Connect with us

പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 30 വയസ്

നർമത്തിൻ്റെ മാലപ്പടക്കവുമായി പ്രിയദർശൻ തിരശ്ശീലയിലേയ്ക്ക് ഇറക്കി വിട്ട ജോജിയും നിശ്ചലും നന്ദിനിയും കിട്ടുണ്ണിയും ജസ്റ്റിസ് പിള്ളയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ട്

 37 total views

Published

on

സഫീർ അഹമ്മദ്

പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 30 വയസ്

നർമത്തിൻ്റെ മാലപ്പടക്കവുമായി പ്രിയദർശൻ തിരശ്ശീലയിലേയ്ക്ക് ഇറക്കി വിട്ട ജോജിയും നിശ്ചലും നന്ദിനിയും കിട്ടുണ്ണിയും ജസ്റ്റിസ് പിള്ളയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ട്, ആനന്ദത്തിൽ ആറാടിച്ചിട്ട് ഇന്നേയ്ക്ക് മുപ്പത് വർഷങ്ങൾ..അതെ,മലയാള സിനിമ ബോക്സ് ഓഫീസിനെ പിടിച്ച് കുലുക്കി പുതിയ ചരിത്രം എഴുതിയ പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിൻ്റെ കിലുക്കം എന്ന മനോഹരമായ സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്,ആഗസ്റ്റ് പതിനഞ്ചിന് മുപ്പത് വർഷങ്ങളായി. കിലുക്കം,ആദ്യാവസാനം കുടുകുടാ പൊട്ടിച്ചിരിപ്പിച്ചതിനോടൊപ്പം പ്രേക്ഷകരുടെ കണ്ണുകൾക്ക് ദൃശ്യഭംഗിയുടെ കുളിർമ സമ്മാനിച്ച സിനിമ..മലയാളത്തിലെ ഏറ്റവും മികച്ച എൻ്റർടെയിനറുകളിൽ ഒന്നാണ് ഗുഡ്നൈറ്റ് ഫിലിംസിൻ്റെ ബാനറിൽ ആർ.മോഹൻ നിർമ്മിച്ച കിലുക്കം..

May be an image of 1 person and textഈ കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ തിയേറ്ററിലും ടിവിയിലുമായി ഒട്ടനവധി പ്രാവശ്യം കിലുക്കം കണ്ടിട്ടുണ്ടെങ്കിലും ഇന്നും കിലുക്കം ഏതെങ്കിലും ചാനലിൽ വന്നാൽ,അത് സിനിമയുടെ തുടക്കം മുതൽ ആയാലും ഇടവേളയ്ക്ക് ശേഷമായാലും ഏതൊരു സിനിമാസ്വാദകനും കിലുക്കം ഇരുന്ന് കാണും,എല്ലാം മറന്ന് ചിരിക്കും..ഇത് തന്നെയാണ് കിലുക്കം എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും..ചിത്രം എന്ന സിനിമ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ കാണിച്ച് പുതിയ റെക്കോർഡുകൾ എഴുതി ചേർത്തപ്പോൾ കരുതിയിരുന്നത് ഇനി ചിത്രം പോലെ പ്രേക്ഷകരെ ആകർഷിക്കുന്ന,വൻ വിജയം നേടുന്ന ഒരു സിനിമ പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിന് സൃഷ്ടിക്കാൻ സാധിക്കില്ല എന്നായിരുന്നു..എന്നാൽ കേവലം മൂന്ന് വർഷങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രീതിയിൽ ചിത്രത്തിൻ്റെ ഒപ്പം നില്ക്കുന്ന,ലോങ്ങ് റണ്ണിങ്ങിലൊഴികെ ചിത്രം രചിച്ച ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത കിലുക്കം സമ്മാനിക്കാൻ പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിന് സാധിച്ചു..കിലുക്കത്തിന് ശേഷവും പ്രേക്ഷകരെ ചിരിപ്പിക്കുന്ന,രസിപ്പിക്കുന്ന വിജയ സിനിമകൾ ഈ കൂട്ടുക്കെട്ടിൽ നിന്നും വന്ന് കൊണ്ടേയിരുന്നു..

സാധാരണ കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമകളിൽ ദൃശ്യഭംഗിയുള്ള ഫ്രെയിമുകളൊ പറയത്തക്ക മറ്റ് സാങ്കേതിക മേന്മകളൊ ഉണ്ടാകാറില്ല..കാരണം ആ സിനികളിലെ സംവിധായകരുടെ ഉദ്യമം പരമാവധി രംഗങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിച്ച് വിജയം നേടുക എന്നത് മാത്രമായിരുന്നു..അതിനാൽ മേക്കിങ്ങിലൊ മറ്റ് സാങ്കേതിക വശങ്ങളിലൊ ഒന്നും അവരത്ര ശ്രദ്ധിച്ചിരുന്നില്ല..
പ്രിയദർശൻ്റെ ആദ്യക്കാല സിനിമകളും ഇത്തരത്തിൽ ഉള്ളവയായിരുന്നു..എന്നാൽ താളവട്ടത്തിലൂടെ പ്രിയദർശൻ മേക്കിങ്ങിലും ഛായാഗ്രഹണത്തിനും പാട്ടുകൾക്കൊപ്പം പശ്ചാത്തല സംഗീതത്തിനും മറ്റ് സാങ്കേതിക വശങ്ങളിലും ഒക്കെ കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങി..അങ്ങനെ ആര്യനും ചിത്രവും വന്ദനവും ഒക്കെ കഴിഞ്ഞ് കിലുക്കത്തിൽ എത്തിയപ്പോൾ പ്രിയദർശൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് സാങ്കേതികമേന്മയുള്ള മികച്ച ഒരു കോമഡി എൻ്റർടെയിനറാണ്..ക്യാമറ വർക്കിലും ഓഡിയൊഗ്രാഫിയിലും എഡിറ്റിങ്ങിലും ഒക്കെ അന്ന് വരെ കാണാത്ത പുതുമയും മേന്മയും കിലുക്കം പ്രേക്ഷകർക്ക് നല്കി..ഊട്ടിയിലെ പച്ചപ്പും തണുപ്പും മഞ്ഞും വെയിലും ഒക്കെ സ്വാഭാവികമായ വെളിച്ചത്തിൻ്റെ അകമ്പടിയിൽ ഓരൊ രംഗങ്ങളുടെയും പശ്ചാത്തലമാക്കി എസ്.കുമാർ തൻ്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് അവതരിച്ചപ്പോൾ മലയാള സിനിമ സാക്ഷ്യം വഹിച്ചത് അന്ന് വരെ കാണാത്ത ദൃശ്യപ്പൊലിമയാർന്ന അതിമനോഹര ഫ്രെയിമുകളാണ്..അത് പോലെ സിനിമയിലെ ശബ്ദലേഖനത്തെ കുറിച്ചൊക്കെ പ്രേക്ഷകർ സംസാരിച്ച് തുടങ്ങിയത് കിലുക്കം കണ്ടതിന് ശേഷമാണെന്ന് പറയാം..കാരണം അന്ന് വരെ അവർ കണ്ട സിനിമകളിലെ ശബ്ദ വിന്യാസത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കിലുക്കത്തിലേത്..

കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും പശ്ചാത്തലത്തിലുള്ള ശബ്ദ ശകലങ്ങളും ഒക്കെ അത് മുറിക്കുള്ളിലായാലും മൈതാനത്തായാലും റോഡിലായാലും ചന്തയിലായാലും കുന്നിൻ മുകളിലായാലും അതെല്ലാം ഒരേ പോലെ കേൾക്കുന്നതായിരുന്നു അന്നത്തെ ശബ്ദലേഖനത്തിൻ്റെ ഒരു രീതി..എന്നാൽ കിലുക്കത്തിൽ ദൃശ്യങ്ങൾക്കൊപ്പം വന്ന സംഭാഷണങ്ങളും മറ്റു അനുബന്ധ ശബ്ദങ്ങളും മേൽപ്പറഞ്ഞ രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു,പുതുമ നിറഞ്ഞതായിരുന്നു..
മലയാള സിനിമയിൽ ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകൾ എടുത്ത് പുതിയ പാത വെട്ടി തെളിച്ചവരാണ് സത്യൻ അന്തിക്കാടും പ്രിയദർശനും.. സാധാരണക്കാരുടെ കഥ വളരെ ലളിതമായി,ഹാസ്യാത്മകമായി പറയുന്നതാണ് സത്യൻ അന്തിക്കാടിൻ്റെ ശൈലിയെങ്കിൽ ഇതേ സംസാരണക്കാരൻ്റെ തന്നെ അല്പം അതിഭാവുകത്വമുള്ള കഥ ഹാസ്യത്തിൻ്റെ മേമ്പൊടിയോടൊപ്പം നിറയെ നിറങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് പ്രിയദർശൻ്റെ ശൈലി..ഹാസ്യ ഭാവങ്ങൾ അങ്ങേയറ്റം അനായാസതയോടെ മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ള,അസാധ്യ കോമഡി ടൈമിങ്ങ് ഉള്ള മോഹൻലാൽ എന്ന നടൻ സത്യൻ അന്തിക്കാടിൻ്റെയും പ്രിയദർശൻ്റെയും സിനിമകളിൽ സ്ഥിരമായി നായകനായതോടെ ആ സിനിമകളെല്ലാം കൂടുതൽ ആകർഷകമായി,പുതുമയുള്ളതായി,പ്രേക്ഷകർ അവയെല്ലാം സ്വീകരിക്കുകയും ചെയ്തു..സത്യൻ അന്തിക്കാടിൻ്റെയും പ്രിയദർശൻ്റെയും പാത പിൻതുടർന്ന് വന്ന സിദ്ദീഖ്ലാലും റാഫി മെക്കാർട്ടിനും ഒക്കെ ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകൾ എടുത്ത് വിജയിച്ച സംവിധായകരാണ്..എന്നാൽ നിറപ്പൊലിമയോടെ അവതരിക്കപ്പെട്ട പ്രിയദർശൻ്റെ കോമഡി സിനിമകൾ കൂടുതൽ ആകർഷമുള്ളവയായിരുന്നു,ആ സിനിമകൾക്ക് തിയേറ്ററുകളിൽ സ്വീകാര്യതയും അല്പം കൂടുതൽ തന്നെ ആയിരുന്നു..

ഇനിയൊരു ഫ്ളാഷ്ബാക്കിലേക്ക് പോകാം..കൊടുങ്ങല്ലൂരിലേക്ക്,ആഗസ്റ്റ് പതിനഞ്ചിന് കിലുക്കം റിലീസായ, ആയിരത്തിയൊരുന്നൂറ് സീറ്റിങ്ങ് കപ്പാസിറ്റിയുള്ള മുഗൾ തിയേറ്ററിലേക്ക്..
പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന നൂൺഷോ കാണാനായി അന്ന് പ്രീഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികളായിരുന്ന ഞാനും കൂട്ടുക്കാരൻ സാദത്തും കൂടി ഒമ്പതര മണിയോടെ തിയേറ്ററിൽ എത്തി..മോഹൻലാൽ സിനിമകൾക്ക് റിലീസ് ദിവസം ഉണ്ടാകാറുള്ള നിയന്ത്രണാതീതമായ തിരക്ക് അറിയാവുന്നത് കൊണ്ടാണ് നേരത്തെ തന്നെ ഞങ്ങൾ തിയേറ്ററിൽ എത്തിയത്..ഞങ്ങൾ എത്തിയപ്പോൾ തന്നെ തിയേറ്ററിൻ്റെ മെയിൻ ഗേറ്റിലും ചുറ്റുമുള്ള അധികം ഉയരമില്ലാത്ത കമ്പികൾ കൊണ്ടുള്ള ഫെൻസിൻ്റെ അവിടെയും ഒക്കെ വലിയൊരു കൂട്ടം ആളുകൾ നിലയുറപ്പിച്ചിരുന്നു..ഗേറ്റ് തുറക്കുന്നതിന് മുമ്പ് കൂർത്ത മുനകൾ കൊണ്ട് നിറഞ്ഞ അരമതിൽ ചാടിയോടി ക്യൂവിൽ ഇടം പിടിക്കുന്നത് റിലീസ് ദിവസം സ്ഥിരം നടന്നിരുന്ന സംഭവങ്ങളാണ്..സാധാരണ ഗതിയിൽ മുഗൾ തിയേറ്ററിൽ റിലീസാകുന്ന സിനിമകൾക്ക് തിരക്കുള്ള ക്യൂവിൽ നിന്ന് കൊണ്ട് ബുദ്ധിമുട്ടി ടിക്കറ്റ് എടുക്കേണ്ടി വന്നിരുന്നില്ല എനിക്ക്,അവിടെ ജോലി ചെയ്യുന്ന ഒരു ബന്ധു വഴിയാണ് ടിക്കറ്റ് സംഘടിപ്പിച്ചിരുന്നത്..പക്ഷെ കിലുക്കം റിലീസായ ദിവസം അങ്ങനെ ടിക്കറ്റ് ഒപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല..തിയേറ്റർ പരിസരത്ത് എത്തിയ ഉടനെ തന്നെ ഗേറ്റിൻ്റെ മുന്നിൽ നിലയുറപ്പിച്ചിരുന്ന ആൾക്കൂട്ടത്തിൽ ഞങ്ങളും ചേർന്നു..പത്ത് മണിയോട് കൂടി തിയേറ്ററിൻ്റെ മുന്നിലെ ആൾക്കൂട്ടം പതിന്മടങ്ങ് വർദ്ധിച്ചു,അത് ടൗണിലെ പ്രധാന റോഡിൻ്റെ ഗതാഗതത്തെ ബാധിച്ച് തുടങ്ങിയെന്ന് കണ്ടപ്പോൾ തിയേറ്ററുക്കാര് ഗേറ്റ് തുറക്കാൻ നിർബന്ധിക്കപ്പെട്ടു,

അങ്ങനെ ഗേറ്റ് തുറന്നു..പിന്നെ അവിടെ നടന്നത് ആളുകളെ ഉന്തിയും തള്ളിയും തട്ടി മാറ്റിയുമുള്ള ഓട്ടമാണ്,ടിക്കറ്റ് കൗണ്ടറിൻ്റെ ക്യൂവിൻ്റെ സ്ഥാനം പിടിക്കുന്നതിനായി..
ഞങ്ങളും ഓടി ഫസ്റ്റ് ക്ലാസ് കൗണ്ടറിൻ്റെ ക്യൂവിൽ ഇടം പിടിച്ചു..എന്നാൽ കമ്പികൾ കൊണ്ട് വേർതിരിച്ച് ഉണ്ടാക്കിയ ക്യൂ കൗണ്ടറിൻ്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കാനും പറ്റിയില്ല..മറ്റ് തിയേറ്ററുകളിൽ നിന്നും വ്യത്യസ്തമായിരുന്നു മുഗൾ തിയേറ്ററിലെ ബാൽക്കണിയുടെയും ഫസ്റ്റ് ക്ലാസിൻ്റെയും ഒക്കെ പേരുകൾ..ബാൽക്കണിക്ക് അക്ബർ സർക്കിൾ എന്നും ഫസ്റ്റ് ക്ലാസിന് ഷാജഹാൻ എന്നും സെക്കൻ്റ് ക്ലാസിന് മുംതാസ് എന്നൊക്കെയായിരുന്നു പേരുകൾ നല്കിയിരുന്നത്..തിയേറ്ററിൽ തിരക്ക് കൂടി കൂടി വന്നു,തിയേറ്ററുകാർക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ പോലീസുക്കാരും എത്തി..ഫെൻസ് കെട്ടിയ ടിക്കറ്റ് കൗണ്ടറിൻ്റെ പുറത്തുള്ള നീണ്ട ക്യൂ വളഞ്ഞ് പുളഞ്ഞ് നില കൊണ്ടതിനൊപ്പം ശക്തമായ ഉന്തിലും തള്ളിലും ക്യൂ പൊട്ടി പുറത്ത് പോകാതിരിക്കാൻ ഞാൻ ഉൾപ്പെടെയുള്ള ആളുകൾ ഒട്ടിച്ചേർന്ന് തോളിൽ കൈ പിടിച്ച് നിന്നു..ഇതിനിടയിൽ ചില വിരുതന്മാർ പോലീസിൻ്റെ കണ്ണ് വെട്ടിച്ച് കൗണ്ടറിലേക്ക് ഇടിച്ച് കയറി ആളുകളുടെ തോളിലും തലയിലും ചവിട്ടി മുന്നോട്ട് പോയി ടിക്കറ്റ് എടുത്ത് ജേതാവിനെ പോലെ ഷർട്ട് ഊരി കറക്കി തിയേറ്ററിനകത്തേക്ക് ഓടുന്ന കാഴ്ച്ചയും കണ്ടു..അങ്ങനെ മണിക്കൂറുകൾ നീണ്ട കഷ്ടപ്പാടുകൾക്കൊടുവിൽ ഞങ്ങൾക്കും ടിക്കറ്റ് കിട്ടി, തിയേറ്ററിനകത്തേക്ക് കയറി..
കുറച്ച് സമയത്തിനുള്ളിൽ ആയിരത്തിലധികം കാണികളുമായി നിറഞ്ഞ സദസിൽ കിലുക്കത്തിൻ്റെ ആദ്യ പ്രദർശനം ആരംഭിച്ചു..വലിയ ആർഭാടങ്ങളൊന്നുമില്ലാതെ
ആദ്യ രംഗത്തിൽ മോഹൻലാലിനെ അവതരിപ്പിച്ചപ്പോൾ പതിവ് പോലെ തിയേറ്ററിൽ കരഘോഷങ്ങൾ ഉയർന്നു..

Advertisement

തുടർന്ന് തിലകൻ്റെയും ജഗതി ശ്രീകുമാറിൻ്റെയും കഥാപാത്രങ്ങളുടെ ഇൻട്രൊ രംഗങ്ങൾ കഴിഞ്ഞ് ഇന്നസെൻ്റിൻ്റെ കിട്ടുണ്ണി എത്തിയതോട് കൂടി തിയേറ്ററിൽ ചിരിയും ആരംഭിച്ചു..ജഗതിയുടെയും മോഹൻലാലിൻ്റെയും രംഗങ്ങളിലൂടെ ആ ചിരികൾ തുടർന്നു..രേവതിയുടെ കഥാപാത്രത്തിൻ്റെ വരവും തുടർന്നുള്ള കുറച്ച് രംഗങ്ങൾ ഊട്ടിയുടെ ഭംഗിയുള്ള കാഴ്ച്ചകളിലൂടെയും ഇമ്പമുള്ള പശ്ചാത്തല സംഗീതത്തിൻ്റെയും അകമ്പടിയോടെ സിനിമയുടെ ക്രെഡിറ്റ് ടൈറ്റിൽ അവതരിപ്പിച്ചതോട് കൂടി തന്നെ എന്നിലെ പ്രേക്ഷകന് കിലുക്കത്തോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു..നന്ദിനിയെ പരിചയപ്പെട്ട ശേഷം ജോജി നിശ്ചലിൻ്റെ അടുത്ത് വന്ന് പൊങ്ങച്ചം കാണിക്കുന്ന രംഗത്തോട് കൂടി തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരിക്കൊളുത്തി..പല സംഭാഷങ്ങളും പൊട്ടിച്ചിരിയുടെ മുഴക്കത്താൽ ശരിക്കും കേൾക്കാൻ സാധിച്ചിരുന്നില്ല..’വട്ടാണല്ലെ’ രംഗത്തിനും,അത് സ്കൂളിൽ പഠിച്ച ജ്യോതി ഇത് ആകാശത്ത് പൊന്തി വരുന്ന ജ്യോതി രംഗത്തിനും,ജോജി മദ്യം കുടിക്കാതിരിക്കാൻ ഗ്ലാസിൽ നിശ്ചൽ തുപ്പിയിടുന്ന രംഗത്തിനും,പൊറോട്ടയും ചിക്കനും കഴിക്കുന്ന രംഗത്തിനും,ഊട്ടിപ്പട്ടണം ഗാന രംഗത്തിനും,ഒരു ലക്ഷം രൂപ കിട്ടുമ്പോൾ എങ്ങനെ പങ്ക് വെയ്ക്കണമെന്ന് വില പേശുന്ന രംഗത്തിനും,നന്ദിനിയുടെ മുടി വെട്ടുന്ന രംഗത്തിനും,അങ്ങനെ നന്ദിനിയുടെ യഥാർത്ഥ വ്യക്തിത്വം വെളിവാകുന്നത് വരെയുള്ള ഒട്ടുമിക്ക രംഗത്തിനും തിയേറ്ററിൽ ഉണ്ടായ പ്രതികരണം ഒരു രക്ഷയും ഇല്ലാത്തതായിരുന്നു,
പറഞ്ഞറിയിക്കുന്നതിന് അപ്പുറമായിരുന്നു..

ഇൻ്റർവെല്ലിന് ശേഷം രേവതിയുടെ കഥാപാത്രത്തിൻ്റെ ഫ്ളാഷ്ബാക്കും മറ്റുമായി ചിരിയലകൾ ഒന്ന് ഒതുങ്ങിയെന്ന് കരുതിയിരുന്നപ്പോഴാണ് വീണ്ടും ഇന്നസെൻ്റിൻ്റെ കിട്ടുണ്ണിയുടെ വരവ്..കിട്ടുണ്ണിക്ക് ലോട്ടറി അടിച്ചെന്ന് അറിയുന്ന രംഗവും അതേ തുടർന്ന് തിലകൻ്റെ കഥാപാത്രത്തെ
വെല്ലുവിളിക്കുന്നതും മത്തങ്ങത്തലയാ എന്ന് വിളിച്ച് കൊണ്ട് ഓടുന്ന രംഗവും തിയേറ്ററിൽ ഏറ്റവും അധികം പൊട്ടിച്ചിരികൾ സമ്മാനിച്ച രംഗങ്ങളായി..ജഗതിയുടെ നിശ്ചൽ തുടർച്ചയായി അപകടത്തിൽ പെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതും,

രേവതി-തിലകൻ രംഗങ്ങളും,നന്ദിനിയെ തിരികെ വിളിച്ച് കൊണ്ട് പോകാൻ ജോജി വരുന്ന രംഗവും,മീന വേനലിൽ ഗാന രംഗങ്ങളും തുടരെ പ്രേക്ഷകർക്ക് ചിരിയും സന്തോഷവും സമ്മാനിച്ച് കൊണ്ടേയിരുന്നു..ഈ ചിരികൾക്കിടയിലും എന്നിലെ പ്രേക്ഷകൻ്റെ മനസിൽ ഒരു സന്ദേഹം ഉദയം കൊണ്ടിരുന്നു..ഇങ്ങനെ ഒരുപാട് ചിരിപ്പിച്ച് ചിരിപ്പിച്ച് സിനിമയുടെ അവസാനം താളവട്ടം പോലെയൊ ചിത്രം പോലെയൊ പ്രിയദർശൻ കരയിപ്പിച്ച് തിയേറ്ററിൽ നിന്നും ഇറക്കുമൊ എന്ന സന്ദേഹം..എന്നാൽ അങ്ങനെ ഉണ്ടായില്ല,പകരം ആവേശം കൊള്ളിക്കുന്ന സ്റ്റണ്ട് രംഗവും ചെറിയ വൈകാരിക രംഗങ്ങളുമൊക്കെയായി മുന്നോട്ട് നീങ്ങി,പതിവ് രീതി വിട്ട് നായികയെയും നായകനെയും ഒന്നിപ്പിച്ച് സന്തോഷകരമായി പ്രിയദർശൻ കിലുക്കം അവസാനിപ്പിച്ചു..ഫിൽമ്ഡ് ബൈ പ്രിയദർശൻ എന്ന് സ്ക്രീൻ തെളിഞ്ഞപ്പോൾ കൈയ്യടികളോടെയാണ് കാണികൾ സീറ്റിൽ നിന്നും എഴുന്നേറ്റ് തിയേറ്ററിൻ്റെ പുറത്തേക്കിറങ്ങിയത്..സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങിയവർ വലിയ ആവേശത്തോടെ,സന്തോഷത്തോടെ മാറ്റിനിക്കായി തിയേറ്റർ പരിസരത്ത് നിറഞ്ഞ് കവിഞ്ഞ പുരുഷാരത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു ‘സിനിമ അടിപൊളി,സൂപ്പർ’..
തിയേറ്ററിൽ നിന്നും സൈക്കിളിൽ നാല് കിലോമീറ്റർ ദൂരെയുള്ള വീട്ടിലെത്തി ഊണ് കഴിച്ച ശേഷം ഞാനും കൂട്ടുകാരനും കൂടി വീണ്ടും കൊടുങ്ങല്ലുർ ടൗണിലേയ്ക്ക് യാത്ര തിരിച്ചു,അന്ന് തന്നെ റിലീസായ അങ്കിൾ ബൺ എന്ന സിനിമ കാണുന്നതിന് വേണ്ടി..ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ട് പിന്നീട് മുഗൾ തിയേറ്ററിൽ നിന്ന് തന്നെ മൂന്ന് പ്രാവശ്യം കൂടി കിലുക്കം കണ്ടു..
(ഫ്ളാഷ്ബാക്കിന് ഇവിടെ അവസാനം)

