അസ്സാദ്ദുദ്ധീൻ ഉവൈസിയും എൻ കെ പ്രേമചന്ദ്രനും

1216

Saeed Aby എഴുതുന്നു     

 

അസ്സാദ്ദുദ്ധീൻ ഉവൈസിയും എൻ കെ പ്രേമചന്ദ്രനും.

1.മഹാരാഷ്ട്രയിലെ എം എൽ എ വാരിഫ് പത്താന് യു എ ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദുമായുള്ള എം എ യൂസഫലിയുടെ സൗഹൃദത്തെ കുറിച്ചും കേരളവുമായുള്ള യു എ ഇയുടെ ബന്ധങ്ങളെ പറ്റിയും എത്രമാത്രം പറയാനാവും.ഒരു മലയാളിക്ക് പറയാനാവുന്നതിൽ കൂടുതൽ ആധികാരികമായി വാരിഫിന് വിശദീകരിക്കാനാവുമോ?

 Saeed Aby
Saeed Aby

വാരിഫ് അസദുദീൻ ഉവൈസിയുടെ പാർട്ടിയുടെ എം എൽ എയാണ്.കേരളത്തിന് പ്രളയക്കെടുതി മറികടക്കാൻ യു എ ഇ ധനസഹായം നൽകാനുള്ള സന്നദ്ധത യൂസഫലിയോട് ഭരണാധികാരികൾ പറഞ്ഞപ്പോൾ അദ്ദേഹം പിണറായി വിജയനെ കാര്യം അറിയിച്ചിരുന്നു. യു എ ഇ- കേരള ബന്ധത്തെ പറ്റി ധാരണയുള്ള മലയാളിക്ക് അതിൽ പുതുമയുണ്ടായിരുന്നില്ല. എന്നാൽ ആ വിഷയം ദേശിയ മാധ്യമങ്ങൾ ഡിബേറ്റ് നടത്തിയപ്പോൾ കേരളത്തിന്റെ ഭാഗം പറയാൻ സെലെക്റ്റ് ചെയ്തത് വാരിഫിനെയാണ്. അദ്ദേഹം കേരളത്തെയും മലയാളികളെയും പ്രതിനിധീകരിച്ച് സംസാരിച്ചു. എം ബി രാജേഷിനോട് ബൈറ്റ് വാങ്ങിയ ശേഷം ,ആ പ്രതികരണത്തെ കട്ട് ചെയ്ത് കൊടുത്ത ശേഷം ചർച്ചക്ക് വാരിഫിനെ വിളിക്കുകയായിരുന്നു ചാനലുകൾ.ശശി തരൂരും പി രാജീവുമൊക്കെ ഉള്ളപ്പോഴാണ് അസാദുദ്ധീന്റെ പാർട്ടിക്കാരനെ ചാനലുകൾ സെലെക്റ്റ് ചെയ്യുന്നത്.

ഈ സെലെക്ഷനിൽ ഒരു രാഷ്ട്രീയമുണ്ട്.1993 ലെ മുംബൈ സ്ഫോടനത്തിൽ ആരോപണമുള്ള,തീവ്ര ആശയക്കാരനായ,ന്യൂനപക്ഷ വർഗീയതയ്ക്ക് ഉതകുന്ന മണ്ണും പൊന്നും കണ്ടെത്തുന്ന വാരിഫിനെ പോലെയുള്ളവരെ കേരളത്തിലെ ഒരു വിഷയത്തിൽ കക്ഷി ചേരാൻ വിളിക്കുന്നത് വഴി കേരളം ഉയർത്തുന്ന വിഷയത്തെ ആദ്യ ഘട്ടത്തിൽ തന്നെ റദ്ദ് ചെയ്യുക എന്നതാണ് ലക്ഷ്യം.കൂട്ടത്തിൽ ഡൽഹിയിലെ ഹിന്ദുവും കേരളത്തിലെ മുസ്ലിമും തമ്മിലുള്ള പോരായി അതിനെ മതവത്കരിക്കുന്നു.വാരിഫിന്റെ പെരുമാറ്റങ്ങളും വിഭാഗീയ പരാമർശങ്ങളും അതിന് കൂടുതൽ സ്ഥിരത നൽകുന്നു.

അസാദുദ്ധീനെതിരെ പാർലമെന്റിൽ ഉയർന്ന ‘ജയ് ശ്രീറാം’ വിളിയും മറുപടിയായി അയാളുയർത്തിയ കയ്യും വിളിച്ച തക്ബീറും ഒരേ സമയം സംഘ്പരിവാറിനും ഉവൈസിക്കും രാഷ്ട്രീയമാണ്,നേട്ടമാണ്.സുബ്രമണ്യൻ സ്വാമി മുതൽ സന്ദീപ് പാത്ര വരെയുള്ളവരോട് കടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഉവൈസി.ഡൽഹിയിലെ വിരുന്നുകളിൽ സ്ഥിരസാന്നിധ്യം. ഉവൈസിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിപക്ഷമാക്കാൻ 2014 മുതൽ ശ്രമമുണ്ട്. അത് പിന്നെ ഭരണകൂടത്തിന്റെ പ്രതിപക്ഷമാകാനുള്ള ശ്രമമായി പരിണാമം സ്ഥാപിച്ചു.പലപ്പോഴും രാജ്യത്തിന്റെ പ്രതിപക്ഷമാക്കി അവതരിപ്പിച്ചു.കോൺഗ്രസിന് പ്രതിപക്ഷസ്ഥാനം കൊടുക്കാത്ത ബിജെപി സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രതിപക്ഷത്തെ സൃഷ്ടിച്ചു. വിദ്യാർത്ഥികളുടെയും കർഷകരുടെയും തൊഴിലാളികളുടെയും വിഷയങ്ങൾ വരുമ്പോൾ ബിജെപി ഇടതുപക്ഷത്തെ നെക്സലൈറ്റുകളാക്കി പ്രതിപക്ഷമാക്കി.ഇടതിനെ ദേശവിരുദ്ധരാക്കി.

ഹിന്ദു-മുസ്ലിം വിഷയങ്ങളിൽ അവർ കണ്ട പ്രതിപക്ഷമാണ് ഉവൈസി.നല്ല ഹിന്ദു-ചീത്ത ഹിന്ദു വിഷയങ്ങളിൽ രാഹുലായിരുന്നു പ്രതിപക്ഷം.

ഉവൈസിയെ പ്രതിപക്ഷമായി കാണാനും നിലനിർത്താനുമാണ് അവർ ശ്രമിച്ചത്.ഇന്ത്യയിലെ മുസ്ലിങ്ങളുടെ പ്രതിനിധിയായി അയാളെ ചൂണ്ടി കാണിച്ച് അഗ്രസീവായ മുഖം കാണിപ്പിച്ച് ഒപ്പമിരിക്കുന്ന ഹിന്ദുത്വവാദികളെ തൃപ്തിപ്പെടുത്തുകയാണ് ബിജെപി.

അത്കൊണ്ട് എനിക്ക് ഈ അള്ളാഹു അക്ബറും ജയ് ധീം വിളിയും പാർലമെന്റിനകത്ത് കേൾക്കുമ്പോൾ വലിയ കുളിരൊന്നുമില്ല.ഇതൊരു കണ്ണിറുക്കലാണ് തട്ടിപ്പാണ്,സംഘപരിവാറിന് ഏറ്റവും ഉപകാരപ്പെടുന്ന കൂട്ടുകാരനാണ് ഉവൈസി. തിരിച്ചും അങ്ങനെയാണ്.

2. ‘ഭരണഘടനയും മൗലികാവകാശങ്ങളും പറഞ് സർക്കാരിന് ഈ ബില്ലിനെ എതിർക്കാവുന്നതാണ് അവരത് ചെയ്യാവുന്നതാണ്” – NK പ്രേമചന്ദ്രൻ !

ചരിത്രമെന്ന് സ്വയം വിശേഷിപ്പിച്ച് അവതരിപ്പിക്കുന്ന സ്വകാര്യബില്ലിനെ പറ്റി പ്രേമചന്ദ്രൻ വിശദീകരിക്കുമ്പോൾ പറഞ്ഞതാണ് ഇത്രെയും. മൗലികാവശങ്ങളും ഭരണഘടനയും വെല്ലുവിളിയുടെ പാതയിലാണെന്നും സുപ്രീം കോടതി വരെ നോകുത്തിയായ കാലത്ത് ഞാൻ ഇനിയും പോരാടുമെന്ന് തോൽവിക്ക് ശേഷവും പറഞ്ഞ രാഹുൽ ഗാന്ധിയുടെ മുന്നണി പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ ഭരണഘടനക്ക് വിപരീതമായി സഞ്ചരിക്കാനിരിക്കുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് ശേഷം ഹിമാചൽ നിയമസഭയിൽ പശുവിന്റെ അവകാശത്തിന് വേണ്ടി വാദിച്ച ഹിമാചൽ കോൺഗ്രസിന്റെ പിന്തുടർച്ച കണ്ടെത്തുകയാണ് പാർലമെന്റിലെ കോൺഗ്രസ്. അതും ഒരു ‘ഇടത്പക്ഷ പാർട്ടിയെ’ കൂട്ടി. 130 കോടി ജനങ്ങൾകുള്ള ഭരണഘടന കേരളത്തിൽ യുഡിഫിനൊപ്പം നിന്ന 1 കോടി ജനങ്ങൾക്ക് വേണ്ടി തിരുത്തണം എന്നാണ് ആവിശ്യം, ആവിശ്യത്തിന് ന്യായമുണ്ട്. അവർ യൂഡിഎഫിന്‌ ഒപ്പം നിന്നത്രേ!

രാമക്ഷേത്രം നിർമ്മിക്കാനാണ് ബിജെപിക്ക് ഒരു വലിയ വിഭാഗം ജനങ്ങളും വോട്ട് ചെയ്തത്. ശബരിമലയിലെ അവകാശത്തിന് വേണ്ടി വോട്ട് ചെയ്ത മനുഷ്യരുടെ എത്രയോ ഇരട്ടി വരും അവരുടെ എണ്ണം.ചരിത്രവും വസ്തുതയും രേഖകളും പരിശോധിച്ചാൽ രണ്ടിലും സുപ്രീം കോടതിയും ഭരണഘടനയുമാണ് ശരി. വൈകാരികതയും വിശ്വാസവും ജനപിന്തുണയും പരിശോധിച്ചാൽ ഉത്തരേന്ത്യയിലെ സംഘപരിവാറും കേരളത്തിലെ യു ഡി എഫുമാണ് ശരി.

പശുവിനെ ദൈവമായി കാണുന്ന ഒരു വലിയ കൂട്ടം ജനങ്ങൾ പിന്നെ എന്ത്‌കൊണ്ടാണ് ശബരിമലയിലെ ആചാരത്തിനൊപ്പം നിൽക്കുന്ന മലയാളിയുടെ പരിഹാസവിഷയമാവുന്നത് എന്നറിയില്ല.രണ്ട് കൂട്ടർക്കും രണ്ട് തരം വൈകാരികതയാണ് ഉള്ളത് , പക്ഷെ രണ്ടിടത്തും ഭരണഘടനയില്ല എന്നതാണ് വിഷയം.ഒരു സ്വകാര്യബില്ല് കൊണ്ട് മൗലികാവകാശങ്ങളെ മറികടക്കാമെന്ന്‌ പ്രേമചന്ദ്രൻ കള്ളം പറയുമ്പോ അത് വിശ്വസിക്കാനും പ്രേമന്റെ ത്യാഗത്തെ വിസ്മരിക്കാനും ഇവിടെ മലയാളികൾക്കിടയിൽ മനുഷ്യരുണ്ടായി എന്നതാണ് കൗതുകകരം

ഇനി ഈ കള്ളം സത്യമാവുമെങ്കിൽ പ്രഗ്യാസിങ് താക്കൂറിന്‌ ഒരു ബില്ല് കൊണ്ടുവന്ന് മറികടക്കാനാവുന്ന കാര്യങ്ങളെ നമ്മുടെ ഭരണഘടനയിൽ ഒള്ളൂ എന്ന്‌ കരുതേണ്ടി വരും.പ്രേമന്റെ ബില്ല് പാസാവണം എന്നാണ് എന്റെ ആഗ്രഹം, മലയാളിയുടെ സ്പർശമേറ്റ ഈ സ്വഭാവമുള്ള ബില്ലിന്റെ പുറകെ അനേകം ബില്ലുകൾ 2024 വരണം.അപ്പോഴും കേരളത്തിലെ മുസ്ലിം ലീഗും ന്യൂനപക്ഷ മതമൗലികവാദികളും പ്രേമനും ഉവൈസിക്കും ജയ് വിളിക്കുമെന്ന് ഉറപ്പാണ്,

പക്ഷെ, സോണിയ ഗാന്ധി മകന്റെ ചെവിയിൽ പറയും, വല്ലാത്തൊരു കൂട്ടങ്ങൾക്ക് ഇടയിലേക്കാണ് ഞാൻ നിന്നെ ഇറക്കി വിട്ടത്.അമ്മയോട് പൊറുക്കണം