മനസ്സ് പിടഞ്ഞ് ജീവനുകള്‍: നേരില്‍ കണ്ട കാഴ്ചയുടെ ആവിഷ്‌കരണം

402

05

നേരില്‍ കണ്ട കാഴ്ചയുടെ ആവിഷ്‌കരണം. എന്റെ മനസ്സില്‍ ഉണ്ടായ അനുഭവങ്ങളുടെ വിശദീകരണം. ഇന്നത്തെ സാമൂഹിക പ്രശ്‌നം തന്നെയാണ് എന്റെ ഈ ലേഖനം.

അപ്പോള്‍ തുടങ്ങട്ടെ!!!

കോട്ടയത്തെ ഒരു പേരുകേട്ട കോളേജില്‍ ആയിരുന്നു എന്റെ പോസ്റ്റ് ഗ്രാജുവേഷന്‍ പഠനം. എനിക്ക് സാമൂഹിക വിഷയങ്ങളോട് താല്പര്യമുള്ളത് കൊണ്ടു തന്നെ ഞാന്‍ സോഷ്യല്‍ വര്‍ക്ക് ആണ് എന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത്. ഓരോ സെമെസ്റ്റെറിലും ഫീല്ഡ് വര്‍ക്ക് പാട്യപദ്ധധിയില്‍ ഉള്ള്‌പെടുതിയിരുന്നു. അതിനാല്‍ ഒരുപാട് തലങ്ങളിലെ ആളുകളുമായി സമയം ചിലവഴിക്കാന്‍ കഴിഞ്ഞു. എന്നെ പോലെ പുതിയ തലമുറയിലെ കുട്ടികള്‍ കാണാതെ പോകുന്ന കാഴ്ചകള്‍ അറിയാതെ പോകുന്ന അനുഭവങ്ങള്‍. അതില്‍ ഒന്നായിരുന്നു സെക്കന്റ് സെമെസ്റ്റെറിലെ ഫീല്‍ഡ് വര്‍ക്ക്. കോട്ടയത്തെ ഒരു വൃദ്ധ സദനത്തിലെ അന്തേവാസികളോടൊപ്പം.

ആദ്യമായാണ് ഇതുപോലൊരു സ്ഥാപനം സന്ദര്‍ശിക്കുന്നത്. അതിനാല്‍ ചെന്നപാടെ ആവശ്യ വിവരങ്ങള്‍ ഫീല്‍ഡ് വര്‍ക്ക് സൂപ്പര്‍വയസര്‍ പറഞ്ഞു തന്നു അതോടൊപ്പം പലതും ചോദിച്ചറിഞ്ഞു. അതില്‍ മനസില്‍ നിന്നും മായാതെ നില്ക്കുന്ന ഒരു കാര്യമുണ്ട്. പലവിധ കാരണം കൊണ്ടു വന്നുചേര്‍ന്ന മുന്നോറോളം അന്തേവാസികള്‍ അവിടെയുണ്ട്. പലരും ആരെങ്കിലും കൊണ്ടാക്കിയവര്‍ തന്നെ. ആരുതന്നെയായാലും അവരുടെ കയ്യില്‍ നിന്നും ഒരുകോണ്ട്രാക്റ്റ് എഴുതി വാങ്ങിക്കും. അതില്‍ രണ്ടു ഓപ്ഷനുകള്‍ ഉണ്ടാവും മരണാനന്തരം ബോഡി വിട്ടു നല്കുക, മരണാനന്തരം ബോഡി സ്ഥാപനം തന്നെ മറവു ചെയ്യുക. ഇനി മരണം ചിലരെ അറിയിച്ചാല്‍ പലവിത കാരണങ്ങള്‍ പറഞ്ഞു മാറും. ചിലര്‍ വ്രൊങ്ങ് നമ്പര്‍ ആക്കും മറ്റു ചിലരോ സ്ഥലതുണ്ടാവുകയില്ല.

അങ്ങനെ അവിടുള്ളവരെ കാണാനും ഇടപഴകാനും പെര്‍മിഷന്‍ ലഭിച്ചു. ഇതെല്ലം കേട്ട് മനസ് പിടഞ്ഞാണ് അവിടെ എത്തിയത്. ആദ്യം അപ്പച്ചന്മാര്‍ തമാസിക്കുന്നിടതെക്കാരുന്നു. ബാല്കണിയില്‍ പത്രം വായിച്ചും, കിടക്കയില്‍ വിശ്രമിച്ചും, ലെഖു ജോലികളില്‍ ഏര്‍പെട്ടും സമയം കളയുന്നു. ചുരുക്കം അപ്പച്ചന്മാര്‍ ഇരുട്ട് മൂടിയ റൂമിന്റെ ഒരുകോണില്‍ എന്തൊക്കെയോ മനസില്‍ തിരിച്ചും മറിച്ചും കൂട്ടുന്നു. അവരുടെ ആരോഗ്യത്തെ ഉപയോഗിച്ച് തീര്‍ന്നതിനു ശേഷം വലിചെറിഞ്ഞിരിക്കുന്ന കാഴ്ച. അവരുടെ കണ്‍കളില്‍ തീ കനലിന്റെ അത്രയും നീറ്റലും പുകച്ചിലും കാണാമായിരുന്നു. ഉന്നതുദ്യോഗംവഹിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇന്ന് അവിടെ ഒരു കൂരക്കുള്ളില്‍ ഒരേ സാഹചര്യത്തില്‍ കഴിഞ്ഞുപോകുന്നു. എല്ലാവരെയും ഒന്ന് പരിച്ചയപെട്ടതിനുശേഷം അമ്മച്ചിമാര് താമസിക്കുന്ന മൂന്ന് നിലയുള്ള കെട്ടിടത്തിലേക്ക് നീങ്ങി, ഞാനും എന്റെ സുഹൃത്തും (ഫീല്‍ഡ് വര്‍ക്ക് പാര്‍ട്ണര്‍) പരസ്പരം മൌനം പാലിച്ചു. കണ്ട കാഴ്ചകള്‍ വേദന മാത്രമാണ് തന്നത്.

അപ്പച്ചന്മാരെക്കാളും മൂന്ന് മടങ്ങാണ് അമ്മച്ചിമാര്‍. ഓരോ റൂമിന്റെ വാതിലിലും പ്ലാസ്റ്റിക് കസേര ഇട്ടു അവര്‍ ഇരിക്കുന്നു. മറ്റു ചിലര്‍ ഫ്‌ലോര്‍ഇന്റെ ബാല്‍കണിയില്‍ പത്രംവായിച്ചും പുറത്തേക്കു നോക്കി മങ്ങിയ കിനാവുകള്‍ കണ്ടും. വിളറി വെളുuത്ത പലമുഖങ്ങളും ചിരിപടര്‍ത്തി. ക്ഷീണം കൊണ്ടാവും മുഖം കാണിക്കാന്‍ കൂട്ടക്കാതവരും ഉണ്ടായിരുന്നു. ഒരുപാടു സഹതാപം തോന്നി. ഓരോരുത്തരുടെയും അടുത്ത്‌ചെന്ന് തലോടിയും കൈതടവിയും ഇരുന്നു.

ഓരോ ആഴ്ചകൂടുംതോറും അവരുടെ വിശേഷങ്ങള്‍ ഏറെ അറിഞ്ഞു. ഒപ്പം വാര്‍ദ്ധക്യത്താല്‍ കുഴിഞ്ഞു ഇറങ്ങിയ കണ്‍തടങ്ങള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ ചിരികൊണ്ട് മായ്ക്കാന്‍ ശ്രെമിക്കുന്നവര്‍. തെറ്റ് ചെയ്ത അമ്മമ്മാര്‍ തെറ്റ്തിരുത്താന്‍ തയ്യാറാവുന്നു. പക്ഷെ കുഞ്ഞും നാളില്‍ തെറ്റ് ചെയ്തപ്പോള്‍ ഒരിക്കലും മക്കളെ തള്ളിപറയാത്തവര്‍ ആണ് ഇവരോരോരുത്തരും എന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

സൌഹൃദപരമായ കൂട്ടുകെട്ടുകള്‍ അവര്‍ക്കിടയില്‍ രൂപീകരിച്ചു, ചെറു പിണക്കങ്ങളും ഇണക്കങ്ങളും ഒപ്പം സ്ഥാനം പിടിച്ചു. ഒരുമിച്ചിരുന്നുള്ള സംഭാഷണങ്ങളും ലെഖു ജോലികളും ഇഷ്ട്ടപെട്ടു. കൂട്ടമായിരുന്നു പച്ചകറി അരിഞ്ഞും പലവ്യഞനങ്ങള്‍ ഉണക്കിയും അടുകളയിലെ ചേച്ചിമാരെ സഹായിക്കും. ഉച്ച നേരങ്ങളില്‍ കൂട്ടമായിരുന്നു നാടന്‍പാട്ട് പാടിയും പരസ്പരം കളിയാക്കിയും ശുശ്രൂഷിച്ചും സമയം ചിലവഴിക്കും. ചില മുഖങ്ങളില്‍ സ്ഥായിയായി സങ്കടം തളംകെട്ടി നിന്നു. ചിലര്‍ സംസാരിക്കാന്‍ ഏറെ ഇഷ്ട്ടപെടുന്നവര്‍. മറ്റു ചിലര്‍ തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍…എന്നിരുന്നാലും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഞങ്ങള്ക്ക് ഈ സന്ദര്‍ശനത്തിനു പിന്നില്‍ പ്രൊജക്റ്റ് വര്‍ക്ക്കളും (കേസ് വര്‍ക്ക്, ഗ്രൂപ്പ് വര്‍ക്ക്) ഉണ്ടായിരുന്നു. അവര്‍ക്ക് എല്ലാം മറന്നു സന്തോഷത്തോടെ സമയം ചിലവഴിക്കാനായി അവരെ ചെറു ഗ്രൂപ്പുകള്‍ ആയി തിരിച്ചും ഓരോ ഗ്രൂപ്പിനും അവരുടെ ഇഷ്ട്ടത്തിനു പേരുകള്‍ നല്കിയും ഹെല്‍ത്തി കോംപെറ്റിശന്‍സ് സംഘടിപിച്ചും അവരെ ആവേശംകൊള്ളിച്ചു ചിരിച്ചും ചിന്തിപ്പിച്ചും ഇരുത്തി. അവരില്‍ ഒരുപാട് മാറ്റം കാണാന്‍ സാധിച്ചു. ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് പോസ് ചെയ്യാന്‍ അവര്‍ മത്സരംകൂട്ടി.

അങ്ങനെ ഒരുപാട് അടുത്തപ്പോള്‍ അവര്‍ പലകാര്യങ്ങളിലും ഞങ്ങളില്‍ ആശ്വാസം തേടി. ഇഷ്ട്ടപെട്ട പലഹാരങ്ങള്‍ (അവലൂസുണ്ട, റെസ്‌ക്, മിച്ചര്‍….നീളുന്ന ലിസ്‌റ്കള്‍) വാങ്ങിനല്കാന്‍ ആവശ്യപെട്ടു. പക്ഷെ അതൊക്കെ വാങ്ങി നല്‍കുന്നതില്‍ നിന്നും ഞങ്ങള്‍ക്കു വിലക്ക് കല്പിച്ചിരുന്നു. കാരണം വേറൊന്നും അല്ല. അവരില്‍ പലര്‍ക്കും പലവിധരോഗങ്ങള്‍ ഉണ്ട്. അതിന്റെ റിസ്‌ക് വളരെ വലുതായിരുന്നു. എന്നിരുന്നാല്‍ തന്നെയും ഞങ്ങള്‍ അവരുടെ മാലാഖ കുഞ്ഞുങ്ങള്‍ ആയിരുന്നു. ഞങ്ങള്‍ ചെല്ലുന്ന ദിവസം അവര്‍ എണ്ണിയിരുന്നു. ആദ്യം എന്റെടുത്ത് എന്താ സംസാരിക്കാത്തെ, എന്റെ കൂടെ ഒരുപാടു നേരം എന്താ ഇരിക്കാത്തെ അങ്ങനെ പലവിധ കാരണങ്ങള്‍ പറഞ്ഞു പിണങ്ങിയും പിന്നീട് പല്ലുകളില്ലാത്ത മോണകാട്ടി ചിരിച്ചും ഒപ്പം കൂടി. പലര്‍ക്കും ഞങ്ങള്‍ പേരുകള്‍ നല്കി സുന്ദരി അമ്മുമ്മ, പിണക്കകാരി അമ്മുമ്മ, പാട്ടുകാരി, വഴക്കാളി അങ്ങനെ പല പേരുകളും.

അങ്ങനെ ഫീല്‍ഡ് വര്‍ക്ക്‌ന്റെ അവസാന ദിവസങ്ങള്‍ അടുത്തു,അമ്മുമ്മ സ്‌നേഹവും കരുതലും വാത്സല്യവും ആവോളം ആ നാളില്‍ അറിഞ്ഞു. അവസാന നാളുകളില്‍ അവിടം വിട്ടു വരാന്‍ തോന്നിയില്ല.പക്ഷെ ജീവിതത്തില്‍ ഇനിയും ഞങ്ങള്‍ക്ക് ഏറെ സഞ്ചരിക്കേണ്ടിരിക്കുന്നു. ഒരുപാടു സ്‌നേഹം ആ നാളില്‍ നല്‍കിയും തണലായി കുറെ അധികം സമയങ്ങള്‍ ചിലവഴിച്ചും പുതിയ പാഠങ്ങള്‍ ഉള്‍കൊണ്ടും ഞങ്ങള്‍ പോന്നു.

‘സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ടെത്തിക്കുന്ന മക്കളെ,, നിങ്ങള്‍ അറിയുക ഈ പാപത്തിനു യാതൊരു ഇളവും ലഭിക്കില്ല. അവരെ കൊണ്ടാക്കുന്നതിനു മുന്‍പ് നിങ്ങള്‍ അ ഇടനാഴിയിലൂടെ ഒന്ന് സഞ്ചരിച്ചു ഇറങ്ങുക. മനസാക്ഷി ഉണ്ടെങ്ങില്‍ നിങ്ങള്‍ അവരെയും തിരികയൂള്ള യാത്രയില്‍ ഒപ്പം കൂട്ടും’.