ചന്ദ്രികയിലലിയുന്നു

sabujose

ജൂലൈ 21 വീണ്ടുമൊരു ചാന്ദ്രദിനം കൂടി വന്നെത്തുകയാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാല്‍വയ്പ്പും എന്നാല്‍ മാനവരാശിക്ക് വലിയൊരു കുതിച്ചുചാട്ടവുമായ ആ മഹാസംഭവം- മനുഷ്യന്റെ ആദ്യ ചാന്ദ്രസന്ദര്‍ശനം നടന്നത് 1969 ജൂലൈ 21നാണ്. ഇനി 2024 ൽ മനുഷ്യൻ വീണ്ടും ചന്ദ്രനിലെത്തും. ഭൂമിക്കു വെളിയില്‍ മനുഷ്യന്റെ പാദസ്പര്‍ശമേറ്റ ഏക ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹവും ചന്ദ്രനാണ്. ചന്ദ്രോല്പത്തിയുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഗ്രഹരൂപീകരണ വേളയില്‍ ഭൂമിയില്‍നിന്ന് അടര്‍ന്നുപോയതാണെന്നും ഭൂമി ആകര്‍ഷിച്ച് പിടിച്ചെടുത്തതാണെന്നുമുള്ള സിദ്ധാന്തങ്ങള്‍ക്കു പുറമെ ഒരിക്കല്‍ രണ്ടു ചന്ദ്രൻരുണ്ടായിരുന്നുവെന്നും അവ കൂടിച്ചേര്‍ന്നാണ് ഇപ്പോഴുള്ള ചന്ദ്രനായതെന്നുമുള്ള പുതിയൊരു സിദ്ധാന്തവും നിലനില്‍ക്കുന്നുണ്ട്. ചാന്ദ്രയാന്‍ ദൗത്യം ഈ മേഖലയിലുള്ള ഭാരതത്തിന്റെ ഉറച്ച കാല്‍വയ്പാണ്. ചന്ദ്രനിലെ ജലസാന്നിധ്യം കുറച്ചുനാള്‍ മുമ്പുവരെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ചന്ദ്രനെക്കുറിച്ചുള്ള ചില കൗതുക വിശേഷങ്ങളാവട്ടെ ഇത്തവണത്തെ ചാന്ദ്രദിനത്തില്‍.
അറിയാത്ത കാര്യങ്ങള്‍

* ചാന്ദ്രമാസങ്ങള്‍ നാലുതരമുണ്ട്!
നിരീക്ഷകന്റെ സ്ഥാനത്തിനും അളക്കുന്നതിന്റെ മാനദണ്ഡത്തിനുമനുസരിച്ച് ചാന്ദ്രമാസങ്ങളെ നാലുവിധത്തില്‍ എണ്ണാന്‍ കഴിയും.
1. 27 ദിവസം, 13 മണിക്കൂര്‍, 10 മിനിട്ട്, 37.4 സെക്കന്റുള്ള അനോമലിസ്റ്റിക് ചാന്ദ്രമാസം (Anomalistic)
2. 27 ദിവസം, 5 മണിക്കൂര്‍, 5 മിനിട്ട്, 35.9 സെക്കന്റുള്ള നോഡിക്കല്‍ ചാന്ദ്രമാസം (Nodical)
3. 27 ദിവസം, 7 മണിക്കൂര്‍, 43 മിനിട്ട്, 11.5 സെക്കന്റുള്ള താരാഗണ ചാന്ദ്രമാസം (Sidreal)
4. 29 ദിവസം, 12 മണിക്കൂര്‍, 44 മിനിട്ട്, 2.7 സെക്കന്റുള്ള സിനോഡിക്കല്‍ ചാന്ദ്രമാസം (Synodical) എന്നിവയാണവ. കലണ്ടര്‍ നിര്‍മാതാക്കള്‍ പൊതുവെ സിനോഡിക്കല്‍ ചാന്ദ്രമാസമാണ് സ്വീകരിക്കുന്നത്.

* പൂര്‍ണചന്ദ്രന്‍ പകുതി ചന്ദ്രനല്ല, അല്‍പം കൂടുതലാണ്!
ചന്ദ്രന്‍ സ്വയംഭ്രമണം ചെയ്യുന്നതിനും ഭൂമിയെ പരിക്രമണം ചെയ്യുന്നതിനും സമയമെടുക്കുന്നതുകൊണ്ട് ചന്ദ്രന്റെ പകുതി ഭാഗം മാത്രമേ എപ്പോഴും ഭൂമിക്കഭിമുഖമായി വരാറുള്ളൂ. ചന്ദ്രന്റെ പകുതി ഭാഗം മാത്രമേ ഭൂമിയില്‍നിന്ന് കാണാന്‍ കഴിയൂ എന്നര്‍ഥം. എന്നാല്‍, അല്‍പം ദീര്‍ഘവൃത്താകാരമായ ഭ്രമണപഥവും (Elliptical Orbit) ഭ്രമണ-പരിക്രമണ നിരക്കുകളിലെ അനുപാതത്തിലുള്ള നേരിയ വ്യതിയാനവും (Libration of Longitude) കാരണം ചന്ദ്രന്റെ പകുതിയില്‍ അല്പം കൂടുതല്‍- കൃത്യമായി പറഞ്ഞാല്‍ 59% ഭാഗം ഭൂമിയില്‍നിന്ന് കാണാന്‍ കഴിയും.പക്ഷെ ഒറ്റത്തവണ ദർശനത്തിൽ അതിന് കഴിയില്ല

* സൂര്യന്‍ = 3,98,110 ചന്ദ്രന്‍!
പൂര്‍ണചന്ദ്രന്റെ കാന്തികമാനം- 12.7ഉം സൂര്യന്റേത്- 26.7ഉം ആണ്. (കാന്തികമാനം കുറയുമ്പോഴാണ് മെസിയര്‍ ചട്ടങ്ങളനുസരിച്ച് പ്രകാശതീവ്രത വര്‍ധിക്കുന്നത്). -12.7ഉം -26.7ഉം തമ്മില്‍ പ്രകാശ തീവ്രതയിലുള്ള വ്യത്യാസത്തിന്റെ അനുപാതം 3,98,110:1 ആണ്. അതിനര്‍ഥം 3,98,110 പൂര്‍ണചന്ദ്ര•ാരുടെ പ്രകാശമുണ്ട് സൂര്യന് എന്നാണ്.

* അര്‍ധചന്ദ്രന് പൂര്‍ണചന്ദ്രന്റെ 1/11 ഭാഗം വെളിച്ചമേ ഉള്ളൂ!
ചന്ദ്രോപരിതലം കണ്ണാടിപോലെ മിനുസമുള്ളതായിരുന്നുവെങ്കില്‍ അതിന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രത എല്ലാ ഭാഗത്തും ഒരുപോലെ ആയിരിക്കും. എന്നാല്‍, പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഉള്ള ചന്ദ്രോപരിതലം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഒരേ നിരക്കിലല്ല. അതുകൊണ്ടുതന്നെ അമാവാസി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രന് പൂര്‍ണചന്ദ്രന്റെ വെളിച്ചത്തിന്റെ പതിനൊന്നില്‍ ഒരുഭാഗം മാത്രമേ വെളിച്ചമുണ്ടാവൂ. പൗര്‍ണമി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രനാകട്ടെ, അതിലും കുറച്ചുമാത്രമേ വെളിച്ചമുണ്ടാകൂ. 95% ഭാഗവും പ്രകാശമാനമായ ചന്ദ്രനുപോലും പൂര്‍ണചന്ദ്രന്റെ പകുതി വെളിച്ചമേ ഉണ്ടാകൂ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. അതാണ് വാസ്തവം.

* തലതിരിഞ്ഞ ഗ്രഹണങ്ങള്‍
ഭൂമിയിലെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ചന്ദ്രനിലുള്ള ഒരു നിരീക്ഷകന് തലതിരിഞ്ഞ പ്രതിഭാസമായാണ് അനുഭവപ്പെടുന്നത്. ഭൂമിയിലുള്ള ഒരു നിരീക്ഷകന് ശുക്രസംതരണം ദൃശ്യമാകുന്നതുപോലെയായിരിക്കും ചന്ദ്രനിലുള്ള നിരീക്ഷകന്‍ ഭൂമിയിലെ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കുന്നത്.

* പേരിടീല്‍ ചടങ്ങിനും ചില ചട്ടങ്ങളുണ്ട്!
ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും പതിക്കുന്നതുകൊണ്ടാണ് ചാന്ദ്രഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. ചന്ദ്രന്റെ, ഭൂമിക്കഭിമുഖമായി വരുന്ന ഭാഗത്തുമാത്രം ഒരുകിലോമീറ്ററിലധികം വിസ്താരമുള്ള മൂന്നുലക്ഷം ഗര്‍ത്തങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ (IAU) ചട്ടപ്രകാരം, പ്രശസ്തരായ ശാസ്ത്രജ്ഞര്‍, കലാകാരാര്‍, പര്യവേഷകര്‍, പണ്ഡിതര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ പേരുകളാണ് ചാന്ദ്രഗര്‍ത്തങ്ങള്‍ക്കു നല്‍കുന്നത്. ആര്‍ക്കിമെഡിസും കോപ്പര്‍നിക്കസുമെല്ലാം ചാന്ദ്രഗര്‍ത്തങ്ങളുടെ പേരുകളായത് അങ്ങനെയാണ്.

* താപനിലയുടെ ഒളിച്ചുകളി
ഭൂമിക്കുള്ളതുപോലെ അന്തരീക്ഷമില്ലാത്തതുകൊണ്ട് ചാന്ദ്രതാപനിലയില്‍ രാത്രിയും പകലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വളരെ വലുതാണ്. ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്ത് പകല്‍ സമയത്തെ താപനില 127 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോള്‍ രാത്രിയില്‍ അത് -173 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും! ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലുള്ള ചില വലിയ ഗര്‍ത്തങ്ങളിലെ താപനില രാത്രി- പകല്‍ വ്യത്യാസമില്ലാതെ ഏകദേശം -240 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും!

* ചന്ദ്രനും ചില സമയമേഖലകളുണ്ട്!
ഭൂമിയിലേതുപോലെ തന്നെ ചന്ദ്രനിലും സമയമേഖലകളുണ്ട്. (Lunar mean Solar Time- LT). ഭൂമിയില്‍ സമയമേഖല തിരിക്കുന്ന മാനദണ്ഡം തന്നെയാണ് ചന്ദ്രന്റെ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. കോപ്പര്‍നിക്കന്‍ സമയം, വെസ്റ്റ് ട്രാന്‍ക്വിലിറ്റി സമയം എന്നിവയെല്ലാം ചന്ദ്രന്റെ സമയമേഖലകളുടെ പേരുകളാണ്. ചന്ദ്രനിലെ ഒരു മണിക്കൂറിനെ ചാന്ദ്രമണിക്കൂര്‍ അഥവാ ‘ലൂണവര്‍’ എന്നാണ് പറയുന്നത്. ഡെസി ലൂണവര്‍, സെന്റി ലൂണവര്‍, മില്ലി ലൂണവര്‍ എന്നിങ്ങനെയുള്ള തരംതിരിവുകളുമുണ്ട്.
അറിയേണ്ട കാര്യങ്ങള്‍

