ലൗ ജിഹാദ് മാത്രമല്ല ലൗ കരിസ്മാറ്റിക്കും ലൗ കൃഷ്ണ ലീലയുമൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ട്

246

Sabu Thomas

ലൗ ജിഹാദിനെക്കുറിച്ച് സഭാപിതാക്കന്മാർ ഇടയലേഖനമൊക്കെയിറക്കി ജാഗ്രതപ്പെടുത്തിയ സ്ഥിതിക്ക് നുമ്മളും കാര്യങ്ങളൊക്കെ ചുമ്മാ അന്വേഷിച്ചു .അന്വേഷിച്ചപ്പോൾ സംഗതി സത്യമാണ് ! ലൗ ജിഹാദ് മാത്രമല്ല ലൗ കരിസ്മാറ്റിക്കും ലൗ കൃഷ്ണ ലീലയുമൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ട് . അതിന്റെ അർത്ഥം ഇത്രേയുള്ളു .നമ്മുടെ പെൺകുട്ടികൾ കൂടുതൽ സ്വതന്ത്രരാകുന്നു , സ്വാതന്ത്ര്യം നേടുന്നു .അവർ നല്ല രീതിയിൽ വിദ്യാഭ്യാസം നേടുന്നു . ആൺകുട്ടികൾക്കൊപ്പമോ അവരേക്കാൾ മികച്ച രീതിയിലോ . വലിപ്പച്ചെറുപ്പമില്ലാതെ തൊഴിൽ തേടുന്നു, നേടുന്നു .വെറും വീട്ടമ്മമാരായി അടുക്കളയിൽ ഒതുങ്ങി ഭർത്താവിനും മക്കൾക്കുമായി വെച്ചു വിളമ്പി ജീവിതം തീർക്കാൻ സൗകര്യപ്പെടില്ലെന്ന് കരുതുന്നു.

അതിന് അനുസൃതമായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നു .അതിന് തടസ്സം നേരിട്ടാൽ അവർ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു . ആട് മേയ്ക്കലാണ് അവർ തിരഞ്ഞെടുക്കുന്നതെങ്കിൽ അതവരുടെ വിധിയായി കരുതുക എന്നല്ലാതെ മാർഗ്ഗമില്ല .പെൺകുട്ടികളെ ഡ്രസ്സ് കോഡും കല്ല്യാണ കോഡും പഠിപ്പിക്കാനിറങ്ങുന്ന നേരത്ത് , സമഭാവനയോടെയുള്ള പെരുമാറ്റ, ജീവിത രീതികളെക്കുറിച്ച് ആൺകുട്ടികളേയും പെൺകുട്ടികളേയും പഠിപ്പിച്ചാൽ കൂടുതൽ പരിഹാസ്യരാകാതിരിക്കാം . എന്നാലും ഞാനോർക്കുന്നത് അതല്ല .മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന , ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതര വിശ്വാസികൾ രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കുന്ന ഈ സമയത്ത് ഈ വിഷയവുമായി ഇറങ്ങാൻ സഭാപിതാക്കന്മാരെ പ്രേരിപ്പിച്ചതെന്താവും ?

എൻഫോഴ്സ്മെന്റിന്റെ വിരട്ടൽ പേടിച്ചോ ? വിദേശത്തു നിന്നു ലഭിക്കുന്ന സംഭാവനകൾക്ക് എന്തെങ്കിലും വിഘ്നം വരുമെന്ന് കരുതിയിട്ടോ ? അതോ, സ്വാതന്ത്ര്യ സമരകാലത്ത് ഷൂവർക്കർമാർക്കൊപ്പം സായിപ്പിന്റെ കോണകം കഴുകി നിന്നതിന്റെ സ്മരണകളുണർന്നതുകൊണ്ടോ ?എന്തായാലും ക്രിസ്തുവിനോട് യൂദാസ് ചെയ്തതുപോലുള്ള ഒരുമാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി കേട്ടോ, അനവസരത്തിലുള്ള ഈ ലൗ ജിഹാദ് വിവാദം .ക്രിസ്തുവിന്റെ സഭ കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്ത് തീർന്നതാണല്ലോ .അതിനു ശേഷം പണത്തിനും അധികാരത്തിനുമൊപ്പം ചേർന്നു നിന്ന ചരിത്രമല്ലേയുള്ളു . വെട്ടിപ്പിടുത്തങ്ങളുടേയും .മറ്റേതൊരു വ്യവസ്ഥാപിത മതത്തേപ്പോലെയും .അതു കൊണ്ട് ഇതൊക്കെ സ്വഭാവികവുമാണല്ലോ, ആമേൻ