡോക്ക് നിങ്ങളുടെ ജീവിതം സിനിമയാക്കുമെന്നും അതിലെ വരുമാനത്തിൻ്റെ വിഹിതവും നിങ്ങൾക്ക് ലഭിക്കുമെന്നും അയാൾ വാനുനുവിന് ഉറപ്പ് നൽകി. ലണ്ടണിൽ പുതിയ വീടും സുരക്ഷക്കായി ഒരാളെയും ഏർപ്പാടാക്കി. എല്ലാ സൗകര്യങ്ങളും നൽകിയെങ്കിലും വാനുനുവിൻ്റെ ഒരു ദൗർബ്ബല്യം മാത്രം അവർ അറിഞ്ഞിരുന്നില്ല. അവിവാഹിതനായ അയാളുടെ സ്ത്രീ വിഷയത്തിലുള്ള താൽപ്പര്യം!
സൺഡേ ടൈംസ് മറ്റൊരു മണ്ടത്തരം കൂടി കാണിച്ചു . വാർത്ത പ്രസിദ്ധീകരിക്കും മുമ്പ് വാനുനു പറയുന്നത് യഥാർത്ഥ്യമാണോ എന്നറിയാൻ ഒരു മാധ്യമ പ്രവർത്തകനെ ഇസ്രയേലിലേക്കയച്ചു. അയാൾ ടെൽ അവീവിലെ ഒരു മാധ്യമ പ്രവർത്തകനുമായി സൗഹൃദം സ്ഥാപിച്ച് വാനുനുവിനെക്കുറിച്ചന്വേഷിച്ചു. അയാളാകട്ടെ ഈ വിവരം ഷബാക്ക് എന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയെ അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ മൊസാദ് ഏജൻറുമാർ ലണ്ടനിൽ പറന്നിറങ്ങി !

Advertisement

വാനുനുവിൻ്റെ നീക്കങ്ങളും പോകാറുള്ള സ്ഥലങ്ങളും എല്ലാം ശ്രദ്ധിച്ച ഏജൻറുമാർ അയാളുടെ സ്വഭാവവും മനസ്സിലാക്കി. എന്നാൽ ബ്രിട്ടണിൽ വച്ച് വാനുനുവിനെ ഒന്നും ചെയ്യാൻ മൊസാദിന് സാധിക്കില്ലായിരുന്നു. ഉരുക്കു വനിതയെന്നറിയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ആയിരുന്നു കാരണം.താച്ചറുടെ സ്വഭാവം അറിയാമായിരുന്ന ഷിമോൺ പെരസിന് ബ്രിട്ടണിൽ നിന്ന് വാനുനുവിനെ തട്ടിക്കൊണ്ടു പോയാലുണ്ടാകാവുന്ന പ്രത്യാഖാതം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ വാനുനുവിനെ ബ്രിട്ടനിൽ നിന്നും റോമിലെത്തിക്കാൻ മൊസാദ് പദ്ധതി തയ്യാറാക്കി. അതിനു പറ്റിയ ആളെക്കുറിച്ചുള്ള മൊസാദിൻ്റെ അന്വേഷണം എത്തിയത് ചെറിൽ ബെൻടോവ് എന്ന ഒരു വനിതാ മൊസാദ് ഏജൻറിലാണ്. മുൻ ഇസ്രയേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും അമേരിക്കയിലെ ബിസിനസ്സുകാരനുമായ ചെറിൽ ഹെയ്നിൻ്റെ മകളായിരുന്നു ചെറിൽ ബെൻടോവ്. വാനുനുവിനെ റോമിലെത്തിക്കാനുള്ള ദൗത്യം ബെൻടോവ് ഏറ്റെടുത്തു. വാനുനു സ്ഥിരമായി പോകാറുള്ള ലണ്ടനിലെ റെസ്റ്റോറൻ്റിൽ വച്ച് അവർ തമ്മിൽ പരിചയപ്പെട്ടു. സിൻഡി എന്ന പേരിലാണ് ബെൻടോവ് വാനുനുവിനെ പരിചയപ്പെട്ടത്. ജൂതമതത്തിൽ പെട്ടയാളാണ് എന്നറിഞ്ഞപ്പോൾ ആദ്യം സംശയം തോന്നിയെങ്കിലും പതിയെ ആ സംശയം മാറിത്തുടങ്ങി.അവർ തമ്മിൽ പ്രണയമായി. ഒടുവിൽ സിൻഡിയോട് ശാരീരിക ബന്ധത്തിനുളള തൻ്റെ ആഗ്രഹം അയാൾ അറിയിച്ചു. പല തവണ അയാളുടെ ആവശ്യം അവൾ നിരസിച്ചു. ഒടുവിൽ അവൾ അതിന് സമ്മതിച്ചു. എന്നാൽ ഒരു വ്യവസ്ഥ വെച്ചു. ബ്രിട്ടണിൽ വച്ച് വേണ്ട. റോമിലേക്ക് ഒരുമിച്ചൊരു യാത്ര പോകണം. അവിടെ സഹോദരിയുടെ വീടുണ്ട്. അവിടെ വച്ച് തയ്യാറാണ് എന്ന് അവൾ പറഞ്ഞു. സ്വാഭാവികമായും സംശയം തോന്നേണ്ടതാണെങ്കിലും സിൻഡിയുടെ സൗന്ദര്യവും പ്രവൃത്തികളും അയാളെ അത്രയേറെ മോഹിപ്പിച്ചിരുന്നു. അയാൾ റോമിലേക്ക് വരാമെന്ന് സമ്മതിച്ചു. പീറ്റർ എന്ന മാധ്യമ സുഹൃത്ത് സിൻഡിയെക്കുറിച്ചും ബ്രിട്ടൺ വിട്ടു പോകുന്നതിനെക്കുറിച്ചും വാനുനുവിന് മുന്നറിയിപ്പ് നൽകിയെങ്കിലും അയാളത് അവഗണിച്ചു. 1986 സെപ്റ്റംബർ 30 ന് ഇരുവരും റോമിൽ വിമാനമിറങ്ങി. റോമിലെ വീട്ടിൽ വാനുനുവിനെ കാത്തുനിന്നത് മൊസാദിൻ്റെ ഏജൻ്റുമാരായിരുന്നു.ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം അവർ വാനുനുവുമായി കപ്പലിൽ ഇസ്രയേലിലേക്ക് പോയി.

