ക്വാസാർ

sabujose

ഭൂമിയിൽ നിന്നും 1280 കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു ഭീമന്‍ ക്വാസാർ 4 വർഷം മുൻപ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 420 ലക്ഷം കോടി സൂര്യന്‍മാരുടെ പ്രഭയുണ്ട് ഈ ക്വാസാറിന്. മഹാവിസ്‌ഫോടനത്തിനുശേഷം കേവലം 90 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ രൂപപ്പെട്ടതാണ് ഈ ക്വാസാർ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. SDSS J010013.02+280225.8 എന്നു പേരിട്ടിട്ടുള്ള ഈ ക്വാസാര്‍ കണ്ടെത്തിയത് ചൈനയിലെ യുണാന്‍ പ്രവിശ്യയിലുള്ള 2.4 മീറ്റര്‍ ലിജിയാംഗ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ചാണ്. അരിസോണയിലെ മള്‍ട്ടിപ്പിള്‍ മിറര്‍ ടെലസ്‌ക്കോപ്പ്, ചിലിയിലെ മഗല്ലന്‍ ടെലസ്‌ക്കോപ്പ്, ഹവായ് ദ്വീപിലെ ജമിനി നോര്‍ത്ത് ടെലസ്‌ക്കോപ്പ് എന്നീ ദൂരദര്‍ശിനികളും ചൈനീസ് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.

6.3 എന്ന വളരെ ഉയര്‍ന്ന ചുമപ്പുനീക്കം (Doppler Shifting) പ്രദര്‍ശിപ്പിക്കുന്ന ഈ ക്വാസാറിനെ കണ്ടെത്തിയതോടുകൂടി പ്രപഞ്ച വികാസനിരക്ക് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഉയര്‍ന്ന ചുമപ്പുനീക്കം സൂചിപ്പിക്കുന്നത് വലിയ ദൂരമാണ്. പ്രപഞ്ചത്തില്‍ കൂടുതല്‍ ദൂരത്തേക്കു നോക്കുക എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം കാലത്തില്‍ പിന്നിലേക്കു സഞ്ചരിക്കുക എന്നാണ്. 6.3 എന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന ക്വാസാര്‍ അതുകൊണ്ടുതന്നെ ശൈശവ പ്രപഞ്ചത്തിലാണ് ഉണ്ടായതെന്ന് അനുമാനിക്കാം. കാലത്തിന്റെ തുടക്കത്തില്‍തന്നെ. ആറിനു മുകളില്‍ ചുമപ്പുനീക്കമുള്ള വെറും 40 ക്വാസാറുകള്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുളളൂ എന്നതും ശ്രദ്ധേയമാണ്. ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും ശോഭയുള്ള ക്വാസാറാണിത്. ഏറ്റവും വലിയ തമോദ്വാരവും ഇതുതന്നെയാണ്. നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ കേന്ദ്രത്തിലുള്ള തമോദ്വാരത്തിന്റെ 50 ലക്ഷം മടങ്ങ് വലുതാണിത്.

ക്വാസാർ

പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ പ്രതിഭാസമാണ് ക്വാസാറുകള്‍. ഏറ്റവും ശോഭയേറിയ പ്രതിഭാസവും ഇതുതന്നെയാണ്. സജീവമായ താരാപഥകേന്ദ്രത്തോടുകൂടിയതും ഉയര്‍ന്ന ഊര്‍ജത്തോടുകൂടിയ റേഡിയോ വികിരണ സ്രോതസ്സുമായ വളരെ അകലെയുള്ള താരാപഥമാണ് ക്വാസാര്‍ (Quasi-stellar radio source-Quasar). വിദ്യുത്കാന്തിക വികിരണങ്ങളില്‍ ഉയര്‍ന്ന അളവില്‍ ചുമപ്പുനീക്കം പ്രകടമാക്കുന്ന പ്രപഞ്ച വസ്തുക്കള്‍ എന്ന നിലയിലാണ് ഇവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. റേഡിയോ തരംഗങ്ങള്‍, ദൃശ്യപ്രകാശം എന്നിവയെല്ലാം ഇത് വികിരണം ചെയ്യുന്നുണ്ട്. ക്വാസാറുകളുടെ കേന്ദ്രത്തില്‍ ഒരു ഭീമന്‍ തമോദ്വാരമുണ്ടാകും. ക്വാസാറുകളുടെ പവര്‍ഹൗസാണ് ഈ തമോദ്വാരങ്ങള്‍. 1980കള്‍ വരെ ക്വാസാറുകള്‍ക്ക് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ താരാപഥ കേന്ദ്രത്തിലെ ഭീമാകാരമായ തമോദ്വാരത്തിന്റെ ചുറ്റുമുള്ള ഷ്വാര്‍സ്‌ചൈല്‍ഡ് ആരത്തിന്റെ (Schwarzchild Radius) പത്തുമുതല്‍ പതിനായിരം മടങ്ങുവരെയുളള ഒരു ഇടുങ്ങിയ മേഖലയാണ് ഇതെന്ന് വിശദീകരിക്കപ്പെടുന്നു.

ക്വാസാറുകളും പ്രപഞ്ചവികാസവും

ഭൂമിക്കും ക്വാസാറുകള്‍ക്കുമിടയില്‍ പ്രപഞ്ചത്തിന്റെ വികാസം കാരണമായി ഇവ ഉയര്‍ന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്നു. ഹബിള്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇവ വളരെ ദൂരെയാണ് സ്ഥിതിചെയ്യുന്നതെന്നാണ്. അതിനാല്‍ തന്നെ വളരെ മുമ്പുണ്ടായിരുന്നതുമാണ്. ഇവയുടെ ഊര്‍ജ പ്രസരണം സാധാരണ ഗാലക്‌സികളുടെ ഊര്‍ജപ്രസരണത്തേക്കാള്‍ വളരെയധികമാണ്. ഏകദേശം ലക്ഷം കോടി (1 Trillion) സൂര്യന്‍മാര്‍ക്കു തുല്യം. വര്‍ണരാജിയിലെ ഏതാണ്ടെല്ലാ വികിരണങ്ങളെയും ഇവ ഉത്സര്‍ജിക്കുന്നുണ്ട്. എക്‌സ്-കിരണങ്ങള്‍ മുതല്‍ ഇന്‍ഫ്രാറെഡിന്റെ അങ്ങേയറ്റംവരെ, അള്‍ട്രാവയലറ്റ്-ഓപ്റ്റിക്കല്‍ ബാന്‍ഡില്‍ ഈ അളവ് കൂടുതലാണ്. റേഡിയോ വികിരണങ്ങളുടെയും ഗാമാകിരണങ്ങളുടെയും ശക്തമായ സ്രോതസ്സുകളാണ് ചിലക്വാസാറുകള്‍. ആദ്യകാല ചിത്രങ്ങളില്‍ പ്രകാശ ബിന്ദുവിന്റെ രൂപത്തിലാണ് ക്വാസാറുകള്‍ കാണപ്പെട്ടിരുന്നത്. അതിനാല്‍തന്നെ അവയെ നക്ഷത്രങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ഇന്‍ഫ്രാറെഡ് ടെലസ്‌ക്കോപ്പുകളുടെയും, ഹബിള്‍ ദൂരദര്‍ശിനിയുടെയും സഹായത്താല്‍ ക്വാസാറുകളുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ആതിഥേയ താരാപഥങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം താരാപഥങ്ങള്‍ ക്വാസാറുകളുടെ പ്രഭയ്ക്കു മുന്നില്‍ മങ്ങിയ നിലയിലാണ് സാധാരണ കാണപ്പെടുക. ക്വാസാറുകളില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന ചുമപ്പുനീക്കം 6.43 ആണ്. ഇത് ഏകദേശം 2800 കോടി പ്രകാശവര്‍ഷങ്ങള്‍ക്കു തുല്യമാണ്. സ്‌ളോണ്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വേ (SDSS) എന്ന ആകാശ സെന്‍സസ് ഉപയോഗിച്ച് ക്വാസാറുകള്‍ പോലെയുള്ള നിരവധി ദുരൂഹ പ്രതിഭാസങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുന്നുണ്ട്.

 

Leave a Reply
You May Also Like

ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ

കേരളത്തിൽ ഇനി വരാൻ പോകുന്നത് മഴക്കാലമാണ്. അടുത്ത മാസങ്ങളിൽ ശക്തമായ മഴയായിരിക്കും. ഈ സമയത്ത് ഫോണുകൾ വെള്ളത്തിൽ വീഴാനുള്ള സാധ്യതകളേറെയാണ്.

സാധാരണ ഇരയെ വിഴുങ്ങാറുള്ള പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇരയായ തവളകളെ ക്രൂരമായി ഭക്ഷണമാക്കുന്ന കുക്രി പാമ്പുകളുടെ രീതി എങ്ങനെയാണ് ?

സാധാരണ ഇരയെ വിഴുങ്ങാറുള്ള പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇരയായ തവളകളെ ക്രൂരമായി ഭക്ഷണമാക്കുന്ന കുക്രി പാമ്പുകളുടെ…

കണ്ടാൽ സുന്ദരൻ രോമമില്ലെങ്കിൽ ഭീകരൻ

ധ്രുവക്കരടിയുടെ യഥാര്‍ത്ഥ നിറം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി കരടി വർഗ്ഗത്തിലെ ഏറ്റവും വലിയ…

വൈദ്യശാസ്ത്രത്തിന്റെ ചിഹ്നം എന്തുകൊണ്ട് പാമ്പും വടിയും ?

വൈദ്യശാസ്ത്രത്തിന്റെ ചിഹ്നം ✍️ Sreekala Prasad ഓരോ ചിഹ്നത്തിനും അതിന്റേതായ അർത്ഥമുണ്ടെന്ന് അറിയപ്പെടുന്ന വസ്തുതയാണ്. ,…