കേരളത്തിൽ നിന്ന് ബിജെപിക്കൊരു എംപി ഉണ്ടായാൽ ഉത്തരവാദി ട്രോളന്മാർ

703

മാധ്യമപ്രവർത്തകനായ SA Ajims എഴുതുന്നു

കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി എംപി ഉണ്ടായാൽ അതിന് ഒരു കാരണം, ഒരു പ്രധാന കാരണം ട്രോളന്മാരായിരിക്കും.
ട്രോളുകൾ വഴി ഉണ്ടാക്കിക്കൊടുത്ത വിസിബിലിറ്റി മാത്രമല്ല. അതും ഒരു പ്രധാന ഘടകമാണ്. അതു കൊണ്ടാണ് എന്നെ ട്രോളിക്കോളൂ എന്ന് കണ്ണന്താനം ആവശ്യപ്പെട്ടത്.

SA Ajims

ഫാഷിസ്റ്റുകളെ മണ്ടൻമാരായി ചിത്രീകരിക്കുന്നതാണ് ട്രോളൻമാർ ചെയ്യുന്ന ഏറ്റവും വലിയ അപരാധം. അവർ മണ്ടൻമാരല്ല. നമ്മളെ എല്ലാവരെയും പോലെ ബുദ്ധി ഉള്ളവരാണ്.

അങ്ങനെ ചെയ്യുന്നതിന്റെ ഒരു അപകടം, സ്ഥിരമായി വില്ലൻ കഥാപാത്രം ചെയ്യുന്നവർ കോമാളി വേഷങ്ങൾ ചെയ്യുമ്പോൾ പ്രേക്ഷകർക്കിടയിൽ കിട്ടുന്ന സ്വീകാര്യത അവർക്ക് കിട്ടുന്നു എന്നതാണ്. കൊച്ചിൻ ഹനീഫ, ജനാർദനൻ, ബാബുരാജ് എന്നിവർ ഉദാഹരണം.

ഫാഷിസ്റ്റുകളുടെ മൂല്യബോധത്തിലാണ് പ്രശ്നം. അടിസ്ഥാനപരമായി അവർ അവരെ ബോധ്യപ്പെടുത്തിയ തരത്തിൽ ഭയചകിതരാണ്. അവർക്ക് ആഭ്യന്തര ശത്രുക്കളുണ്ട്. ആ ശത്രുവിനെതിരെ അവർ ഒരു പിതൃബിംബത്തെ അന്ധമായി പിൻപറ്റുന്നു. സ്വന്തം ചിന്താശേഷി, മൂല്യബോധം, മന:സ്സാക്ഷി എന്നിവ അതിന് മുന്നിൽ സമർപ്പിക്കുന്നു. ശത്രുവിനെതിരെ വ്യക്തിപരമായ ചിന്താശേഷി, മൂല്യബോധം, മനഃസ്സാക്ഷി എന്നിവ ഉപയോഗിക്കുന്നതിന് പകരം ആ പിതൃബിംബം, അനുശാസിക്കുന്നത് മാത്രം അനുസരിക്കുന്നു. അവിടെ ശരി, തെറ്റ് നന്മ- തിന്മ ഇവയ്ക്ക് ഒരു സ്ഥാനവുമില്ല.

ഇതേ ഭയം അവർ മറ്റുള്ളവർക്ക് പകർന്ന് നൽകുന്നു. സ്വന്തം ബുദ്ധിശക്തിയും കായിക ശേഷിയും ആ പിതൃബിംബത്തിനു വേണ്ടി ഉപയോഗിക്കുന്നു. നുണയാണെന്ന ഉറച്ച ബോധ്യത്തോടെ കള്ളം പറയുന്നു. മാനുഷികമായ പല ലോല വികാരങ്ങളും അവരെ സ്വാധീനിക്കില്ല. അത് അവരെ ആ പിതൃബിംബത്തിൽ നിന്ന് വ്യതിചലിപ്പിച്ചേക്കാം എന്ന വർ ഭയക്കുന്നു. അങ്ങനെ വ്യതിചലിക്കപ്പെട്ട ഒരാളാണ് മോദി. അതുകൊണ്ടാണ് ലൗകികമായ ആഗ്രഹങ്ങൾ, പേരു തുന്നിയ കോട്ട്, ലോകം ചുറ്റാൻ മോഹം ഒക്കെ ഉണ്ടാവുന്നത്. ആ അർത്ഥത്തിൽ മോദിയെക്കാൾ ഉറച്ച ഫാഷിസ്റ്റ് ആണ് കുമ്മനം.

വ്യക്തിപരമായ അടുപ്പത്തിന്റെ പുറത്ത് ഒരു സംഘിയോട് ഒരിക്കൽ ചോദിച്ചു. നുണയാണെന്നറിഞ്ഞിട്ടും നിങ്ങളെന്തിനാണ് വർഗീയത മാത്രം പറയുന്നത്? അതൊക്കെ രാഷ്ട്രീയമല്ലേ എന്നായിരുന്നു മറുപടി. അതാണ് അവരുടെ രാഷ്ട്രീയം. അവരതിനെ പാവനമായി കാണുന്നു.

ശബരിമല സംഘ് പരിവാറിന്റെ ദീർഘനാളത്തെ ആസൂത്രണമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്രയും പുരോഗമന പരമായ ഒരു കാര്യത്തിന് വേണ്ടി അവരൊരിക്കലും തുനിഞ്ഞിറങ്ങിയിട്ടില്ല. വിധി വന്നയുടൻ ഞാൻ ഫോളോ ചെയ്യന്ന ഒരു സംഘി പ്രഫൈലിൽ ഞാൻ കണ്ട പോസ്റ്റ് ഇതായിരുന്നു. അയ്യപ്പസേവാ സമാജത്തിന്റെ ശക്തി പിണറായി ഉടൻ അറിയും. രാഷട്രീയ പാർട്ടികളുടെ ഔദ്യോഗിക പ്രതികരണം വരും മുമ്പായിരുന്നു അത്.

ശബരിമല വിഷയത്തിൽ അവർക്ക് ഒരു എം പിയെ കിട്ടിയാൽ, അതിനർത്ഥം മലയാളികളിൽ നല്ലൊരു വിഭാഗം ഫാഷിസ്റ്റ് വൽക്കരിക്ക പ്പെട്ടു എന്ന് തന്നെയാണ്.

അല്ലെങ്കിൽ ഇത്രയും നെല്ലും പതിരും വേർതിരിഞ്ഞ ഒരു സംഭവത്തിൽ മലയാളികൾ അവരെ പിന്തുണക്കില്ല.