ഡോക്ടർക്ക് കോൺഗ്രസാകാമോ?

55

S S Lal

ഡോക്ടർക്ക് കോൺഗ്രസാകാമോ?

രാവിലെ അമേരിക്കയിൽ നിന്ന് ഒരു ഡോക്ടർ സുഹൃത്ത് വിളിച്ചിരുന്നു. മെഡിക്കൽ കോളേജിൽ എന്റെ സമയത്ത് ബി.ഡി.എസ്. പഠിച്ച സുഹൃത്ത്. അമേരിക്കയിൽ അറിയപ്പെടുന്ന ഡന്റൽ സർജർ. സുഹൃത്ത് പറഞ്ഞു. “ലാൽ പങ്കെടുത്ത ടെലിവിഷൻ ചർച്ചയുടെ ഒരു ക്ലിപ്പ് ഞാൻ കണ്ടു. പക്വതയില്ലാത്ത ഒരാളുമായി ചർച്ച നടത്തേണ്ടി വന്നതിന്റെ വിഷമം ലാലിന്റെ മുഖത്ത് കാണാം. ഉറങ്ങുന്നതിനു മുമ്പ് എനിക്ക് ലാലിനെ വിളിക്കണമെന്ന് തോന്നി, എന്റെ മനസമാധാനത്തിന്” ഫോൺ വിളിച്ച സുഹൃത്ത് കോൺഗ്രസുകാരിയല്ല. രാഷ്ട്രീയ വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ തർക്കിക്കാറുമുണ്ട്. എങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. കുടുംബങ്ങൾ തമ്മിൽ അതിലും കൂടുതൽ സൗഹൃദം.

മിനിഞ്ഞാന്ന് ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്തിരുന്നു. കൊവിഡ് വ്യാപനമാണ് വിഷയമെന്ന് പറഞ്ഞിരുന്നു. ഇടയ്ക്കിടെ ആ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. അമേരിക്കയിലായിരുന്നപ്പോൾ കൊവിഡിന്റെ ആദ്യനാളുകൾ മുതൽ എന്നെ ഒരുപാട് ചർച്ചകൾക്ക് വിളിച്ചിരുന്ന ടെലിവിഷൻ ചാനലാണ്. അതിലെ മിക്ക അവതാരകരും സുഹൃത്തുക്കളുമാണ്.
പൊതുജനാരോഗ്യ വിദഗ്ദ്ധൻ എന്ന നിലയിലാണ് എന്നെ ചർച്ചയ്ക്ക് വിളിച്ചത്. അവതാരകൻ എന്നെ പരിചയപ്പെടുത്തിയതും അങ്ങനെയാണ്. എന്നാൽ എന്നോട് രാഷ്ട്രീയ വിഷയമാണ് ആദ്യമേ ചോദിച്ചത്. രാഷ്ട്രീയ പാർട്ടികളെ പ്രതിനീധീകരിച്ചു വന്നവരോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കണമെന്ന് ഞാൻ പറഞ്ഞു നോക്കി. കൊവിഡ് രോഗത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും ഞാൻ പറഞ്ഞു.

സി.പി.എമ്മിനെ പ്രതിനിധീകരിച്ചാണ് ഒരു ഡി.വൈ.എഫ്.ഐ. നേതാവ് ചർച്ചയ്ക്കുണ്ടായിരുന്നത്. അദ്ദേഹം ഒരു കാര്യം കണ്ടുപിടിച്ചു. ഞാൻ കോൺഗ്രസുകാരൻ ആണെന്ന്. അതും പതിനാല് വയസു മുതൽ. അക്കാര്യം യാഥാർത്ഥ്യമാണെന്നും അതിൽ ഒന്നും ഒളിക്കാനില്ലെന്നും അവതാരകൻ തന്നെ പറഞ്ഞു. അവതാരകൻ തന്നെ പറഞ്ഞിട്ടും ഡി.വൈ.എഫ്.ഐ. നേതാവിന് തൃപ്തിയാകുന്നില്ല. പ്രൊഫഷണൽസ് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ ഞാൻ സി.പി.എം. ആയിരിക്കില്ലെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നില്ല. എന്നാൽ ഡി.വൈ.എഫ്.ഐ. നേതാവ് വിടുന്നില്ല. കോൺഗ്രസ് ഡോക്ടർ എങ്ങനെ പൊതുജനാരോഗ്യ വിദധനാകുമെന്ന്. അദ്ദേഹത്തോട് ഞാൻ ചോദിച്ചു. ഡോക്ടർമാർ കോൺഗ്രസ് ആകാൻ പാടില്ലെന്ന് നാട്ടിൽ നിയമമുണ്ടോ? അതോ കോൺഗ്രസിൽ ഡോക്ടർമാർ പാടില്ലെന്നുണ്ടോ? നാട്ടിലെ എല്ലാവരും സി.പി.എമ്മിൽ ചേരണമെന്ന് നിയമമുണ്ടോ? കോൺഗ്രസുകാരനായ ഡോക്ടർക്ക് ആരോഗ്യ വിദഗ്ദ്ധനാകുന്നതിൽ വിലക്കുണ്ടോ?
ഇനിയുമുണ്ട് എനിക്ക് ചോദിക്കാൻ. കോൺഗ്രസ് നാട്ടിൽ നിരോധിക്കപ്പെട്ട പാർട്ടിയാണോ? കേന്ദ്രത്തിൽ കോൺഗ്രസ് ഗവണ്മെന്റിനെ സി.പി.എം. പിന്തുണച്ചത് മറന്നോ? പശ്ചിമ ബംഗാളിൽ എഴുന്നേറ്റു നിൽക്കാൻ സി.പി.എം. കോൺസിന്റെ തോളിൽ പിടിക്കുന്നത് ഇവർക്കൊക്കെ അറിയാമോ?

