മാർക്ക് നിക്ടർ ഇങ്ങനെയാണ് മാർക്ക് ഇടുക ! 

356

മാർക്ക് നിക്ടർ ഇങ്ങനെയാണ് മാർക്ക് ഇടുക !

S S Lal

എല്ലാവർക്കും ശരിയായ ഒരു ശരിയില്ല. തെറ്റും.

ദേശീയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആയ ശ്രീചിത്രയിലെ അച്യുതമേനോൻ സെന്ററിൽ പൊതുജനാരോഗ്യത്തിൽ മാസ്റ്റേഴ്സ് ചെയ്യുന്ന സമയം. ഇന്ത്യയിൽ ആദ്യമായി മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) കോഴ്സ് തുടങ്ങിയത് അവിടെയാണ്. ആദ്യത്തെ ബാച്ചിൽ മറ്റ് എഴുപേരോടൊപ്പം ഞാനും ഉണ്ട്. 1997-ൽ.

ആദ്യ ബാച്ച് ആയതിൻറെ ഒരുപാട് ഗുണങ്ങൾ ഉണ്ടായി. നാട്ടിലെ പ്രമുഖരായ അദ്ധ്യാപകർക്കൊപ്പം അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും ഉൾപ്പെടെ പല നാടുകളിലെയും പ്രശസ്തമായ യൂണിവേഴ്സിറ്റികളിലെ ലോകം അറിയുന്ന പ്രൊഫസർമാർ ഞങ്ങളെ പഠിപ്പിക്കാൻ പറന്നെത്തി. പൊതുജനാരോഗ്യത്തിലെയും അനുബന്ധ മേഖലകളിലെയും ലോകപ്രശസ്ത ലേഖനങ്ങൾ കൊണ്ടും പുസ്തക രചന കൊണ്ടും പേരുകേട്ട പല മഹാന്മാരും. ഇന്ത്യ പോലൊരു രാജ്യത്തെ ആദ്യത്തെ MPH ബാച്ചിനെ പഠിപ്പിക്കുന്നത് അവരുടെ ബയോഡേറ്റകളിലും വലിയ അക്ഷരങ്ങളിലാണ് പതിയുക.

നേരത്തേ അറിയുമെങ്കിലും ഡോ: രാമൻ കുട്ടിയുമായി അടുപ്പമാകുന്നത് അദ്ദേഹം അവിടെ എന്നെ പഠിപ്പിച്ചതു കാരണമാണ്. ഇല്ലെങ്കിൽ ഒരിക്കലും പരസ്പരം അറിയാതെ പോയേനേ. പിന്നെ ഡോ: കെ.ആർ. തങ്കപ്പൻ, അമേരിക്കയിൽ നിന്ന് വന്ന ഡോ: ആർ. എസ്‌. വാസൻ, ഡോ.ശർമ, ഡോ: മാല തുടങ്ങിയവർ. രാമൻകുട്ടി സാറിനെപ്പറ്റിയൊക്കെ പിന്നൊരിക്കൽ എഴുതാം. ഇന്ന് മറ്റൊരു മൂഡിലാണ്.

പ്രൊഫസർ മാർക്ക് നിക്ടർ. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും ഞങ്ങളെ പഠിപ്പിക്കാൻ വന്ന മഹാൻ. മെഡിക്കൽ ആന്ത്രപ്പോളജി ആണ് വിഷയം. അന്ത്രപ്പോളജിയുടെ ഒരു ഉപ വിഭാഗമാണിത്. എളുപ്പത്തിൽ പറഞ്ഞാൽ രോഗത്തെയും ആരോഗ്യത്തെയും ചികിത്സയെയും രോഗശാന്തിയേയും ഒക്കെ സ്വാധീനിക്കുന്ന സാമൂഹ്യവും, സാംസ്കാരികവും, ജൈവപരവും, ദേശപരവും, ഭാഷാപരവും ഒക്കെയായ ഘടകങ്ങളെപ്പറ്റി പഠിക്കുന്ന ഉപവിഭാഗം. പേടിച്ചില്ലല്ലോ അല്ലേ? ആന്ത്രപ്പോളജിയെപ്പറ്റിയും പിന്നൊരിക്കൽ സംസാരിക്കാം. പ്രൊഫസർ മാർക്ക് നിക്ടറിൽ നിന്നു കിട്ടിയ ചില അറിവുകളെപ്പറ്റി മാത്രം ഇന്ന് പറയാം.

