Share The Article

S S Lal

ജീവിതത്തിലെ നഴ്‌സുമാർ

കുട്ടിക്കാലം മുതൽ ചില നഴ്‌സുമാരെ അറിയാം. ആരോഗ്യവകുപ്പിലായിരുന്ന അച്ഛനെയോ അമ്മയെയോ കാണാൻ വീട്ടിൽ വന്നിരുന്ന ആന്റിമാർ. അല്ലെങ്കിൽ അവരുടെ കൂടെ ജോലി ചെയ്തവർ. അവരിൽ ചിലർ പിൽക്കാലത്ത് അടുത്ത കുടുംബസുഹൃത്തുക്കളായി മാറി.

കൗസല്യ ആന്റി ഒരു നഴ്‌സ് ആയിരുന്നു. ഞാൻ സ്‌കൂൾ കുട്ടിയായിരിക്കുമ്പോൾ കൗസല്യ ആൻറി ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ ഇടപെടൽ നടത്തി. നടുക്കടലിൽ നിന്നും ഞങ്ങളുടെ ജീവിതം അവർ രക്ഷപെടുത്തി എന്ന് പറയുന്നതാവും ശരി.

സംഭവം ഇങ്ങനെ. അച്ഛന് ഒരു കടുത്ത രോഗബാധയുണ്ടായി. അച്ഛൻറെ ഒരു സുഹൃത്ത് ഡോക്ടർ അദ്ദേഹം പ്രവർത്തിക്കുന്ന ഒരു സ്വകാര്യാശുപത്രിയിൽ അച്ഛനെ പ്രവേശിപ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ രോഗം ഗുരുതരമായി. അമ്മയും അച്ഛനൊപ്പം ആശുപത്രിയിലാണ്. അനിയത്തിയും ഞാനും സ്‌കൂൾ കുട്ടികൾ. കുഞ്ഞമ്മയും അമ്മാവനുമൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്. പക്ഷേ, ആശുപത്രിയിലെ വിവരങ്ങളൊന്നും ആരും ഞങ്ങളോട് പറഞ്ഞില്ല. എന്തെങ്കിലും ചോദിച്ചാൽ അതൊന്നും കുട്ടികൾ അന്വേഷിക്കേണ്ട എന്ന മറുപടി.

അച്ഛൻറെ രോഗം വലിയ പ്രശ്നമാണെന്ന് മറ്റുള്ളവരുടെ സംഭാഷണങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു. അച്ഛൻ മരിച്ചാൽ തുടർന്നുള്ള കാര്യങ്ങളെപ്പറ്റി വീടിനകത്തെ മുറിയിൽ ചില മുതിർന്നവർ ചർച്ച ചെയ്യുന്നത് ഞാനും അനിയത്തിയും കേട്ടു. ഞങ്ങൾ രണ്ടും മാറി നിന്ന് കരഞ്ഞു. കരയാൻ മാത്രം അറിയുന്ന പ്രായം. കരഞ്ഞതിനും ആരോ വഴക്കു പറഞ്ഞു. വീട്ടിൽ അച്ഛനും അമ്മയും ഇല്ലെങ്കിൽ ആർക്കും വഴക്കു പറയാമല്ലോ. ഞങ്ങളോട് വലിയ സ്നേഹമുള്ള ഒരാളെങ്കിലും ഞങ്ങളെ ഒരു പ്രാവശ്യം അവരുടെ ശരീരത്തോടെ ചേർത്തു പിടിച്ച്, ഒന്ന് കെട്ടിപ്പിടിച്ച്, ആശ്വസിപ്പിച്ചില്ല. അന്ന് ബന്ധുക്കളിൽ നിന്ന് കിട്ടാത്ത ഒരു ആലിംഗനവും ആശ്വാസ വാക്കുകളും തിരിഞ്ഞു നോക്കുമ്പോൾ ജീവിത വഴിയിലെ ശൂന്യമായ ഒരിടം തന്നെയാണ്. എല്ലാവരും സ്നേഹമുള്ള മനുഷ്യർ തന്നെയായിരുന്നു. പക്ഷേ, സ്വന്തം അമ്പരപ്പിനും ദുഖത്തിനുമിടയിൽ കുട്ടികളെ ആശ്വസിപ്പിക്കാൻ അറിയില്ലായിരുന്നു എന്നു മാത്രം.

ഇതിനിടയിൽ അച്ഛൻറെ സുഹൃത്തും സർക്കാരാശുപത്രി നഴ്‌സുമായ കൗസല്യ ആന്റി ചികിത്സയിൽ ഇടപെട്ടു. അവർ വാശി പിടിച്ച് അച്ഛനെ ഒരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സ്വകാര്യാശുപതിയിലെ അച്ഛൻറെ സുഹൃത്ത് ഡോക്ടറും ആന്റിക്കുമുന്നിൽ വഴങ്ങിയിരുന്നു. അദ്ദേഹവും ഏതാണ്ട് പരാജയം സമ്മതിച്ച അവസ്ഥയിലായിരുന്നു. എന്നിട്ട് കൗസല്യ ആൻറി ഞങ്ങളുടെ വീട്ടിൽ വന്ന് കുട്ടികളായ ഞങ്ങളെ ആശ്വസിപ്പിച്ചു. കയ്യിൽ ചില ഭക്ഷണ പദാർത്ഥങ്ങളും കരുതിയിരുന്നു. ഞങ്ങൾ കരഞ്ഞപ്പോൾ ആൻറി ഞങ്ങളെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെ കണ്ണീർ തുടച്ചു. ഒരു പക്ഷേ, ഒരു നഴ്സിന് മാത്രം കിട്ടിയ പരിശീലനമാണത്. ജീവിതത്തിൽ ആരോ ബാക്കിയുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയ നിമിഷങ്ങൾ.

മെഡിക്കൽ കോളേജിൽ എത്തി ദിവസങ്ങൾക്കുള്ളിൽ അച്ഛന് ബോധം തെളിഞ്ഞു. പ്രൊഫസർ സി.കെ. ഗോപി എന്നൊരു പ്രഗത്ഭനായിരുന്നു ഡോക്ടർ. കൗസല്യ ആന്റിയുടെ സുഹൃത്തും. അദ്ദേഹത്തിൻറെ വിദഗ്ദ്ധ ചികിത്സയിൽ അച്ഛൻറെ രോഗം പതിയെ ഭേദമാകാൻ തുടങ്ങി. ഒരു മാസത്തിലധികം അച്ഛൻ മെഡിക്കൽ കോളേജിലും കിടന്നു. രോഗം മാറിവന്നപ്പോൾ അച്ഛനെ സന്ദർശിക്കാൻ ഞങ്ങളെയും കൊണ്ടുപോയി. ശരീരം എല്ലുമാത്രമായി, താടിയൊക്കെ വളർന്ന്, കട്ടിലിൽ അവശനായി കിടന്ന മനുഷ്യൻ അച്ഛനാണെന്ന് വിശ്വസിക്കാൻ കുട്ടികൾ ഞങ്ങൾക്ക് പ്രയാസമായിരുന്നു. അച്ഛൻ ഞങ്ങളെ നോക്കി ചിരിച്ചപ്പോഴാണ് ആളെ മനസ്സിലായത്. 1972 – ൽ നഷ്ടപ്പെടുമായിരുന്ന ആ ചിരി 2012 വരെ നീട്ടിക്കിട്ടിയതിനു പ്രധാന കാരണം ആ കൗസല്യ ആൻറി. ഒരു നഴ്സ്.

കരളിൽ ഒളിഞ്ഞിരുന്ന ആ പഴയ രോഗമാണ് നാൽപതു വർഷത്തിന് ശേഷം കാൻസറായി വന്ന് 2012-ൽ അച്ഛനെ വീഴ്ത്തിയത്. പിന്നീട് കൗസല്യ ആന്റിയും മരിച്ചപ്പോൾ അവരുടെ മക്കൾക്കൊപ്പം ഞാനും വേദനിച്ചു. നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഞാൻ സമയമുണ്ടാക്കി കൗസല്യ ആന്റിയെ കണ്ടിരുന്നതിനു കാരണം മറ്റൊന്നല്ല. ഡോ: സി.കെ. ഗോപി ചെറുപ്പത്തിൽ മരിച്ചുപോയി. പിൽക്കാലത്ത് അദ്ദേഹത്തിൻറെ മകൾ ഡോ: മീരയും മരുമകൻ ഡോ: കുര്യനും മരുമകൾ ലതാ കൃഷ്ണനും ഒക്കെ എന്റെ അടുത്ത സുഹൃത്തുക്കളായി മാറിയത് മറ്റൊരാശ്വാസം.

