മരങ്ങൾ നട്ടുപിടിപ്പിക്കുന്നതല്ല പരിസ്ഥിതി സംരക്ഷണം
സാബു ജോസ്
ഭൂമിക്കു ചൂടു കൂടിവരികയാണ്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയിൽ 5 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവുണ്ടാകും. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനത്തിനും വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനുമെല്ലാം അതു കാരണമാകും. മഹാനഗരങ്ങളൾ പലതും വെള്ളത്തിൽ മുങ്ങും. വ്യാവസായിക വിപ്ളവത്തിന്റെ ഉപോല്പന്നങ്ങളായ രാസപദാർത്ഥങ്ങളാണ് ഈ മഹാമാരികൾക്കെല്ലാം കാരണമെന്ന് ആരോപിക്കുകയും അതിനെല്ലാം പരിഹാരമായി മരങ്ങൾ നട്ടുവളർത്തണമെന്നു പറയുകയും ചെയ്യുന്നത് പ്രായോഗികമോ ശാസ്ത്രീയമോ ആണെന്നു കരുതാൻ വയ്യ. ജനസംഖ്യാ വിസ്ഫോടനവും കാർഷിക-വ്യാവസായിക വളർച്ചയും വനങ്ങളുടെ നശീകരണത്തിനു കാരണമാണ്. ഇനിയൊരു തിരിച്ചുപോക്ക് വ്യാവസായിക വളർച്ചയെ പിന്നോട്ടടിപ്പിക്കുന്നതിന് തുല്യമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് വ്യാവസായിക വളർച്ച കാരണമാകുന്നുണ്ടെങ്കിൽ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ശാസ്ത്രീയ സമീപനം.
മരങ്ങളെല്ലാം മുറിച്ചുമാറ്റി വ്യവസായ ശാലകൾ തുടങ്ങണമെന്നോ വനവത്ക്കരണം അപകടകരമാണെന്നോ അല്ല പറയുന്നത്. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും മരമാണ് മറുപടി എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് തുറിച്ചു നോക്കുന്ന യാഥാർത്ഥ്യങ്ങളുടെ മുന്നിൽ അന്ധനായിത്തീരുന്നതാണ് അപകടം. അതിവേഗ പാതകളുടെ ഓരങ്ങളിലും രാജവീഥികളിലുമെല്ലാം മുഗൾ ഭരണകാലത്തെ നഗരപരിഷ്ക്കരണത്തെ അനുകരിച്ച് മരങ്ങൾ വച്ചുപിടിപ്പിക്കുകയും അയൽക്കാരന്റെ കൃഷിസ്ഥലത്തും പുരയിടത്തിലും വിത്തുവലിച്ചെറിയുകയും ചെയ്യുന്നതല്ല വനവത്ക്കരണം. അത് പ്രത്യയ ശാസ്ത്ര ദാരിദ്ര്യമാണ് . ശാസ്ത്രീയമായ അവബോധമില്ലായ്മയാണ്. പരിസ്ഥിതി പ്രവർത്തകർക്ക് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു പോംവഴികൾ അന്വേഷിക്കേണ്ടത് ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ ആവശ്യമാണ്.
ആഗോള താപനത്തെക്കുറിച്ചും അതിന്റെ കാരണ-പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സൌരചക്രങ്ങളുടെ സ്വഭാവം, അഗ്നിപർവ്വത സ്ഫോടനങ്ങൾ മുതലായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പങ്ക് ഇക്കാര്യത്തിലുണ്ടെന്നു പറയുമ്പോഴും അവ എങ്ങനെ, എത്രത്തോളം ഭൂമിയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ല. കഴിയുന്ന കാര്യമാകട്ടെ മനുഷ്യരുടെ പ്രകൃതിയിലുള്ള അനിയന്ത്രിത ഇടപെടൽ കാരണം ഹരിതഗൃഹ വാതകങ്ങളുടെ ഉല്പാദനത്തിലുണ്ടാകുന്ന വർധനവും അതു വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളുമാണ്. ഇന്റർനാഷണൽ പാനൽ ഓണ് ക്ളൈമറ്റ് ചേഞ്ച് (IPCC) എന്നറിയപ്പെടുന്ന കാലാവസ്ഥാ-ഭൌമശാസ്ത്ര സംഘം ഓരോ വർഷവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ടുകൾ സമാഹരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ റിപ്പോർട്ടുകളുടെത്തുടർന്നാണ് രാഷ്ട്രീയമായ ഇടപെടലുകൾ നടത്താൻ രാഷ്ട്രത്തലവന്മാർ നിർബന്ധിതരാകുന്നത്.
