സിനിമയിൽ ജഗതി അഭിനയിച്ചിട്ടുള്ള വഴിയിലെ മരുന്ന് കച്ചവടക്കാരൻറെ വായാടിത്തരവും തൊലിക്കട്ടിയും മാത്രമാണ് മോഹനന് ഉള്ളത്

0
372

ഡോക്ടർ എസ്. എസ്. ലാൽ എഴുതുന്നു

കഷ്ടമാണ്.

ചന്ദ്രയാൻ പരാജയപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ഐ.എസ്.ആർ.ഒ. ഡയറക്ടറേയും ഒപ്പം സംസാരിക്കാൻ അമ്പലത്തിലെ വെടിക്കെട്ട് ഉണ്ടാക്കുന്ന പപ്പു അണ്ണനേം ദീപാവലിയ്ക്ക് റോക്കറ്റ് വിട്ട് പരിചയമുള്ള സ്‌കൂൾ കുട്ടികളെയും കൂടി ടെലിവിഷൻ ചാനലിൽ വിളിച്ചാലുള്ള അവസ്ഥ ആലോചിക്കുക.

നിർഭാഗ്യകരമായ എന്തോ കാരണങ്ങളാൽ ചെറുപ്പത്തിൽ സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാതെ പോയ ഒരു മോഹനൻ നായർക്ക് വേണ്ടി ടെലിവിഷൻറെയും നാട്ടുകാരുടെയും സമയം നഷ്ടപ്പെടുത്തുന്നത് വലിയ കുറ്റമാണ്. അയാളെ വൈദ്യനെന്നു വിളിക്കുന്നത് തന്നെ നാണക്കേടാണ്. വിളിക്കുന്നവർക്കും നാട്ടിൽ ബാക്കിയുള്ള വൈദ്യന്മാർക്കും.

സിനിമയിൽ ജഗതി അഭിനയിച്ചിട്ടുള്ള വഴിയിലെ മരുന്ന് കച്ചവടക്കാരൻറെ വായാടിത്തരവും തൊലിക്കട്ടിയും മാത്രമാണ് അയാൾക്കുള്ളത്. അയാളെക്കൊണ്ടിരുത്തി ഒപ്പം മെഡിക്കൽ കോളേജ് പ്രൊഫസർമാരെയും ശാസ്ത്രം പഠിച്ചവരെയും കൂടെയിരുത്തി ചർച്ച നടത്തുന്നത് വലിയ തെറ്റാണ്. നാണക്കേടാണ്.

മോഹനൻ നായർ പറയുന്നത് വിശ്വസിച്ച് ചികിത്സയെടുക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല. റോക്കറ്റ് വിടാൻ ജോത്സ്യനെക്കണ്ട് നല്ല സമയം ചോദിക്കുന്ന സ്‌പേസ് സയന്റിസ്റ്റും ആയുധ പൂജ നടത്തുന്ന ശസ്ത്രക്രിയാ വിദഗ്ദ്ധനും ത്രേതായുഗത്തിൽ വിമാനമുണ്ടായിരുന്നെന്ന് ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധമവതരിപ്പിക്കുന്ന ശാസ്ത്രജ്ഞനും ഉള്ള നാട്ടിൽ ജനം മോഹനൻ നായരെ തപ്പിപ്പോകും. അത് ജലദോഷമായാലും കാൻസറായാലും.

സയൻസ് പഠിച്ചപ്പോൾ മനസ്സിലായവർ അവരവർക്ക് അസുഖം വരുമ്പോൾ ചികിത്സ പഠിച്ച ആരെയെങ്കിലും കാണുക. വേണ്ടപ്പെട്ട ആർക്കെങ്കിലും രോഗം വരുമ്പോൾ അവരോട് സ്നേഹമുണ്ടെങ്കിൽ, അവർ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, അവരെ ചികിത്സ പഠിച്ച ഡോക്ടറുടെ അടുത്തേയ്ക്കു വിടുക.

എയ്ഡ്സ് വൈറസിനെ വരെ പൂർണമായി നശിപ്പിക്കാൻ കഴിവുള്ള മരുന്നുകൾ എന്നെങ്കിലും ശാസ്ത്രം കണ്ടുപിടിച്ചെന്നു വരാം. എന്നാൽ വ്യാജ വൈദ്യന്മാരെ ഇല്ലാതാക്കാൻ ഒരുകാലത്തും കഴിയില്ല. മുഴുവൻ ജനങ്ങൾക്കും ഹൈസ്‌കൂളിൽ പഠിച്ച ശാസ്ത്രം മനസ്സിലാകുന്നതുവരെ വ്യാജന്മാർ തുടരും. കഷ്ടമാണ് കാര്യങ്ങൾ.

തുടക്കത്തിൽ പറഞ്ഞ ടെലിവിഷൻ ചർച്ചയിൽ പപ്പുവണ്ണൻ ജയിച്ചെന്നു വരും. ഇത്തരം ചർച്ചകളിൽ ഒന്നും അറിയാത്തവനാണ് എന്തും പറയാൻ കഴിയുന്നത്.

S S Lal