1983 – ൽ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിക്കാൻ ചേർന്നു. പ്രവശന പരീക്ഷ ആരംഭിച്ച കാലം. ആ വർഷം കേരളത്തിൽ ബി.എസ്.സി. നഴ്സിങ്ങും ആരംഭിച്ചിരുന്നു. നഴ്സിങ് പഠനത്തിൽ കാതലായ മാറ്റം സൃഷ്ടിച്ച ഒരു തീരുമാനം. ഞങ്ങളുടെ സമയത്ത് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയ പല കുട്ടികളും അടിസ്ഥാന പ്രീ ഡിഗ്രി പരീക്ഷയിൽ ഞങ്ങളെക്കാൾ മാർക്ക് ഉള്ളവരായിരുന്നു. പ്രവേശന പരീക്ഷയിൽ അല്പം പിറകിലായിപ്പോയവർ. പ്രവേശന പരീക്ഷാ കോച്ചിങ് കിട്ടാതെ പോയ ചിലർ.

ചില കുട്ടികൾ നഴ്സിങ് തന്നെ തെരഞ്ഞെടുത്ത് വന്നവരായിരുന്നു. പഠനം പൂർത്തിയാക്കി അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോകുകയെന്ന തീരുമാനവുമായി. ആ സുഹൃത്തുക്കളിൽ കലയും ഷെറിയും ഷഹിയും ഒക്കെ പഠനം കഴിഞ്ഞയുടൺ അമേരിക്കയിൽ എത്തി. ഇവരൊക്കെ മിടുക്കരായതിനാൽ അമേരിക്കയിൽ വീണ്ടും കുറെ വർഷങ്ങൾ പഠിച്ചു. അങ്ങനെ അവരെല്ലാം നഴ്‌സ് പ്രാക്ടീഷണർമാരായി. പല മരുന്നുകളും കുറിക്കാനും ഫിസിക്കൽ തെറാപ്പി തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാനും മരണ സർട്ടിഫിക്കറ്റ് ഉൾപ്പടെ കൊടുക്കാനും ഒക്കെ അനുവാദമുള്ള പ്രാക്ടീഷണർമാർ. അമേരിക്കയിൽ വന്നതിനു ശേഷവും പല നഴ്‌സ് പ്രാക്ടീഷണർമാരെ പരിചയെപ്പെട്ടു. അടുത്തിടെ പരിചയപ്പെട്ട ശ്രീജ ഉൾപ്പെടെ നിരവധി സമർത്ഥരായ മലയാളികൾ. അന്ന് നഴ്സിങ് കോളേജിൽ പഠിച്ച റോയ്, ഭാസൻ തുടങ്ങിയവരും ജൂനിയറായ പ്രദീപും ഒക്കെ ഇപ്പോഴും അടുത്ത സുഹൃത്തുക്കൾ. ലോകത്തിൻറെ പല ഭാഗങ്ങളിൽ. ഇപ്പോൾ നാട്ടിൽ ഐ.എ.എസ്. എടുക്കുന്ന മിടുക്കി നഴ്സുമാരും.

1999 – ൽ ലോകാരോഗ്യ സംഘടനയിൽ ജോലി കിട്ടി ഡൽഹിയിൽ മൂന്നാഴ്ച പരിശീലനം നടക്കുന്ന സമയം. പല ദിവസങ്ങളിലും ഫീൽഡ് വിസിറ്റും ഉണ്ട്. ഒരു ദിവസം ഡൽഹിയിലെ സർക്കാർ ആശുപത്രികളായിരുന്നു സന്ദർശനം. എൻറെ ചെറിയ ഗ്രൂപ്പ് സന്ദർശിച്ചത് ഡൽഹി മുനിസിപ്പൽ കോർപറേഷൻറെ ഒരു വലിയ ആശുപത്രിയായിരുന്നു എന്നാണ് ഓർമ്മ.

രാവിലെ തന്നെ ഞങ്ങൾ ആ ആശുപത്രിക്കകത്ത് എത്തിക്കഴിഞ്ഞിരുന്നു. ആശുപത്രിയും രോഗികളും ഒക്കെ പതിയ സജീവമായി വരുന്നതേയുള്ളൂ. അതിനിടയിൽ എന്തോ കാര്യം അന്വേഷിക്കാനായി ഞാൻ ഒരു മുറിയിലേയ്ക്ക് കയറി. അവിടെ ഒരു വലിയ മേശയ്ക്കു ചുറ്റും മൂന്ന് നഴ്‌സുമാർ ചർച്ചയിലാണ്. സീനിയർ നഴ്‌സുമാർ, അവരുടെ യൂണിഫോം കണ്ടാലറിയാം.

ആ നഴ്‌സുമാർ ആശുപത്രിയിലെ അന്നത്തെ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് കാഴ്ചയിൽ മനസ്സിലായി. ഞാൻ ഇംഗ്ളീഷിൽ സംസാരിക്കാൻ തുടങ്ങിയത് കേട്ടപ്പോൾ ഒരു നഴ്‌സ് എന്നോട് മലയാളിയാണോ എന്ന് ചോദിച്ചു. അതിനിടെ മറ്റൊരാൾ എന്നെ തിരിച്ചറിഞ്ഞു. ഏഷ്യാനെറ്റിലെ പൾസ് പരിപാടിയിലെ ഡോക്ടർ?! പെട്ടെന്ന് മൂന്നുപേർക്കും എന്നെ മനസ്സിലായി. തീർത്തും അവിശ്വസനീയമായിരുന്നു ആ സംഭവം. എന്നെ തിരിച്ചറിഞ്ഞതല്ല അതിശയം. അവർ മൂന്നുപേരും മലയാളികൾ ആയിരുന്നു എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. അതും ഹെഡ് നഴ്‌സുമാർ. ഇത് ഡൽഹിയിൽ വലിയ അതിശയമില്ല എന്നാണ് ആ സിസ്റ്റർമാർ അന്ന് എന്നോട് പറഞ്ഞത്. ഈ കഥ ഒരിക്കൽ ഞാൻ ഡൽഹി മനോരമയിൽ എഴുതിയിരുന്നു.

ഞാനും സന്ധ്യയും ഈ വർഷവും ത്രിരുവനന്തപുരത്തെ ഒരു മിടുക്കി പെൺകുട്ടിയെ നഴ്സിങ്ങിന് പഠിക്കാൻ പ്രേരിപ്പിച്ചു. മേഘ വത്സരാജ്. സുഹൃത്ത് മീരയുടെ മകൾ. അവൾക്ക് അഡ്മിഷൻ കിട്ടി. കഴിഞ്ഞയാഴ്ച ക്ലാസ് തുടങ്ങി. ജീവിതത്തിനു മുന്നിലെ തൽക്കാല വെല്ലുവിളികളെ നേരിടാൻ വേണ്ടി പെട്ടെന്ന് സജ്ജയാകാൻ ഇതിലും നല്ലൊരു കോഴ്സ് പറഞ്ഞുകൊടുക്കാൻ ഞങ്ങൾക്കറിയില്ലായിരുന്നു.

ലോകത്ത് നഴ്‌സുമാരുടെ ജോലി സാദ്ധ്യത ഒരിക്കലും തീരില്ല. നഴ്സിംഗിൽ സ്പെഷ്യലൈസേഷനുകളും കൂടിവരികയാണ്. ഹൃദയശസ്ത്രക്രിയയ്ക്കും മറ്റും ഓപ്പറേഷൻ തീയറ്ററിൽ പ്രത്യേക പരിശീലനവും വൈദഗ്ദ്ധ്യവുമുള്ള നഴ്സുമാർ തന്നെ വേണം. ഇതിനെല്ലാം പുറമെ ലോകം മുഴുവനും വയസ്സായവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കയാണ്. പ്രത്യേകിച്ചും ധനിക രാഷ്ട്രങ്ങളിൽ. ഇവിടെയൊക്കെ നല്ല നഴ്‌സുമാരെ വേണം, വൃദ്ധരുടെ ചികിത്സയ്ക്കും പരിചരണത്തിനും ഒക്കെ. ഫിലിപ്പൈൻസ് പോലുള്ള ചില രാജ്യങ്ങളിൽ മെഡിസിൻ പഠനത്തിന് ശേഷം വീണ്ടും നഴ്സിംഗ് പഠിച്ച ഡോക്ടർമാരെ അറിയാം. അമേരിക്കയിലൊക്കെ എത്തിപ്പെടാനുള്ള എളുപ്പത്തിനായി.

