നാട്ടിൽ ജാതിയുണ്ടോ?

0
353

S S Lal

നാട്ടിൽ ജാതിയുണ്ടോ?

നമ്മുടെ നാട്ടിൽ ഇപ്പോഴും ജാതി വിവേചനമുണ്ടോ എന്നൊക്കെ ചില ശുദ്ധ ഹൃദയർ ഞെട്ടലോടെ ഫേസ് ബുക്കിൽ ചോദിക്കുന്നുണ്ട്.

ജാതിയിൽ ‘താഴ്ന്ന’ ഡോക്ടറെ പ്രേമിച്ച മകളോട് ചെക്കൻ തോട്ടിയായാലും കുഴപ്പമില്ല, കല്യാണം സ്വന്തം ജാതിയിൽ നിന്ന് മതിയെന്നു പറഞ്ഞ ഒരു അച്ഛനെ അറിയാം. ഈ അച്ഛന്മാരുടെ എണ്ണം കുറവല്ലെന്നും അറിയാം. രണ്ട് പ്രശ്നമാണ് അവിടെ. ഒന്ന്, പലരും പലരേക്കാളും താഴ്ന്ന ജാതിയാണ്. രണ്ടാമത്തേത് കുറഞ്ഞ തൊഴിലിന്റെ പ്രശ്നമാണ്. ‘തോട്ടിയായാലും’ എന്നാണ് പറയുന്നത്. അതായത് തോട്ടിയെന്നത് കുറഞ്ഞ ജോലിയാണ്. നമ്മളെല്ലാം കൂടി ചേർന്ന് സമൂഹത്തിൽ ഉണ്ടാക്കുന്ന മാലിന്യങ്ങൾ മാറ്റി പരിസരം ശുചിയാക്കുന്നവൻ വൃത്തികെട്ടവനാകുന്നു. എന്നാൽ ഉയർന്ന ജാതിയായാൽ ആ ‘തൊഴിൽ പ്രശ്നം’ പരിഹരിക്കപ്പെടും.

ചികിത്സ തേടുമ്പോൾ ഡോക്ടറുടെ കഴിവ് മാത്രമാണ് നോക്കുന്നത്. കല്യാണം വരുമ്പോൾ ജാതി മാത്രവും.

പ്രഗത്ഭരായ ചില ഐ.എ.എസ്. കാരെപ്പറ്റി ചർച്ച വരുമ്പോൾ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. കക്ഷി ഷെഡ്യൂൾഡാ എന്ന്. ഐ.എ.എസ്. കിട്ടിയതുകൊണ്ട് ഒരുത്തനും ജാതിയ്ക്ക് പുറത്ത് വരാൻ കഴിയില്ല.

ഞങ്ങൾ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ കാമ്പസിൽ യാചകനായി കറങ്ങി നടന്നിരുന്ന ഒരു പാവം മനുഷ്യനുണ്ടായിരുന്നു. അവശനായ വൃദ്ധനാണെങ്കിലും കാഴ്ചയിൽ അയാൾ സുന്ദരനായിരുന്നു. പക്ഷേ, യാചകൻ യാചകൻ തന്നെയാണല്ലോ. ഒരു ദിവസം അയാളുടെ പേരിന്റെ കൂടെ ‘വർമ്മ’ ഉണ്ടെന്നറിഞ്ഞു. അതിനുശേഷം അയാളോട് പലർക്കും കൂടുതൽ സഹതാപമായി. ‘താഴ്ന്ന’ ജാതിക്കാരന് യാചകനാകാൻ എളുപ്പമാണ്. വർമ്മയ്ക്ക് എളുപ്പമല്ല.

കോളേജുകളിലും ഓഫീസുകളിലുമൊക്കെ കൂടെ ഉണ്ടായിരുന്നവരിൽ ചിലർ സുന്ദരന്മാരായിരുന്നു. അവരിൽ ചിലർ പിന്നോക്ക ജാതിയാണെന്ന് അറിഞ്ഞത് ചില കമന്റുകളിലൂടെയാണ്. “അയാളെ കണ്ടാൽ കുറഞ്ഞ ജാതിയാണെന്ന് പറയില്ലല്ലോ” എന്നാണ് കമന്റ്. അതായത് കുറഞ്ഞ ജാതിയ്ക്ക് സൗന്ദര്യത്തിനും പരിധി കല്പിച്ചിട്ടുണ്ട്. അഥവാ സൗന്ദര്യം കൊണ്ട് ഒരാൾ ജാതിയെ മറികടക്കില്ല.

പിന്നോക്കക്കാരനായ മന്ത്രിയെ മുഖദാവിൽ സാറെന്നും അല്ലാത്തപ്പോൾ പേരും വിളിച്ചിരുന്ന ‘ഉന്നത’നായ ഉദ്യോഗസ്ഥനെ അറിയാം. അദ്ദേഹം മന്ത്രിയാഫീസിലെ ഉഴപ്പനും മനുഷ്യത്വമില്ലാത്തവനുമായ ഗുമസ്തൻ സുബ്രഹ്മണ്യനെ വിളിക്കുന്നത് ‘സ്വാമി’ എന്ന്.

