പുരുഷന്റെ പരീക്ഷണശാലയല്ല സ്ത്രീയുടെ സുരക്ഷിത ഇടം

Sabu Jose

ജീവിതത്തിന്റെ സർവ മേഖലകളിലും പുരുഷനോടൊപ്പം ഇന്ന് സ്ത്രീയുമുണ്ട്. എങ്കിലും സാമുദായികവും സാംസ്‌ക്കാരികവുമായ ചില കീഴ്‌വഴക്കങ്ങൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുന്നുണ്ട്. പുരുഷ മേധാവിത്തമുള്ള അത്തരം സമൂഹങ്ങൾ സ്ത്രീവിരുദ്ധതയ്ക്ക് നൽകുന്ന ന്യായീകരണമാണ് ഏറെ പരിഹാസ്യം. സ്ത്രീകളെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അവരെ മൂടുപടത്തിനുള്ളിലും അടുക്കളയിലും തളച്ചിടുന്നത് എന്നാണവരുടെ ന്യായം. ദേവാലയത്തിൽനിന്നു പോലും സ്ത്രീകളെ അകറ്റിനിർത്തുന്ന യാഥാസ്ഥിതിക വിഭാഗങ്ങളുമുണ്ട്. ശാസ്ത്ര രംഗത്തും സ്ത്രീകളെ അന്യവത്ക്കരിച്ച ഒരു കാലമുണ്ടായിരുന്നു. മതവും, രാഷ്ട്രീയവും ഉൾപ്പടെയുള്ള ചില സമൂഹ നിർമിതികളുടെ സങ്കുചിത, പുരുഷ കേന്ദ്രീകൃത മുൻവിധികളാണ് ഇതിന് കാരണമായത്. ശാസ്ത്രലോകത്തിന് സ്ത്രീകൾ നൽകിയ സംഭാവനകളെക്കുറിച്ച് അൽപം ചിന്തിക്കുന്നത് സ്ത്രീകളെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രേരിപ്പിക്കാതിരിക്കില്ല.

മാനവ സംസ്‌കൃതിയുടെ ചരിത്രത്തിലുടനീളം സ്ത്രീകൾ ശാസ്ത്രരംഗത്ത് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. തങ്ങളുടെ സാമൂഹിക വിലക്കുകളെയും പരിമിതികളെയും ഭേദിച്ച് സ്ത്രീകൾ നടത്തിയ ശാസ്ത്ര സംരംഭങ്ങളേയും അവയുടെ നേട്ടങ്ങളേയും കുറിച്ച് ശാസ്ത്രത്തിലും ലിംഗപഠനത്തിലും ഗവേഷണം നടത്തിയിട്ടുള്ള ചരിത്രാന്വേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ ശാസ്ത്രരംഗത്തുള്ള സംഭാവനകളേക്കുറിച്ചുള്ള പഠനം ഇന്ന് ഒരു പ്രത്യേക പാഠ്യവിഷമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുരാതനകാലം മുതൽ തന്നെ വൈദ്യശാസ്ത്ര മേഖലയിൽ സ്ത്രീകളുടെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഗ്രീക്ക് സംസ്‌ക്കാരത്തിൽ പ്രകൃതിശാസ്ത്ര പഠനത്തിൽ പുരുഷൻമാരോടൊപ്പം സ്ത്രീകൾക്കും പങ്കാളിത്തമുണ്ടായിരുന്നു. മധ്യകാലഘട്ടത്തിൽ കോൺവെന്റുകളായിരുന്നു യൂറോപ്പിൽ സ്ത്രീകളുടെ വിദ്യാലയങ്ങൾ. അവയിൽ ചില കോൺവെന്റുകളെങ്കിലും സ്ത്രീകൾക്ക് വിവിധ വിഷയങ്ങളിൽ ഗവേഷണത്തിനുളള സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു.

