മുസഫര്‍ കമാല്‍ ഹുസൈന്‍: നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?

കല്‍ക്കത്തയിലെ തല്‍തോല ബസാറില്‍ ഒരു മുഗള ചക്രവര്‍ത്തിയുടെ കൊട്ടാരമുണ്ട്. പേര്‍ഷ്യന്‍ ശില്പ ചാതുരി നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളും തൂണുകളും വിശാലമായ ദര്‍ബാറും മുറ്റത്ത്‌ പൂന്തോട്ടങ്ങളും തുടങ്ങി രാജപ്രൗഡിയുടെ എല്ലാ ആര്‍ഭാടവും നിറയുന്ന ഒരു കൊട്ടാരമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ തെറ്റി. പകരം വാതില്‍ പാളികള്‍ തലയില്‍ വീഴാതിരിക്കാന്‍ ചണനൂലുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു മണ്‍ക്കൂര , ചുമരുകളില്‍ കാണുന്ന ചിത്രങ്ങള്‍ വിശ്വവിഖ്യാതരായ ചിത്രകാരന്മാര്‍ വരച്ചു ചേര്‍ത്തതല്ല. മൂട്ടക്കറകള്‍ ചെഞ്ചായം പൂശിയതാണ്‌. നാന്നൂറ്റി എണ്‍പത് വര്‍ഷം ഇന്ത്യ മഹാരാജ്യം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി പരമ്പരയിലെ ഇപ്പോഴത്തെ കിരിടാവകാശി താമസിക്കുന്നത് ഇവിടെയാണ്‌. ഇരുപതു വര്‍ഷത്തിനുപ്പുറം മറ്റൊരു ഭരണ മാറ്റം ഈ കുടില്‍ കൊട്ടാരത്തില്‍ നടന്നിട്ടില്ലെങ്കില്‍ അവന്‍ തന്നെയാവും മഹാരാജാവ്.

എങ്ങിനെ ഈ കൊട്ടാരത്തിലേക്ക് എത്തിപ്പെട്ടു . ഇനിയുള്ള കഥകള്‍ പറയാന്‍ എനിക്കെന്റെ ഉപ്പയെ കൂട്ടുപിടിച്ചേ പറ്റൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉപ്പ എഴുതിയ “താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി” എന്ന അന്വോഷണാത്മക ലേഖനം. പുകള്‍ പെറ്റ മുഗള്‍ ഭരണാധികാരികളുടെ ബാക്കിപത്രം തേടിയുള്ള ഒരു യാത്രയായിരുന്നു അത്. ബാബറും, ഹുമയൂണും , അക്ബറും, ജഹാംഗീറും, ഷാജഹാനും , ഔറം ഗസീബും തുടങ്ങി അവസാനം ബഹദൂര്‍ഷയില്‍ അവസാനിച്ച ഭരണചക്രം, ഷാലിമാറും ചെങ്കോട്ടയും താജ്മഹലും തുടങ്ങി ഇന്നും സചേതനമായി നില്‍ക്കുന്ന സ്മാരകങ്ങള്‍, ചരിത്രത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍, രാജ്യ വിസ്തൃതിക്കും, പെരുമക്കും നിലനില്‍പ്പിനും വേണ്ടി നടത്തിയ അനേകം യുദ്ധങ്ങള്‍ . ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്നും ദാഹശമനം വരാത്ത കഥകളുടെ മിഴിചെപ്പായ മുഗള്‍ ഭരണം. കൊടിപറത്തിയ ഈ വംശപെരുമുടെ പുതിയ തലമുറകള്‍ എവിടെയായിരിക്കും…? ഉപ്പ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സാമൂഹ്യപാഠ പുസ്തകങ്ങളുടെ ചട്ടക്കൂടില്‍ നിന്നും ഈ ചോദ്യം പുറത്ത്‌ കടന്നപ്പോഴായിരിക്കണം അവരെ തേടിയുള്ള യാത്രയും നടന്നത്.

കല്‍ക്കത്തയിലെ തല്തോല ബസാര്‍. ഇവിടെ എവിടെയോ ആണ് ആ കുടുംബം താമസിക്കുന്നത് എന്ന കേട്ടറിവേ അവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി അവര്‍ അന്യോഷണം തുടര്‍ന്നു. ഇപ്പോഴത്തെ മുഗള രാജാവിനെ തേടി അങ്ങ് ദൂരെ കേരളത്തില്‍ നിന്നും വന്ന സഞ്ചാരികള്‍ അവനും കൌതുകമായി കാണണം. പുരാതനമായ കല്‍ക്കത്തന്‍ തെരുവുകളിലൂടെ അവന്റെ പഴയ റിക്ഷ മുന്നോട്ട് നീങ്ങി. ഒരു ചരിത്രം തേടിയുള്ള യാത്രയില്‍ അവനും ഭാഗമാവുകയായിരുന്നു.

