എന്തിനാണ് ഈ മാതിരി തെറിയെല്ലാം വാങ്ങിക്കൂട്ടി ഇങ്ങോരീ കഷ്ടപ്പെടുന്നതെന്ന് ? അതാണ് അങ്ങോരെ ഏല്‍പിച്ചിട്ടുള്ള ദൗത്യം

178

SA Ajims writes,

“മുന്‍ ഡിജിപി ( അങ്ങനെ തന്നെ വിളിക്കും, കാരണം വഴിയെ പറയാം) ഒരു മണ്ടനോ വിവരദോഷിയോ അല്ല, ചാണകം വിറ്റ് കിട്ടിയ പൈസ കൊണ്ടു വാങ്ങിയതുമല്ല ആ ഡോക്ടറേറ്റ്. കേരളത്തിലെ മറ്റേതൊരു ഐപിഎസ് ഉദ്യോഗസ്ഥനെയും പോലെ പ്രാഗല്‍ഭ്യം ഉള്ളതു കൊണ്ട് കിട്ടിയതാണ് ആ ഐപിഎസ്.

വിരമിച്ച ശേഷം അദ്ദേഹം ഫേസ്ബുക്കിലൊക്കെ ഷെയര്‍ ചെയ്യുന്ന പച്ചക്കള്ളങ്ങളും വര്‍ഗീയവിഷവും പോലും കള്ളമാണെന്നറിഞ്ഞ് തന്നെയാണ് അങ്ങോര്‍ നമുക്ക് മുമ്പില്‍ വിളമ്പുന്നത്. അല്ലാതെ, വിവരക്കേടോ സംഘിയയാതിന് ശേഷം വരുന്ന പരിണാമമോ അല്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും, എന്തിനാണ് ഈ മാതിരി തെറിയെല്ലാം വാങ്ങിക്കൂട്ടി ഇങ്ങോരീ കഷ്ടപ്പെടുന്നതെന്ന്. അതാണ് അങ്ങോരെ ഏല്‍പിച്ചിട്ടുള്ള ദൗത്യം.

നിങ്ങള്‍ ഫേസ്ബുക്കില്‍ കാണുന്ന പത്തോ രണ്ടായിരം ആളുകളാണ് മുന്‍ ഡിജിപിയുടെ പോസ്റ്റിനടയില്‍ പോയി തള്ളക്ക് വിളിക്കുക. ഡിജിപിയുടെ ഒരു പോസ്റ്റ് മൂപ്പരുടെ പേജിന്റെ ലിങ്കോടെ വാട്‌സാപ്പില്‍ എത്ര ലക്ഷമാണ് പ്രചരിക്കുക എന്നറിയാമോ? അത് വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ വിളിക്കുന്ന തെറികളാരും കാണില്ല. ഡോ. ടിപി സെന്‍കുമാര്‍ മുന്‍ ഡിജിപി എന്ന പേരില്‍ അങ്ങോര്‍ പറയുന്ന പച്ചക്കള്ളങ്ങളെല്ലാം സത്യവും ആധികാരികവുമെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ കേരളത്തിലുണ്ട്. ആ മനുഷ്യരെല്ലാം ബിജെപിക്ക് വോട്ടു ചെയ്യുന്നവരാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

കേരളത്തില്‍ ബിജെപിയുടെ, സംഘ്പരിവാറിന്റെ പ്രധാന പ്രവര്‍ത്തനം ശാഖകളിലോ പഞ്ചായത്ത് കമ്മിറ്റികളിലോ അല്ല.ബിജെപിക്ക് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസുകള്‍ പോലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ പോലുമില്ല. അവര്‍ വാട്‌സാപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ ബില്ലിനെ എതിര്‍്കുന്ന പ്രകടനങ്ങളും വാഗ്‌ധോരണികളും കൊണ്ട് സമ്പന്നമാണ് ഫേസ്ബുക്കും ട്വിറ്ററും. എന്നാല്‍ നിങ്ങളൊരിക്കലും കാണാനിടയില്ലാത്ത വിധം, കേരളത്തിലെ നിരവധി റസിഡന്റ് അസോസിയേഷനുകള്‍, സ്‌കൂള്‍ അലുംനികള്‍, ഉല്‍സവക്കമ്മിറ്റികള്‍ തുടങ്ങി നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

ഇന്ന് ശഹീന്‍ബാഗില്‍ നുഴഞ്ഞു കയറിയ ഗുന്‍ജ കപൂര്‍ (ഗഞ്ച അല്ല) രാഷ്ട്രീയ നിരീക്ഷക എന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തത്. ഇവര്‍ ബിജെപി ഐടി സെല്ലിന് വേണ്ടി ഞാന്‍ മുകളില്‍ സൂചിപ്പിച്ച തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്ന ഒരാള്‍ മാത്രമാണ്. ശഹീന്‍ബാഗില്‍ അവരെത്തിയപ്പോള്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ സരമക്കാര്‍ ചോദ്യം ചെയ്തു. പിടിക്കപ്പെട്ടപ്പോള്‍ മിണ്ടാതിരുന്നു. ഡെല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് എന്തോ വലിയ ആപത്തില്‍ നിന്നാണ് ശഹീന്‍ ബാഗുകാര്‍ രക്ഷപ്പെട്ടത്.

ഇന്ത്യയിലെ മാധ്യമങ്ങള്‍ മുഴുവന്‍ മുട്ടിലിഴയുകയാണ്. ഇംഗ്ലീഷ് മാധ്യമങ്ങളേക്കാള്‍ ഈ ഭരണകൂടത്തിനാവശ്യം ഇതര ഭാഷാ മാധ്യമങ്ങളാണ്. കാരണം, ഇന്ത്യയുടെ ചരിത്ര രചന നടന്നത് മുഴുവന്‍ ഇംഗ്ലീഷിലാണ്. എന്നാല്‍, ഇക്കൂട്ടര്‍ രചിച്ച പച്ചക്കള്ളങ്ങള്‍ അവര്‍ പ്രചരിപ്പിച്ചത് പ്രാദേശിക ഭാഷകളിലാണ്. യഥാര്‍ത്ഥ ചരിത്രം രാജ്യത്തെ വിദ്യാസമ്പന്നര്‍ മാത്രം പഠിച്ചപ്പോള്‍ സാധാരണക്കാര്‍ ഇവരുടെ നുണയാണ് പഠിച്ചത്. അതുകൊണ്ടാണ് അവര്‍ പ്രണയ് റോയിയേക്കാള്‍ രവീഷ്‌കുമാറിനെ ഭയക്കുന്നത്.

ഇത്രയും പറഞ്ഞതെന്തിനാണെന്ന് വെച്ചാല്‍, നിങ്ങള്‍ വിളിക്കുന്ന തള്ളക്ക് വിളികള്‍ ആ മുന്‍ ഡിജിപിയുടെ റീച്ച് കൂട്ടുകയാണ് ചെയ്യുന്നത്. മുന്നില്‍ കാണുന്ന ഓരോ മനുഷ്യരോടും രാഷ്ട്രീയം സംസാരിക്കുക. നുണ പ്രചരിപ്പിക്കുന്നത് പോലെ സത്യം പ്രചരി്പ്പിക്കുക എളുപ്പമല്ല. അവര്‍ വാട്‌സാപ്പിലൂടെ നുണ പറഞ്ഞോട്ടെ. നമുക്ക് ജനങ്ങളോട് നേരിട്ട് സത്യം പറയാം.
ഈ പോരാട്ടത്തിന്റെ ഭാവി എന്താണെന്ന് എനിക്കറിയില്ല. തോറ്റാലും ജയിച്ചാലും എനിക്കിത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്.”