പ്രിയദർശൻ-മോഹൻലാൽ സിനിമകൾ എന്നും ഞാൻ ഉൾപ്പെടെയുള്ള പ്രേക്ഷകർക്ക് ഒരു ഹരമാണ്,ആവേശമാണ്..മോഹൻലാലിൻ്റെ തമാശയും പ്രണയവും നൃത്തവും സെൻ്റിമെൻ്റ്സും ആക്ഷനും ഒക്കെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ പ്രിയദർശന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്..ഞാൻ പത്ത് ഉദ്ദേശിച്ചാൽ ലാലിൽ നിന്നും എനിക്ക് നൂറ് കിട്ടും,ഓരൊ സിനിമയിലും ലാലിൽ നിന്നും അത് വരെ കാണാത്ത ചില ഭാവങ്ങൾ ലഭിക്കും,പ്രിയദർശൻ മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് മേൽപ്പറഞ്ഞവ..ഓരൊ പ്രിയൻ-ലാൽ സിനിമകൾ കാണുമ്പോഴും പ്രിയദർശൻ പറഞ്ഞത് ശരിയാണെന്ന് തോന്നാറുണ്ട്..നന്ദിനിക്ക് ഹോട്ടലിൽ റൂം എടുത്ത് കൊടുത്ത ശേഷമുള്ള രംഗം നോക്കൂ..നന്ദിനി സ്വമേധാ തൻ്റെ കൂലി തരുന്നില്ല എന്ന് കണ്ടപ്പോൾ ‘ഇനി എൻ്റെ സർവ്വീസ് ഒന്നും ആവശ്യമില്ല,ഇതെൻ്റെ തൊഴിലും വരുമാനവും ഒക്കെയാണ്, ഇങ്ങനെയൊക്കെയാണ് എന്തെങ്കിലും ഒക്കെ കിട്ടുന്നത്,എന്തെങ്കിലും’ എന്നും പറഞ്ഞ് ജോജി കാശ് ചോദിക്കുന്നതും നന്ദിനി ബാഗിൽ നിന്നും കാശ് എടുക്കുമ്പോൾ പതിയെ ബാഗിലേക്ക് എത്തി നോക്കുന്നതും പ്രതീക്ഷിച്ചതിൽ അധികം കാശ് കിട്ടുമ്പോൾ ഞാൻ നാളെയും വേണമെങ്കിൽ വരാമെന്ന് പറയുന്ന രംഗം,കിലുക്കത്തിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നാണ്..ചമ്മലും നിസ്സഹായവസ്ഥയും സന്തോഷവും ഒക്കെ ഞൊടിയിടയിൽ മിന്നിമറയുന്ന പ്രകടനമാണത്..മറ്റൊരു മികച്ച രംഗം ഇതാണ്:ഏറെ പ്രതീക്ഷയോടെ താൻ നോക്കി കണ്ട കസ്റ്റമർ തലക്ക് വെളിവില്ലാത്തത് പോലെ സംസാരിക്കുമ്പോൾ തല ചെറുതായി കുലുക്കി കൊണ്ട്,കൈകൾ തിരുമ്മി കൊണ്ട് ജോജി ‘വട്ടാണല്ലെ’ എന്ന് ചോദിക്കുമ്പോൾ തിയേറ്ററിൽ ചിരികൾ ഉയർന്നു..

പ്രതീക്ഷയറ്റ,തെല്ല് നിരാശയുള്ള ആ ഭാവം അതീവ ഹൃദ്യമായിട്ടാണ് വെറും സെക്കൻ്റുകൾക്കുള്ളിൽ മോഹൻലാലിലൂടെ മിന്നി മറഞ്ഞത്..ആ പ്രത്യേക രീതിയിലുള്ള വോയ്സ് മോഡുലേഷനും ബോഡി ലാംഗ്വേജും വട്ടാണല്ലെ എന്ന് ചോദിക്കുമ്പോൾ കൊടുത്തില്ലായിരുവെങ്കിൽ ഒരു പക്ഷേ ആ രംഗം പ്രേക്ഷകരിൽ ചിരി വിരിയിക്കുമായിരുന്നില്ല..മോഹൻലാലിൻ്റെ അയത്നലളിതമായ അഭിനയ ശൈലിയുടെ വശ്യതയും സൗന്ദര്യം ഒരിക്കൽ കൂടി കാണിച്ച് തന്ന സിനിമയാണ് കിലുക്കം..
നായക നടനായ മോഹൻലാലിൽ മാത്രം ചുറ്റിത്തിരിയാതെ,അമിത പ്രാധാന്യം നല്കാതെ മറ്റ് നടീനടന്മാർക്ക് കൂടി വളരെയധികം പ്രാധാന്യവും സ്ക്രീൻ സ്പേയ്സും കൊടുത്ത ഒരു തിരക്കഥയാണ് കിലുക്കത്തിൻ്റെത്..മോഹൻലാലിനൊപ്പം ജഗതിയും തിലകനും രേവതിയും ഇന്നസെൻ്റും ഒക്കെ ഗംഭീര പ്രകടനം നടത്തിയ സിനിമ..മോഹൻലാൽ-ജഗതി കൂട്ടുക്കെട്ട്,അതിൻ്റെ എല്ലാ സൗന്ദര്യത്തോടും പൂർണതയോടും കൂടി അവതരിക്കപ്പെട്ടത് കിലുക്കത്തിലാണെന്ന് പറയാം..

ഇരുവരുടെയും മൽസരാഭിനയം,

കൊടുക്കൽ വാങ്ങൽ ഒക്കെ ഇവർ ഒരുമിച്ച് വരുന്ന രംഗങ്ങളിൽ നമുക്ക് കാണാൻ സാധിക്കും..രേവതിയുടെ മുടി വെട്ടാനായി ആളെ വിളിച്ച് കൊണ്ട് വരാൻ പറയുമ്പോൾ,ഒരു പ്രത്യേക താളത്തിൽ ജഗതി ‘തലമുടി ഞാൻ വെട്ടാം’ എന്ന് പറയുന്നതും അതേ താളത്തിൽ ‘അതാണ് നിനക്ക് പറ്റിയ പണി,പക്ഷെ ഇത് ഇതിനെ കുറിച്ച് അറിയാവുന്ന ഒരാളെ കൊണ്ട് വെട്ടിക്കാം’ എന്ന് മോഹൻലാൽ മറുപടി പറയുന്നതും ഒക്കെ ലാൽ-ജഗതി കെമിസ്ട്രിയുടെ അനുപമായ ശൈലിയും സൗന്ദര്യവും വിളിച്ചോതിയ രംഗമാണ്..