പ്രൊഫസർ മാർക്ക് നിക്ടറിൻറെ ക്ളാസുകൾ രസമുള്ള അനുഭവങ്ങളായിരുന്നു. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ കൃത്യമായി ചെയ്യുന്ന കാര്യങ്ങൾ മറ്റൊരു നാട്ടിൽ അതിശയമാകാം എന്ന കാര്യം അദ്ദേഹം ഞങ്ങളെ ഓർമ്മിപ്പിക്കുമായിരുന്നു. ഉദാഹരണങ്ങൾ പലതാണ്.

ഒരിക്കൽ ഞങ്ങളുടെ മൂന്നാം നിലയിലെ ക്ലാസിൻറെ കണ്ണാടിയിലൂടെ അദ്ദേഹം താഴേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു. പുറത്ത് നടക്കുന്ന എന്തോ കാണിക്കാൻ അദ്ദേഹം ഞങ്ങളെക്കൂടി അവിടേയ്ക്കു വിളിച്ചു. താഴെ റോഡിലൂടെ കുറേ മെഡിക്കൽ വിദ്യാർത്ഥികൾ നടന്നു പോകുകയായിരുന്നു. അവിടെ അസാധാരണമായി ഞങ്ങൾ ഒന്നും കണ്ടില്ല. അദ്ദേഹം പറഞ്ഞു.

“ആ പെൺകുട്ടികൾ നടക്കുന്നത് നോക്കൂ. കൂട്ടമായാണ് നടക്കുന്നത്. കൂടാതെ എല്ലാവരും പതിയെ നടക്കുന്നു. ശരീരം കുലുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതുപോലെ. ആരെയോ പേടിച്ചതു പോലെ. എന്നാൽ അമേരിക്കയിലെ വിദ്യാർത്ഥിനികൾ എവിടെയും പൊതുവേ ഉല്ലസിച്ചാണ് നടക്കുക.”

എന്നിട്ടദ്ദേഹം അമേരിക്കയിൽ പെൺകുട്ടികൾ നടക്കുന്നത് ഞങ്ങൾക്കു മുന്നിൽ അനുകരിച്ചു കാണിച്ചു. എല്ലാരും ചിരിച്ചുപോയി.

പിന്നെ താഴെ നടക്കുന്ന ആൺകുട്ടികളിൽ ചിലരെ കാണിച്ചു. രണ്ടുപേർ പരസ്പരം തോളിൽ കയ്യിട്ടു നടക്കുന്നതും കാണിച്ചു തന്നു. എന്നിട്ടദ്ദേഹം പറഞ്ഞു, ഞങ്ങളുടെ നാട്ടിലാണെങ്കിൽ പുരുഷന്മാർ ഇങ്ങനെ തോളിൽ കയ്യിട്ടു നടന്നാൽ അവർ സ്വവർഗാനുരാഗികൾ ആണെന്ന് മറ്റുള്ളവർ ധരിച്ചേക്കും. ഇവിടെ നിങ്ങൾ വളരെ സാധാരണമായി ചെയ്യുന്ന ഒരു കാര്യം മറ്റൊരു നാട്ടിൽ വേറൊരു തരത്തിലാകും മനസ്സിലാക്കുക. എപ്പോഴും ഓർക്കുക.

ഞങ്ങൾ തിരികെ സീറ്റിലിരുന്നു. ക്ലാസ് തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു.

“നിങ്ങൾ മറ്റുള്ള സമൂഹങ്ങളെ മനസ്സിലാക്കുന്നതിലും പലപ്പോഴും തെറ്റുകൾ സംഭവിക്കാം. നിങ്ങളും നിങ്ങളുടെ സംസ്കാരത്തിൻറെ കണ്ണാടിയിലൂടെയും അനുഭവത്തിൻറെ നിറങ്ങളിലൂടെയും ആയിരിക്കും മറ്റുള്ളവരെ കാണുന്നത്.”

അദ്ദേഹത്തിൻറെ ഈ വരികൾ ഇടയ്ക്ക് ഞാൻ ഓർക്കാറുണ്ട്. വലിയൊരു കാഴ്ചയാണ് അദ്ദേഹം അന്ന് തന്നത്.

