ഇതൊരു അന്താരാഷ്ട്ര നെറ്റ് വര്‍ക്കാണ്

113

SA Ajims

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ചാര്‍ജ് ഡി അഫയേഴ്‌സ് റാഷിദ് ഖമീസ് അലി മുസൈഖിരി അല്‍ അഷ്മിയയുടെ പേരില്‍ എത്തിയ പാഴ്‌സലിന് വേണ്ടി സമര്‍പ്പിച്ച ബില്‍ ഓഫ് എന്‍ട്രിയൊടൊപ്പമുള്ള രേഖകള്‍ ക്രമപ്രകാരമല്ലെന്നും പല രേഖകളിലും ഒപ്പുവെച്ചിട്ടില്ലെന്നുമുള്ള ഇന്റലിജന്സ് വിവരം കസ്റ്റ്ംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിക്കുന്നു.ഇതിന്റെ ഭാഗമായി ഞായറാഴ്ച കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തിരുവനന്തപുരത്തെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെത്തി ബാഗ് പരിശോധിക്കുന്നു.

കോണ്‍സലേറ്റ് ചാര്‍ജ് ഡി അഫയേഴ്‌സ് നേരത്തെ നല്‍കിയ ഇന്‍വോയിസ് പ്രകാരം അദ്ദേഹത്തിന്റെ കുടുംബമാണ് പാഴ്‌സല്‍ അയക്കുന്നത്. എന്നാല്‍ ഈ ഇന്‍വോയ്‌സ് ഇഷ്യൂ ചെയ്തത് ഷാര്‍ജയിലെ അല്‍ സാത്തര്‍ സ്‌പൈസസ് ട്രേഡിങ് കമ്പനിയാണ്. അതില്‍ ഈന്തപ്പഴം, പാല്‍പ്പൊടി, ഓട്‌സ്, മാഗി കറി പാക്കറ്റ്, ബട്ടര്‍ കുക്കീസ്, നൂഡില്‍സ്, എന്നിവയാണ്. സംശയത്തെ തുടര്‍ന്ന് പാഴ്‌സല്‍ തുറന്ന് നോക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടുന്നു. ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അനുമതി നല്‍കുന്നു.

പാഴ്‌സലില്‍ 19 പാക്കറ്റ് വ്യത്യസ്ത തരം നൂഡില്‍സ്, രണ്ട് പാക്കറ്റ് ക്വാക്കര്‍ ഓട്‌സ്, ഒരു പാക്കറ്റ് ടാങ്, മൂന്ന് പാക്കറ്റ് ഗുഡ് ഡേ ചങ്കീസ്, ഒരു പാക്കറ്റ് നെസ് ലേ പാല്‍പ്പൊടി, ഒരു കിലോ ഈത്തപ്പഴം എന്നിവ കണ്ടെത്തി. ഇതു കൂടാതെ പത്ത് സ്പാനിഷ് നിര്‍മിത താഴുകള്‍, ആറ് ടാപ്പുകള്‍, ഒരു ചൈനീസ് നിര്‍മിത പിസ്റ്റള്‍, ഒരു ജോഡി നൈകി ഷൂ, ഒരു പോര്‍ട്ടബ്ള്‍ കംപ്രസര്‍ ഒരു ക്യാരി ബാഗ് എന്നിവയുമുണ്ടായിരുന്നു. ചാര്‍ജ് ഡി അഫയേഴ്‌സിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഭക്ഷ്യവസ്തുക്കള്‍ തന്റെ കുടുംബം അയച്ചതാണെന്നും മറ്റുള്ളവ എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. ലോക്ക്, ടാപ്പ്, പിസ്റ്റള്‍ , കംപ്രസര്‍ എന്നിവയില്‍ നിന്ന് സിലിണ്ടര്‍ രൂപത്തിലും റൗണ്ട് രൂപത്തിലുമുള്ള 30244.9 ഗ്രാം സ്വര്‍ണം കണ്ടെത്തി. 14.82 കോടി രൂപ വിലമതിക്കും. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ ഓ ആയ സരിത് ആണ് തനിക്കുള്ള പാഴ്‌സലുകളെത്തിക്കുന്നതിന് സഹായിക്കുന്നതെന്ന് കോണ്‍സല്‍ ചാര്‍ജ് ഡി അഫയേഴ്‌സ് കസ്റ്റംസിനോട് പറഞ്ഞതോടെയാണ് സരിത് അറസ്റ്റിലാവുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവുന്നതിന് മുമ്പ് തന്റെ ഫോണ്‍ സരിത് ഫോര്‍മാറ്റ് ചെയ്തിരുന്നു.

സരിത് അറസ്റ്റിലായ ഉടനെ ഡെല്‍ഹിയിലെ യുഎഇ എംബസി ഇക്കാര്യം സ്ഥിരീകരിക്കുകയും അയാള്‍ തങ്ങളുടെ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഓ ആയിരുന്നുവെന്നും പണിയെടുക്കാത്തതിനാല്‍ പിന്നീട് പറഞ്ഞ് വിടുകയായിരുന്നുവെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാഴ്‌സലിന് ഒപ്പമുള്ള ഇന്‍വോയ്‌സില്‍ പറയുന്ന അല്‍ സാത്തര്‍ എന്ന ഷോപ്പിന്റെ ആളുകള്‍ പറയുന്നത് തങ്ങളാര്‍ക്കും പാഴ്‌സലയക്കാറില്ലെന്നാണ്. കസ്റ്റംസ് സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് മനസിലാക്കിയത് സരിത് പാഴ്‌സല്‍ വരുത്താറുള്ളത് ഫാസില്‍ എന്ന് പേരുള്ള ഒരു കടയുടമ വഴിയാണ് എന്നാണ്. ഫാസില്‍ എന്ന ഒരു റീട്ടെയില്‍ കസ്റ്റമര്‍ തങ്ങള്‍ക്കില്ലെന്ന് അല്‍ സാത്തര്‍ കമ്പനിയും പറയുന്നു. സാധാരണ കോണ്‍സലിനുള്ള പാഴ്‌സലുകള്‍ക്കുള്ള കസ്റ്റംസ് ക്ലിയറിങ് ചാര്‍ജ് കോണ്‍സലേറ്റ് തന്നെ ആര്‍ടിജിഎസ് വഴിയാണ് കസ്റ്റംസ് ബ്രോക്കര്‍ക്ക് അടക്കേണ്ടത്. ഇവിടെ സരിത് നേരിട്ടാണ് കസ്റ്റംസ് ക്ലിയറിങ് ചാര്‍ജ് അടച്ചിട്ടുള്ളതെന്നും കസ്റ്റംസ് കണ്ടെത്തി. കാര്‍ഗോ ക്ലിയറന്‍സിനായി സരിത് സ്വയം പരിചയപ്പെടുത്തിയത് കോണ്‍സലേറ്റ് പിആര്‍ഓ ആണെന്നാണ്.

ഇത്രയുമാണ് ഈ സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്. സ്വര്‍ണക്കടത്തിലെ സരിത്തിന്റെ പങ്കാളിയെന്ന് കസ്റ്റംസ് കരുതുന്ന സ്വപ്‌ന ഇപ്പോഴും ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇത് വളരെ ഗൗരവസ്വഭാവമുള്ള ഒരു കേസാണ്. സരിത്, സ്വപ്‌ന എന്നിവര്‍ മാത്രമല്ല ഇതിന് പിറകില്‍. ഈ സ്വര്‍ണം യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് വേണ്ടിയുള്ളതാണ് എന്നതാണ് പ്രധാന ചോദ്യം. മറ്റൊന്ന്, യുഎഇയില്‍ നിന്ന് ഒരു ഡിപ്ലോമാറ്റിക് പാഴ്‌സല്‍ അയക്കാന്‍ നിരവധി നടപടിക്രമങ്ങളുണ്ട്. അയക്കുന്ന രാജ്യത്തിന്റെയും കൈപ്പറ്റുന്ന കോണ്‍സുലേറ്റിന്റെയും അധികാര പത്രം അതിന് വേണം. യുഎഇ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി വാര്‍ത്ത കാണുന്നു. ഇതൊരു അന്താരാഷ്ട്ര നെറ്റ് വര്‍ക്കാണ്.