പല സമ്പന്ന രാജ്യങ്ങളിലും നഴ്‌സ്മാരുടെ തൊഴിൽ സാദ്ധ്യത ആശുപത്രി നഴ്‌സ് ആയി മാത്രമല്ല. നഴ്‌സ് പ്രാക്ടീഷണറായും മാത്രമല്ല. പല രാജ്യങ്ങളിലും നഴ്‌സുമാർ പിന്നീട് പല കോഴ്‌സുകളും പഠിക്കുന്നു. ഞാൻ തിമോറിൽ ലോകാരോഗ്യ സംഘടനയിൽ ജോലി ചെയ്യുമ്പോൾ എൻറെയൊപ്പം ഇന്റേൺഷിപ്പിനു വന്ന ആസ്ട്രേലിയക്കാരിയായ നഴ്‌സ് ലൂസി നിജാം ഇപ്പോൾ ഡോക്ടർ ലൂസി നിജാം ആണ്. അവർ വീണ്ടും ആസ്‌ട്രേലിയയിൽ മെഡിസിൻ പഠിച്ചു. ഇവിടെ അമേരിക്കയിലൊക്കെ കൂടുതൽ പഠിച്ച് എം.പി.എച്ച് ഡിഗ്രിയും, പി.എച്.ഡി.യും ഒക്കെ എടുക്കുന്ന നഴ്‌സുമാർ ധാരാളമുണ്ട്. ലോകാരോഗ്യ സംഘടനയിലെ ചില ആഗോള സമിതികളിൽ എന്റെയൊപ്പം ഇരിക്കുന്ന പലരും ഇങ്ങനെ ഉപരി പഠനം നടത്തി വലിയ ഡിഗ്രികളും ഉയർന്ന ജോലികളും നേടിയ നഴ്സുമാരാണ്. അതി സമർത്ഥരും.

ഏഷ്യാനെറ്റ് നഴ്സുമാർക്ക് ഏർപ്പെടുത്തിയ അവാർഡ് സമ്മാനിക്കുന്ന ചടങ്ങ് ടെലിവിഷനിൽ കണ്ടപ്പോഴാണ് ഇതെഴുതാൻ തോന്നിയത്. അവാർഡ് ഏർപ്പെടുത്തിയ ഏഷ്യാനെറ്റിൻറെ തീരുമാനം വളരെയധികം പ്രശംസയർഹിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ശ്രീ. എം.ജി. രാധാകൃഷ്ണനുമായും അനിൽ അടൂരുമായും ഇതിൻറെ തുടക്കത്തിലെ ചർച്ചകളിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്ന കാര്യത്തിൽ ചാരിതാർത്ഥ്യവും എനിക്കുണ്ട്.

ഒന്നുരണ്ടു കാര്യങ്ങൾ കൂടി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. മെഡിസിൻ പാസായി ഹൗസ് സർജൻസി തുടങ്ങിയ ദിനങ്ങൾ. ആദ്യ ദിവസങ്ങളിൽ രാത്രി വാർഡിൽ ഡ്യൂട്ടി എടുക്കാൻ പേടിയാണ്. ഉറങ്ങാത്തവന് കാംപോസ് കൊടുക്കാൻ സിസ്റ്റർ പറയും. എഴുതാൻ അധികാരം നമുക്കാണ്. പേടി കാരണം ഇങ്ങനെ പല മരുന്നും എഴുതാനറയ്ക്കുമ്പോൾ ധൈര്യം തന്ന ഏലിക്കുട്ടി സിസ്റ്ററും സാവിത്രി സിസ്റ്ററും എന്നും ഗുരുസ്ഥാനത്തു തന്നെയാണ്. ഹെഡ് സിസ്റ്റർമാറായിരുന്നു ഇരുവരും. ഞങ്ങളുടെ ചില പ്രൊഫസർമാരുടെ പഴയ ക്ലാസ്സ്മേറ്റുകളും. ആശുപത്രിയിൽ പ്രൊഫസർമാരുടെ ഏറ്റവും വിശ്വസ്തരും. പണ്ട് ഞാനെഴുതിയ നോവലിൽ ഇരുവരും കഥാപാത്രങ്ങളാണ്.

ഏറ്റവുമടുത്ത സുഹൃത്ത് ഡോക്ടർ ഹേമചന്ദ്രൻറെ അച്ഛൻ ഡോക്ടറും അമ്മ നഴ്സും ആയിരുന്നു. ആ അമ്മ നാട്ടിൽ നഴ്സമ്മ ആയിരുന്നു. ഹേമനെ പരിചയപ്പെട്ടപ്പോൾ ഞങ്ങൾക്കും അമ്മയായി. മെഡിക്കൽ കോളേജിലെ പല അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഭാര്യമാർ നഴ്‌സുമാരാണ്. ആശുപത്രിയിലെ സൗഹാർദ്ദം വീട്ടിലേയ്ക്കു പടർത്തിയവർ !

ഡോ: എസ്.എസ്. ലാൽ

 

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.