1986 ഒക്ടോബർ 5 ന് ‘ഇസ്രായേലിൻ്റെ ആണവായുധ രഹസ്യങ്ങൾ ‘ എന്ന തലക്കെട്ടോടെ ചിത്രങ്ങൾ സഹിതം സൺഡേ ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത സ്വാഭാവികമായും ഇസ്രയേലിനെ പിടിച്ചുലച്ചു. ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇസ്രയേലിൻ്റെ ആണവ പദ്ധതികൾക്കെതിരെ രംഗത്ത് വന്നു. താൽക്കാലികമായി ആണവ പദ്ധതികൾ നിർത്തിവെക്കേണ്ടി വന്നു. വാനുനുവിനെ ഇസ്രായേൽ ഏജൻസികൾ ലണ്ടനിൽ നിന്നും തട്ടിക്കൊണ്ട് പോയതായി ബ്രിട്ടീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.ബ്രിട്ടീഷ് പാർലമെൻറിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഇസ്രയേലിലെത്തിയ വാനുനു താൻ സ്വന്ത ഇഷ്ടപ്രകാരം റോമിലേക്ക് പോയതാണെന്നും അവിടെ നിന്നാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നും മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയതോടെ വിവാദങ്ങൾ അവസാനിച്ചു. ആ സമയത്തും അയാളുടെ ചിന്ത മുഴുവൻ സിൻഡിയെക്കുറിച്ചായിരുന്നു. അവൾ മൊസാദ് ഏജൻറാണ് എന്ന് അപ്പോഴും അയാൾ വിശ്വസിച്ചിരുന്നില്ല! ഇവർ അവളെയും അപായപ്പെടുത്തിയെന്നാണ് വാനുനു വിശ്വസിച്ചത്. വാനുനുവിനെ വധിക്കരുതെന്ന് ലോക രാജ്യങ്ങൾ ഇസ്രയേലിനോടാവശ്യപ്പെട്ടു. വിചാരണക്കൊടുവിൽ 18 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. ഇസ്രയേലൊഴികെ മറ്റു രാജ്യങ്ങളെല്ലാം വാനുനുവിനെ ഹീറോ ആയാണ് സ്വീകരിച്ചത്. ഇസ്രയേലിൻ്റെ ആണവ പദ്ധതികൾ അവസാനിപ്പിച്ച സമാധാന ദൂതനായാണ് അയാളെ പലരും കണ്ടത്. ചിലർ നൊബേൽ സമ്മാനത്തിനും ശുപാർശ ചെയ്തു!

സിൻഡിയാവട്ടെ ദൗത്യത്തിനു ശേഷം മൊസാദിൽ നിന്നും രാജിവെച്ച് അമേരിക്കയിലേക്ക് പോയി. ഇപ്പോൾ ഭർത്താവിനൊപ്പം ഫ്ലോറിഡയിൽ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ് സിൻഡി എന്ന ചെറിൽ ബെൻടോവ്.

 70 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement