ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

109

സാബു ജോസ്

ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട്‌ ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ? ഈ രണ്ടു സാധ്യതകളും ഭയാനകമാണ്‌. അത്തരം അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെന്താ നമ്മെ സന്ദര്‍ശിക്കാത്തത്‌? പറക്കും തളികകള്‍ കൊണ്ട്‌ അന്യഗ്രഹ ജീവികളുടെ ആക്രമണം പ്രതീക്ഷിക്കാമോ? എന്നെങ്കിലുമൊരിക്കല്‍ നമുക്ക്‌ അത്തരം ജീവികളുടെ അരികില്‍ എത്താന്‍ കഴിയുമോ? സയന്‍സും ഫിക്ഷനുമെല്ലാം ചേര്‍ന്ന ഇത്തരം ചോദ്യങ്ങള്‍ ശാസ്‌ത്രജ്ഞര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും ഏറെ കൗതുകമുളവാക്കുന്നവയാണ്‌.
പ്രപഞ്ചത്തിന്റെ വലിപ്പം അളക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ചോദ്യങ്ങളുടെ ആഴവും പരപ്പും വര്‍ധിക്കും. നമുക്ക്‌ ഭൂമിയില്‍ നിന്നുതന്നെ തുടങ്ങാം. സൗരയൂഥം എന്ന്‌ പേരിട്ടിരിക്കുന്ന സൂര്യന്‍ എന്ന മഞ്ഞക്കുള്ളന്‍ നക്ഷത്രത്തെ ആധാരമാക്കി സഞ്ചരിക്കുന്ന എട്ടു ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനത്തുള്ള ഗ്രഹമാണ്‌ ഭൂമി. ഗ്രഹങ്ങളേക്കൂടാതെ അവയുടെ ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളും കുള്ളന്‍ ഗ്രഹങ്ങളുമെല്ലാം ചേര്‍ന്ന ഒരു വലിയ വ്യവസ്ഥയാണ്‌ സൗരയൂഥം. ഇനി സൂര്യനേപ്പോലെയോ അതിലും വലുതോ ചെറുതോ ആയ ഇരുപതിനായിരം കോടി നക്ഷത്രങ്ങള്‍ ചേര്‍ന്ന വലിയ കുടുംബമാണ്‌ ക്ഷീരപഥം എന്ന ഗാലക്‌സി. ക്ഷീരപഥം പോലെയുള്ള ലക്ഷം കോടി ഗാലക്‌സികള്‍ ഉണ്ടെന്ന്‌ അനുമാനിക്കുന്നു. നക്ഷത്രങ്ങളേക്കൂടാതെ വാതകപടലവും, നെബുലകളും, ഗ്രഹങ്ങളുമെല്ലാം ചേര്‍ന്ന ദൃശ്യയോഗ്യമായ ദ്രവ്യം ഈ മഹാപ്രപഞ്ചത്തിന്റെ അഞ്ച്‌ ശതമാനത്തില്‍ താഴെ മാത്രമേ ഉണ്ടാകൂ. നിരീക്ഷണയോഗ്യമായ പ്രപഞ്ചത്തിന്റെ വ്യാസം ഏതാണ്ട്‌ 9400 കോടി പ്രകാശവര്‍ഷമുണ്ട്‌. ഈ മഹാപ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരുന്നുകൊണ്ടാണ്‌ നമ്മള്‍ ഭൗമേതര ജീവന്‍ തിരയാനൊരുങ്ങുന്നത്‌.
അന്യഗ്രഹജീവികള്‍ എന്ന പേര്‌ കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെയെല്ലാം ചിന്തയിലെത്തുക വലിയതലയും, തലയില്‍ മുടിയില്ലാത്തതുമായ പച്ചനിറത്തിലുള്ള കൗതുക ജന്തുക്കളെയായിരിക്കും. സ്റ്റാര്‍വാര്‍സ്‌ സീരീസിലൂടെ പ്രശസ്‌തമായ ഈ രൂപങ്ങള്‍ തന്നെയാണ്‌ ഇപ്പോഴും കൂടുതല്‍ സയന്‍സ്‌ ഫിക്ഷനുകളില്‍ അവതരിപ്പിക്കുന്നത്‌. അടുത്തകാലത്തായി കുറേക്കുടി ഭീകരന്‍മാരായ ജീവികളും രംഗത്തെത്തിയിട്ടുണ്ട്‌. എങ്കിലും ഇവയ്‌ക്കെല്ലാം തന്നെ മനുഷ്യന്റെ ആകൃതിയുമായി ചെറുതല്ലാത്ത ബന്ധമുണ്ട്‌. ഭൂമിയില്‍ ഉദ്‌ഭവിച്ചതുകൊണ്ടു മാത്രമാണ്‌ മനുഷ്യന്‌ ഈ രൂപമുണ്ടായത്‌ എന്നതാണ്‌ വാസ്‌തവം. എന്നാല്‍ ഭൂമിയുടെ സവിശേഷതകളെല്ലാമുള്ള അന്യഗ്രഹങ്ങള്‍ ഉണ്ടാകില്ലേ എന്നൊരു മറുചോദ്യവും ഇവിടെ പ്രതീക്ഷിക്കാം.
പ്രപഞ്ചത്തിന്റെ വലുപ്പവും അന്യഗ്രഹജീവികളുടെ ആകൃതിയും മനസ്സിലാകുന്നതിനുമുമ്പുതന്നെ ഭൗമേതര ജീവിന്റെ സാധ്യത മനുഷ്യര്‍ അന്വേഷിച്ചിരുന്നു. ബഹായ്‌ മത സ്ഥാപകനായ ബഹാവുല്ല, നിക്കോളേ കോപ്പര്‍നിക്കസ്‌, ജിയോര്‍ഡാനോ ബ്രൂണോ, ഐസക്‌ ന്യൂട്ടന്‍ എന്നിവരാണ്‌ അവരില്‍ പ്രമുഖര്‍. എന്നാല്‍ അവരുടെ പ്രവചനങ്ങള്‍ പരസ്യപ്പെടുത്തുക അക്കാലത്ത്‌ അപകടമായിരുന്നു. ബഹാവുല്ല ജയിലില്‍ കിടന്നതിന്റെയും ബ്രൂണോയ്‌ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടതിന്റെയും പല കാരണങ്ങളില്‍ ഒന്ന്‌ ഭൗമേതര ജീവിനേക്കുറിച്ചുള്ള പ്രവചനമായിരുന്നു.
റേഡിയോ ടെലസ്‌ക്കോപ്പുകളുടെ ആവിര്‍ഭാവത്തോടുകൂടിയാണ്‌ ആധുനിക കാലഘട്ടത്തില്‍ അന്യഗ്രഹങ്ങളേക്കുറിച്ചും ഭൗമേതര ജീവനേക്കുറിച്ചുമുള്ള അന്വേഷണം കാര്യക്ഷമമായത്‌. തരംഗദൈര്‍ഘ്യം കൂടുതലുള്ള റേഡിയോ സിഗ്നലുകള്‍ക്ക്‌ തടസ്സങ്ങള്‍ മറികടന്ന്‌ വലിയ ദൂരങ്ങള്‍ സഞ്ചരിക്കാന്‍ കഴിയുന്നതുകൊണ്ടാണ്‌ അന്യഗ്രഹ വേട്ടയ്‌ക്കായി റേഡിയോ സിഗ്നലുകള്‍ ഉപയോഗിക്കുന്നത്‌.
1960 കളില്‍ പ്രവര്‍ത്തമാരംഭിച്ച ആദ്യത്തെ റേഡിയോ ദൂരദര്‍ശിനിയായ ഗ്രീന്‍ബാങ്ക്‌ ടെലസ്‌ക്കോപ്പിനെ ചുറ്റിപ്പറ്റിയാണ്‌ അന്യഗ്രഹ ജീവന്റെ ആദ്യ സൂചന ലഭിച്ചത്‌. റേഡിയോ സിഗ്നലുകള്‍ കൊണ്ട്‌ ദൂരദര്‍ശിനി നിറഞ്ഞു. ഏതാനും സെക്കന്റുകള്‍ക്കകം സിഗ്നലുകള്‍ നഷ്‌ടപ്പെടു. ഈ സിഗ്നലുകള്‍ ഒരു ഭൗമേതര സ്രോതസ്സില്‍ നിന്നുള്ളതാകാമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ കരുതിയത്‌. പക്ഷെ പിന്നീട്‌ അത്തരം സിഗ്നലുകളൊന്നും ലഭിക്കാത്തതുകൊണ്ടും സിഗ്നലുകളുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടും ഭൗമേതര ജീവന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഭൗമേതര ജീവന്റെ അന്വേഷണത്തില്‍ വലിയ പുരോഗതിയാണുണ്ടായത്‌. ഇതില്‍ എടുത്തുപറയേണ്ട പേര്‌ നാസയുടെ കെപ്‌ളര്‍ ദൂരദര്‍ശിനിയുടേതാണ്‌. മറ്റെല്ലാ സങ്കേതങ്ങളുപയോഗിച്ചും കണ്ടെത്തിയിട്ടുള്ള അന്യഗ്രഹങ്ങളേക്കാള്‍ അധികം ഭൗമേതര ഗ്രഹങ്ങളെ കെപ്‌ളര്‍ ദൂരദര്‍ശിനി ഉപയോഗിച്ച്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇവയില്‍ 1500 ല്‍ അധികം ഗ്രഹങ്ങള്‍ ഭൗമസമാനമാണ്‌. അതായത്‌ മണ്ണും ജലവുമുള്ള ഗ്രഹങ്ങള്‍. ഏറെക്കൂറെ ഭൂമിയുടെ വലുപ്പവും. ഗ്രഹസംതരണ രീതി (Transit Method) എന്ന മാര്‍ഗമുപയോഗിച്ചാണ്‌ കെപ്‌ളര്‍ അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത്‌. ഗ്രഹണത്തിന്‌ സമാനമായ പ്രപഞ്ച പ്രതിഭാസമാണ്‌ സംതരണം. ഒരു അതാര്യവസ്‌തു നക്ഷത്രബിംബത്തിനു മുന്നിലൂടെ കടന്നുപോകുമ്പോള്‍ നക്ഷ്രത്രത്തിന്റെ പ്രത്യക്ഷ കാന്തികമാനത്തില്‍ നേരിയ കുറവുണ്ടാകും. ഇങ്ങനെ കടന്നുപോകുന്ന ഗ്രഹമോ ഉപഗ്രഹമോ കെപ്‌ളര്‍ ദൂരദര്‍ശിനിക്ക്‌ അഭിമുഖമായാണ്‌ കടന്നുപോകുന്നതെങ്കില്‍ ആ ഗ്രഹത്തിന്റെ ചിത്രമെടുക്കുകയും ദൂരദര്‍ശിനിയിലെ അനുബന്ധ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഗ്രഹത്തിന്റെയും നക്ഷത്രത്തിന്റെയും താപനില, ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകള്‍, പിണ്‌ഡം, വലുപ്പം എന്നിവ കണ്ടെത്താന്‍ കഴിയും. ഇങ്ങനെ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഭൗമസമാന സാഹചര്യമുണ്ടെന്നും ഉപരിതലത്തില്‍ ജലസാന്നിധ്യമുണ്ടെന്നും അന്തരീക്ഷത്തില്‍ മീഥേയന്‍ വാതകമുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജലവും മീഥേയ്‌നും ജീവന്റെ അടയാളങ്ങളാണ്‌. ഈ ഗ്രഹങ്ങളിലെ താപനില ജീവന്‍ ഉദ്‌ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും അനുയോജ്യവുമാണ്‌. എന്നാല്‍ കെപ്‌ളര്‍ കണ്ടെത്തിയ ഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നും 500 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമാണ്‌. അതുകൊണ്ടുതന്നെ ഇന്നത്തെ സാങ്കേതിക വിദ്യയില്‍ അന്യഗ്രഹ ജീവികളുടെ ചിത്രീകരണം സാധ്യമല്ല. എന്നാല്‍ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന അത്തരം ഗ്രഹങ്ങളില്‍ ജീവനുണ്ടാകാനുള്ള സാധ്യത വളരെയധികമാണെന്നു തന്നെയാണ്‌.
ഒരു ഖഗോള ദ്രവ്യപിണ്‌ഡത്തില്‍ ജീവന്‍ ഉദ്‌ഭവിക്കാനും നിലനില്‍ക്കാനുമുള്ള സാഹചര്യം നിര്‍മിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്‌ ആ വ്യൂഹത്തിന്റെ ആധാരമായ മാതൃനക്ഷത്രമാണ്‌. നക്ഷത്ര കേന്ദ്രത്തില്‍ നിന്നും എത്ര അകലെയുള്ള പ്രദേശത്താണ്‌ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്നത്‌ എന്ന്‌ പരിഗണിച്ചാല്‍ ഈ മേഖലയെ നമുക്ക്‌ നക്ഷത്രത്തിന്റെ വാസയോഗ്യ മേഖല (Habitable Zone) എന്ന്‌ വിളിക്കാം. നക്ഷത്രത്തിന്റെ ഉപരിതല ഊഷ്‌മാവിനെ ആശ്രയിച്ച്‌ അതിന്റെ ചുറ്റുമുള്ള വാസയോഗ്യ മേഖല വ്യത്യാസപ്പെട്ടിരിക്കും. ഉപരിതല ഊഷ്‌മാവ്‌ 6000 കെല്‍വിന്‍ ഉള്ള സൂര്യന്റെ വാസയോഗ്യ മേഖല കേന്ദ്രത്തില്‍ നിന്നും 12 കോടി കിലോമീറ്ററിനും 22 കോടി കിലോമീറ്ററിനും ഇടയിലാണ്‌. ഇനി സൗരയൂഥത്തില്‍ ഭൂമിയുടെ സ്ഥാനം പരിഗണിച്ചാല്‍ അത്‌ സൂര്യന്റെ കേന്ദ്രത്തില്‍ നിന്നും ഏകദേശം 15 കോടി കിലോമീറ്റര്‍ ആണെന്ന്‌ കാണാന്‍ കഴിയും. അതായത്‌ സൂര്യന്റെ വാസയോഗ്യ മേഖലയില്‍ തന്നെയാണ്‌ ഭൂമിയുടെ സ്ഥാനം. ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്ന ഭൂമിയില്‍ ജീവന്‍ ഉദ്‌ഭവിച്ചതുപോലെ തന്നെ മറ്റു നക്ഷത്രങ്ങളുടെ വാസയോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങളില്‍ ജീവന്‍ ഉദ്‌ഭവിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്‌. നക്ഷത്രങ്ങളുടെ ഉപരിതല താപനില കൂടുതലാണെങ്കില്‍ വാസയോഗ്യമേഖല കൂടുതല്‍ ദൂരത്തായിരിക്കും. കുറഞ്ഞവയില്‍ അത്‌ നക്ഷത്രത്തിന്റെ അടുത്തുമായിരിക്കും.
വാസയോഗ്യമേഖല മാത്രമല്ല ജീവന്റെ സാധ്യത നിര്‍മിക്കുന്നത്‌. നക്ഷത്രത്തില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളുടെ പ്രത്യേകതയും പ്രധാനമാണ്‌. ലോഹസാന്നിധ്യം കൂടുതലുള്ള നക്ഷത്രങ്ങള്‍ക്ക്‌ ചൂറ്റും ജീവനുദ്‌ഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ്‌ കരുതുന്നത്‌. സൂര്യനേപ്പോലെയുള്ള മുഖ്യധാരാ നക്ഷത്രങ്ങള്‍ക്ക്‌ (Main Sequence Stars) ചുറ്റുമുള്ള ഗ്രഹങ്ങളില്‍ ജീവനുദ്‌ഭവിക്കാനുള്ള സാധ്യത കൂടുതലാണ്‌.
ഇരട്ട നക്ഷത്രങ്ങള്‍ക്കും നക്ഷത്ര ത്രയങ്ങള്‍ക്കും ചുറ്റും ജീവനുദ്‌ഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ്‌ പൊതുവെയുള്ള ശാസ്‌ത്രമതം. എന്നാല്‍ ഈ പരികല്‍പനയ്‌ക്കും മങ്ങലേറ്റു തുടങ്ങിയിരിക്കുകയാണ്‌. ഇരട്ട നക്ഷത്രങ്ങള്‍ക്കു ചുറ്റും ഭൗമസമാന ഗ്രഹങ്ങളെ കണ്ടെത്തിക്കഴിഞ്ഞു.
നക്ഷത്രങ്ങളുടെ പ്രത്യേകതകള്‍ മാത്രമല്ല ഗ്രഹങ്ങളുടെ സവിശേഷതകളും ജീവന്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്‌. വ്യാഴത്തേപ്പോലെയുള്ള വാതക ഗ്രഹങ്ങളില്‍ ജീവന്‍ ഉദ്‌ഭവിക്കാനുള്ള സാധ്യത കുറവാണ്‌. ഭൂമിയേപ്പോലെ ഖരോപരിതലമുള്ള ഗ്രഹങ്ങളിലാണ്‌ നാം ഇപ്പോള്‍ ജീവന്‍ തിരയുന്നത്‌. ഖര ഉപരിതലവും വാസയോഗ്യ മേഖലയും അനുകൂലമായാലും അവിടെ ജീവനുണ്ടെങ്കില്‍ തന്നെ അവയെ ഭൗമജീവനുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം ഒരു ഗ്രഹത്തിലെ ജീവന്‍ പ്രസ്‌തുത ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന, ധാതുക്കള്‍, ഉപരിതല ഘടന, ഗുരുത്വാകര്‍ഷണ ബലം, കാന്തിക മണ്‌ഡലത്തിന്റെ ശക്തി, ഗ്രഹാന്തര്‍ഭാഗത്തെ രാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അന്യഗ്രഹങ്ങളിലെ ജീവന്‌ നാം കൊടുക്കുന്ന നിര്‍വചനം ഭൗമജീവനുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വിചിത്രമായിരിക്കും. എന്നാല്‍ ഇതിനൊരു വിപരീതവശം കൂടിയുണ്ട്‌. സൂര്യന്‍ എന്ന നക്ഷത്രത്തിനു ചുറ്റുമുള്ള എട്ട്‌ ഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയില്‍ ജീവനുണ്ട്‌.
ക്ഷീരപഥത്തില്‍ സൂര്യസമാനമായ നക്ഷത്രങ്ങള്‍ 20 ശതമാനമുണ്ട്‌. ഒരു വാദത്തിനു വേണ്ടി ഒരു ശതമാനം നക്ഷത്രങ്ങള്‍ സൂര്യനേപ്പോലെയുള്ളതാണെന്ന്‌ പരിഗണിക്കുക. വീണ്ടും അവയില്‍ ഒരു ശതമാനം നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹകുടംബങ്ങളുണ്ടെന്നും അവയില്‍ ഒരു ശതമാനം ഭൗമസമാന ഗ്രഹങ്ങളാണെന്നും വീണ്ടും അവയില്‍ ഒരു ശതമാനം ഗ്രഹങ്ങളില്‍ വെള്ളമുണ്ടെന്നും വീണ്ടും അവയില്‍ ഒരു ശതമാനത്തില്‍ ജീവനുണ്ടെന്നും വീണ്ടും അവയില്‍ ഒരു ശതമാനത്തില്‍ ഭൗമസമാന ജീവനുണ്ടെന്നും വീണ്ടും ഒരു ശതമാനത്തില്‍ മനുഷ്യനേപ്പോലെയുള്ള ജീവിയുണ്ടെന്നും പരിഗണിച്ചാല്‍ പ്രപഞ്ചത്തിലെ ഏഴ്‌ സെക്‌സ്‌ടില്യണ്‍ നക്ഷത്രങ്ങള്‍ക്കു ചുറ്റും നിങ്ങളുടെയും എന്റെയുമെല്ലാം ലക്ഷം കോടി പതിപ്പുകളെ കാണാന്‍ കഴിയും.
ഭൗമേതര ജീവന്‌ ഇത്രയധികം സാധ്യതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ്‌ അവര്‍ ഭൂമി സന്ദര്‍ശിക്കാതിരിക്കുന്നത്‌ എന്നൊരു ചോദ്യം ഉയരുക സ്വാഭാവികമാണ്‌. സ്‌പേസിന്റെ വിശാലത തന്നെ കാരണം. ഒരുദാഹരണം നോക്കാം. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയുടെ തൊട്ടടുത്തുള്ള നക്ഷത്രമാണ്‌ 4.3 പ്രകാശവര്‍ഷം അകലെയുള്ള പ്രോക്‌സിമ സെന്റോറി. അതായത്‌ പ്രോക്‌സിമയില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ 4.3 വര്‍ഷം കഴിയണം. പ്രോക്‌സിമയുടെ വാസയോഗ്യ മേഖലയിലുള്ള ഗ്രഹത്തില്‍ ജീവനുണ്ടെന്ന്‌ സങ്കല്‍പിക്കുക.
ഭൂമിയില്‍ നിന്ന്‌ ഒരു റോക്കറ്റില്‍ കയറി യാത്ര തിരിച്ചാല്‍ അവിടെയെത്താന്‍ ഏകദേശം 70,000 വര്‍ഷം വേണ്ടി വരും. ഇനി ഒന്നു ഫോണ്‍ ചെയ്യുകയാണെന്ന്‌ സങ്കല്‍പിക്കുക. നമ്മുടെ ‘ഹലോ’ അവിടെയെത്താന്‍ 4.3 വര്‍ഷം എടുക്കും. തിരിച്ചും അങ്ങനെ തന്നെ.
ഒരുദാഹരണം കൂടി പറയാം. വേട്ടക്കാരന്‍ താരാഗണത്തില്‍ (Constellation Orion) കാണുന്ന ചുവന്ന നക്ഷത്രം തിരുവാതിര (Betelguise) ഭൂമിയില്‍ നിന്ന്‌ 630 പ്രകാശവര്‍ഷം ദൂരെയാണ്‌. അതിനര്‍ഥം നമ്മള്‍ ഇന്ന്‌ കാണുന്ന തിരുവാതിര 630 വര്‍ഷം മുന്‍പ്‌ ഉണ്ടായിരുന്ന നക്ഷത്രമാണ്‌. ഇന്നത്തെ അവസ്ഥ അറിയണമെങ്കില്‍ 630 വര്‍ഷം കഴിഞ്ഞ്‌ നോക്കണം. ഇതെല്ലാം പ്രപഞ്ചത്തിലെ ചെറിയ ദൂരങ്ങളുടെ കാര്യമാണ്‌. അപ്പോള്‍ വലിയ ദൂരങ്ങളിലേക്കും അവിടെനിന്ന്‌ ഭൂമിയിലേക്കുള്ള നക്ഷത്രാന്തര യാത്രകള്‍ അസാധ്യമാണെന്ന്‌ കാണാന്‍ കഴിയും.
ഭൗമേതര ജീവന്‍ തിരയുമ്പോള്‍ സ്വര്‍ണത്തിനും വെള്ളിക്കുമൊക്കെ സ്ഥാനമുണ്ട്‌. മനുഷ്യര്‍ മാത്രമല്ല ഏലിയനുകളും സ്വര്‍ണം ധരിക്കുമെന്നൊന്നുമല്ല പറഞ്ഞു വരുന്നത്‌. ഭൗമ ജീവന്റെ അടിസ്ഥാനം കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്‌ഫറസ്‌ സള്‍ഫര്‍ എന്നീ മൂലകങ്ങളണ്‌. ഭൂമിയില്‍ വലിയ തോതില്‍ കാണപ്പെടുന്ന മൂലകങ്ങളും ഇവ തന്നെയാണ്‌. എന്നാല്‍ എങ്ങനെയാണ്‌ സ്വര്‍ണവും യുറാനിയവുമെല്ലാം ചെറിയ അളവിലാണെങ്കിലും ഭൂമിയിലുണ്ടായത്‌?
അതു പറയുമ്പോള്‍ അല്‍പം ആസ്‌ട്രോഫിസിക്‌സ്‌ കൂടി പറയണം. നക്ഷത്രങ്ങളില്‍ നടക്കുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി അവയുടെ കേന്ദ്രത്തില്‍ ഇരുമ്പ്‌ വരെയുള്ള മൂലകങ്ങളേ ഉണ്ടാവുകയുള്ളൂ. ഇരുമ്പിന്റെ ആറ്റമിക നമ്പര്‍ 26 ആണ്‌. അതായത്‌ ചിലരെങ്കിലും കരുതുന്നതുപോലെ സൂര്യന്‍ പൊട്ടിത്തെറിച്ചല്ല ഭൂമിയുണ്ടായത്‌. അങ്ങനെ ആയിരുന്നെങ്കില്‍ ഭൂമിയില്‍ ഇരുമ്പു വരെയുള്ള മൂലകങ്ങളേ ഉണ്ടാവുമായിരുന്നുള്ളൂ. അപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ നടന്നത്‌. ഒരു ഭീമന്‍ നക്ഷത്രത്തിന്റെ ജീവിതാന്ത്യത്തില്‍ അത്‌ പൊട്ടിത്തെറിക്കും. സൂപ്പര്‍നോവ എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്‌. നോവ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലും താപനിലയിലും ഹൈഡ്രജന്‌ ഫ്യൂഷന്‍ സംഭവിച്ച്‌ പീര്യോഡിക്‌ ടേബിളിലെ 94 ാമത്തെ മൂലകം വരെ ഉണ്ടാകും. 79 ാമത്തെ മൂലകമായ സ്വര്‍ണവും അതില്‍ പെടും. പൊട്ടിത്തെറിയില്‍ ചിതറിത്തെറിച്ച നക്ഷത്ര ധൂളി വ്യാപിച്ചുകിടക്കുന്ന പ്രദേശത്തുവച്ചാണ്‌ സൂര്യനും മറ്റു ഗ്രഹങ്ങളും ഉണ്ടായത്‌. അതുകൊണ്ടാണ്‌ ഭൂമിയില്‍ സ്വര്‍ണവും വെള്ളിയും നമ്മുടെ ശരീരത്തില്‍ ഇരുമ്പും കാത്സ്യവുമെല്ലാം ഉണ്ടായത്‌. നമ്മളെല്ലാം ഒരു സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ അവശിഷ്‌ട ധൂളിയില്‍ നിന്ന്‌ ജനിച്ചവരാണെന്ന്‌ സാരം. ഇതേ സാധ്യത തന്നെയാണ്‌ പ്രപഞ്ചത്തില്‍ എല്ലായിടത്തും ഉണ്ടാവുക. അതുകൊണ്ടു തന്നെ ഭൗമജീവന്റെ സവിശേഷതകളുള്ള ജീവികളെ പ്രപഞ്ചത്തിലെവിടെയും കാണാന്‍ കഴിയും. കാരണം പ്രപഞ്ചത്തില്‍ സൂര്യനും ഭൂമിക്കും ഒരു സവിശേഷ സ്ഥാനം നല്‍കാന്‍ കഴിയില്ല.
ഭൗമേതര ജീവന്‍ തിരയുന്നതില്‍ അമേച്വര്‍ ആസ്‌ട്രോണമര്‍മാര്‍ക്കും പങ്കുണ്ട്‌. ഇത്തരമൊരു സംരംഭമാണ്‌ സെറ്റി (Search for Extra Terrestrial Intelligence–SETI). റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച്‌ നിരന്തരമായി സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണവര്‍. പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിലുള്ള വികസിച്ച നാഗരികതയുള്ള ഒരു ജിവിവര്‍ഗം ഈ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞ്‌ മറുപടി അയക്കുമെന്നാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ഇതിനും കടമ്പകളേറെയുണ്ട്‌. ഭൂമിയില്‍ മനുഷ്യന്‍ ഉദ്‌ഭവിച്ച കാലത്തു തന്നെ ഉദ്‌ഭവിച്ച ഒരു ജീവിവര്‍ഗത്തിനു മാത്രമേ മനുഷ്യന്റെ സാങ്കേതിക വിദ്യ കരസ്ഥമാക്കാന്‍ കഴിയു. മാത്രവുമല്ല റേഡിയോ തരംഗങ്ങള്‍ ആശയ വിനിമയത്തിന്‌ ഉപയോഗിക്കുകയും വേണം. ഭൗമജീവന്‍ ഉദ്‌ഭവിക്കുന്നതിനു മുമ്പുണ്ടായ നാഗരികതയാണെങ്കില്‍ മനുഷ്യനേക്കാള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയായിരിക്കും അവര്‍ ഉപയോഗിക്കുക. ഭൗമജീവന്‍ ഉദ്‌ഭവിച്ചതിന്‌ ശേഷമുണ്ടായ നാഗരികതയാണെങ്കില്‍ അവരുടെ സാങ്കേതികവിദ്യ മനുഷ്യനുപയോഗിക്കുന്ന സാങ്കേതികവിദ്യയോടെപ്പം വളര്‍ന്നിട്ടുമുണ്ടാകില്ല. ഈ രണ്ടു സാഹചര്യങ്ങളിലും ആശവിനിമയം അസാധ്യമായിരിക്കും. എന്നാല്‍ സെറ്റി അംഗങ്ങള്‍ പ്രതീക്ഷ കൈവിടുന്നില്ല. പ്രപഞ്ചത്തിന്റെ വലുപ്പവും ഭൗമേതര ഗ്രഹങ്ങളുടെ എണ്ണക്കൂടുതലും കാരണം എല്ലാ സാഹചര്യങ്ങളും ഭൗമസമാനമാകുന്ന ഇടങ്ങളില്‍ ഉള്ള നാഗരികത ഭൂമിയില്‍ നിന്നയക്കുന്ന സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞ്‌ മറുപടി അയക്കുമെന്നുതന്നെയാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌.
2018 ല്‍ നാസ വിക്ഷേപിച്ച ട്രാന്‍സിറ്റിംഗ്‌ എക്‌സോപ്ലാനറ്റ്‌ സര്‍വേ സാറ്റലൈറ്റ്‌ (TESS), 2021 ല്‍ വിക്ഷേപിക്കുന്ന ജെയിംസ്‌ വെബ്‌ സ്‌പേസ്‌ ടെലസ്‌ക്കോപ്പ്‌ (JWST), നിര്‍മാണത്തിലിരിക്കുന്ന യൂറോപ്യന്‍ എക്‌ട്രീംലി ലാര്‍ജ്‌ ടെലസ്‌ക്കോപ്പ്‌ (E-ELT) തുടങ്ങിയ ദൂരദര്‍ശിനികള്‍ക്ക്‌ വളരെ വിദൂരങ്ങളായ ഭൗമേതര ഗ്രഹങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ കഴിയും. എന്നിരുന്നാലും ഭൗമേതര ജീവിന്‍ ചിത്രീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യ ഇനിയുമേറെ പുരോഗമിക്കേണ്ടിയിരിക്കുന്നു. ചൊവ്വയിലും ഔട്ടര്‍ സോളാര്‍ സിസ്റ്റത്തിലെ ഉപഗ്രഹങ്ങളിലുമാണ്‌ ഇപ്പോള്‍ പ്രധാനമായും ജീവന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്‌. നാസയുടെ നിരവധി പര്യവേഷണ വാഹനങ്ങള്‍ ചൊവ്വയില്‍ ജീവന്റെ അവശേഷിപ്പുകളെങ്കിലും കണ്ടെത്താനുള്ള പരിശ്രമത്തിലാണ്‌. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹങ്ങളായ എന്‍സിലാഡസ്‌, ടൈറ്റന്‍, കുയ്‌പര്‍ ബെല്‍ട്ടിലെ കുള്ളന്‍ ഗ്രഹങ്ങള്‍, ധൂമകേതുക്കള്‍ തുടങ്ങിയ ഖഗോള പിണ്‌ഡങ്ങളിലാണ്‌ ഇപ്പോള്‍ ജീവന്‍ തിരയുന്നത്‌. ആസ്റ്ററോയ്‌ഡ്‌ ബെനുവില്‍ നിന്ന്‌ സാംപിള്‍ ശേഖരിച്ച നാസയുടെ സ്‌പേസ്‌ ക്രാഫ്‌റ്റ്‌ 2022ല്‍ ഭൂമിയില്‍ തിരിച്ചെത്തും. 2029 ല്‍ മീഥേയ്‌ല്‍ ആല്‍ക്കഹോള്‍, ഈഥേയ്‌ല്‍ ആല്‍ക്കഹോള്‍ പുഴകളുള്ള ടൈറ്റനിലേക്ക്‌ ഒരു ചെറിയ മുങ്ങിക്കപ്പല്‍ നാസ അയക്കുന്നുണ്ട്‌. എന്‍സിലാഡസില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിക്കുന്ന ദ്രാവക ജെറ്റുകള്‍ ജലമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഏതു നിമിഷവും ഒരു ഭൗമേതര ജീവനെ കണ്ടെത്താന്‍ കഴിയുമെന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. അതിന്റെ നിര്‍വചനം എത്ര വിചിത്രമാണെങ്കിലും.

Advertisements