നാല് വോട്ടിന് വേണ്ടിയുള്ള നിലപാടും തത്വാധിഷ്ഠിത നിലപാടും തമ്മിലുള്ള വ്യത്യാസം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കറിയില്ല

227


എഴുതിയത്: SA Ajims

“കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ക‌‍ര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് ഇന്ത്യയിലെ കനേഡിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി വിയോജിപ്പറിയിച്ചിരുന്നു ഇന്ത്യ. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് ഇന്ത്യന്‍ കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തെ പിന്തുണക്കുമെന്ന് തന്നെയാണ്. ഈ പ്രസ്താവന ഇന്ത്യയുമായുള്ള ബന്ധം വഷളാക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ ലോകത്തെവിടെയുമുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളെ കാനഡ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി.

വിയോജിപ്പുകള്‍ക്കെതിരെ അക്രമമല്ല, മറിച്ച് ചര്‍ച്ചയും സമാധാനവുമാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ട്രൂഡോയുടെ നിലപാട് കാപട്യമാണെന്നും കനഡയിലെ സിഖുകാരുടെ വോട്ട് നേടാനുള്ള തന്ത്രമാണ് ഇതെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍. നരേന്ദ്ര മോദി സര്‍ക്കാരിലുള്ളതിനേക്കാള്‍ കൂടുതല്‍ സിഖ് മന്ത്രിമാരുണ്ട് ട്രൂഡോയുടെ മന്ത്രിസഭയില്‍. കനഡയിലെ സിഖ് ജനസംഖ്യ വെറും അഞ്ച് ലക്ഷമാണ്. അതായത് കാനഡയിലെ മൊത്തം ജനസംഖ്യയുടെ 1.4%.

അനിതാ ആനന്ദ്, നവ്ദീപ് ബ്രെയിന്‍സ്, ബര്‍ദീഷ് ചഗ്ഗര്‍, ‍ഹര്‍ജിത് സജ്ജന്‍, അമര്‍ജിത് സോഹി എന്നിവരാണ് സിഖ്-പഞ്ചാബ് വംശജരായി ട്രൂഡോ മന്ത്രിസഭയിലുള്ളത്. ഇവരെ കൂടാതെ സോമാലിയ, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് കുടിയേറ്റക്കാരായോ അഭയാര്‍ത്ഥികളായോ എത്തിയ മൂന്ന് പേര്‍ ട്രൂഡോ മന്ത്രിസഭയിലുണ്ട്. നാല് വോട്ടിന് വേണ്ടിയുള്ള നിലപാടും തത്വാധിഷ്ഠിത നിലപാടും തമ്മിലുള്ള വ്യത്യാസം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് മനസിലാകില്ല.”