* ചന്ദ്രന്റെ ഗുരുത്വബലം – ഭൂമിയുടെ ആറില്‍ ഒന്ന്
* ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം – 3,63,301 കി.മീ.
* വ്യാസം – 3476 കിലോമീറ്റര്‍
പിണ്ഡം- 74 സെക്‌സ്ട്രില്യന്‍ കി.ഗ്രാം
* താപനില – പകല്‍ 134 ഡിഗ്രി സെല്‍ഷ്യസ്, രാത്രി -153 ഡിഗ്രി സെല്‍ഷ്യസ്
* ഓര്‍ബിറ്റല്‍ വെലോസിറ്റി – 3680 ഗാുവ
* വലിയ ഗര്‍ത്തം – 4 1/2 കി.മീ. ആഴം
* വലിയ പര്‍വതം – 5 കി.മീ. ഉയരം
* ഒരു ചാന്ദ്രദിനം (സൂര്യോദയം മുതല്‍ സൂര്യോദയം വരെ)- 708 ഭൗമ മണിക്കൂര്‍
* ചന്ദ്രന്‍ ഭൂമിയില്‍നിന്ന് വര്‍ഷംതോറും 1.5 ഇഞ്ച് അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്
* ചന്ദ്രന്റെ ഉപരിതല വിസ്തൃതി 9400 കോടി ഏക്കറാണ്
* ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ 10 കിലോഗ്രാമേ ഉണ്ടാകൂ
* ചന്ദ്രനില്‍ അന്തരീക്ഷമോ മേഘങ്ങളോ ഉണ്ടാവില്ല
* ചന്ദ്രനെക്കുറിച്ചുള്ള പഠനമാണ് സെലനോളജി
* ചന്ദ്രനില്‍ അഗ്നിപര്‍വതങ്ങളില്ല
* ഭൂകമ്പംപോലെ ചാന്ദ്രകമ്പനങ്ങള്‍ (Moon Quakes) ഉണ്ടാകാറുണ്ടെങ്കിലും അവ തീവ്രമാകാറില്ല
* ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ പാതയില്‍നിന്ന് അഞ്ചുഡിഗ്രി ചരിഞ്ഞാണുള്ളത്.
* ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആയിരത്തിലൊന്നു മാത്രമാണ് ചന്ദ്രന്റെ കാന്തിക മണ്ഡലത്തിന്റെ ശക്തി
* ചന്ദ്രോപരിതലത്തില്‍ ഇതുവരെ 12 മനുഷ്യര്‍ നടന്നിട്ടുണ്ട്. ഈ 12പേരും അമേരിക്കക്കാരാണ്
* 1972നുശേഷം ഇന്നുവരെ ആരും ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല
* ചന്ദ്രനിലിറങ്ങിയ ആദ്യത്തെ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങും അവസാനത്തെയാള്‍ ഹാരിസണ്‍ ഷ്മിറ്റും ആണ്
* ചാന്ദ്രയാത്രകള്‍ക്ക് ഇതുവരെ വനിതകള്‍ക്ക് അവസരമുണ്ടായിട്ടില്ല
* നിലാവത്തു നടന്നാല്‍ ഭ്രാന്തുണ്ടാവുമെന്ന് വിശ്വസിക്കുന്നവരുണ്ട്
അമ്പിളിമാമനെ തൊട്ടവര്‍
1. നീല്‍ ആംസ്‌ട്രോങ് അപ്പോളോ 11 1969 ജൂലൈ 21
2. ബുസ് ആല്‍ഡ്രിന്‍ അപ്പോളോ 11 1969 ജൂലൈ 21
3. പീറ്റ് കോണ്‍റാഡ് അപ്പോളോ 12 1969 നവംബര്‍ 19-20
4. അലന്‍ ബീന്‍ അപ്പോളോ 12 1969 നവംബര്‍ 19-20
5. അലന്‍ ഷെപേര്‍ഡ് അപ്പോളോ 14 1971 ഫെബ്രുവരി 5-6
6. എഡ്ഗാര്‍ മിച്ചല്‍ അപ്പോളോ 14 1971 ഫെബ്രുവരി 5-6
7. ഡേവിഡ് സ്‌കോട്ട് അപ്പോളോ 15 1971 ജൂലൈ 31 ആഗസ്റ്റ് 1
8. ജെയിംസ് ഇര്‍വിന്‍ അപ്പോളോ 15 1971 ജൂലൈ 31 ആഗസ്റ്റ് 1
9. ജോണ്‍ യംഗ് അപ്പോളോ 16 1972 ഏപ്രില്‍ 21-23
10. ചാള്‍സ് ഡ്യൂക്ക് അപ്പോളോ 16 1972 ഏപ്രില്‍ 21-23
11. യൂജിന്‍ സെര്‍നാന്‍ അപ്പോളോ 17 1972 ഡിസംബര്‍ 11-14
12. ഹാരിസണ്‍ ഷ്മിറ്റ് അപ്പോളോ 17 1972 ഡിസംബര്‍ 11-14

Leave a Reply
You May Also Like

അവിയൽ ഉണ്ടായതെങ്ങനെ ? ​കുറെ കഥകള്‍ ഉണ്ട്

അറിവ് തേടുന്ന പാവം പ്രവാസി എല്ലാം ഒരു അവിയല്‍ പോലെ ആയി എന്ന് തമാശയ്ക്കെങ്കിലും നമ്മള്‍…

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ Sreekala Prasad പശ്ചിമ സിചുവാൻ പ്രവിശ്യയിൽ, മധ്യ ചൈനയ്ക്കും ടിബറ്റൻ സ്വയംഭരണ…

ഡച്ചുകാർ വീടുകളിലെ ജനലുകള്‍ മറയ്ക്കുകയോ, കര്‍ട്ടനുകൾ ഇടുകയോ ചെയ്യാത്തത് എന്തുകൊണ്ട്?

വീടിന്റെ അകം കാഴ്ചകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്ന സംസ്കാരമാണ് ഡച്ചുകാർക്കുള്ളത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന ഒരു ശീലമാണ് ഇത്. അതിൽ ഒരസ്വഭാവികതയും അവർക്ക് തോന്നാറില്ല.

ധുംഗെ ധാര(Dhunge Dhara) : നേപ്പാളിലെ 1,600 വർഷം പഴക്കമുള്ള കുടിവെള്ള ജലധാരകൾ

ധുംഗെ ധാര(Dhunge Dhara) : നേപ്പാളിലെ 1,600 വർഷം പഴക്കമുള്ള കുടിവെള്ള ജലധാരകൾ Sreekala Prasad…