ഇത് സി.പി.എം.ന്റെ വെറും വിരട്ടാണ്. മനുഷ്യരെ വിരട്ടി സി.പി.എമ്മിൽ ചേർക്കും. അവരെ പേടിച്ച് മറ്റുള്ള പാർട്ടികളിൽ ചേരാൻ മനുഷ്യർ മടിക്കും. സി.പി.എമ്മിൽ ഡോക്ടർമാർക്ക് ചേരാം. വിരട്ടിയും ചേർക്കാം. പക്ഷേ ഇത് എല്ലാവരോടും നടക്കില്ല. ഞങ്ങൾ ഒരുപാട് ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റ് പ്രൊഫഷണൽ രംഗത്തു നിൽക്കുന്നവരും ഒക്കെ കോൺഗ്രസുകാരായുണ്ട്. കോളേജിൽ പഠിക്കുമ്പോഴേ ഇവരെ കണ്ടവരാ ഞങ്ങൾ. അന്ന് പേടിക്കാത്ത ഞങ്ങൾ ഇന്ന് ഇവരെ പേടിക്കുമോ? എന്റെ ഒരുപാട് കൂട്ടുകാർ സി.പി.എമ്മിൽ ഉണ്ട്‌. എനിക്കവരോട് ഒരു പ്രശ്നവുമില്ല. ചില ഡോക്ടർമാർ മറ്റു ചില പാർട്ടികളിൽ ഉണ്ട്. ഒരു പാർട്ടിയേയും ഇഷ്ടമില്ലാത്ത ഡോക്ടർമാർ ധാരാളമുണ്ട്. എനിക്കവരോടൊന്നും ഒരു പ്രശ്നവുമില്ല. അതു കൊണ്ടാണ് ഞാൻ കോൺഗ്രസ് ആയിരിക്കുന്നതിൽ ഡി.വൈ.എഫ്.ഐ. നേതാവിന്റെ പ്രശ്നം മനസിലാകാത്തത്.

ചില ഫേസ്ബുക്ക് ഡി.വൈ.എഫ്.ഐ ക്കാർക്കും ഇതേ രോഗമുണ്ട്. ഡോക്ടറെപ്പോലൊരാൾ കോൺഗ്രസിലോ എന്നാണ് ചോദ്യം. ഇരട്ട വെടിയാണ് ആ തോക്കിലൂടെ വയ്ക്കാൻ നോക്കുന്നത്. കോൺഗ്രസ് മോശമാണെന്ന് പറയുക ആദ്യ ലക്ഷ്യം. കോൺഗ്രസിൽ പ്രവർത്തിക്കുന്നവരെ ആക്ഷേപിക്കുക രണ്ടാമത്തെ ലക്ഷ്യം.കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ആരെയും വിരട്ടി ഇതിൽ ചേർക്കാറില്ല. ഇത് വിട്ടുപോകുന്ന ആരെയും ആരും പരനാറിയെന്ന് വിളിക്കുകയോ വെട്ടിക്കൊല്ലുകയോ മരിച്ചയാളുടെ വിധവയെ ആക്രമിക്കുകയോ ചെയ്യില്ല. കോൺഗ്രസിന് ചെറിയ തെറ്റുകൾ പറ്റിയിട്ടുണ്ട്. അവ തിരുത്താറുമുണ്ട്. എന്നാൽ വലിയ തെറ്റുകൾ മാത്രം പറ്റുന്ന സി.പി.എമ്മിൽ ഇപ്പോഴും ആളുള്ളതാണ് എന്നെ അതിശയിപ്പിക്കുന്നത്. ആ പാർട്ടി നന്നാകുമെന്ന പ്രതീക്ഷയിൽ തുടരുന്നവരാണ് അവർ. പ്രതീക്ഷയുടെ നീളം പലരിലും പലതാണ്.

നിങ്ങളെപ്പോലൊരാൾ സി.പി.എമ്മിലോ എന്ന് ഞാനാരോടും ചോദിക്കാറില്ല. അതും മാദ്ധ്യമങ്ങൾക്കു പോലും പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കിയ സി.പി.എം. ആടിയുലഞ്ഞ് നിൽക്കുമ്പോഴും.അഴിമതി കേസുകളുടെയും കള്ളക്കടത്തുകളുടെയും ആധിക്യം കാരണം മാദ്ധ്യമ പ്രവർത്തകർക്കാണ് സ്വൈരത ഇല്ലാതായത്. രാവും പകലും വാർത്ത വരുന്നതിനാൽ അവർക്ക് വീട്ടിൽ പോകാനോ കിടന്നുറങ്ങാനോ വിശ്രമിക്കാനോ സമയം കിട്ടുന്നില്ല. പല മാദ്ധ്യമങ്ങളിലും പുതുതായി നിയമനങ്ങൾ നടക്കുന്നതായും കേട്ടു. ഈ വാർത്തകളെല്ലാം കൊകാര്യം ചെയ്യാൻ ആള് വേണ്ട?പക്വതയില്ലാത്ത ഡി.വൈ.എഫ്.ഐ. നേ നേതാക്കളുമായി ചർച്ചയ്ക്ക് പോകരുതെന്ന് പല സുഹൃത്തുക്കളും എന്നെ വിലക്കിയിട്ടുണ്ട്. ആ ഉപദേശം ഞാൻ മുഖവിലയ്ക്കെടുക്കുന്നു. അറിയാതെ പറ്റിയതാണ്.
ആ വീഡിയോ ഞാൻ ഷെഷയർ ചെയ്യുന്നില്ല. ആവശ്യമുള്ളവർ അറിയിച്ചാൽ അയച്ചു തരാം
ഡോ: എസ്.എസ്. ലാൽ