കേരളത്തിനും ഇന്ത്യക്കും പുറത്തുള്ളവരുമായി സമ്പർക്കം തുടങ്ങാൻ എനിക്ക് കൂടുതൽ അവസരം ലഭിച്ചത് 1992-93 കാലഘട്ടത്തിൽ ‘അഡിക്’ എന്ന സന്നദ്ധ പ്രസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസറായി പ്രവർത്തിച്ചപ്പോഴാണ്. പിന്നെ എം.പി.എച്. ക്ലാസിലെ സുഹൃത്തുക്കളും അദ്ധ്യാപകരും. പിന്നെ ലോകാരോഗ്യ സംഘടന, ഗ്ലോബൽ ഫണ്ട് തുടങ്ങി ഇപ്പോൾ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത് ഇന്റർനാഷണൽ വരെ. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിൽ നിന്നും ഉള്ളവരുമായി ഇതിനകം ജോലി ചെയ്യാൻ കഴിഞ്ഞു. ലോകത്ത് എല്ലാ മനുഷ്യരും വ്യത്യസ്തരാണെന്നും ആ വ്യത്യസ്തതകളെ അംഗീകരിക്കാൻ കഴിയുന്നതും അതിനിടയിൽ സുഖമായി ജീവിക്കാൻ പഠിക്കുന്നതുമാണ് എന്നെപ്പോലെയുള്ളവർ തെരഞ്ഞെടുത്ത ജീവിത പാതയിൽ സഞ്ചരിക്കുന്നവർ ആർജിക്കുന്നത് എന്ന് പറയാം.

മാർക് നിക്ടറിനേപ്പറ്റി ഇന്ന് എഴുതാൻ കാരണമുണ്ട്. ഇന്ന് രാവിലെയും ഒരു വാട്സാപ്പ് ഗ്രൂപ്പിലെ ഒരു ചർച്ച കണ്ടു. ഇന്ത്യക്കു പുറത്ത് പോയിട്ടില്ല എന്ന് എനിയ്ക്ക് ഉറപ്പുള്ള ഒരാൾ കാച്ചുകയാണ്:

“നമ്മുടെ സംസ്കാരം നോക്കി സായിപ്പന്മാർ പഠിച്ചാൽ അവരും നന്നാവും. അമേരിക്കയിലൊക്കെ എന്താ. എല്ലാം സദാചാര വിരുദ്ധമാണ്. ഉടുപ്പ് മാറുന്നപോലല്ലേ കല്യാണം കഴിക്കുന്നത്”.

എന്തൊരു കാച്ചാണിത് ! ഇവിടെ ഞാൻ താമസിക്കുന്ന കോളനിയിൽ 29 വീടുകളുണ്ട്. അതിൽ പകുതിയിലധികവും വൃദ്ധ ദമ്പതികൾ ആണ്. നാല്പതും അമ്പതും കൊല്ലമായി ഒരുമിച്ചു ജീവിക്കുന്നവർ. അതിനർത്ഥം അമേരിക്ക മുഴുവനും ഇങ്ങനെയാണെന്നുമല്ല. പക്ഷെ, ഒരു സമൂഹത്തെപ്പറ്റി പൊതുവായി നടത്തുന്ന വിലയിരുത്തലുകൾ തെറ്റിപ്പോകാമെന്ന് പറയുകയായിരുന്നു.

പരസ്യമായ വിവാഹ മോചനങ്ങൾ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കൂടുതലാകാം. അതിൽ നല്ലതും ചീത്തയും കണ്ടെത്താം. എന്നാൽ ഒരുപക്ഷേ അത് അവരുടെ പുരോഗതിയുടെ ഭാഗവുമാണ്. നമ്മുടെ നാട്ടിൽ ആരെങ്കിലും എന്നോ പിടിച്ചുകെട്ടിച്ചിട്ട് ജീവിതത്തിൽ ഒരിക്കലും പരസ്പരം ഇഷ്ടപ്പെടാൻ കഴിയാതെ പോയവരുണ്ട്. അവരും ഒരേ മുറിയിൽ നാല്പതും അമ്പതും വർഷം ഒരുമിച്ചു കഴിയുന്നത് പലപ്പോഴും നാട്ടുകാരെ പേടിച്ചു മാത്രമാണ്. പിടിച്ചു കെട്ടിച്ചവരെ ശപിച്ചുകൊണ്ടും. സ്ത്രീകൾക്ക് മറ്റു രക്ഷയില്ലാത്തതുകൊണ്ടാണ് ഇത്തരം ദീർഘ ദാമ്പത്യങ്ങൾ പല വീടുകളിലും തുടരുന്നത്. സാമ്പത്തികമായും സാമൂഹ്യമായും സ്വതന്ത്രരല്ലാത്തതുകൊണ്ട്. ആ സ്വാതന്ത്ര്യം ഏറിവരുന്നതുകൊണ്ട് കൂടിയാണ് നാട്ടിലും പുതിയ തലമുറയിൽ വിവാഹ വേർപെടുത്തലുകൾ അധികമായി ഉണ്ടാകുന്നത്.

ഇനി സദാചാരത്തിൻറെ കാര്യം. മുൻപ് നാട്ടിലെ ഒരു രാഷ്ട്രീയ നേതാവ് പുനർവിവാഹിതനായപ്പോൾ ലോകപരിചയമുള്ളവർ പലരും അദ്ദേഹത്തെ അഭിനന്ദിച്ചു. എന്നാൽ നമ്മളിൽ ചിലർ പറഞ്ഞത് മറ്റു വരികളാണ്. എന്നെ ഏറ്റവും ഞെട്ടിച്ചത് നാട്ടിലെ ഒന്നിലധികം പരിചയക്കാർ പറഞ്ഞ ഒരേപോലുള്ള വരിയാണ്. “അങ്ങേര് കേറി കെട്ടണ്ടായിരുന്നു.” എന്നുവച്ചാൽ സംഗതി സിമ്പിൾ. ഇരുട്ടത്ത് കാര്യങ്ങൾ വച്ചു നടത്തിക്കോ, പക്ഷേ പകൽ കല്യാണം നടത്തി നാട്ടുകാരെ അറിയിക്കരുത് .

ആചാരവും സദാചാരവും ദുരാചാരവും ഒക്കെ എല്ലാ നാട്ടിലും ഉണ്ട്. അവനവൻ്റെ നാടിൻറെ ചരിത്രവും സാംസ്കാരിക ചുറ്റുപാടുകളും സാമൂഹ്യ-സാമ്പത്തിക പുരോഗതിയും ഒക്കെ നമ്മുടെ ഓരോരുത്തരുടേയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കും. അതിനാൽ നമ്മുടെ കണ്ണിലൂടെ കാണുന്ന അപരൻ്റെ പലതും നമുക്ക് ശരിയല്ലെന്ന് തോന്നും. അവർക്ക് തിരിച്ചും. അല്ലാതെ, ഇത്തരം കാര്യങ്ങളിൽ എല്ലാവർക്കും ശരിയായ ഒരു ശരിയില്ല. ഒരു തെറ്റുമില്ല.


ഒരു വിഷയത്തിൽ ക്ലാസ്സിലെ എല്ലാവരും തൊണ്ണൂറ് ശതമാനത്തിലധികം മാർക്ക് വാങ്ങുന്നത് കേട്ടിട്ടുണ്ടോ? പ്രൊഫസർ മാർക്ക് നിക്ടറിൻറെ ക്ലാസിലെ അനുഭവം അതാണ്.

പ്രൊഫസർ മാർക്കിനെപ്പറ്റി മുകളിൽ എഴുതിയിരുന്നു. അദ്ദേഹം പറഞ്ഞ രസകരമായ ചില കാര്യങ്ങൾ. ബാക്കിയുള്ള ചിലതു കൂടി പറഞ്ഞാൽ നമുക്ക് പ്രൊഫസറെ അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിലേയ്ക്ക് തിരികെ വിടാം .

മെഡിസിൻ കഴിഞ്ഞതിനു ശേഷം 1997-ൽ ശ്രീചിത്ര ദേശീയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുജനാരോഗ്യത്തിൽ മാസ്റ്റേഴ്സിന് (MPH) പഠിക്കുമ്പോഴുള്ള അനുഭവങ്ങളാണ്. മെഡിക്കൽ അന്ത്രപ്പോളജിയാണ് പ്രൊഫസർ മാർക്ക് ഞങ്ങളെ പഠിപ്പിച്ചത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ എം.പി.എച്ച്. ബാച്ചാണ്. പുതിയതും കഠിനവുമായ ഒരുപാട് വിഷയങ്ങൾ. എല്ലാം ഒരുമിച്ച് പഠിച്ചെടുക്കണം. പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങണം. ചെറിയ കാര്യമല്ല. എല്ലാവരും അദ്ധ്വാനിച്ചു പഠിക്കുകയാണ്.

നന്നായി പഠിച്ചിട്ടും എല്ലാവർക്കും വിചാരിച്ച മാർക്ക് കിട്ടുന്നില്ല. കടുപ്പമുള്ള വിഷയങ്ങളിൽ ഒപ്പമുള്ള ചിലർ കിതയ്ക്കുന്നുണ്ടായിരുന്നു. കയ്യയച്ചു മാർക്കിടാത്ത ചില അദ്ധ്യാപകരും ഉണ്ട്. അവർ തന്ന മാർക്കുകൾ ചിലരെ വേദനിപ്പിച്ചു. അപ്പോഴാണ് പ്രൊഫസർ മാർക്ക് നിക്ടറിൻറെ കടന്നു വരവ്.

പ്രൊഫസർ മാർക്ക് പഠിപ്പിച്ച കോഴ്സ് കഴിഞ്ഞപ്പോൾ അതിലെ അവസാന പരീക്ഷ വന്നു. വെറുതേ പേപ്പറിൽ എഴുതിപ്പിടിപ്പിച്ചാൽ മാത്രം പോര. വിഷയാവതരണവും ഉണ്ട്. മുഴുവൻ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചോദ്യങ്ങൾക്ക് ഉത്തരവും പറയണം. രണ്ടുപേർ വീതമുള്ള ടീമുകളായാണ് അവതരണം. സ്വാർത്ഥരായി ഒറ്റയ്ക്ക് നിൽക്കാതെ ഒരു പങ്കാളിയെ കണ്ടുപിടിക്കാൻ ഇത് ഞങ്ങളെ പ്രേരിപ്പിച്ചു. ആ വിഷയത്തിൽ മികവ് അല്പം കുറവുള്ളവരെ മികവ് കൂടുതലുള്ളവരുമായി ചേർത്തു. പഠനം ഒരുമിച്ചാണ് വേണ്ടത്, കൂടെയുള്ളവനെ തോൽപ്പിക്കാനല്ല എന്ന ഓർമ്മപ്പെടുത്തൽ. എന്നാൽ പല ടീമുകൾ ഉള്ളതിനാൽ തമ്മിൽ മത്സരവും ഉണ്ടായി. അത് പഠന നിലവാരം കൂട്ടി.

ഞങ്ങളെല്ലാം നന്നായി പണിയെടുത്തു. ആരും നിർബന്ധിക്കാതെ. ഒടുവിൽ മാർക്ക് വന്നു. എല്ലാ ടീമിനും ഉയർന്ന മാർക്ക്. എല്ലാ വിദ്യാർത്ഥികൾക്കും വലിയ മാർക്ക്. അതിനു കാരണം ഞങ്ങളുടെ ഉയർന്ന പ്രകടനം തന്നെയായിരുന്നു. തിയറി പേപ്പറിനും എല്ലാവർക്കും തൊണ്ണൂറു ശതമാനത്തിലധികം മാർക്ക്.

ഉയർന്ന മാർക്ക് കിട്ടിയപ്പോഴും തൊണ്ണൂറു ശതമാനത്തിലധികം തരാനുള്ള കാരണം ഞങ്ങളിൽ ചിലർ പ്രൊഫസറുമായി ചർച്ച ചെയ്തു. അദ്ദേഹത്തിൻറെ ചില മറുപടികൾ ഞങ്ങളെ അതിശയിപ്പിച്ചു. ഒരദ്ധ്യാപകനിൽ നിന്നും ആദ്യമായാണ് അങ്ങനെയൊരു ചിന്ത കേട്ടത്. എന്തായിരുന്നു അത്?

അദ്ദേഹം പറഞ്ഞത് ഇതാണ്. “ഞാൻ വന്ന ദിവസം മുതൽ നിങ്ങളുടെ പരീക്ഷ തുടങ്ങി. ക്ലാസുകൾക്കിടയിൽ നിങ്ങളെ ഓരോരുത്തരെയും വിശദമായി മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. നിങ്ങൾക്കോരോരുത്തർക്കും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ എന്താണെന്നു മനസ്സിലാക്കാനും ശ്രമിച്ചു. ആ കുറവുകൾ സ്വയം നികത്താൻ ഞാൻ നിങ്ങളെ സഹായിക്കുക മാത്രം ചെയ്തു. ചിലപ്പോൾ നിങ്ങൾ പോലും അറിയാതെ. അവസാനത്തെ ഈ പരീക്ഷ ഇതുവരെ നടന്ന വിവിധ പരീക്ഷകളിൽ ഒന്നുമാത്രം. നിങ്ങൾ എല്ലാവരും നന്നായി തയ്യാറെടുത്തിരുന്നു. വിഷയം നന്നായി പഠിച്ച നിങ്ങൾ നന്നായി പരീക്ഷ എഴുതാനും നോക്കിയിട്ടുണ്ട്. ഉത്തരങ്ങളിൽ നിങ്ങളുടെ സ്വന്തമായ ചിന്തകളും വിശദീകരണങ്ങളും വന്നിട്ടുണ്ട്. നിങ്ങളിൽ ചിലർ ഞാൻ പഠിപ്പിച്ച കാര്യങ്ങളെ വെല്ലുവിളിച്ചിട്ടുണ്ട്. അതിനും ഞാൻ നന്നായി മാർക്കിട്ടു. നിങ്ങൾ അർഹിക്കുന്ന മാർക്കുകളാണ് ഞാൻ നൽകിയത്. അഥവാ നിങ്ങൾക്കാർക്കെങ്കിലും മാർക്ക് കുറഞ്ഞിരുന്നെകിൽ തന്നെ അത് എൻറെ പരാജയമായാണ് ഞാൻ കണക്കാക്കുക. വിദ്യാർത്ഥിയുടെ മാർക്കിൻറെ ഉത്തരവാദിത്തം അദ്ധ്യാപകനാണ്. മോശം വിദ്യാർത്ഥിയില്ല, മോശം അദ്ധ്യാപകനേ ഉള്ളൂ. നിങ്ങൾ ഉത്തരക്കടലാസുകൾ പരസ്പരം വാങ്ങി നോക്കുക. ഒന്നിനൊന്നു മെച്ചമായിട്ടാണ് നിങ്ങൾ ഓരോരുത്തരും എഴുതിയിരിക്കുന്നത്.”

അതിശയത്തോടെ ചെവിയോർക്കുമ്പോൾ അദ്ദേഹം ചില പുതിയ കാര്യങ്ങൾ കൂടി പറഞ്ഞു. അതാണ് ഏറ്റവും രസകരമായി തോന്നിയത്. “നിങ്ങളുടെ ഉത്തരക്കടലാസ് പൂർണമായും നിങ്ങളുടേതാണ്. ആ ഉത്തരക്കടലാസ് കയ്യിലെടുക്കുമ്പോൾ അത് വായിച്ചു തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാൻ അതിനു പുറത്ത് നൂറ് മാർക്ക് കുറിക്കും. കാരണം നൂറു ശതമാനവും ശരിയായ ഉത്തരങ്ങളാണ് അതിനുള്ളിൽ ഞാൻ പ്രതീക്ഷിക്കുന്നത്. എന്നിട്ട് നിങ്ങളുടെ ഓരോ ഉത്തരങ്ങളായി ഞാൻ വായിച്ചു തുടങ്ങും. ഉത്തരങ്ങളിൽ എന്തെങ്കിലും തെറ്റോ കുറവോ കണ്ടാൽ ഞാൻ കാൽ മാർക്കോ അര മാർക്കോ വീതം കുറയ്ക്കും. ഓരോ പ്രാവശ്യം മാർക്ക് കുറയ്ക്കുമ്പോഴും ഞാൻ ശ്രദ്ധിക്കും. കാരണം മാർക്ക് വിദ്യാർത്ഥിയുടേതാണ്. ആ മാർക്ക് അദ്ധ്യാപകന് കവർന്നെടുക്കാനുള്ളതല്ല. പിശുക്കി മാർക്കിടാൻ ഞാൻ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല നിങ്ങളുടെ മാർക്ക്. നിങ്ങൾക്കു തരാത്ത മാർക്ക് എനിക്ക് തിരികെ വീട്ടിൽ കൊണ്ടുപോകാനും കഴിയില്ല.”

