ഈ പാവം കുഞ്ഞിനോട് രാജ്യം മാപ്പ് ചോദിക്കണം

328
S S Lal
എന്റെ മക്കളുടെ ഈ പ്രായം എനിക്കോർമ്മയുണ്ട്. എന്തെങ്കിലും വാശിയുടെ പേരിലാണെങ്കിൽപ്പോലും അവരുടെ കണ്ണുകളിൽ നിന്നും ഇതുപോലെ കണ്ണീരുതിർന്നാൽ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ലായിരുന്നു. എന്ത് ചെയ്തും ഞാനാ കണ്ണിര് ഒപ്പി മാറ്റുമായിരുന്നു. അച്ഛനായ ഞാനുണ്ടായിരുന്നു അവർക്കൊപ്പം. ജീവനോടെ.
ഈ കുഞ്ഞിന്റെ കണ്ണീരൊപ്പാൻ അവന്റെ അച്ഛന് ഇനിയാകില്ല. രാജ്യത്തെ മുഴുവൻ മനുഷ്യരുടെ വിരലുകൾ കൊണ്ട് തുടച്ചാലും അവന്റെ ആയുസിൽ ഈ കണ്ണീര് വറ്റില്ല. എത്ര മന്ത്രിമാർ വിചാരിച്ചാലും. ഏത് സർക്കാർ വിചാരിച്ചാലും.
നിങ്ങൾക്കറിയുന്ന ആർക്കെങ്കിലും ഈ കുഞ്ഞിന്റെ കണ്ണീര് കാണുമ്പോൾ സ്വന്തം കണ്ണ് നിറയുന്നതിനു മുമ്പ് അവന്റെ മുന്നിൽ കിടക്കുന്ന മൃതശരീരത്തിന്റെ മതം അറിയണമെന്നുണ്ടെങ്കിൽ വേഗം അവരെ കൊണ്ടുപോയി ഡോക്ടറെ കാണിക്കണം. അവർ അപകടകാരികളായ രോഗികളാണ്. ഈ കണ്ണീരിനുള്ള കാരണത്തെ ന്യായീകരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ സൗഹൃദം ഉടൻ അവസാനിപ്പിക്കണം. നിങ്ങളുടെ സുരക്ഷയെ ഓർത്ത്.
ഇതെഴുതുമ്പോൾ പലപ്രാവശ്യം കണ്ണ് തുടയ്ക്കേണ്ടി വന്നു. മെട്രോ ടെയിനിൽ അടുത്തിരുന്ന സ്ത്രീ “ആർ യു ഓക്കേ?” എന്ന് ചോദിച്ചു. അതേ എന്ന് ഞാൻ പറഞ്ഞു. അല്ല എന്ന് എനിക്കറിയുമ്പോഴും.
ഈ പാവം കുഞ്ഞിനോട് രാജ്യം മാപ്പ് ചോദിക്കണം.