ഒരു നൂറ് ഇടവഴികളും അതിലേറെ കൈവഴികളുമുള്ള തല്തോല ബസാറിലെ തെരുവുകളിലൂടെ കുറെ അലഞ്ഞിട്ടും അവര്‍ക്ക് മുഗളപാദുഷായുടെ കൊട്ടാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചോദിച്ചവര്‍ക്കാര്‍ക്കും അങ്ങിനെയൊരു മുഗള ചക്രവര്‍ത്തി ഈ ഗലികളില്‍ താമസിച്ചിരുന്നു എന്നത് അറിയില്ലായിരുന്നു. അവസാനം വാട്ടര്‍ ടാപ്പിനടുത്തു ക്യൂ നില്‍ക്കുന്ന സ്ത്രീകളോട് കൂടി അന്വേഷിച്ചു.

“കഴിഞ്ഞ വര്‍ഷം അന്തരിച്ച മുഗള ചക്രവര്‍ത്തി മിര്‍സ മുഹമ്മദ്‌ ബേദാര്‍ ഭക്തിന്റെ ഭാര്യയും കുടുംബവും താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ..?
ഇത് കേട്ടപ്പോള്‍ മണ്‍കുടവും തൂക്കിപ്പിടിച്ച് തന്റെ ഊഴം കാത്തിരിക്കുന്ന ഒരു സ്ത്രീ ഞങ്ങളെ ഇമ പൂട്ടാതെ കുറെ നേരം നോക്കി നിന്നു. കരിപുരണ്ട അവരുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍തുള്ളികള്‍ ചാലിട്ടൊഴുകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപ്പോയി. നീല ഞരമ്പുകള്‍ തുടിച്ചുനില്‍ക്കുന്ന ഇടതുകൈകൊണ്ട് പിന്നിപറിഞ്ഞ സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട ശേഷം അവര്‍ വിതുമ്പി. “വോ സുല്‍ത്താന മേം ഹൂം”. (ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്യോഷിക്കുന്ന മഹാറാണി )
സുഖലോലുപതയില്‍ മതിമറന്നപ്പോള്‍ “ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് , അതിവിടെയാണ് ” എന്ന് വിളിച്ചുപറഞ്ഞ നൂര്‍ജഹാന്റെയും മുംതാസ് മഹലിന്റെയും പരമ്പരയില്‍ പെട്ട ബീഗം തന്നെയാണല്ലോ ഇവരും. ”

എനിക്കോര്‍മ്മയുണ്ട് ഉപ്പ പറഞ്ഞത്. ഇവരെ പറ്റി. ഈ രാജ്ഞിയുടെ കണ്ണീരിനെ പറ്റി. അത് പറഞ്ഞപ്പോള്‍ ഉപ്പയുടെ ശബ്ദവും ഇടറിയിരുന്നു. ഇന്ത്യയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫറിന്റെ കുടുംബത്തിനു ആയിരം രൂപ പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്ത് , ഒരു നേരത്തെ ആഹാരത്തിനു പോലും വിഷമിക്കുന്ന രാജപരമ്പരയിലെ ഈ കണ്ണികളുടെ അവസ്ഥ താഴെ കാണുന്ന ലേഖനത്തിലെ വരികളില്‍ നിന്നും വായിച്ചെടുക്കാം.

“വാതില്‍ പൊളികള്‍ തലയില്‍ വീഴുന്നത് ശ്രദ്ധിക്കണം. ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ചതാണ്.ബീഗം മുന്നറിയിപ്പ് നല്‍കി. പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് രണ്ട് കുട്ടികള്‍ റൊട്ടി പരിപ്പുവെള്ളത്തില്‍ മുക്കി ആര്‍ത്തിയോടെ തിന്നുകയാണ്. മൂട്ടക്കറകൊണ്ട് ചെഞ്ചായം പൂശിയ ചുവരില്‍ പൊട്ടിത്തകര്‍ന്ന ചില്ലുകള്‍ക്കുള്ളിലിരുന്ന് ബഹദൂര്‍ഷ ചക്രവര്‍ത്തി തുറിച്ചു നോക്കുന്നു. കുട്ടികള്‍ ഭക്ഷണ പാത്രങ്ങള്‍ എടുത്തു അകത്തേക്ക് ഓടിപ്പോയി. ഒരു കീറ് സൂര്യപ്രകാശത്തിനോ ഒരിറ്റ് ശുദ്ധവായുവിനോ പ്രവേശനം അനുവദിക്കാത്ത മുറി”.

ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ ആധ്യായമായ മുഗള്‍ വംശത്തിലെ പുതിയ തലമുറയുടെ കൊട്ടാരവും ജീവിതവും ആണ് ഇവിടെ ലേഖനത്തില്‍ വരച്ചിട്ടത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാവും. എവിടെ ഇപ്പോഴത്തെ ചക്രവര്‍ത്തി എന്ന്. വീണ്ടും ലേഖനത്തിലെ വരികളിലേക്ക് .

” ബീഗം, മൂത്തമകന്‍ കിരീടാവകാശി മുസഫര്‍ കമാല്‍ ഹുസൈനെ കണ്ടില്ലല്ലോ ! നിങ്ങളുടെ കൈയ്യില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ ചെങ്കോല്‍ ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണോ?

ഇറയത്ത്‌ കെട്ടിക്കിടക്കുന്ന ചെളിയില്‍ ചവിട്ടി വഴുതി വീഴാതിരിക്കാന്‍ പെരുവിരല്‍ അമര്‍ത്തിയൂന്നി ഞങ്ങള്‍ പുറത്ത്‌ കടന്നു.വഴി തെറ്റാതിരിക്കാന്‍ ബീഗം കൂടെ അയച്ച സഹോദരന്‍ മുഷ്താഖ് അഹമ്മദ് , തെരുവിലെ മത്സ്യ വില്‍പ്പനക്കാരന്റെ അരികില്‍ നിന്നും ഒരു കുട്ടിയെ പിടിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹമായിരുന്നു ഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി “ഹിസ്‌ ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ “.

കാലം ചേര്‍ത്തുവെച്ചൊരു വിധി. രാജ്യഭരണം കയ്യാളേണ്ട പിന്മുറക്കാരന്‍ ഒരു നേരത്തെ അന്നം മുട്ടിക്കാന്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നു . ബാഗ്‌ ഇ ബാബരില്‍ ഉറങ്ങുന്ന ബാബറും , സികന്ദ്രയിലെ സമാധിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അക്ബറും അറിയുന്നുണ്ടോ അവരുടെ പിന്‍തലമുറയിലെ യുവരാജാവ് തെരുവില്‍ മീന്‍ വില്‍ക്കുകയാണെന്ന്. താജ്മഹലിന്റെ അകത്ത് ഉറങ്ങുന്ന മുംതാസ് മഹലും അറിയുന്നില്ല ഈ രാജ്ഞിയെ പറ്റി. പരിചരിക്കാന്‍ ഒരുപാട് തോഴിമാരില്ല . ആഭരണങ്ങളുടെ പകിട്ടും സുഗന്ധങ്ങളുടെ ഉന്മാദവും ഇല്ല ഈ അന്തപുരത്തില്‍. കാണുന്നത് മുഖം തിരിച്ചു പോകുന്ന ഇന്ത്യന്‍ ചേരികളുടെ മുഖമാണ് .

രാജ്യത്തെ പറ്റി, രാജാക്കന്മാരെ പറ്റി ചരിത്ര ക്ലാസുകളില്‍ നിറഞ്ഞു നിന്ന കുറെ അദ്ധ്യായങ്ങള്‍ ഉണ്ട് . പുസ്തകത്തിന്‌ പുറത്തേക്കും നീണ്ടുപോയ കഥകളും കാണും. പലതും പിന്നീട കണ്ടും കേട്ടും കൂടുതല്‍ അറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്‍റെ മനസ്സില്‍ എന്നും നിറഞ്ഞു നിന്നത് മുഗള്‍ ഭരണ കര്‍ത്താക്കളും അവരോട് ചേര്‍ത്ത് വായിച്ച കഥകളും തന്നെ. ചരിത്രത്തിലും വായനയിലും പഠനത്തിലും ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു രാജവംശമില്ല. താജ്മഹലും ചെങ്കോട്ടയും ഷാലിമാറും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അതിനുപിന്നിലെ ചരിത്രവും കഥകളും എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ബാബര്‍ സ്ഥാപിച്ചത് തുടങ്ങി , പാനിപ്പത്ത് യുദ്ധങ്ങളും ,അക്ബറിന്റെ ദര്‍ബാറിലെ പണ്ഡിത സദസ്സും , ഷാജഹാന്റെയും മുംതാസിന്റെയും പ്രണയവും അതിന്റെ അനശ്വര സ്മാരകമായ താജ്മഹലും തുടങ്ങി ഓരോ മുഗള ചക്രവര്‍ത്തിമാരുടെയും ജീവിതം ഒരു ചിത്രമായി എന്നോ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു വികാരം ഈ കഥ വായിക്കുമ്പോള്‍ എന്നെ തൊട്ടുണര്‍ത്തുന്നു. പകിട്ടിലും പത്രാസിലും നീന്തി തുടിച്ച ഒരു രാജകുടുംബത്തിലെ പുതിയ തലമുറക്കാര്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാതെ അതേ ഭാരതത്തില്‍ കഴിഞ്ഞു കൂടുന്നു എന്നറിയുമ്പോള്‍ എന്‍റെ മനസ്സില്‍ താജ്മഹലിന്റെ വിസ്മയിപ്പിക്കുന്ന ഭംഗിയില്ല,പകരം മനസ്സ് ഒരു നിര്‍വികാരതയോടെ ഈ കുടിലിനകത്ത് തന്നെ ചുറ്റിത്തിരിയുന്നു. ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?

ഞാനെങ്ങിനെ മറക്കും ആ രാത്രി. ഞങ്ങള്‍ കുട്ടികളുടെ ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഒന്നര മാസം നീണ്ട ആ ഭാരത പര്യടനവും കഴിഞ്ഞ് ഉപ്പ വന്നുചേര്‍ന്നത്. സമ്മാനങ്ങള്‍ക്കൊപ്പം കെട്ടഴിച്ച യാത്രാവിശേഷങ്ങള്‍. അതില്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ അധ്യായമാണ്. ആ സുല്‍ത്താനയും മുസഫറും അവരുടെ ജീവിതവും. “യാത്രക്കിടയില്‍ ” എന്ന പേരില്‍ ആനുകാലികങ്ങളില്‍ പരമ്പരകളായി ആ അനുഭവങ്ങള്‍ നിറഞ്ഞു. പക്ഷെ ചരിത്ര പഠനങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ച മുഗള്‍ ഭരണവും ഭരണാധികാരികളും. അവരുടെ പരമ്പര തേടി കണ്ടെത്തിയ ഈ യാത്ര എന്റെ നൊമ്പരമായും ആവേശമായും ഇന്നും നിലനില്‍ക്കുന്നു. ലേഖനത്തില്‍ വായിച്ചറിഞ്ഞ വരികളേക്കാള്‍ ഉപ്പ പറഞ്ഞുതന്ന രൂപത്തില്‍.

ഞാനൊരു യാത്ര മനസ്സില്‍ കുറിച്ചിട്ടു. തല്തോല ബസാറിലേക്ക്. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി ഉപ്പ നടന്ന വഴികളിലൂടെ പോയി എനിക്കും തേടി പിടിക്കണം ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ച ആ മുഗള കൊട്ടാരം. ആ ദര്‍ബാറിലേക്ക് കയറിച്ചെന്ന് എനിക്കവനെ കാണണം. മുസഫര്‍ കമല്‍ ഹുസൈന്‍ എന്ന ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തിയെ. മുംതാസിന്റെ പദവി അലങ്കരിക്കുന്ന അവന്റെ ബീവിയേയും കാണണം . പറ്റുമെങ്കില്‍ അവരോടൊപ്പം ഇരുന്ന് ഉണക്ക റൊട്ടി പരിപ്പുകറിയില്‍ മുക്കി ഒരു രാജകീയ ഭക്ഷണം കഴിക്കണം. അതൊരു കുടിലാണെങ്കിലും എന്റെ ഭാവന ലോകത്ത് അതൊരു കൊട്ടാരമായി തോന്നും. ആ മുറ്റത്ത്‌ വിരിഞ്ഞു നില്‍ക്കുന്നത് ഒരു പൂവാണെങ്കിലും അതിലെനിക്കൊരു ഷാലിമാര്‍ കാണാനാവും. ആ ഒരു സെന്റ്‌ ചുറ്റളവില്‍ ഞാനൊരു മുഗള്‍ സാമ്രാജ്യത്തെ തന്നെ കുടിയിരുത്തും . എന്നിട്ട് തിരിച്ചു പോരുമ്പോള്‍ ഉപ്പ ചോദിച്ച ആ സങ്കല്‍പ്പിക ചോദ്യം ഒരിക്കല്‍ കൂടേ ചോദിക്കണം. ഇന്ത്യ മഹാരാജ്യത്തിന്റെ കിരീടവും ചെങ്കോലും ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കുമോ എന്ന്.

തല്തോല ബസാറിലെ ഗലികളിലൂടെ യാത്ര തുടരാന്‍ എന്നെയും നോക്കി മറ്റൊരു സൈക്കിള്‍ റിക്ഷക്കാരന്‍ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ..?

Comments are closed.