കറുത്തിരിക്കുന്ന ചിലരെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. “നിറം നോക്കി തീരുമാനിക്കണ്ട കേട്ടോ. ആള് കൂടിയ ജാതിയാ.” അവിടെ ജാതി നിറക്കുറവിന് പരിഹാരമാകുന്നു. ജാതിയും നിറവും ‘കുറഞ്ഞ’തായാൽ ഒരാൾ പെട്ടു.

പ്രവാസ ജീവിതത്തിനിടയിൽ കേട്ട ഒരു കമന്റ്. ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുള്ള ഒരാളിൽ നിന്ന് കേട്ടത്. “നാട്ടിലെ പറമ്പിൽ തേങ്ങ വെട്ടാൻ ആളെക്കിട്ടുന്നില്ല. അവിടെയിപ്പോൾ തെങ്ങുകയറ്റക്കാരുടെ മക്കളെല്ലാം കമ്പൂട്ടർ എഞ്ചിനീയർമാരല്ലേ. അവന്മാർക്കിനി തെങ്ങിൽ കയറാൻ നാണക്കേടല്ലേ.” തെങ്ങുകയറ്റക്കാരന്റെ മകനുള്ള എല്ലാ അവയവങ്ങളും അതുപോലെ തന്നെ ഉള്ള സ്വന്തം മകനോട് അദ്ദേഹം തെങ്ങിൽ കയറാൻ പറയില്ല. കമ്പ്യൂട്ടർ എഞ്ചിനീയറാകേണ്ടവൻ തെങ്ങിൽ കയറുകയോ?

സ്വയം നല്ല നായരെന്നും കൂടിയ കൃസ്ത്യാനിയെന്നും ഒക്കെ അവകാശപ്പെടുന്നവർ നമുക്കിടയിൽത്തന്നെയുണ്ട്. സിനിമയിലും ഉണ്ട് അത്തരം വരികൾ പറയുന്നവർ. സ്വന്തം മതത്തിലും ജാതിയിലും തന്നെ തങ്ങളേക്കാൾ താഴെയുള്ളവരുണ്ടെന്ന് കരുതുന്നവരാണ് അവർ. അവർക്കിടയിൽ കുറഞ്ഞ നായരും കുറഞ്ഞ കൃസ്ത്യാനിയും ഉണ്ടെന്ന് പറയുന്നവർ.

ഒരു ബന്ധു ഒരിക്കൽ പറഞ്ഞു. “ആ മേത്തന്റെ ചായക്കടയിൽ ചെന്നാൽ ചില്ലറ മാറാം” എന്ന്. അവിടെ ആകെ ഒരു ചായക്കടയേ ഉള്ളൂ. പിന്നെന്തിനാണ് ‘മേത്തന്റെ’ എന്ന വിശേഷണം?

വീടിനടുത്തുള്ള ജോസഫിനെയും ഭാര്യ മേഴ്സിയെയും അറിയാം. മക്കളുടെ പേരും അറിയാം. എന്നാലും വഴി പറയുമ്പോൾ ആ കൃസ്ത്യാനികളുടെ വീടിനടുത്ത് എന്നാണ് പറയുക. അപ്പോൾ ജോസഫും മേഴ്സിയും ഇല്ല.

മക്കൾ ‘ഉയർന്ന’ ജാതിക്കാരെ കല്യാണം കഴിച്ചതിനാൽ അവരെ വീടിന് പുറത്താക്കിയ ‘താഴ്ന്ന’ ജാതിക്കാരായ മാതാപിതാക്കളെയും അറിയാം. ചിലയിടത്ത് ജാതി പ്രശ്നം മേലോട്ടും ഉണ്ട്. ഈഴവരുടെ വീടുകളിലെ ചർച്ചയിൽ ‘കൂടിയ’ നായന്മാർ ‘ എല്ലാം ‘ചൂത്തരന്മാർ’ ആണ്’. നാരായണ ഗുരുവിന്റെ പ്രതിമയും ചില്ലിട്ട അദ്ദേത്തിന്റെ വചനങ്ങളും സ്വീകരണ മുറിയിൽ തന്നെ കാണും.

സമൂഹത്തിൽ ഇതുപോലെയൊക്കെയുള്ളവർ ധാരാളമാണ്. ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് ചോദിക്കുന്നവർ എന്നും പത്രം വായിക്കണം.

സിനിമയിലെ അനിൽ രാധാകൃഷ്ണൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ അയാളുടെ സിനിമകൾ ബഹിഷ്ക്കരിക്കണം. പാലക്കാട് മെഡിക്കൽ കോളേജ് പിൻസിപ്പലിന്റെ നടപടിയെപ്പറ്റി അന്വേഷണം വേണം. മെഡിക്കൽ വിദ്യാർത്ഥികളെ പുസ്തകത്തിന് പുറത്തുള്ള കാര്യങ്ങൾ വായിക്കാൻ പ്രേരിപ്പിക്കണം.

ഡോ: എസ്. എസ്. ലാൽ