പതിനൊന്നാം നൂറ്റാണ്ടായപ്പോഴേക്കും യൂണിവേഴ്‌സിറ്റികൾ നിലവിൽ വന്നെങ്കിലും മിക്കവാറും എല്ലാ സമൂഹങ്ങളും സ്ത്രീകളെ യൂണിവേഴ്‌സിറ്റികളിൽ നിന്ന് അകറ്റിനിർത്തി. വൈദ്യശാസ്ത്ര രംഗത്തു മാത്രം സ്ത്രീ സ്വാധീനമുണ്ടായിരുന്നു. ഇറ്റലിയാണ് മറ്റു യൂറോപ്യൻ രാജ്യങ്ങേളക്കാൾ സ്ത്രീകൾക്ക് അവസരം നൽകിയത്. ശാസ്ത്രപഠനം നടക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയുടെ തലപ്പത്ത് എത്തിയ ആദ്യ വനിത 18-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ശാസ്ത്രജ്ഞയായ ലോറ ബസി ആയിരുന്നു. ലിംഗ അസമത്വം അരങ്ങുവാണ നാളുകളായിരുന്നു പതിനെട്ടാം നൂറ്റാെണ്ടങ്കിലും ഇക്കാലത്ത് ശാസ്ത്ര പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് നിർണായകമായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും സ്ത്രീകൾക്ക് ശാസ്ത്രപഠനം നിഷിദ്ധമായിത്തീർന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവസരങ്ങളുണ്ടായി. മേരി ക്യൂറിക്ക് 1903 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌ക്കാരം ലഭിച്ചു. ഒരൂ വനിതയ്ക്ക് ആദ്യമായി ലഭിക്കുന്ന നൊബേൽ പുരസ്‌ക്കാരമായിരുന്നു അത്. പിന്നീട് 1911 ൽ മേരിക്യൂറി രസതന്ത്രത്തിലും നൊബേൽ ജേതാവായി. ഊർജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം എന്നീ ശാസ്ത്രവിഷയങ്ങളിൽ 1901 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ പതിനേഴ് വനിതകൾ നൊബേൽ പുരസ്‌ക്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

മെറിറ്റ്-താ
മെറിറ്റ്-താ

ബി.സി. 2700 ൽ ഈജിപ്തിൽ ജീവിച്ചിരുന്ന മെറിറ്റ്-താ (Merit-Ptah) ആണ് അറിയപ്പെടുന്ന ആദ്യ വനിതാ ശാസ്ത്രജ്ഞ മുഖ്യ വൈദ്യനായാണ് (Chief Physician) അവർ അറിയപ്പെട്ടിരുന്നത്. ട്രോജൻ യൂദ്ധം നടന്ന കാലഘട്ടത്തിലെ പ്രധാന ചികിത്സകയായി അഗാമിഡെയെ (Agamede) ഹോമർ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി നാലാം നൂറ്റാണ്ടിൽ ഏഥൻസിൽ ചികിത്സാലയം നടത്തിയിരുന്ന അഗ്നോഡിക്കിനെ (Agnodike) യാണ് ആദ്യ ഔദ്യോഗിക വനിതാ ഡോക്ടറായി ശാസ്ത്രചരിത്രം അടയാളപ്പെടുന്നത്. ഗ്രീസിലാണ് വനിതകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നത് എന്ന് പറഞ്ഞല്ലോ. നിരവധി ഉദാഹരണങ്ങൾ ഗ്രീസിൽ നിന്ന് ലഭ്യമാണ്. അഗ്ലോനൈക് (Aglaonike) എന്ന വനിത, ഗ്രഹണങ്ങൾ പ്രവചിക്കുന്നതിൽ സമർഥയായിരുന്നു. പൈഥഗോറസിൻ്റെ ശിഷ്യയും ഭാര്യയുമായിരുന്ന ഥിയാനോ (Theano) അറിയപ്പെടുന്ന വൈദ്യയും ഗണിതശാസ്ത്രജ്ഞയുമായിരുന്നു. ക്രോട്ടണിൽ പൈഥഗോറസ് സ്ഥാപിച്ച വിദ്യാലയത്തിൽ നിരവധി സ്ത്രീകൾ വിദ്യയഭ്യസിച്ചിരുന്നു.

ബാബിലോൺ സംസ്‌ക്കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ (ബി.സി. 1200 കാലഘട്ടം) രണ്ട് വനിതകളെപ്പറ്റി ശ്രദ്ധേയമായ പരാമർശമുണ്ട്. കല്ലിമും നിനുവും. പൂക്കളിൽ നിന്നും സുഗന്ധദ്രവ്യങ്ങൾ വേർതിരിച്ചെടുക്കാൻ ഇവർക്ക് കഴിയുമായിരുന്നു. ഒരു പക്ഷെ ചരിത്രം രേഖപ്പെടുത്തിയ ആദ്യ കെമിസ്റ്റുകൾ ഈ വനിതകളായിരിക്കും. പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യത്തിലും വനിതകളായ രസതന്ത്രജ്ഞർ ഉണ്ടായിരുന്നു. ബിയർ നിർമാണത്തിലും ഔഷധങ്ങളുടെ നിർമാണത്തിലുമുള്ള സംഭാവനകൾക്കു പുറമെ ആൽക്കെമിയിലും വനിതകൾ ഇടപെട്ടിരുന്നതായി രേഖകളുണ്ട്. എ.ഡി ഒന്ന്, രണ്ട് നൂറ്റാണ്ടുകളിൽ അലക്‌സാൻഡ്രിയ കേന്ദ്രീകരിച്ചായിരുന്നു വനിതകളുടെ നേതൃത്വത്തിലുള്ള രസായന വിദ്യകളും പ്രവർത്തനങ്ങളും നടത്തിരുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായിരുന്നു മേരി. കെറോടാക്കിസ് (Kerotakis), ട്രിബിക്കോസ് (tribikos) എന്നീ ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ മേരിയുടെ കണ്ടുപിടിത്തമായിരുന്നു.

ഹൈപേഷ്യ
ഹൈപേഷ്യ

അലക്‌സാ്രണ്ടിയയിലെ തിയോണിൻ്റെ മകളായ ഹൈപേഷ്യ (Hypatia of Alexandria, 350-415 AD) അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രജ്ഞയും തത്വചിന്തയും ജ്യോതിശാസ്ത്രജ്ഞയുമായിരുന്നു. ചരിത്രം രേഖപ്പെടുത്തിയ ആദ്യ ഗണിതശാസ്ത്രജ്ഞ എന്ന ബഹുമതി ഹൈപേഷ്യയ്ക്കാണ് ലഭിച്ചിട്ടുള്ളത്. ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ഹൈപേഷ്യയുടെ പ്രബന്ധങ്ങൾ അക്കാലത്തെ ഏറ്റവും മികച്ചവയായിരുന്നു. ജല ശുദ്ധീകരണത്തിനുള്ള ഒരുപകരണവും ഒരു ഹൈഡ്രോമീറ്ററും ഒരു ആസ്‌ട്രോലാബും ഹൈപേഷ്യ നിർമിച്ചു. പൊതുവേദികളിൽ പ്രസംഗിക്കുന്നതിനും ക്ലാസുകളെടുക്കുന്നതിനും അക്കാലത്ത് ഹൈപേഷ്യയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ എ.ഡി 415 ൽ ക്രിസ്റ്റ്യൻ സാമ്രാജ്യം ആധിപത്യം ഉറപ്പിച്ചതോടെ സ്ത്രീകൾക്ക് ശാസ്ത്ര വിദ്യാഭ്യാസം എന്നന്നേക്കുമായി അവസാനിച്ചു. ഹൈപേഷ്യയെ വധിച്ച് പല കഷണങ്ങളാക്കി കത്തിച്ചുകളഞ്ഞു. ദുർമന്ത്രവാദിനി എന്ന് ആരോപിച്ചാണ് പരബലാനി (Christian Zealots) ഹിപാഷ്യയെ വധിച്ചത്. പിന്നീട് നൂറ്റാണ്ടുകളോളം യൂറോപ്പിൽ സ്ത്രീകൾക്ക് ശാസ്ത്രപഠനം നിഷിദ്ധമായിരുന്നു. ഈ കാലഘട്ടത്തിൽ അറേബ്യയിൽ ശാസ്ത്രപഠനങ്ങൾക്ക് വിലക്കില്ലായിരുന്നു. മറ്റുഭാഷകളിൽ നിന്നുള്ള ധാരാളം ശാസ്ത്രഗ്രന്ഥങ്ങളും അറേബ്യയിൽ മൊഴിമാറ്റം നടത്തി ഉപയോഗിച്ചുവന്നു.