വല്ലാത്ത അതിശയം തോന്നി. അദ്ദേഹം പറയുന്നതിൽ ഒരുപാട് ശരിയുള്ളതായും. ഉത്തരക്കടലാസിൻ്റെ തുടക്കം മുതൽ ഓരോ ചോദ്യത്തിനായി മാർക്കിട്ടു വരുന്ന അദ്ധ്യാപകൻ പലപ്പോഴും പിശുക്കിയാണ് മാർക്കിടുക. അത് വിദ്യാർത്ഥിയ്ക്ക് അങ്ങോട്ട് കൊടുക്കുന്നതായി തോന്നുന്നതിനാൽ. തൻറെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നതുപോലെ. എന്നാൽ വിദ്യാർത്ഥിയുടെ നൂറ് മാർക്കിൽ നിന്നും എന്തെങ്കിലും അടർത്തിയെടുക്കാൻ നോക്കുമ്പോൾ അത് എളുപ്പമല്ല.

ഒരു കാര്യം പറയട്ടെ. ഈ പറഞ്ഞതെല്ലാം ഒരു മനോഭാവത്തിന്റെ വിഷയമാണ്. അല്ലാതെ എല്ലാ സ്‌കൂളിലും കോളേജിലും നാളെ നടപ്പാക്കണമെന്ന് പറയുകയല്ല. അവരവരുടെ ഇടങ്ങളിൽ പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റുമില്ല.

മനുഷ്യ ബന്ധങ്ങളിലും ഈ തത്വം പ്രവർത്തിക്കുന്നതായി എനിയ്ക്ക് അനുഭവമുണ്ട്. നിങ്ങളിലും പലർക്കും തോന്നിക്കാണും. പുതിയ ഒരാളെ കാണുമ്പോൾ ആദ്യം ഒരു മാർക്കും ഇടാതെയിരുന്നിട്ട് വീണ്ടും ഓരോ പ്രാവശ്യം കാണുമ്പോഴും കാൽ മാർക്കും അര മാർക്കും വീതം ഇട്ടുകൊണ്ടിരുന്നാൽ മാർക്ക് നിറഞ്ഞ് സൗഹൃദം ഉണ്ടാകാൻ ചിലപ്പോൾ നമ്മുടെ ആയുസ് തന്നെ മതിയാകില്ല. എന്നാൽ തുടങ്ങുമ്പോൾ നൂറുമാർക്കും കൊടുക്കുക. തെറ്റുകളോ കുറവുകളോ കണ്ടാൽ കാൽ മാർക്കോ അരമാർക്കോ അപ്പപ്പോൾ കുറയ്ക്കുക. നമ്മളിൽ പലരും ഇങ്ങനെ തന്നെ ചെയ്യുന്നില്ലേ? എല്ലായിടത്തും ഇത് നടക്കില്ല. എങ്കിലും ചെറുതായി പരീക്ഷിച്ചു നോക്കിയാലോ?

ഒരുപാട് സൗഹൃദങ്ങൾ ഉള്ളവർ ഒരാളെ ആദ്യം കാണുമ്പോൾ തന്നെ നൂറു മാർക്കും ഇടുന്നവരാണ്. ആരെയും കേറി വിശ്വസിക്കുന്നവൻ/ൾ എന്നൊക്കെ അവർ പഴി കേൾക്കും. പക്ഷേ, കാൽ മാർക്ക്‌ വീതമിട്ട് സമയമെടുത്ത് ആയുസ്സിൽ ഒരു നല്ല സുഹൃത്തിനെയും കിട്ടാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ സുഹൃത്തുക്കളിൽ ചിലരാൽ വിഷമമുണ്ടാകുമ്പോഴും ബാക്കി ഒരുപാട് സുഹൃത്തുക്കൾ ചുറ്റിനും ഉണ്ടായിരിക്കുന്നത്? നൂറു മാർക്കുള്ള സുഹൃത്തുക്കൾ. ആലോചിച്ചു നോക്കുക.

ഡോ: എസ്. എസ്. ലാൽ
http://drsslal.blogspot.com

ഫോട്ടോ അവലംബം: ഇന്റർനെറ്റ്