ആഗോളതാപനത്തിന്റെ പ്രധാന ഉത്തരവാദിത്വം ഹരിതഗൃഹ പ്രഭാവത്തിനാണ്. സൂര്യപ്രകാശം ഭൌമോപരിതലത്തിൽ പതിച്ചതിനുശേഷം അന്തരീക്ഷത്തിലേക്ക് പ്രതിഫലിക്കുമ്പോൾ അതിലേറിയ പങ്കും താപവികിരണങ്ങളുടെ (ഇൻഫ്രാറെഡ് തരംഗങ്ങൾ) രൂപത്തിലാണ്. ഭൌമാന്തരീക്ഷത്തിലുള്ള വാതകങ്ങൾ ഈ താപവികിരണങ്ങളെ കെണിയിൽ പെടുത്തുകയും അവയുടെ സ്വതന്ത്രസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. വാതകങ്ങൾ ഇവിടെ ഒരു സ്ഫടിക മേലാപ്പു പോലെയാണ് പെരുമാറുന്നത്. ഭൌമാന്തരീക്ഷത്തിന്റെ ഈ സ്വഭാവമാണ് ഭൂമിയിൽ ചൂടും തണുപ്പും ക്രമീകരിക്കുന്നത്. ഭൌമജീവന്റെ ഉത്ഭവത്തിനും വികാസത്തിനും പിന്നിൽ ഹരിതഗൃഹ പ്രഭാവത്തിന് നിർണ്ണായക സ്ഥാനമുണ്ടെന്നർത്ഥം.
1824ലാണ് ശാസ്ത്രജ്ഞർ ആദ്യമായി ഹരിതഗൃഹ പ്രഭാവത്തെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. ജോസഫ് ഫൊറിയർ എന്ന ശാസ്ത്രജ്ഞൻ അന്തരീക്ഷത്തെക്കുറിച്ചു നടത്തിയ പഠനത്തിൽ ഭൂമിയ്ക്ക് ഇത്തരമൊരു അന്തരീക്ഷ ഘടന ഇല്ലായിരുന്നുവെങ്കിൽ അന്തരീക്ഷ താപനിലയിൽ 60 ഡിഗ്രി ഫാരൻഹൈറ്റുവരെ കുറവുണ്ടാകുമെന്നും അത് ഭൂമിയെ വാസയോഗ്യമല്ലാതാക്കുമെന്നും കണ്ടെത്തുകയുണ്ടായി. പിന്നീട് 1895ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തേ അറേനിയസ് ഹരിതഗൃഹപ്രഭാവത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബണ്ഡയോക്സൈഡിന്റെ സാന്നിധ്യമാണെന്നും മനുഷ്യ പ്രവർത്തനങ്ങൾ കാർബണ്ഡയോക്സൈഡിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തി. ഒരു നൂറു വര്ഷത്തിനുള്ളിൽ ഈ വർദ്ധനവ് ഭീകരമാകുമെന്നും അത് ഭൂമിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അറേനിയസ് നൂറു വർഷങ്ങൾക്കു മുമ്പ് പ്രവചിക്കുകയുണ്ടായി.
ആഗോളതാപനത്തിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലുള്ള വാതകങ്ങളുടെ ഹരിതഗൃഹ സ്വഭാവമാണെന്നു പറഞ്ഞല്ലോ. എങ്ങനെയാണിത് സംഭവിക്കുന്നതെന്ന് നോക്കാം. ഭൌമോപരിതലത്തിൽ തട്ടി പ്രതിഫലിപ്പിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളാണ് താപവാഹകർ. വികിരണങ്ങൾ ദ്രവ്യകണികകളുടെ ആറ്റോമിക-തന്മാത്രാ ഘടനയെ ആശ്രയിച്ചാണ് അവയിലൂടെ കടന്നുപോകുന്നത്. ആറ്റങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പോസിറ്റീവ് ചാർജ്ജുള്ള ഒരു ന്യൂക്ളിയസ്സും നെഗറ്റീവ് ചാ ർജ്ജുള്ള ഇല്ക്ട്രോണുകളും കൊണ്ടാണെന്ന് സാമാന്യമായി പറയാൻ കഴിയും. ഇലക്ട്രോണുകൾ വ്യത്യസ്ത ഊർജ്ജനിലയിലുള്ള ഓർബിറ്റുകളിൽ ന്യൂക്ളിയസ്സിനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കും. ഇത്തം രണ്ട് ഓർബിറ്റുകളുടെ ഇടയിൽ ഊർജ്ജനിലയുടെ ഒരു വിടവ് നിലനില്ക്കുന്നുണ്ട്. ഈ വിടവുകളിലേക്ക് താപവികിരണങ്ങൾ ആഗിരണം ചെയ്യപ്പെടുകയും അതുവഴി താഴ്ന്ന ഊർജ്ജ നിലയിലുള്ള ഇലക്ട്രോണുകൾ കുറേക്കൂടി ഉയർന്ന ഊർജ്ജനിലയിലേക്കു ചാടുകയും (Quantum Leap) ചെയ്യും. ഇങ്ങനെ താപവികിരണങ്ങളെ ആഗിരണം ചെയ്യുന്നതിൽ വാതകങ്ങളുടെ കഴിവ് വ്യത്യസ്തമാണ് . കാർബണ്ഡയോക്സൈഡും, നീരാവിയും, മീഥേയ്നും, നൈട്രസ് ഓക്സൈഡും, ക്ളോറോ ഫ്ളൂറോ കാർബണുമെല്ലാം താപവികിരണങ്ങളെ കെണിയിൽ പെടുത്താൻ കഴിവുള്ള വാതകങ്ങളാണ്. പൊതുവെ ഹരിതഗൃഹ വാതകങ്ങൾ എന്നാണിവ അറിയപ്പെടുന്നത്. ആഗോളതാപനമെന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മയിലെത്തുന്ന കാർബണ്ഡയോക്സൈഡിന്റെ ഇരുപത് മടങ്ങ് താപവാഹക ശേഷിയുണ്ട് മീഥേയ്ൻ വാതകത്തിന്. നൈട്രസ് ഓക്സൈഡിനാകട്ടെ ഇത് 300 മടങ്ങ് അധികവുമാണ്. വികസിത രാജ്യങ്ങളിൽ നിരോധിച്ച ക്ളോറോ ഫ്ളൂറോ കാർബണിന്റെ താപവാഹക ശേഷി കാർബണ്ഡയോക്സൈഡിന്റെ ആയിരക്കണക്കിന് മടങ്ങ് അധികവുമാണ്. എന്നാൽ ഇത്തരം വാതകങ്ങളുടെ സാന്നിധ്യം കാർബണ്ഡയോക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ വളരെ കുറവായതിനാൽ അന്തരീക്ഷ താപനിലയിൽ കാർബണ്ഡയോക്സൈഡ് വരുത്തുന്ന വർദ്ധനവു തന്നെയാണ് ഗണനീയമായിട്ടുള്ളത്. 1990നുശേഷമുള്ള ഓരോ വർഷവും ഏകദേശം 6 ബില്യൻ മെട്രിക് ടൻ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് കാർബണ്ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നത്.
ഹരിതഗൃഹവാതകങ്ങളൾ സ്വാഭാവികമായും ആഗോളതാപനത്തിനു കാരണമാകുന്നുണ്ടെങ്കിലും മനുഷ്യന്റെ ഇടപെടൽ ഇത്തരം വാതകങ്ങളുടെ അമിത ഉല്പാദനത്തിന് ഇടയാക്കുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടേയും വൈദ്യുതോല്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനവുമെല്ലാം അന്തരീക്ഷത്തിലേക്ക് പമ്പു ചെയ്തുകൊണ്ടിരിക്കുന്ന കാർബണ്ഡയോക്സൈഡിന്റെയും നീരാവിയുടെയുമെല്ലാം തോത് അതിഭീകരമാണ്. അതുമാത്രമല്ല ജനസംഖ്യാ വർധനവും ഇത്തരത്തിലുള്ള വാതകങ്ങളുടെ ഉൽസർജ്ജനത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജന്തുക്കളുടെ ശ്വസന പ്രക്രിയയിൽ പുറന്തള്ളുന്ന വാതകങ്ങളിൽ പ്രധാന പങ്കും കാർബണ്ഡയോക്സൈഡും നീരാവിയുമാണ്. അതുകൂടാതെ കൃഷിയിടങ്ങളിൽ കാർഷികോല്പന്നങ്ങളുടെ അവശിഷ്ടങ്ങൾ ചീയുമ്പോഴും സസ്യാഹാരികളായ ജന്തുക്കളുടെ വിസർജ്യങ്ങളിൽ നിന്നും ഉയർന്ന തോതിൽ മീഥേയ്ൻ വാതകവും അന്തരീക്ഷത്തിൽ വ്യാപിക്കുന്നുണ്ട്. രാസവളങ്ങളിലുള്ള നൈട്രസ് ഓക്സൈഡും റെഫ്രിജറേറ്ററുകളിലും വ്യാവസായികാവശ്യങ്ങൾക്കുമെല്ലാമുപയോഗിക്കുന്ന ക്ളോറോ ഫ്ളൂറോ കാർബണുമെല്ലാം അന്തരീക്ഷ താപനില ഉയർത്തുന്നതിൽ ചെറുതല്ലാത്ത സംഭാവന നൽകുന്നുണ്ട്.
ഭൌമാന്തരീക്ഷം കോടിക്കണക്കിനു വർഷങ്ങളുടെ പരിണാമത്തെ തുടർന്ന് രൂപപ്പെട്ടതാണ്. സ്വാഭാവികമായുണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങൾ അന്തരീക്ഷത്തിലെ കാർബണ്ഡയോക്സൈഡിന്റേയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും വർദ്ധനവിന് കാരണമാകുന്നുണ്ട്. എന്നാൽ മനുഷ്യനുൾപ്പെടെയുള്ള ജന്തുക്കളുടെ ഇടപെടൽ ഹരിതഗൃഹ പ്രഭാവത്തിന് എത്രത്തോളം കാരണമാകുന്നുണ്ടെന്ന് പരിശോധിക്കപ്പെടണം. കഴിഞ്ഞ ഒന്നരക്കോടി വർഷങ്ങൾക്കുള്ളിൽ അന്തരീക്ഷത്തിലെ കാർബണ്ഡയോക്സൈഡിന്റെ വർദ്ധനവ് ഇത്രയധികമാവുന്നത് ഇതാദ്യമാണ്. ധ്രുവമേഖലയിലെ ഹിമപാളികളിലും സമുദ്രാന്തർഭാഗത്തെ അവസാദശിലകളിലും നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോളിയം ഉല്പന്നങ്ങൾ എന്നിവയുടെ ഉപയോഗം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണ്ഡയോക്സൈഡിന്റെ അളവ് ഭീമമാണ്. അതുപോലെതന്നെ ഭീമമാണ് കാട്ടുതീയുണ്ടാകുമ്പോഴും വിറകു കത്തിക്കുമ്പോഴും സംഭവിക്കുന്നത്. ഇവ തമ്മിലുള്ള അന്തരം രണ്ടാമത്തെ പ്രവർത്തനം ഏറെക്കുറെ സ്വാഭാവികമാണെന്നതാണ്. കാർബണ്ഡയോക്സൈഡ് സ്വീകരിക്കുകയും പ്രാണവായുവായ ഓക്സിജൻ പുറന്തള്ളുകയും ചെയ്തുകൊണ്ട് ഒരു ഓക്സിജൻ – കാർബണ്ഡയോക്സൈഡ് സന്തുലനം നിലനിർത്താൻ മരങ്ങൾക്ക് കഴിയും. എന്നാൽ ജനസംഖ്യാ വിസ്ഫോടനവും ഫോസിൽ ഇന്ധനങ്ങളുടെ അനിയന്ത്രിത ഉപഭോഗവും ഈ സന്തുലനാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു നിർണായക നിലയിലെത്തിക്കഴിഞ്ഞാൽ ഈ സന്തുലിതാവസ്ഥ നിലനിർത്താൻ മരങ്ങൾക്ക് കഴിയാതെ വരും. ഒരു കയറു വലിച്ചു നീട്ടുന്നതുപോലെ അവസാനത്തെ ചകിരി നാരും പൊട്ടിക്കഴിഞ്ഞാൽ കയറിന് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയാത്തതുപോലെ പിന്നീട് നടത്തുന്ന വനവത്ക്കരണത്തിനും അന്തരീക്ഷത്തിലെ ഓക്സിജൻ – കാർബണ്ഡയോക്സൈഡ് സന്തുലനം നിർവഹിക്കാൻ കഴിയില്ല. അത്തരമൊരവസ്ഥയിൽ കുറെ മരങ്ങൾ നട്ടുപിടിപ്പിക്കുകയല്ല പരിഹാരം. ബുദ്ധിപരമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.
ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ അതിന്റെ അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങളുടെ തോത് കൂടിയും കുറഞ്ഞും വന്നിട്ടുള്ള സന്ദർഭങ്ങൾ കാണാൻ കഴിയും. ഇത്തരം മാറ്റങ്ങളെ സ്വാഭാവികമായിത്തന്നെ പ്രകൃതി സന്തുലനം ചെയ്യുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും ആയിരം വർഷങ്ങളായി ഇത്തരമൊരു പുന:ക്രമീകരണത്തിന് പ്രകൃതിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. ആഗോള താപനിലയിൽ വർദ്ധനവല്ലാതെ കുറവുണ്ടായ ഒരു സന്ദർഭം ഉണ്ടായിട്ടുമില്ല. അനുദിനം ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗ വർധനവും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജ്ജനവുമെല്ലാം വഴി മനുഷ്യർ അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നതിൽ മറ്റെല്ലാ ജന്തുവർഗ്ഗങ്ങളെക്കാളും വളരെ മുന്നിലാണ്.
ആഗോളതാപനം എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പ്രയോഗമാണ്. ശാസ്ത്രജ്ഞർ പൊതുവെ കാലാവസ്ഥാ വ്യതിയാനം (Climate Change) എന്നാണ് ഇതിനു പറയുന്നത്. കാരണം ഭൂമിയുടെ ശരാശരി താപനിലയിലുണ്ടാകുന്ന വർധനവ് കാറ്റുകൾക്കും സമുദ്രജല പ്രവാഹങ്ങൾക്കും കാരണമാകുന്നുണ്ട്. ഇവ ചില പ്രദേശങ്ങളെ ക്രമാതീതമായി ചൂടാക്കുമ്പോൾ മറ്റുചില പ്രദേശങ്ങൾ അതിശൈത്യത്തിലേക്ക് വഴുതിവീഴാനും ഇടയാകും. മഴയും മഞ്ഞുവീഴ്ചയുമെല്ലാം പ്രവചനാതീത സ്വഭാവം പ്രകടിപ്പിക്കും. അതിനാൽ ആഗോളതാപനമെന്നു പറയുന്നതിലും സാധ്യത കാലാവസ്ഥാ വ്യതിയാനത്തിനാണ്. ഭൂമിയുടെ താപനിലയും അന്തരീക്ഷത്തിലെ കാർബണ്ഡയോക്സൈഡിന്റെ അളവും സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലക്ഷക്കണക്കിന് വർഷങ്ങളുടെ ഇടയിൽ ഈ സന്തുലിതാവസ്ഥയ്ക്കു നേരിടുന്ന നേരിയ വ്യതിയാനം പോലും ഭൂമിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹിമയുഗങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാൽ ഏതാനും ആയിരം വർഷങ്ങൾക്കിടയിൽ അത്തരം ഹിമയുഗങ്ങൾ സംഭവിക്കാത്തതുകൊണ്ടാണ് ഇവിടെ നാഗരികത വളർന്നുവന്നതും മനുഷ്യവർഗ്ഗത്തിന്റെ വികാസമാരംഭിച്ചതും. അഗ്നിപർവ്വത സ്ഫോടനങ്ങളും സമുദ്രജല പ്രവാഹങ്ങളും എൽ-നിനോ പ്രതിഭാസവുമെല്ലാം താപവർദ്ധനവിന് സ്വാഭാവികമായും കാരണമാകുന്നുണ്ടെങ്കിലും ആയിരക്കണക്കിന് വര്ഷങ്ങൾക്കൊണ്ടു സംഭവിക്കാവുന്ന കാർബണ്ഡയോക്സൈഡിന്റെയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും വർധന അതിന്റെ മൂന്നിലൊന്ന് സമയത്തിനുള്ളിൽ വ്യാവസായിക വിപ്ളവം സൃഷ്ടിക്കുന്നുണ്ട്.
ധ്രുവപ്രദേശങ്ങളിലെയും ഗിരിശൃംഖങ്ങളിലെയും മഞ്ഞുരുകുന്നതാണ് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ പ്രധാനം. അതോടൊപ്പം അത്തരം പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ നിലനിൽപും പ്രതിസന്ധിയിലാകും. മഞ്ഞുരുകുന്നതോടെ സമുദ്രനിരപ്പ് ഉയരാൻ ആരംഭിക്കും. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് കടലാക്രമണം ഈ നൂറ്റാണ്ടിൽ കൂടുതലായിരിക്കും. തണുപ്പിനെ ആശ്രയിച്ചു ജീവിക്കുന്ന സ്പീഷീസുകൾക്ക് വംശനാശം സംഭവിക്കുകയോ അവ ധ്രുവപ്രദേശങ്ങലിലേക്ക് പലായനം നടത്തുകയോ ചെയ്യും. കാലാവസ്ഥയുടെ ചാഞ്ചാട്ടം ഈ രീതിയിൽ തുടർന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിവരണാതീതമായിരിക്കും. സമുദ്രനിരപ്പ് 18 മുതല് 59 സെന്റീമീറ്റർ വരെ ഉയരും. മഹാനഗരങ്ങൾ വെള്ളത്തിനടിയിലാകും. ഇപ്പോൾ തന്നെ തീവ്രസ്വഭാവം പ്രകടിപ്പിക്കുന്ന ചുഴലിക്കൊടുങ്കാറ്റുകൾ അതിലേറെ ശക്തമാകും. പരസ്പരം ആശ്രയിച്ചു കഴിയുന്ന സസ്യ-ജന്തു ശൃംഖലയുടെ താളം തെറ്റും. വെള്ളപ്പൊക്കവും വരൾച്ചയും ക്ഷാമവുമെല്ലാം നിത്യസംഭവങ്ങളാകും. ശുദ്ധജലം കിട്ടാക്കനിയാവും. പെറുവിലെ ക്വൽകയ മലനിരകളിലെ മഞ്ഞുരുക്കം ഇപ്പോഴുള്ള അവസ്ഥയിൽ തുടർന്നാൽ തന്നെ 2100-ാമാണ്ട് ആകുമ്പോഴേക്കും അവിടെയുള്ള ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും അന്യമാകും. ലോകമാകെ മലേറിയ പോലെയുള്ള കൊതുകുജന്യ രോഗങ്ങൾ പെരുകും. അനേകം ജന്തുക്കൾക്കും സസ്യങ്ങൾക്കും വംശനാശം സംഭവിക്കും. ഭൂമിയിലെ ആവാസവ്യവസ്ഥ ആകെ താറുമാറാകും.
കുറേയേറെ മരങ്ങൾ വച്ചുപിടിപ്പിച്ചതുകൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നതല്ല ഭാവിയിൽ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ. ബുദ്ധിപൂർവ്വമായ ഇടപെടലുകളാണ് വേണ്ടത്. അത്തരം ചില സാധ്യതകൾ പരിശോധിക്കാം. ഇപ്പോൾ ബാലിശമെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന ചില നിർദ്ദേശങ്ങളായിരിക്കും ഭാവിയിൽ പ്രശ്നപരിഹരണത്തിന് ആവശ്യമായി വരുന്നത്. യഥാർത്ഥ സസ്യങ്ങൾ വളർത്താൻ കഴിയാത്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും കൃത്രിമ സസ്യങ്ങളെ വളർത്താൻ കഴിയും.
ഇത്തരം കൃത്രിമ ചെടികൾ അവയുടെ സമീപമുള്ള കാർബണ്ഡയോക്സൈഡിനെ ഒരു വാക്വം ക്ളീനർ എന്നപോലെ ആഗിരണം ചെയ്യുകയും അവയെ സോഡിയം ഹൈഡ്രോക്സൈഡായി പരിവർത്തനം വരുത്തുകയും ചെയ്യും. ഇങ്ങനെ ശേഖരിക്കപ്പെട്ട ലായനിയെ ചൂടുപിടിപ്പിച്ചാൽ കാർബണ്ഡയോക്സൈഡിന്റെ ഒരു ജെറ്റ് പുറപ്പെടുകയും ഈ വാതകപ്രവാഹത്തെ ഉന്നത മർദ്ദത്തിൽ ടാങ്കുകളിൽ സംഭരിക്കുകയും ചെയ്യാൻ കഴിയും. മർദ്ദം വർധിപ്പിക്കുന്നതോടെ ദ്രാവകാവസ്ഥയിലേക്ക് മാറുന്ന കാർബണ്ഡയോക്സൈഡിനെ ഭൂമിക്കടിയിലേക്ക് പമ്പുചെയ്യുന്നതിനും അങ്ങനെ ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം വഴി സൃഷ്ടിക്കപ്പെടുന്ന ഈ ഹരിതഗൃഹ വാതകത്തെ അതിന്റെ ഉത്ഭവസ്ഥലത്തു തിരിച്ചെത്തിക്കുന്നതിനും സാധിക്കും. മറ്റൊരു സാധ്യത ദ്രാവകാവസ്ഥയിലുള്ള കാർബണ്ഡയോക്സൈഡ് സമുദ്രാടിത്തട്ടിലേക്ക് പുറന്തള്ളുകയാണ്. സമുദ്രജലത്തിലെ ഫൈറ്റോപ്ളാങ്ടണുകൾ ഈ കാർബണ്ഡയോക്സൈഡിനെ അവയുടെ വളർച്ചയ്ക്കായി ഉപയോഗിക്കും. എന്നാൽ ഫൈറ്റോപ്ളാങ്ടണുകൾ മൃതിയടയുന്നതോടെ മോചിപ്പിക്കപ്പെടുന്ന കാർബണ്ഡയോക്സൈഡ് സമുദ്രജലത്തിന്റെ രാസഘടനയിൽ മാറ്റമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനുഷ്യരുടെയും മറ്റു ജീവിവർഗ്ഗങ്ങളുടെയും നിലനിൽപിന് ഹാനികരമാകുന്ന രീതിയിലുള്ള ഒരു മാറ്റം ജലത്തിന്റെ ഘടനയിലുണ്ടാവുമോ എന്ന് പരീക്ഷിച്ചറിയേണ്ടത് ആവശ്യമാണ്.
സൂര്യതാപം ഭൂമിയിലെത്താതെ തടഞ്ഞുനിർത്തുകയാണ് മറ്റൊരു പോംവഴി. ക്ളൌഡ് സീഡിംഗ് എന്നു വിളിക്കാവുന്ന ഈ രീതിയിൽ സമുദ്രജലം അന്തരീക്ഷത്തിലേക്ക് പമ്പുചെയ്യുന്നു. അന്തരീക്ഷത്തിൽ വച്ച് സമുദ്രജലം ബാഷ്പീകരിക്കുമ്പോൾ അവശേഷിക്കുന്ന ലവണങ്ങൾ മേഘങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ സാന്ദ്രീകരിച്ച് മഴ പെയ്യിക്കുകയും ചെയ്യും. മാത്രവുമല്ല മേഘങ്ങൾ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും ഭൂമിയിൽ അവ പതിക്കുന്നത് തടയുകയും ചെയ്യും. എന്നാൽ ധവള മേഘങ്ങൾ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുന്നതുപോലെ ജലബാഷ്പവും കാർബണ്ഡയോക്സൈഡുമടങ്ങിയ മേഘങ്ങൾക്ക് പ്രതിഫലന ശേഷിയുണ്ടോ എന്ന കാര്യം സംശയാതീതമായി തെളിയിക്കപ്പെടാത്തതും കാലാവസ്ഥാ നിർണയത്തിൽ മേഘങ്ങളുടെ പങ്കിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഇത്തരമൊരു പരീക്ഷണത്തിന്റെ വിജയത്തെ ചോദ്യം ചെയ്തേക്കാം.
അന്തരീക്ഷ താപനില കുറയ്ക്കാൻ പ്രകൃതി തന്നെ ചില ഇടപെടലുകൾ നടത്താറുണ്ട്. 1991ൽ ഫിലിപ്പൈൻസിലെ മൌണ്ട് പിനാട്യുമ്പോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ അന്തരീക്ഷത്തിൽ വ്യാപിച്ചത് 20 മില്യണ് ടണ് സൾഫർ ഡയോക്സൈഡ് വാതകമാണ്. ഈ വാതത്തിന്റെ സ്വാധീനം ഏകദേശം രണ്ടുവർഷത്തോളം ആഗോള താപനിലയിൽ ശരാശരി 0.5 ഡിഗ്രി സെൽഷ്യസിന്റെ കുറവുണ്ടാക്കി. അന്തരീക്ഷത്തിലേക്ക് ഗന്ധക ബാഷ്പം പമ്പുചെയ്യുന്നതിലൂടെ താപനില കുറയ്ക്കാൻ കഴിയുമെന്ന പ്രകൃതിപാഠം അനുകരിക്കാവുന്നതേയുള്ളൂ. എന്നാൽ സൾഫർ ഡയോക്സൈഡ് അന്തരീക്ഷത്തിലുള്ള ഓക്സിജനുമായും ഹൈഡ്രജനുമായും പ്രതിപ്രവർത്തിച്ച് സൾഫ്യൂറിക് അമ്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് അമ്ള മഴയ്ക്കും സമുദ്രത്തിലേയും തടാകങ്ങളിലെയും ജലത്തിന്റെ അമ്ളത വർധിപ്പിക്കുന്നതിനും കാരണമായേക്കാം. മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനും മത്സ്യം ഭക്ഷണമാക്കുന്ന മറ്റു ജീവികളേയും ഭക്ഷ്യശൃംഖലയെത്തന്നെയും അപകടപ്പെടുത്തുമെന്നുമുള്ള ഒരു സാധ്യതയും ഈ പരീക്ഷണത്തിൽ നിലനില്ക്കുന്നുണ്ട്.
അന്തരീക്ഷ മലിനീകരണവും പരിസര പ്രത്യാഘാതങ്ങളും ഉണ്ടാക്കാത്ത രീതികൾ സ്വീകരിക്കുന്നതാണ് കൂടുതൽ അഭികാമ്യം. അതിന് കുറേക്കൂടി ഉയർന്ന സാങ്കേതികവിദ്യ ആവശ്യമാണ്. ബഹിരാകാശത്തു സ്ഥാപിക്കുന്ന പ്രതിഫലകങ്ങളെക്കുറിച്ചാണ് പറയുന്നത്. സൂര്യന്റെയും ഭൂമിയുടെയും പരസ്പരമുള്ള ഗുരുത്വ വലിവ് നിർവിര്യമാകുന്ന സ്ഥാനങ്ങളിൽ ( Lagrange Points) സ്ഥാപിക്കുന്ന പ്രതിഫലകങ്ങൾ സൌരവികിരണങ്ങളെ പ്രതിഫലിപ്പിക്കുകയും ഭൂമിയുടെ അന്തരീക്ഷതാപനില ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഇതിന് പ്രായോഗികമായി ഇന്നനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ പ്രധാനം ഇതിനാവശ്യമായ യന്ത്രസാമഗ്രികൾ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള സാമ്പത്തിക ചെലവാണ്. ഇപ്പോഴത്തെ അവസ്ഥയിൽ 80 ട്രില്യണ് ഡോളർ ആവശ്യമുള്ള ഈ പദ്ധതി ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളുടെയും ആകെ ദേശീയ വരുമാനത്തിന് തുല്യമാണ്. ഏകദേശം ഗ്രീൻലാൻഡിന്റെ വിസ്തൃതിയുള്ള പ്രതിഫലകങ്ങളാണ് ബഹിരാകാശത്ത് സ്ഥാപിക്കേണ്ടതെന്നത് നിലവിൽ സ്പേസിലേക്ക് യന്ത്രസാമഗ്രികൾ കൊണ്ടുപോകുന്ന ഉപഗ്രഹങ്ങൾക്ക് അതൊരു ദീർഘകാല പദ്ധതിയുമാകും. എന്നാൽ ഭാവിയിലെ വികസിച്ച സാങ്കേതിക വിദ്യയിൽ ഈ ദൌത്യം വിജയകരമായി നിർവഹിക്കാൻ സാധിക്കുമെന്നതിൽ സംശയമൊന്നുമില്ല.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണം പ്രകൃതിയിൽ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണെന്നതിന് ശക്തമായ തെളിവുകളുണ്ടെങ്കിലും അതിന് സാമ്പത്തികമായും രാഷ്ട്രീയപരമായും സാമൂഹികവുമായ നിരവധി മാനങ്ങളുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജ്ജനം പൂർണമായി അവസാനിപ്പിച്ചാലും അന്തരീക്ഷത്തിന്റെ താപനില ഉടനെയങ്ങു താഴുകയുമൊന്നുമില്ല. എന്നാൽ ഇന്നു നടത്തുന്ന മുൻകരുതലുകൾ നാളെ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുന്നത്.
ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രീകരണം 450 – 550 ppm (parts per million) എന്ന തോതിൽ നിലനിർത്താൻ കഴിഞ്ഞാൽ ആസന്നമായ ദുരന്തത്തിൽ നിന്ന് ഒരു പരിധിവരെ പിടിച്ചുനില്ക്കാൻ കഴിയും. ഇപ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രീകരണം 380 ppm എന്ന തോതിലാണുള്ളത്. അതിനർത്ഥം ഇനി കളയാൻ അധിക സമയമില്ലെന്നു തന്നെയാണ്. ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജ്ജനം 50 മുതൽ 80 ശതമാനം വരെ കുറച്ചുകൊണ്ടുവന്നെങ്കിൽ മാത്രമേ ഈ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും ഈ നിർണായക മൂല്യത്തിൽ നിലനിർത്താൻ കഴിയുകയുള്ളൂ. കുറഞ്ഞ ഇന്ധനം കൊണ്ട് കൂടുതൽ ഊർജ്ജമുല്പാദിപ്പിക്കുന്ന വാഹനങ്ങൾ, കാറ്റ്, സൂര്യപ്രകാശം, ഹൈഡ്രജൻ, അണുശക്തി മുതലായവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഊർജത്തിന്റെ ഉപയോഗം, സസ്യങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങൾ, പ്രകൃതി വാതകം എന്നിവയെല്ലാം പ്രോൽസാഹിപ്പിക്കപ്പെടണം. അതോടൊപ്പം ഫോസിൽ ഇന്ധനങ്ങളിൽ നിന്നു പുറന്തള്ളപ്പെടുന്ന കാർബണ്ഡയോക്സൈഡ് ശേഖരിക്കുകയും അത് ഭൌമാന്തർഭാഗത്ത് എത്തിക്കുകയും ചെയ്യുന്ന കാർബണ് സ്വീക്വസ്ട്രേഷൻ സമ്പ്രദായവും അഭിലഷണീയമാണ്.
വനവത്ക്കരണം ഫലപ്രദമല്ലെന്നല്ല. എന്നാൽ അതിനെ മാത്രം ആശ്രയിക്കുന്നത് യാഥാർത്ഥ്യങ്ങളുടെ നേരെ പുറംതിരിഞ്ഞു നില്ക്കുന്നതിന് തുല്യമാണ്. കൂടുതൽ സാധ്യതകൾ കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മതപുരോഹിതർക്കും രാഷ്ട്രീയ നേതാക്കൾക്കും അവരുടെ പ്രഭാഷണങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഒരു വിഷയമാക്കാൻ ശ്രമിക്കാവുന്നതാണ്. ഭൂമിയിൽ മനുഷ്യനും ജീവനും അവശേഷിച്ചെങ്കിലല്ലേ സ്വർഗ്ഗരാജ്യവും ദൈവിക ഭരണവുമെല്ലാം സ്ഥാപിക്കാൻ കഴിയൂ. ജനമില്ലെങ്കിൽ എന്തു ജനാധിപത്യം?!