യൂറോപ്പിലെ പൊതുസമൂഹത്തെ അശാസ്ത്രീയതയും മതഭ്രാന്തും കീഴടക്കിയപ്പോൾ മൊണാസ്ട്രികളിലും കന്യാസ്ത്രീ മഠങ്ങളിലും ശാസ്ത്ര വിദ്യാഭ്യാസത്തിന് തടസ്സമില്ലായിരുന്നു. ഇത്തരം ചില മഠങ്ങളിൽ സ്ത്രീകൾക്ക് ഗവേഷണ പഠനങ്ങൾക്കുള്ള സൗകര്യം വരെ ലഭ്യമായിരുന്നു. ബിൻഗനിലെ ഹിൽഡെഗാർഡും ഗാൻഡർഷെയ്മിലെ ഹ്രോസ്‌വിതയും ഇത്തരത്തിൽ പ്രശസ്തരായ വനിതകളാണ്. എന്നാൽ എല്ലാ പുരുഷ മൊണാസ്ട്രികളും സ്ത്രീവിദ്യാഭ്യാസത്തെ അംഗീകരിച്ചിരുന്നില്ല. മാത്രവുമല്ല വിദ്യാസമ്പന്നകളായ കന്യാസ്ത്രീകൾക്ക് പൊതുപ്രവർത്തനം നിഷിദ്ധവുമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ യൂറോപ്പിൽ സർവകലാശാലകൾ ആരംഭിച്ചുവെങ്കിലും അവിടെയൊന്നും സ്ത്രീകൾക്ക് പ്രവേശനമില്ലായിരുന്നു. എന്നാൽ ചില സർവകലാശാലകൾ കുറേക്കൂടി ഉദാരമായ നയമായിരുന്നു സ്വീകരിച്ചത്.

ഇറ്റലിയിലെ ബൊളോഞ്ഞ യൂണിവേഴ്‌സിറ്റിയിൽ എ.ഡി 1088 ൽ സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചു. വൈദ്യശാസ്ത്ര രംഗത്തും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറ്റലിയിൽ സ്ത്രീകൾക്ക് പഠനത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. സെലർനോയിലെ മെഡിക്കൽ സ്‌ക്കൂളിന്റെ അധ്യക്ഷയായിരുന്നു ട്രോട്ടുല ഡി റഗേയ്‌റോ. നിരവധി ഇറ്റാലിയൻ വനിതകൾ അവരുടെ കീഴിൽ വൈദ്യം പഠിച്ചു. സെലർനോയിലെ വനിതകൾ (Ladies of Salerno) എന്ന പേരിലാണ് ഈ ഭിഷഗ്വരകൾ അറിയപ്പെട്ടിരുന്നത്. സ്ത്രീ ചികിത്സയുമായും ഗൈനക്കോളജിയുമായും ബന്ധപ്പെട്ട് ട്രോട്ടുല നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. എ.ഡി. 1390 മുതൽ നാൽപത് വർഷക്കാലം ബൊളോഞ്ഞ യൂണിവേഴ്‌സിറ്റിയിൽ മെഡിസിനിലും ഫിലോസഫിയിലും അധ്യക്ഷയായിരുന്ന ഡൊറോത്തി ബക്ക മറ്റൊരു പ്രഗൽ വനിതയാണ്. അബേല, ജക്കോബിന, ഫെലിസി, അലെസാൻഡ്ര ഗിലാനി, റെബേക്ക ഡി ഗോർന, മാർഗരിറ്റ, മെർന്യൂറിയാഡ്, കോൺസ്‌ററൻസ് കലെൻഡ, കാൾറൈസ് ഡി മാറ്റിയോ തുടങ്ങിയ വനിതകളും ഇറ്റലിയിലെ പ്രശസ്തരായ ഭിഷഗ്വരകളായിരുന്നു. എന്നാൽ ഇത്തരത്തിൽ ഏതാനും ചില വനിതകളൊഴികെ മധ്യകാലഘട്ടത്തിൽ സ്ത്രീകളുടെ ശാസ്ത്രവിദ്യാഭ്യാസം പരിതാപകരമായ അവസ്ഥയിലായിരുന്നു. ദൈവശാസ്ത്രജ്ഞനായ വി. തോമസ് അക്വിനാസിന്റെ ഭാഷയിൽ സ്ത്രീകൾക്ക് ഒരു സ്ഥാപനത്തിന്റെയോ സംഘത്തിന്റെയോ മേധാവിയാകുന്നതിന് മാനസിക പക്വതയുണ്ടാകില്ല. ഇതുതന്നെയായിരുന്നു യൂറോപ്പിന്റെ അക്കാലത്തെ പൊതുബോധവും.

