നീ എന്താ എത്ര കഴിച്ചിട്ടും തടി വയ്ക്കാത്തത് ?
ഫഹദിന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് നീ എന്താ എത്ര കഴിച്ചിട്ടും തടി വയ്ക്കാത്തത് എന്ന ചോദ്യം എന്റെ രോമത്തെപ്പോലും തൊടാതായത്. ചെറുപ്പത്തിൽ
210 total views

Saan
ഫഹദിന്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് നീ എന്താ എത്ര കഴിച്ചിട്ടും തടി വയ്ക്കാത്തത് എന്ന ചോദ്യം എന്റെ രോമത്തെപ്പോലും തൊടാതായത്. ചെറുപ്പത്തിൽ നീ ഇനി ഉയരം വയ്ക്കില്ലേ എന്ന് ചോദിച്ചവരോട്, ഇന്ന് എനിക്കിത്രയൊക്കെ ഉയരം മതിയെന്ന് പറയാനായത്. മുടി കൊഴിയുന്നുണ്ടല്ലോ, ഒരു ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട് നെറ്റിയിൽ എന്നൊക്കെ ഉപദേശിച്ചവരോടും കാച്ചിയ എണ്ണയുടെ മഹത്വം പറഞ്ഞവരോടും പോടാ പുല്ലേ എന്ന് പറഞ്ഞു തുടങ്ങിയത്. അതേ അയാൾ എന്റെ ഹീറോ തന്നെയാണ്. ഒരു കാലഘട്ടത്തിന്റെ എല്ലാ വിഴുപ്പുകളും ഒഴുക്കിക്കളഞ്ഞ, സൗന്ദര്യ ബോധങ്ങളുടെ ഫോൾഡറുകൾ മുഴുവൻ ഒരൊറ്റ ഡിലീറ്റ് ബട്ടനിൽ ഒഴുക്കിക്കളഞ്ഞ എന്റെ ഹീറോ.
എന്നെ നോക്കുമ്പോഴൊക്കെ എവിടെയോ അയാളെപ്പോലെ ഉണ്ടെന്ന് പലരും പറഞ്ഞപ്പോഴാണ് നാലുപേരെ ഒന്നു ഫേസ് ചെയ്യാൻ പാകത്തിനെങ്കിലും എന്റെ മനസ്സിന് ശക്തിയുണ്ടായത്. അതായത് എനിക്ക് എന്നെത്തന്നെ സ്നേഹിക്കാൻ ജനിച്ചിട്ട് പത്തിരുപതു കൊല്ലം കാത്തിരിക്കേണ്ടിവന്നു എന്ന് സാരം. സമൂഹത്തിന്റെ സൗന്ദര്യ ബോധങ്ങൾ ഒഴുക്കിക്കളയാൻ ഞാനെടുത്ത സമയമുണ്ടായിരുന്നെങ്കിൽ ഇന്നൊരു വേദിയിലും ഞാൻ മുട്ടിടിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു. ഒരു ഫോട്ടോയിടാൻ പോലും നല്ല കോൺഫിഡൻസ് ഉണ്ടായത് ഫഹദ് ഒരു ആക്ടർ എന്ന നിലയിൽ മലയാളത്തിൽ അയാളുടെ സൈൻ രേഖപ്പെടുത്തിയപ്പോഴാണ്.
ഫഹദിന്റെ ഓരോ വളർച്ചയിലും എന്റെ കോൺഫിഡൻസ് കൂടി അധികരിച്ചു. തൊണ്ടിമുതലൊക്കെ കണ്ടപ്പോൾ കിട്ടിയ സന്തോഷം ഇപ്പഴും ഉള്ളിലെവിടെയോ സൂക്ഷിച്ചത് ബാക്കിയിരിപ്പുണ്ട്. ഇടയ്ക്ക് അയാൾ ഒന്ന് പരാജയപ്പെട്ടിരുന്നു. രണ്ടുമൂന്നു സിനിമകൾ വളരെ നിരാശപ്പെടുത്തിയിരുന്നു. അന്ന് അതുപോലെ എന്റെ ആത്മധൈര്യവും കുറഞ്ഞു പോയിരുന്നു. അധികകാലമൊന്നും നിലനിൽക്കാനാവില്ലേ ഈ മാനറിസങ്ങൾക്ക്, വീണ്ടും തോറ്റുപോയ ഒരാളുടെ പേരിൽ എന്നെ ചുറ്റുമുള്ളവർ അടയാളപ്പെടുത്തുമോ എന്ന പേടി. പക്ഷെ അയാൾ വീണ്ടും വളർന്നു മുൻപത്തേതിനേക്കാൾ ഭീകരമായി തിരിച്ചു വന്നു.
എനിക്കിപ്പഴും ഓർമ്മയുണ്ട് വിഷ്ണുവിന്റെ കൂടെ കോളേജിലെ കാർണിവലിന് വന്ന നായിക കാർത്തികയ്ക്ക് അവരുടെ റൂം കാണിച്ച് കൊടുക്കാൻ ഞാനും അവനൊപ്പം പോയിരുന്നു. വഴിയ്ക്ക് വച്ച് പട്ടാമ്പിയിലെ ഒരു പെട്ടിക്കടയിൽ നിന്ന് അവർക്കൊപ്പം സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാർത്തിക പറഞ്ഞത് എവിടെയോ അയാളെക്കാണാൻ ഒരു ഫഹദ് ഫാസിൽ ലുക്ക് ഉണ്ടെന്ന്. കാര്യം എനിക്ക് കാർത്തികയുടെ അഭിനയം ഇഷ്ടമല്ലെങ്കിലും എനിക്കന്ന് അവരെ എന്തോ നന്നായി ഇഷ്ടപ്പെട്ടു. കാരണം ജീവിതത്തിൽ അന്ന് ഞാൻ തോറ്റു നിൽക്കുന്ന സമയമായിരുന്നു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അയാളെപ്പോലെയുണ്ട് നിങ്ങളെന്ന് പറയുമ്പോഴുള്ള ഒരു കാര്യത്തിൽ സന്തോഷം കിട്ടുന്നതും, എന്റെ ഭംഗിയെ അപ്പോൾ മാത്രം ഞാൻ അംഗീകരിക്കുന്നതും പരമ ബോറായിട്ടാണ് എനിക്കെപ്പോഴും തോന്നാറുള്ളത്. ആരും ആരെപ്പോലെയും ആകരുതെന്നും, എല്ലാവരും അവനവൻ തന്നെയാകൂ എന്നുമാണ് എപ്പോഴും പറയാറുള്ളത്. എന്നിട്ടും സമൂഹം അടിച്ചേൽപ്പിച്ച ആ ചിന്ത ഇപ്പോഴും അങ്ങനെ കിടക്കുന്നുണ്ട്.
211 total views, 1 views today
