കുഞ്ഞിന്‍റെ ജഡവും തോളിലേറ്റി അച്ഛനെ ആശുപത്രി അധികൃതര്‍ നടത്തിച്ചത് മണിക്കൂറുകള്‍

278

Anas Nazar

കുഞ്ഞിന്‍റെ ജഡവും തോളിലേറ്റി അച്ഛനെ ആശുപത്രി അധികൃതര്‍ നടത്തിച്ചത് മണിക്കൂറുകള്‍. സർക്കാർ സംവിധാനങ്ങൾക്ക് പലപ്പോഴും മനുഷ്യന്റെ നിസ്സഹായതകളോട് തികഞ്ഞ നിസ്സംഗതയാണ് ഉണ്ടാവാറ്. അത്തരത്തിൽ ഒരു ഹൃദയഹീനതയുടെ നേർസാക്ഷ്യമാണ് യോഗിയുടെ ഉത്തർപ്രദേശിൽ നിന്ന് വന്നിരിക്കുന്നത്. ലഖിംപൂരിനടുത്തുള്ള നീംഗാവിലെ രമുവാപൂർ ഗ്രാമവാസിയാണ് ദിനേശ് കുമാര്‍. കൂലിപ്പണിക്കാരനായ ദിനേശിന് ഒരു മകനുണ്ടായിരുന്നു. രണ്ടുവയസ്സുള്ള ദിവ്യാംശു. കടുത്ത ജ്വരബാധയോടെയാണ് അവനെ ദിനേശ് ലഖിംപൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ചികിത്സയ്ക്കിടെ കഴിഞ്ഞ ബുധനാഴ്ച ദിവ്യാംശു മരണത്തിനു കീഴടങ്ങി. മകനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ദിനേശിന് ആ മരണം താങ്ങാനാവുന്ന ഒന്നായിരുന്നില്ല. ചേതനയറ്റ മകന്റെ ശരീരം കാണുംതോറും അയാൾക്ക് പിന്നെയും പിന്നെയും കരച്ചിൽ വന്നു.

രോഗി മരിച്ചു. ഇനി ആശുപത്രിക്ക് ഒന്നും ചെയ്യാനില്ല. മരിച്ച ദിവ്യാംശുവിന്റെ കിടക്കയ്ക്കുവേണ്ടി ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുഞ്ഞ് പുറത്ത് കാത്തുനിൽക്കുന്നുണ്ട് എന്ന് നഴ്സ് പറഞ്ഞപ്പോൾ മകനെ ഒരു പുതപ്പിൽ പുതഞ്ഞെടുത്ത് തോളത്തിട്ടുകൊണ്ട് ദിനേശ് വാർഡിനു വെളിയിലേക്കിറങ്ങി. ഒപ്പം കണ്ണീരൊപ്പിക്കൊണ്ട് ദിവ്യാംശുവിന്റെ അമ്മയും. തിരിച്ച് ഗ്രാമത്തിലേക്ക് പോകാനുള്ള അനുവാദവും കാത്ത്‌ ആശുപത്രി വരാന്തയിലിരുന്ന ദിനേശിനോട് ഹെഡ് നഴ്‍സ് ഒരു കാര്യം പറഞ്ഞു. “കുഞ്ഞിന്റെ മരണസർട്ടിഫിക്കറ്റ് വാങ്ങിയിട്ടേ പോകാവൂ. ഇല്ലെങ്കിൽ വലിയ പ്രശ്നങ്ങളുണ്ടാവും ഭാവിയിൽ.”ദിനേശിന് തലക്ക് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു.

ജീവിതത്തിന്റെ ഒരേയൊരു വെളിച്ചമാണ് കെട്ടുപോയത്. എത്രയും പെട്ടെന്ന് നാട്ടിലെത്തി അവന്റെ കർമങ്ങൾ ചെയ്യാനാണ് മനസ്സുപറയുന്നത്. എന്നാൽ, സർക്കാർ പറയുന്നത് അവൻ മരിച്ചു എന്ന് തെര്യപ്പെടുത്തുന്ന ഒരു കടലാസ് കൂടി കൊണ്ടുപോകണം എന്ന്. മനസ്സിനെ ഒരു വിധം നിയന്ത്രിച്ചുകൊണ്ട് ദിനേശ് എഴുന്നേറ്റു. കുഞ്ഞിനെ ആർക്കും കൊടുക്കാൻ അയാൾക്ക് മനസ്സുവരുന്നുണ്ടായിരുന്നില്ല. ആശുപത്രിയുടെ റിസപ്‌ഷനിലേക്ക് ചെന്ന ദിനേശിന് കാര്യങ്ങൾ അത്ര എളുപ്പം തീർക്കാവുന്ന ഒരു സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. സർക്കാർ ആശുപത്രിയിലെ കാര്യങ്ങൾ മുറപോലെ മാത്രമാണ് നടന്നിരുന്നത്.

സ്വന്തം മകന്റെ ഉയിരറ്റ ശരീരവും തോളിൽ പേറിക്കൊണ്ട് ആ ഹതഭാഗ്യനായ അച്ഛൻ അവനെ രക്ഷിക്കാൻ കഴിയാതെ പോയ അതേ ആതുരാലയത്തിന്റെ വരാന്തകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ഇടയ്ക്കിടെ തോളത്തു കിടക്കുന്ന ദിവ്യാംശുവിനെ ഒന്ന് തിരിഞ്ഞു നോക്കും. അവൻ മരിച്ചു എന്ന് തോന്നുകയേ ഇല്ല. എന്നുമെന്ന പോലെ തോളത്തുകിടന്ന് ശാന്തനായി ഉറങ്ങുന്നു. അവന്റെ ദേഹത്തിന് ഇപ്പോഴും നല്ല ചൂടുണ്ട്. ഡോക്ടറോട് വന്നപ്പോഴേ പറഞ്ഞിരുന്നു, നല്ല ചൂടുണ്ട്, പനി അധികമാണ്, ശ്രദ്ധിക്കണേ എന്ന്. കുഞ്ഞിനെ രക്ഷിക്കാനാവാഞ്ഞതിന്റെ സങ്കടം ഇടക്കൊക്കെ തികട്ടി വരുമ്പോൾ ദിനേശ് കണ്ണീർ തുടയ്ക്കും.

തന്റെ കുഞ്ഞ് മരിച്ചുപോയതാണ് എന്നും ഡെത്ത് സർട്ടിഫിക്കറ്റ്‌ ഒന്ന് പെട്ടെന്ന് ശരിയാക്കിതരണം എന്നും ദിനേശ് കാലുപിടിച്ചു പറഞ്ഞുനോക്കി അവിടത്തെ പല ഉദ്യോഗസ്ഥരോടും. ആരും കരുണ കാണിച്ചില്ല. ചെല്ലുന്ന കൗണ്ടറുകളിൽ നിന്നെല്ലാം അയാളെ വേറെ ഏതെങ്കിലും കൗണ്ടറിലേക്ക് പറഞ്ഞയച്ചുകൊണ്ടിരുന്നു. ചില കൗണ്ടറുകളിൽ ആളേ ഇല്ലായിരുന്നു. അവിടെയൊക്കെ തന്റെ മകനെയും തോളിലേറ്റി ആ അച്ഛൻ കാത്തുനിന്നു. മണിക്കൂറുകൾ അവിടെ ഒറ്റക്കാലിൽ നിന്നിട്ടാണ് ദിനേശിന് ഒടുവിൽ ആശുപത്രി അധികൃതർ മരണസർട്ടിഫിക്കറ്റ് അനുവദിച്ചതും, അയാൾക്ക് തന്റെ മകന്റെ അന്ത്യകർമങ്ങൾക്കായി തിരികെ ഗ്രാമത്തിലേക്ക് പോകാനായതും.

ഈ ഓട്ടപ്പാച്ചിലിനിടയിലാണ് അവിടെ നിന്ന ആരോ ഒരാൾ ദിനേശിന്റെ ഈ ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തുന്നത്. അയാളത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രങ്ങൾ അതിവേഗം വൈറലായി. വിഷയം മീഡിയ ഏറ്റുപിടിച്ചതോടെ വിശദീകരണങ്ങളുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എന്നും, ഡെത്ത് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാൻ യാതൊരുവിധ കാലതാമസവും ആശുപത്രിയിൽ സാധാരണഗതിക്ക് ഉണ്ടാവാത്തതാണെന്നും, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാകാം, അതേപ്പറ്റി അന്വേഷിക്കും എന്നും ആശുപത്രിയുടെ സിഎംഎസ് ആയ ഡോ. റാം കുമാർ വർമ്മ പറഞ്ഞു.

എന്നാൽ ദിനേശ് പറയുന്നത് മരണസർട്ടിഫിക്കറ്റ് തരുന്ന കാര്യത്തിൽ മാത്രമല്ല, കുഞ്ഞിന്റെ ചികിത്സയ്ക്കും മരുന്നിനും ഒക്കെ തന്നെ വല്ലാതെ ആശുപത്രിയിലെ ഡോക്ടർമാരും, നഴ്‌സുമാരും ഒക്കെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ്. കുഞ്ഞിനെ പരിചരിക്കുന്നതിൽ അവർ അനാസ്ഥകാട്ടി എന്നും ദിനേശ് ആരോപിക്കുന്നുണ്ട്. ഡോക്ടർമാർ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കിൽ ദിവ്യാംശു ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്നാണ് ദിനേശ് ഇപ്പോഴും പറയുന്നത്.

Advertisements