മാർഗരറ്റ് കാവൻഡിഷ്
മാർഗരറ്റ് കാവൻഡിഷ്

ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിൽ ജനിച്ച മാർഗരറ്റ് കാവൻഡിഷ് 17-ാം നൂറ്റാണ്ടിൽ റോയൽ സൊസൈറ്റിയിൽ നടന്ന ചില സുപ്രധാന ശാസ്ത്രചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. എങ്കിലും അവർക്ക് റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചിരുന്നില്ല. ശാസ്ത്രവിഷയങ്ങളിൽ നിരവധി പ്രബന്ധങ്ങൾ മാർഗരറ്റ് രചിച്ചിട്ടുണ്ട്. 1666 ൽ പ്രസിദ്ധീകരിച്ച’’ഒബ്‌സർവേഷൻസ് അപ് ഓൺ എക്‌സ്‌പെരിമെന്റൽ ഫിലോസഫി’എന്ന ഗ്രന്ഥം സ്ത്രീകളെ ശാസ്ത്രത്തിൻ്റെ സമീപനത്തിലേക്ക് വളരെയധികം ആകർഷിച്ചു. നിലവിലുള്ള പല പരികൽപനകളേയും പുരുഷാധിപത്യമുള്ള വിദ്യാഭ്യാസരീതിയേയും വിമർശനത്മകമായി സമീപിക്കുന്നതിന് വനിതകളെ പ്രേരിപ്പിക്കുന്നതായിരുന്നു മാർഗരറ്റിൻ്റെ രചനകൾ. എ.ഡി 1650 മുതൽ 1710 വരെയുള്ള കാലഘട്ടത്തിൽ ജർമനിയിലും മാറ്റത്തിൻ്റെ ഇടിമുഴക്കങ്ങളുïായി. ജ്യോതിശാസ്ത്രരംഗത്തേക്ക് സ്ത്രീകൾ കടന്നുവന്നു. ഈ കാലയളവിലെ ജർമൻ ജ്യോതിശാസ്ത്രജ്ഞരിൽ 14 ശതമാനം സ്ത്രീകളായിരുന്നു. മരിയ വിൻകെൽമാൻ അറിയപ്പെടുന്ന ഒരു ജ്യോതിശാസ്ത്രജ്ഞ ആയിരുന്നു. അച്ഛൻ്റെയും അമ്മാവൻ്റെയും ശിക്ഷണത്തിലായിരുന്നു അവരുടെ ജ്യോതിശാസ്ത്ര പഠനം. പ്രഷ്യക്കാരനായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗോട്ട്‌ഫ്രൈഡ് കിർ ച്ചിനെ വിവാഹം കഴിച്ചതോടെ മരിയയുടെ ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും പുതിയ തലം കൈവന്നു. ബെർലിനിലെ പ്രശസ്തമായ വാനനിരീക്ഷണ കേന്ദ്രത്തിൻ്റെ തലപ്പത്തേക്ക് ക്രമേണ മരിയ എത്തിച്ചേർന്നു. എന്നാൽ ആ സ്ഥാനം നൽകാൻ അധികൃതർ തയ്യാറായിരുന്നില്ല. ഒരു വനിത എന്നതായിരുന്നു അധികൃതർ മരിയയിൽ കണ്ടെത്തിയ പരിമിതി.