Advertisement

ഇടി കൊണ്ട്,വെടി കൊണ്ട്,കുഴിയിൽ വീണ് ഒക്കെ തുടർച്ചയായി ജഗതിയുടെ നിശ്ചൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രംഗങ്ങളും മിസൈൽ വല്ലതും കിട്ടിയൊ എന്ന് സുകുമാരിയോട് ചോദിക്കുന്നതും ഒക്കെ തിയേറ്ററിൽ ഉണ്ടാക്കിയ ഓളം വളരെ വലുതാണ്..നായികയായി നേരത്തെ തീരുമാനിച്ചിരുന്ന അമല അസൗകര്യം അറിയിച്ചതോടെയാണ് കിലുക്കത്തിലേക്ക് രേവതി എത്തുന്നത്..രേവതിയെ നായികയാക്കാനുള്ള തീരുമാനം പാളിയില്ല,
മറിച്ച് വളരെ ശരിയായിരുന്നു എന്ന് കിലുക്കം കണ്ട ഏതൊരു പ്രേക്ഷകനും പറയും.കാരണം അത്ര ഗംഭീരമായിരുന്നു നന്ദിനിയായിട്ടുള്ള രേവതിയുടെ പകർന്നാട്ടം..കോമഡി ടൈമിങ്ങിൽ അഗ്രഗണ്യരായ ഇന്നസെൻ്റിൻ്റെയും ജഗതിയുടെയും മോഹൻലാലിൻ്റെയും ഒപ്പം നിന്ന് കോമഡി ചെയ്ത് വിജയിപ്പിക്കുക എന്ന് പറഞ്ഞാൽ അതൊരു വലിയ കാര്യമാണ്,നടി എന്ന നിലയിൽ രേവതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്..

കിലുക്കം കണ്ട് ആളുകൾ കുലുങ്ങി കുലുങ്ങി ചിരിച്ചതിൽ,ചിരിയുടെ ആക്കം കൂട്ടിയതിൽ ഒരു പങ്ക് ഇന്നസെൻ്റിൻ്റേതാണ്,അദ്ദേഹം അവതരിപ്പിച്ച കിട്ടുണ്ണിയുടേതാണ്..
കിലുക്കത്തിന് മുമ്പും ശേഷവും ഇന്നസെൻ്റ് ഒട്ടനവധി സിനിമകളിൽ ഹാസ്യ രംഗങ്ങളിലൂടെ കാണികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ടെങ്കിലും കിലുക്കത്തിലെ കിട്ടുണ്ണിയുടെ ലോട്ടറി രംഗവും മത്തങ്ങത്തലയൻ രംഗവും തിയേറ്ററിൽ സൃഷ്ടിച്ച ചിരിയും ആരവങ്ങളും മറ്റ് ഏത് സിനിമകളിലെ രംഗങ്ങളെക്കാളും ഉയരെയാണ്..കിലുക്കത്തിൻ്റെ മാറ്റ് കൂട്ടിയ മറ്റൊരു നടൻ തിലകനാണ്..ജസ്റ്റീസ് പിള്ള എന്ന കഥാപാത്രമായി അദ്ദേഹം ഉജ്വല പ്രകടനം കാഴ്ച്ച വെച്ചു..ഇന്നസെൻ്റും രേവതിയുമായിട്ടുള്ള തിലകൻ്റെ രംഗങ്ങൾ ഒക്കെ പ്രേക്ഷകരെ രസിപ്പിച്ചവയാണ്..മേരാ ജൂട്ടാ ഹെ ജപ്പാനി എന്ന ഹിന്ദി ഗാനത്തിൻ്റെ പശ്ചാത്തല സംഗീതത്തിൽ തിലകൻ്റെ ജസ്റ്റീസ് പിള്ള സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്നത് ഭംഗിയുള്ള ഒരു കാഴ്ച്ചയായിരുന്നു..
കിലുക്കത്തിൻ്റെ ഏറ്റവും ആശ്ചര്യ ഘടകമാണ് അതിൻ്റെ തിരക്കഥയും സംഭാഷണവും വേണുനാഗവള്ളിയുടേതാണ് എന്നുള്ള കാര്യം..തൻ്റെ രചന രീതിയിൽ നിന്നും അടിമുടി മാറി ടിപ്പിക്കൽ പ്രിയദർശൻ സിനിമ പോലെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന,രസിപ്പിക്കുന്ന ഒരു തിരക്കഥ വേണുനാഗവള്ളി കിലുക്കത്തിന് എഴുതിയത്..ആ തിരക്കഥയ്ക്ക് പ്രിയദർശൻ തൻ്റെ അത് വരെയുള്ള സിനിമയ്ക്കൊന്നും നല്കാത്ത സംവിധാന വൈദഗ്ധ്യത്തിൽ ദൃശ്യഭാഷ ചമച്ചു..കഥയിലെ ചെറിയ ലോജിക്കില്ലായ്മ ഒന്നും സിനിമ കാണുന്ന പ്രേക്ഷകനെ അലസോരപ്പെടുത്തിയിരുന്നില്ല..
ഒന്നിന് പുറകെ ഒന്നായി രസകരമായ രംഗങ്ങൾ സമ്മാനിച്ച് കഥയിലെ ലോജിക്കിനെ കുറിച്ച് ആലോചിക്കാനുള്ള അവസരം പ്രിയദർശൻ പ്രേക്ഷകർക്ക് നല്കിയില്ല എന്നതാണ് വസ്തുത..

സിനിമോട്ടൊഗ്രാഫിയിലും ഓഡിയൊഗ്രാഫിയിലും പുതുമയും നിലവാരവും കൊണ്ട് വന്ന കിലുക്കത്തിൻ്റെ മറ്റൊരു പ്രത്യേകത അതിൻ്റെ മേക്കിങ്ങാണ്.. കിലുക്കത്തിലെ ഒട്ടുമിക്ക രംഗങ്ങളും നർമ്മവും നിറയെ കൗണ്ടർ ഡയലോഗുകളും നിറഞ്ഞതാണ്..സിംഗിൾ ലെങ്ങ്ത്തി ഷോട്ടുകളുടെ ഒരു കൂമ്പാരമാണ് കിലുക്കം എന്ന സിനിമ..ഒട്ടുമിക്ക രംഗങ്ങളും കട്ട് ഒന്നുമില്ലാതെ മുപ്പത് സെക്കൻ്റ് മുതൽ രണ്ട് മിനിട്ട് വരെ ദൈർഘ്യം ഉള്ളതാണ്..അസാധ്യ കോമഡി ടൈമിങ്ങുള്ള നടന്മാർ അഭിനയിച്ചത് കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഒരു മേക്കിങ്ങ് പാറ്റേൺ പരീക്ഷിക്കാനും അതിൽ വിജയിക്കാനും പ്രിയദർശന് സാധിച്ചത്..അത് പോലെ ക്ലോസപ്പ് ഷോട്ടുകൾ സാധാരണയിലും കുറച്ച് ഉപയോഗിച്ച സിനിമ കൂടിയാണ് കിലുക്കം..പതിവ് പോലെ കിലുക്കത്തിലെ പാട്ടുകളും അതി മനോഹരമായിട്ടാണ് പ്രിയദർശൻ ചിത്രീകരിച്ചിരിക്കുന്നത്.. അതിൽ മീനവേനലിൽ എന്ന പാട്ടിൻ്റെ തുടക്കത്തിൽ താഴെ വീണ തുണികൾ എടുക്കാൻ ഇന്നസെൻ്റ് കുനിയുമ്പോൾ മോഹൻലാൽ പുള്ളിയുടെ മേലെ കൂടി ചാടി ഓടി തലക്കുത്തി മറിയുന്ന രംഗം വളരെ ആകർഷകമാണ്,തിയേറ്ററിൽ അതിന് കൈയ്യടികൾ ഉയരുകയും ചെയ്തു..ഗുണ്ടകളുമായിട്ടുള്ള സ്റ്റണ്ടിന് ശേഷം ഒരു വടിയെടുത്ത് മോഹൻലാൽ രേവതിയെ എടീ എന്ന് വിളിച്ച് തല്ലാൻ ഓടിക്കുന്ന രംഗത്തിലെ ഇൻ്റർവെല്ലും രസകരമാണ്,മറക്കാനാകത്തതാണ്..പഴയ സിനിമകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പലരും ആലങ്കാരികമായി പറയുന്ന കാര്യമാണ് ‘ആ സിനിമ തിയേറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട ഒന്നായിരുന്നു’ എന്ന്..എന്നാലത് കിലുക്കത്തിൻ്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയാണ്..ഒരിക്കലും മറക്കാനാകാത്ത,
എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന വല്ലാത്തൊരു അനുഭവം ആണ് കിലുക്കം തിയേറ്ററിൽ നിന്നും കണ്ടവർക്ക് സമ്മാനിച്ചത്..കിലുക്കം ഒക്കെ തിയേറ്ററിൽ നിന്ന് തന്നെ കാണാൻ സാധിച്ച ഞാനുൾപ്പെടെയുള്ളവരാണ് ശരിക്കും ഭാഗ്യം ചെയ്ത സിനിമാപ്രേമികൾ!!

പ്രേക്ഷകരെ ചിരിയുടെ ചിറകിലേറ്റി പറത്തിയ കിലുക്കം മലയാള സിനിമ ബോക്സ് ഓഫീസിനെയും പിടിച്ച് കുലുക്കി പുതിയ റെക്കോർഡുകൾ എഴുതി ചേർത്തു..കിലുക്കം ഇറങ്ങുന്നത് വരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർഡ് ചിത്രത്തിനായിരുന്നു..
ആബാലവൃദ്ധം ജനങ്ങളെയും തിയേറ്ററിലേയ്ക്ക് ആകർഷിക്കുന്നതിനോടൊപ്പം സിനിമ കണ്ടവർ വീണ്ടും വീണ്ടും കാണുന്ന ഒരു പ്രതിഭാസം പ്രിയൻ-ലാൽ സിനിമകളുടെ ഒരു പ്രത്യേകതയാണ്,അത് കിലുക്കവും തുടർന്നു..30 തിയേറ്ററുകളിൽ റിലീസ് ചെയ്ത കിലുക്കത്തിന് ആദ്യ ഷോ മുതൽ തന്നെ വൻ ഇനീഷ്യൽ ക്രൗഡാണ് ലഭിച്ചത്..ചിത്രത്തിനോളം മികച്ച അഭിപ്രായം കിട്ടിയതോടെ തിയേറ്ററുകളിലേക്ക് ജനങ്ങൾ ആർത്തിരമ്പിയെത്തി,സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാണികൾ ടിക്കറ്റ് കിട്ടാതെ അടുത്ത പ്രദർശനം കാണുവാൻ വേണ്ടി തിയേറ്ററുകളിൽ തന്നെ മണിക്കൂറുകളോളം കാത്തിരുന്നു,കണ്ടവർ വീണ്ടും വീണ്ടും കണ്ടു,ഹൗസ് ഫുൾ ബോർഡുകൾക്ക് വിശ്രമം ഇല്ലാതെയായി,മാസങ്ങളോളം കിലുക്കം പ്രദർശിപ്പിക്കുന്ന കേരളത്തിലെ തിയേറ്ററുകൾ ഉത്സപ്പറമ്പുകളിൽ സന്തോഷവും ആവേശവും വളകിലുക്കവും കൊണ്ട് നിറയുന്നത് പോലെ മുഖരിതമായി..
26 തിയേറ്ററുകളിൽ 50 ദിവസവും,
9 തിയേറ്ററുകളിൽ 100 ദിവസവും ആദ്യമായി പ്രദർശിപ്പിച്ച സിനിമയാണ് കിലുക്കം..കിലുക്കത്തിന് മുമ്പ് ഈ റെക്കോർഡ് അലങ്കരിച്ചിരുന്നത് ചിത്രമാണ്..റിലീസ് കേന്ദ്രങ്ങളിൽ നിന്നും ആദ്യത്തെ അമ്പത് ദിവസം കൊണ്ട്
ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷം ഗ്രോസ് കളക്ഷൻ നേടി കിലുക്കം സർവ്വകാല റെക്കോർഡിട്ടു..അത് പോലെ അഞ്ച് കോടി രൂപ ടോട്ടൽ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയാണ് കിലുക്കം..
കിലുക്കത്തിന് തിയേറ്ററുകളിൽ ഉണ്ടായ അഭൂതപൂർവ്വമായ തിരക്കും കളക്ഷനും ഒക്കെ ഇന്ത്യാ ടുഡേയിലും കലാകൗമുദിയിലും മുഖച്ചിത്രങ്ങളായി,
ഫീച്ചറുകളായി വന്നു,
‘കോടികളുടെ കിലുക്കവുമായി മലയാള സിനിമ’ എന്ന പേരിൽ..

ഒരു കോമഡി എൻ്റർടെയിനർ സിനിമയിലെ പ്രകടനത്തിന് മികച്ച നടനും മികച്ച രണ്ടാമത്തെ നടനും ഉള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവാർഡ് ലഭിക്കുക,സംസ്ഥാന അവാർഡ് ചരിത്രത്തിൽ അത് കിലുക്കത്തിൻ്റെ മാത്രം പ്രത്യേകതയാണ്,കിലുക്കത്തിന് മാത്രം അവകാശപ്പെട്ട ഒന്നാണ്..ആർട്ട് സിനിമകളിലെയും സീരിയസ് സിനിമകളിലെയും നടനം മാത്രമാണ് മികച്ചതെന്നും അവയ്ക്ക് മാത്രമാണ് അവാർഡ് ലഭിക്കാൻ യോഗ്യതയെന്നും കമേഴ്സ്യൽ സിനിമകളിലെ പ്രകടനങ്ങളെല്ലാം രണ്ടാം തരമാണെന്നും കരുതുന്നവർക്ക് കിട്ടിയ വലിയൊരു പ്രഹരമാണ് കിലുക്കത്തിന് കിട്ടിയ പുരസ്കാര നേട്ടങ്ങൾ..അഭിമന്യു,ഉള്ളടക്കം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങൾക്കൊപ്പം കിലുക്കത്തിലെ പ്രകടനം കൂടി പരിഗണിച്ച് മോഹൻലാലിന് 1991ലെ മികച്ച നടനുള്ള അവാർഡും,കിലുക്കത്തിലെ പ്രകടനം കൂടി കണക്കിലെടുത്ത് ജഗതി ശ്രീകുമാറിന് മികച്ച രണ്ടാമത്തെ നടനുമുള്ള കൊടുത്തപ്പോൾ തിരുത്തപ്പെട്ടത് അവാർഡ് നിർണ്ണയത്തിൽ അത് വരെ തുടർന്ന് പോന്നിരുന്ന മാനദണ്ഡങ്ങളും രീതികളുമാണ്..ആക്ഷൻ സിനിമയിലെയും കോമഡി സിനിമയിലെയും പ്രകടനങ്ങൾ മികച്ചതാണ്,
ആദരിക്കപ്പെടേണ്ടതാണ് എന്ന് അന്നത്തെ ജൂറി പാനൽ തിരിച്ചറിഞ്ഞു..മികച്ച നടന്മാരുടെ അവാർഡ് നിർണയത്തിൽ ഇത്രയും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന ഒരു ജൂറി വേറെയില്ല..ജഗതിക്കും മോഹൻലാലിനും ലഭിച്ചതടക്കം അഞ്ച് സംസ്ഥാന അവാർഡുകളാണ് കിലുക്കം
തൂത്തുവാരിയത്..എസ്.കുമാറിന് മികച്ച ഛായാഗ്രാഹകനുള്ള അവാർഡും എൻ.ഗോപാലകൃഷ്ണന് മികച്ച എഡിറ്റർക്കുള്ള അവാർഡും എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള അവാർഡും കിലുക്കത്തിലൂടെ ലഭിച്ചു..
കിലുക്കത്തെ കൂടുതൽ മനോഹരമാക്കിയ മറ്റ് ഘടകങ്ങളാണ് പാട്ടുകളും പശ്ചാത്തല സംഗീതവും..ബിച്ചുതിരുമല-എസ്.പി.വെങ്കിടേഷ് ടീമിൻ്റെ മൂന്ന് പാട്ടുകളും കേൾക്കാൻ ഇമ്പമുള്ളവയാണ്,
ഒപ്പം സൂപ്പർ ഹിറ്റുകളും..
ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലും ക്വാളിറ്റിയും പുതുമയും കൊണ്ട് വന്ന പോലെ അടുമുടി പുതുമ നിറഞ്ഞതായിരുന്നു എസ്.പി.വെങ്കിടേഷിൻ്റെ പശ്ചാത്തല സംഗീതവും..ദീപൻ ചാറ്റർജിയുടെ മികവുറ്റ ശബ്ദലേഖനം കിലുക്കത്തെ മനോഹരം ആക്കുന്നതിൽ,പ്രേക്ഷകർക്ക് പുതു അനുഭവം വഹിച്ച പങ്ക് വളരെ വലുതാണ്..എൻ.ഗോപാലകൃഷ്ണൻ്റെ
എഡിറ്റിങ്ങ് കിലുക്കത്തിൻ്റെ സൗന്ദര്യം കൂട്ടിയ മറ്റൊരു പ്രധാന ഘടകമാണ്..സിനിമയുടെ ദൈർഘ്യം കൂടിയത് കാരണം ജഗദീഷ് അഭിനയിച്ച രംഗങ്ങളെല്ലാം എഡിറ്റർക്ക് ഒഴിവാക്കേണ്ടതായി വന്നു..എന്നിട്ടും സിനിമയ്ക്ക് രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു..ത്യാഗരാജൻ്റെ സംവിധാനത്തിലുള്ള രണ്ട് സ്റ്റണ്ട് രംഗങ്ങളും ഗംഭീരമായിരുന്നു,കാണികൾക്ക് ആവേശം നല്കുന്നതായിരുന്നു..എന്നാൽ ഈ സ്റ്റണ്ട് രംഗങ്ങൾക്ക് സാധാരണയിൽ നിന്നും വ്യത്യസ്തമായി അല്പം ദൈർഘ്യ കൂടുതൽ ഉണ്ടായിരുന്നു..ഇന്ന് യൂട്യൂബിൽ ഉള്ള കിലുക്കത്തിൻ്റെ പ്രിൻ്റ് സ്റ്റണ്ട് രംഗങ്ങളിൽ കത്രിക വെച്ച് വെട്ടിച്ചുരുക്കിയിട്ടുള്ളതാണ്..
കിലുക്കത്തിൻ്റെ നല്ല ക്വാളിറ്റിയുള്ള പ്രിൻ്റ് ഇപ്പോൾ ലഭ്യമല്ല എന്നത് സിനിമാപ്രേമികൾക്ക് വലിയൊരു നഷ്ടം തന്നെയാണ്..

ഊട്ടിയിൽ കൂട്ടുകാരുമൊത്ത് വിനോദയാത്രക്ക് പോയി കളിച്ച് ചിരിച്ച് ആർത്തുല്ലസിക്കുന്ന അനുഭവം,അതാണ് മലയാളികൾക്ക് കിലുക്കം,മലയാള സിനിമയിലെ ക്ലാസിക് എൻ്റർടെയിനർ..
മുപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും കിലുക്കം എന്ന സിനിമ മലയാളികൾക്ക് മടുത്തിട്ടില്ല.. അവർ ഇന്നും ജോജിയുടെ,നിശ്ചലിൻ്റെ,
നന്ദിനിയുടെ,കിട്ടുണ്ണിയുടെ,ജസ്റ്റീസ് പിള്ളയുടെ തമാശകൾ പുതു തലമുറയോടൊപ്പം കണ്ട് ആസ്വദിച്ച് പൊട്ടിച്ചിരിച്ച് കൊണ്ടേയിരിക്കുന്നു..
ഇനിയൊരു ഇരുപത് വർഷം കഴിഞ്ഞാലും മലയാളികൾ കിലുക്കം എന്ന ക്ലാസിക് കണ്ട് രസിച്ച് പൊട്ടിച്ചിരിക്കുക തന്നെ ചെയ്യും..

 38 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement