മലയാളത്തിൽ നിന്ന് ഉത്ഭവിച്ച ലോകോത്തര നിലവാരമുള്ള സിനിമയാണ് ആർട്ടിസ്ററ്

60

Sabaah Zab

ആർട്ടിസ്റ്റ് എന്ന സിനിമയെ കുറിച്ചു അധികം എവിടെയും പരാമർശിച്ചു കണ്ടിട്ടില്ല. മലയാളത്തിൽ നിന്ന് ഉത്ഭവിച്ച ലോകോത്തര നിലവാരമുള്ള സിനിമയാണ് ആർട്ടിസ്ററ്. ലോകോത്തര നിലവാരം എന്ന് പറയണമെങ്കിൽ വലിയ ക്യാൻവാസിൽ പിറവി കൊള്ളണം എന്നില്ലല്ലോ. വികാരങ്ങൾ കഥ പറയുമ്പോൾ, അതിനെ ഒപ്പിയെടുത്തു തിരശീലയിൽ എത്തിച്ച സിനിമ. ഒരു കലാകാരന്റെ സിനിമ എന്ന് പറയുന്നതിലേറെ, ഒരു കലാകാരന്റെ കാമുകിയുടെ കഥ പറയുന്ന സിനിമ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

തെറ്റിദ്ധാരണയിൽ തുടങ്ങി ധാരണകൾ ശെരിയാവുമ്പോൾ മെല്ലെ സ്നേഹമായി മാറുന്ന ബന്ധങ്ങൾ ഉണ്ട് . അത് ജീവിതകാലം മൊത്തം നിലനിൽക്കും, കാരണം ധാരണകളുടെ ഒന്നാവലാണ്‌ അവിടെ പ്രണയമാവുന്നത്. ഒരു നിമിഷത്തെ തെറ്റിദ്ധാരണ കൊണ്ട് ഉറവിടുന്ന പ്രണയങ്ങൾ ഉണ്ട്, തെറ്റിദ്ധാരണകൾ ധാരണകൾ ആയി മാറുമ്പോൾ നമ്മളുടെ തിരഞ്ഞെടുപ്പ് തെറ്റിപ്പോയെന്നു മനസ്സിലാവുമ്പോഴുള്ള ഇരുട്ട്. നമ്മൾ പ്രണയിക്കുന്ന ആൾ നമ്മളെ മനസ്സിലാക്കാതെ പോവുമ്പോൾ തോന്നുന്ന ശൂന്യത. എന്നാലും പ്രണയിച്ചു പോയതിന്റെ പേരിൽ നമ്മൾ അവരെ വെറുക്കില്ല. സ്നേഹിച്ചുകൊണ്ടിരിക്കും, എന്നെങ്കിലും നമ്മുടെ സ്നേഹം അവർ അറിയും എന്നുള്ള വിശ്വാസത്തിൽ. അങ്ങനെ തെറ്റായ ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ വിധ പ്രതികൂല്യങ്ങളിലൂടെയും കടന്നു പോവുന്ന ഒരു കലാകാരന്റെ കാമുകിയുടെ കഥ ആണ് ആർട്ടിസ്‌റ്റ്. ആൻ അഗസ്റ്റിൻ എന്ന നടിയുടെ കരിയർ ബെസ്റ്റ് എന്ന് നിസംശയം പറയാം. ഇന്നത്തെ അഭിനയ പ്രതിഭാസം ആയി മാറുന്നതിനു മുന്നേ, തന്റെ ആരും കാണാതെ പോയ ഒരു മികച്ച വേഷത്തിൽ ഫഹദ് ഫാസിലും.
സിനിമ കണ്ടു കഴിയുമ്പോൾ ആൻ അഗസ്റ്റിൻ ചെയ്ത കഥാപാത്രം നമ്മേ ഒരുപാട് ചിന്തിപ്പിക്കും.