മരിയ സിബില്ല മരിയൻ
മരിയ സിബില്ല മരിയൻ

ആധുനിക സസ്യശാസ്ത്രത്തിൻ്റെയും ജന്തുശാസ്ത്രത്തിൻ്റെയും മാതാവ് എന്നറിയപ്പെടുന്ന വനിതയാണ് മരിയ സിബില്ല മരിയൻ (1647-1717). പ്രകൃതിപഠനത്തിനായി തൻ്റെ ജീവിതം സമർപ്പിച്ച മഹതിയായിരുന്നു മരിയൻ. ചിത്രശലഭത്തിൻ്റെ ജീവിതചക്രത്തേക്കുറിച്ച് ശാസ്ത്രലോകത്തെ പരിചയപ്പെടുത്തിയ ‘‘ദ് ന്യൂ ബുക്ക് ഓഫ് ഫ്‌ളവേഴ്‌സ്’ എന്ന പുസ്തകത്തിൽ സസ്യങ്ങളുടെയും കീടങ്ങളുടെയും രേഖാചിത്രങ്ങളോടുകൂടിയ വിവരണങ്ങൾ മരിയൻ ഉൾപ്പെടുത്തിയിരുന്നു. ഭർത്താവിൻ്റെ മരണത്തിനുശേഷം മകളായിരുന്നു മരിയൻ്റെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകിയത്. കീടങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ, പക്ഷികൾ എന്നിവയേക്കുറിച്ചുള്ള പഠനങ്ങളിലാണ് പിന്നീട് മരിയനും മകളും ശ്രദ്ധിച്ചത്. ‘സൂരിനാമിലെ ഷഡ്പദങ്ങളും അവയുടെ ജീവിതചക്രവും’ എന്ന ഗ്രന്ഥം മരിയൻ പ്രസിദ്ധീകരിച്ചു. മഴക്കാടുകളേക്കുറിച്ച് ആദ്യമായി യുറോപ്പിലെ ശാസ്ത്രസമൂഹത്തെ പരിചയപ്പെടുത്തിയതും മരിയൻ്റെ രചനകളായിരുന്നു. സൂരിനാമിനു പുറമെ തെക്കേ അമേരിക്കയും മരിയൻ സന്ദർശിച്ചിരുന്നു. ആമസോൺ മഴക്കാടുകളിലെ ജൈവവൈവിധ്യത്തേക്കുറിച്ചും രേഖാചിത്രങ്ങൾ സഹിതം മരിയൻ വിവരിക്കുന്നുണ്ട്.

Leave a Reply
You May Also Like

പറക്കും തളികകൾ…. സത്യങ്ങൾ പുറത്തുവരുമ്പോൾ

പറക്കും തളികകൾ…. സത്യങ്ങൾ പുറത്തുവരുമ്പോൾ തോമസ് ചാലാമനമേൽ അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ റോസ്‌വെൽ പട്ടണം.…

ടൂറിനില്‍ ഉള്ളത് യേശുവിനെ സംസ്കാര സമയത്ത് പൊതിഞ്ഞ വസ്ത്രം തന്നെ !

വര്‍ഷങ്ങളായി വിശ്വാസികളുടെ മനസ്സില്‍ തീരാ ചോദ്യമായിരുന്ന ഇറ്റാലിയന്‍ നഗരമായിരുന്ന ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നു. ആ വസ്ത്രം യേശുവിന്റെ സംസ്കാര സമയത്ത് പൊതിഞ്ഞ വസ്ത്രം തന്നെയെന്ന് ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

യുഎസ് ബഹിരാകാശ ഏജൻസിയായ ‘നാസ’യുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന എൻജിനീയർമാർ കപ്പലണ്ടി കൊറിക്കുന്നത് എന്തിന് ?

യുഎസ് ബഹിരാകാശ ഏജൻസിയായ ‘നാസ’യുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന എൻജിനീയർമാർ കപ്പലണ്ടി കൊറിക്കുന്നത് എന്തിന്…

ചെറിയ ഛിന്നഗ്രഹങ്ങൾ ഒരു നഗരത്തെ നശിപ്പിക്കുകയോ വിനാശകരമായ സുനാമികൾക്ക് കാരണമാകുകയോ ചെയ്യാം

Basheer Pengattiri സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന, ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ ശിലാവസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍…