സഫീർ അഹമ്മദ്

‘താളവട്ടത്തിൻ്റെ,ലാൽ ഇഷ്ടത്തിൻ്റെ 36 വർഷങ്ങൾ’

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലെ’ എന്ന പാട്ടും പാടി മോഹൻലാൽ മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്നിട്ട് ഒക്ടോബർ പത്തിന്,ഇന്നേയ്ക്ക് മുപ്പത്തിയാറ് വർഷങ്ങൾ..അതെ,മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായ,മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ സിനിമകളിൽ ഒന്നായ, പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലെ ആദ്യ ബ്ലോക്ബസ്റ്റർ സിനിമയായ താളവട്ടം റിലീസായിട്ട് ഇന്നേയ്ക്ക് 36 വർഷങ്ങളായി..

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറ്റം കുറിച്ച മോഹൻലാൽ മെല്ലെ മെല്ലെ പ്രേക്ഷകരുടെ ഇഷ്ടം നേടി ജനപ്രീതിയിൽ മറ്റ് നടന്മാരെ പിൻതള്ളി ഒന്നാം സ്ഥാനം അലങ്കരിച്ചത് 1986ൽ ആണ്..ഹാസ്യവും ആക്ഷനും റൊമൻസും ഒക്കെ ഒരു പോലെ അനായാസമായി അഭിനയിച്ച് ഫലിപ്പിച്ചാണ് മോഹൻലാൽ ജനപ്രീതി നേടിയെടുത്തത്..ആ ജനപ്രീതി കൊടുമുടിയിൽ എത്തിച്ച സിനിമയാണ് താളവട്ടം..ആ കാലഘട്ടത്തിൽ സിനിമകൾ കണ്ടിരുന്ന ഭൂരിഭാഗം സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ഒക്കെ മോഹൻലാലിനെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയത്,കടുത്ത മോഹൻലാൽ ഫാൻസ് ആയത് താളവട്ടത്തിലൂടെ ആണെന്ന് നിസംശയം പറയാം..മോഹൻലാലിൻ്റെ കളിയും ചിരിയും തമാശയും കുട്ടിത്തവും കുസൃതിയും ചമ്മലും തലക്കുത്തി മറിയലും ചെരിഞ്ഞുള്ള നിൽപ്പും നടത്തവും പാട്ട് രംഗങ്ങളിലെ ഓട്ടവും ചാട്ടവും ഒക്കെ അതിൻ്റെതായ മനോഹാരിതയിൽ, പൂർണതയിൽ ആദ്യമായി അടയാളപ്പെടുത്തിയ സിനിമയാണ് താളവട്ടം..പിന്നീട് ഒട്ടേറെ സിനിമകളിൽ പ്രേക്ഷകർ ആഘോഷിച്ച,ഇപ്പോഴും ആഘോഷിക്കപ്പെടുന്ന മേൽപ്പറഞ്ഞ ഈ മോഹൻലാൽ മാനറിസങ്ങളെ ‘ലാൽ സ്റ്റൈൽ’ എന്നും ‘ലാലിസം’ എന്നും ഒക്കെ പല പേരുകളിൽ വിളിക്കപ്പെട്ടു..

സത്യത്തിൽ മലയാള സിനിമ പ്രേക്ഷകർക്ക് മോഹൻലാൽ ഒരു വലിയ പുതുമ തന്നെ ആയിരുന്നു,അന്ന് വരെ അവർ കണ്ട് പോന്നിരുന്ന നായക/കഥാപാത്ര സങ്കൽപ്പങ്ങളെ ഒക്കെ തകർത്ത് കൊണ്ടുള്ള പുതുമ..മലയാള സിനിമ ചരിത്രത്തിൽ വേറെ ഒരു നടനും കിട്ടാത്ത തരത്തിലുള്ള പ്രേക്ഷകരുടെ ഇഷ്ടവും താരമൂല്യവും മോഹൻലാൽ നേടിയെടുത്തതിൽ,ഈ 2022 ലും ആ ഇഷ്ടവും താരമൂല്യവും ഒരു കോട്ടവും തട്ടാതെ നിലനില്ക്കുന്നതിൽ അനുപമായ,ആകർഷമായ ആ മോഹൻലാൽ മാനറിസങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്..

പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ട്,

1986ന് ശേഷം മലയാള സിനിമയിൽ ഇവരോളം പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്ന,എൻ്റർടെയിൻ ചെയ്യിക്കുന്ന വേറെ ഒരു സംവിധായകൻ-നടൻ കൂട്ടുക്കെട്ട് ഉണ്ടായിട്ടില്ല..ആ കൂട്ടുക്കെട്ടിലെ എട്ടാമത്തെ സിനിമയാണ് താളവട്ടം..സ്ളാപ്സ്റ്റിക് കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ അത് വിട്ട് സിനിമയെ കുറച്ച് കൂടി ഗൗരവത്തിൽ ആദ്യമായി സമീപിച്ചത് താളവട്ടത്തിലാണ്..ആ ഉദ്യമത്തിലും ഹ്യൂമറസായി കഥ പറഞ്ഞ് പ്രേക്ഷകരെ രസിപ്പിക്കാനാണ് പ്രിയദർശൻ ശ്രമിച്ചത്.. പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ച പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലെ സിനിമകൾക്ക് വളരെ വ്യക്തമായ ഒരു ഫോർമുല ഉണ്ടായിരുന്നു,ആ ഫോർമുല ആദ്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നത് താളവട്ടത്തിലാണ്..കൊച്ച് കൊച്ച് തമാശകളിലൂടെ,രസകരമായ രംഗങ്ങളിലൂടെ,നായകൻ്റെയും നായികയുടെയും വഴക്കിടലുകളിലൂടെ, അവരുടെ പ്രണയത്തിലൂടെ,നിറങ്ങൾ വാരി വിതറുന്ന മനോഹരമായ പാട്ടുകളിലൂടെ അങ്ങേയറ്റം രസിപ്പിച്ച് പതിയെ സെൻ്റിമെൻ്റ്സിലൂടെ നൊമ്പരപ്പെടുത്തി ഒരു തുള്ളി കണ്ണീർ പൊഴിച്ച് വിങ്ങുന്ന മനസ്സോടെ ഒപ്പം നിറഞ്ഞ മനസ്സോടെ പ്രേക്ഷകരെ തിയേറ്ററിൽ നിന്നും പുറത്തേക്ക് ഇറക്കുന്ന പ്രിയൻ-ലാൽ ഫോർമുല..

അതിനെ പ്രിയദർശൻ മാജിക് എന്നും വിളിക്കാം..സിനിമ കഴിഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങുന്ന പ്രേക്ഷകരെ വീണ്ടും വീണ്ടും ആ സിനിമ കാണാൻ ആഗ്രഹം തോന്നിപ്പിക്കുന്നതാണ് ഈ പ്രിയദർശൻ മാജികിൻ്റെ പ്രത്യേകത..ആ പ്രിയദർശൻ മാജിക് പിന്നീട് എത്രയൊ വട്ടം പ്രേക്ഷകർ അനുഭവിച്ചിരിക്കുന്നു,മലയാള സിനിമ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച് റെക്കോർഡ് വിജയ സിനിമകൾ സൃഷ്ടിച്ചിരിക്കുന്നു..
തൻ്റെ കൺമുന്നിൽ വെച്ച് കാമുകി മരണപ്പെടുന്നത് കണ്ട് സമനില തെറ്റി ഭൂതകാലം മറന്ന് പോയ വിനോദ് എന്ന ചെറുപ്പക്കാരൻ ചികിത്സാർത്ഥം ഒരു മെൻ്റൽ ഹോസ്പിറ്റലിൽ എത്തുന്നതും,അവിടെ വെച്ച് ചികത്സിക്കുന്ന ഡോക്ടർക്ക് വിനോദിനോട് പ്രണയം തോന്നുന്നതും ആ പ്രണയം വിനോദിൻ്റെ ജീവൻ തന്നെ എടുക്കുന്നതുമാണ് താളവട്ടത്തിൻ്റെ ഇതിവൃത്തം..വളരെ സീരിയസായിട്ട് അവതരിപ്പിക്കേണ്ട കഥ ആയിട്ട് കൂടി അതിന് തുനിയാതെ നുറുങ്ങ് തമാശകളും പാട്ടുകളും പ്രണയവും സെൻ്റിമെൻ്റ്സും ഒക്കെ സമാസമം ചേർത്ത് അതി മനോഹരമായിട്ടാണ് പ്രിയദർശൻ താളവട്ടത്തെ അണിയിച്ചൊരുക്കിയത്..
മനോരോഗികളും ഹോസ്പിറ്റലും ഒക്കെ പ്രേക്ഷകർക്ക് ഇത്രമാത്രം ചിരി സമ്മാനിച്ചത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം..മികച്ച തിരക്കഥയും സംഭാഷണങ്ങളുമാണ് താളവട്ടത്തിനായി പ്രിയദർശൻ്റെ തൂലികയിൽ നിന്നും പിറന്നത്..’വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ്’ എന്ന അമേരിക്കൻ സിനിമ/നോവൽ ആണ് താളവട്ടത്തിന് പ്രചോദനം ആയതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്..

1986 നവംബർ 15ന് ആണ് താളവട്ടം ഞാൻ കാണുന്നത്,കൊടുങ്ങല്ലൂരിൽ സിനിമ റിലീസ് ആയതിൻ്റെ രണ്ടാം ദിവസം,ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ,കൊടുങ്ങല്ലൂർ ശ്രീകാളിശ്വരി തിയേറ്ററിൽ നിന്നും..വൻ തിരക്ക് ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് മൂന്ന് മണിയുടെ മാറ്റിനി ഷോ കാണാൻ വേണ്ടി ഞാനും ഇക്കയും കൂടി ഒരു മണിക്ക് മുമ്പ് തന്നെ തിയേറ്ററിൽ എത്തി, ഇടുങ്ങിയ ക്യൂ കൗണ്ടറിൽ കയറി നിന്നു..രണ്ട് മണിക്കൂറോളം ഒറ്റ നില്പ് നിന്നാണ് ടിക്കറ്റ് സംഘടിപ്പിച്ചത്..അന്ന് ശ്രീകാളീശ്വരി തിയേറ്ററിൻ്റെ വെളളിത്തിരയിൽ മോഹൻലാൽ കുസൃതി കാണിച്ച് ചിരിച്ചപ്പോൾ ആയിരത്തോളം വരുന്ന കാണികൾക്ക് ഒപ്പം കൊച്ച് പയ്യനായ ഞാനും കൂടെ ചിരിച്ചു,മോഹൻലാൽ പാട്ട് പാടി തലകുത്തി മറിഞ്ഞപ്പോൾ അത് വരെ ഇല്ലാത്ത ഒരു സന്തോഷം മനസിൽ തിര തല്ലി,മോഹൻലാൽ കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു,അങ്ങനെ അത് വരെ മറ്റ് സിനിമകൾ കണ്ടിട്ട് ഒന്നും ലഭിക്കാത്ത ആനന്ദവും അനുഭൂതിയും ഞാനെന്ന ആ പതിനൊന്ന് വയസുക്കാരന് താളവട്ടം നല്കി..മോഹൻലാലിനെ ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു അന്നത്തെ ഞാൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം കുട്ടികൾക്കും..

മമ്മൂട്ടിയും ശങ്കറും റഹ്മാനും ഒക്കെ ആയിരുന്നു കുട്ടികളുടെ അന്നത്തെ ഹീറോസ്..പക്ഷെ 1986 ൻ്റെ തുടക്കം ആയപ്പോഴേക്കും ഒരു ചെറിയ ഇഷ്ടം ഒക്കെ മോഹൻലാലിനോട് തോന്നി തുടങ്ങിയിരുന്നു.. ടി..പി.ബാലഗോപാലനും ഗാന്ധിനഗറും രാജാവിൻ്റെ മകനും മുന്തിരിത്തോപ്പുകളും ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ ആ ഇഷ്ടം കൂടി കൂടി വന്നു..അത് കൊണ്ടാണ് താളവട്ടം ഞങ്ങളുടെ നാട്ടിൽ റിലീസ് ആയ രണ്ടാം ദിവസം തന്നെ കാണാൻ പോയത്..ക്ലൈമാക്സിൽ വിനു മരിക്കുന്നത് കണ്ട് കണ്ണീരോടെ തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനെന്ന ആ കൊച്ച് പയ്യൻ്റെ മനസിൽ ഒരാൾ സ്ഥാനം പിടിച്ചിരുന്നു,മോഹൻലാൽ..പതിയെ പതിയെ മോഹൻലാലും അദ്ദേഹത്തിൻ്റെ സിനിമകളും ജീവിതത്തിൻ്റെ ഭാഗം തന്നെയായി മാറി..1986ൽ മോഹൻലാലിനെ ഇഷ്ടപ്പെട്ട് തുടങ്ങുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അത് ജീവിതക്കാലം മുഴുവൻ ഉള്ള ഒരു ഇഷ്ടമായി മാറുമെന്ന്!!അന്ന് തുടങ്ങിയ ആ മോഹൻലാൽ ഇഷ്ടം ഇന്നും ഒരു തരി പോലും മാറ്റമില്ലാതെ തുടരുന്നു..

മനസിൻ്റെ സമനില തെറ്റിയ,തൻ്റെ ഭൂതകാലം മറന്ന് പോയ,കളിയും ചിരിയും കുസൃതിയുമായി കുട്ടികളെ പോലെ പെരുമാറുന്ന,പ്രണയിക്കപ്പെട്ടതിനാൽ ജീവച്ഛം ആകുന്ന,സ്നേഹത്താൽ വാൽസല്യത്താൽ കൊല ചെയ്യപ്പെടുന്ന വിനു എന്ന കഥാപാത്രമായി മോഹൻലാൽ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്.. കഥാപാത്രത്തിൻ്റെ തമാശകളും പ്രണയവും നോവും ഒക്കെ ആഴ്ന്നിറങ്ങി പ്രേക്ഷകരുടെത് കൂടി ആകുന്ന വിസ്മയിപ്പിക്കുന്ന പ്രകടനം..

ഇതിൽ എടുത്ത് പറയേണ്ടത് മോഹൻലാലിൻ്റെ മികച്ച ഡയലോഗ് ഡെലിവറിയാണ്..സിനിമയുടെ മുക്കാൽ ഭാഗത്തോളം രംഗങ്ങളിലും മോഹൻലാലിൻ്റെ ചേഷ്ടകളും സംഭാഷണങ്ങളും ഒരു കുട്ടിയുടെത് പോലെയാണ്..അതിഭാവുകത്വത്തിലേക്ക് വഴുതി പോകാൻ സാധ്യത ഉണ്ടായിരുന്നിട്ട് കൂടി മോഹൻലാൽ വളരെ നിയന്ത്രണത്തോടെയും അനായാസതയോടും കൂടിയാണ് ഡയലോഗ് ഡെലിവറി നിർവ്വഹിച്ചിരിക്കുന്നത്..

116 സിനിമകൾ റിലീസ് 1986ൽ ഏറ്റവും ജനപ്രീതിയും സാമ്പത്തിക വിജയവും നേടിയ സിനിമയാണ് താളവട്ടം..മോഹൻലാലിൻ്റെ മോഹിപ്പിക്കുന്ന കുസൃതി ഭാവങ്ങൾക്ക് ഒപ്പം ഹൃദ്യമായി അവതരിപ്പിച്ച പ്രണയരംഗങ്ങളും മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് താളവട്ടത്തെ പ്രേക്ഷകർക്ക് ഇത്രയേറെ പ്രിയങ്കരമാക്കിയത്..അനിതയെ പ്രൊപ്പോസ് ചെയ്യാനായി കാറിൻ്റെ വിൻഡൊ ഗ്ലാസിലും,അനിതയുടെ ഹോസ്റ്റൽ റൂമിലും,അനിത നടക്കുന്ന റോഡിലും ഒക്കെ
‘I Love you’ എന്ന് വിനു എഴുതിയ രംഗങ്ങളും,ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം ചമ്മിയ ചിരിയോടെ വിനു അനിതയെ അഭിമുഖീകരിക്കുന്നതും അനിതയെ ആലിംഗനം ചെയ്ത ശേഷം രവി മേനോൻ്റെ ഫാദർ കഥാപാത്രത്തെ നോക്കി വിനു കണ്ണിറുക്കി കാണിക്കുന്നതും തിരിച്ച് ഫാദർ കണ്ണിറുക്കി കാണിക്കുന്ന രംഗവും കാതിന് ഇമ്പമാർന്ന പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകരെ ഒരുപാട് ആകർഷിച്ചു..മനം മയക്കുന്ന മോഹൻലാലിൻ്റെ ചമ്മിയ ചിരിയും കണ്ണിറുക്കലും പ്രേക്ഷകർ പൊട്ടിച്ചിരിയുടെയും കൈയ്യടികളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്..വിനുവിൻ്റെ ഡയറി വായിച്ച് കാര്യങ്ങൾ ഒക്കെ അറിഞ്ഞ ശേഷം ഡോക്ടർ സാവിത്രി സെല്ലിലേക്ക് വന്ന് പേര് വിളിക്കുമ്പോൾ കൊച്ച് കുട്ടികൾ പിണക്കം മാറി ഇണങ്ങുമ്പോൾ ഉള്ള പോലത്തെ ചിരിയുണ്ട്,മോഹൻലാലും കാർത്തികയും മനോഹരമാക്കിയ,പ്രേക്ഷകർക്ക് ചിരിയുടെ കുളിർമഴ നല്കിയ ഇൻ്റർവെൽ രംഗം… സത്യത്തിൽ പ്രേക്ഷകരുടെ കണ്ണിലേക്ക് അല്ല,മനസിലേക്കാണ് ആ ചിരികൾ പതിഞ്ഞത്,ആ മോഹൻലാൽ മാനറിസങ്ങൾ ഇൻജക്റ്റ് ചെയ്യപ്പെട്ടത്..’കൂട്ടിൽ നിന്നും മേട്ടി വന്ന പൈങ്കിളിയല്ലെ’ എന്ന പാട്ടും രംഗങ്ങളും കാണികൾക്ക് പുതിയ ഒരു അനുഭവം ആയിരുന്നു..മരംചുറ്റി നടന്നും ബലം പിടിച്ച് നിന്നും നല്ല കോസ്റ്റ്യൂമും ധരിച്ചും ഒക്കെ പാട്ട് പാടി അഭിനയിക്കുന്ന ഒട്ടനവധി നായകമാരെ കണ്ട് ശീലിച്ച മലയാളികൾ താളവട്ടത്തിൽ കണ്ടത് തോളും ചരിച്ച് നിന്നും ഓടിയും ചാടിയും തലക്കുത്തി മറിഞ്ഞും അനായാസമായി പാട്ട് പാടി അഭിനയിക്കുന്ന നായകനെയാണ്,അവരത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു..പാട്ട് രംഗങ്ങളിൽ ശോഭിക്കാനുള്ള മോഹൻലാലിൻ്റെ ആ പ്രത്യേക കഴിവ് അതിൻ്റെ എല്ലാ ഭംഗിയോടും പൂർണതയോടും കൂടി ആദ്യമായി അടയാളപ്പെടുത്തിയത് ‘കൂട്ടിൽ നിന്നും’ പാട്ടിൽ ആണെന്നാണ് എൻ്റെ അഭിപ്രായം..വാർഡിൽ പാട്ട് വെയ്ക്കുന്നതിനായി ഓരോ രോഗികളുടെയും അടുത്ത് പോയി കൈ പൊക്കാനായി വിനു കെഞ്ചുന്നതും ആ ശ്രമം പരാജയപ്പെട്ടതിൻ്റെ ദേഷ്യത്തിലും സങ്കടത്തിലും ഒച്ചയെടുത്ത് കരഞ്ഞ് ഇരിക്കുമ്പോൾ ശങ്കരാടിയുടെ പാട്ട് കേട്ട് കൊച്ച് കുട്ടിയുടെതെന്ന പോലെ ഞൊടിയിടയിൽ ഭാവമാറ്റം വന്ന് ചിരിക്കുന്നതും ഒക്കെ മോഹൻലാലിലെ അസാധ്യ നടനെ കാണിച്ച് തന്ന രംഗമാണ്..ഇങ്ങനെ ഇഷ്ടമുള്ള രംഗങ്ങൾ എഴുതാൻ നിന്നാൽ തിരക്കഥയിലെ മുഴുവൻ രംഗങ്ങളും പരാമർശിക്കേണ്ടി വരും, അത്രമാത്രം രസകരവും വൈകാരികവും ആയ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് താളവട്ടം..
നെടുമുടി വേണു,കാർത്തിക,സോമൻ,ജഗതി ശ്രീകുമാർ തുടങ്ങിയവരും താളവട്ടത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു..

വിനുവിനോടുള്ള സ്നേഹവും വാൽസല്യവും കൊണ്ട് ജീവച്ഛവമായ വിനുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് വിനുവിനെ കപടതയുടെ ഈ ലോകത്ത് നിന്നും രക്ഷിക്കുന്ന ഡോക്ടർ ഉണ്ണികൃഷ്ണനായി,വിനുവിൻ്റെ ഉണ്ണിയേട്ടനായി നെടുമുടി ഗംഭീര പ്രകടനമാണ് നടത്തിയത്..ഉണ്ണിയേട്ടൻ വിനുവിനെ നെഞ്ചോട് ചേർത്ത് വെച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുന്ന രംഗം മനസിനെ വല്ലാതെ അസ്വസ്ഥപ്പെടുത്ത ഒന്നാണ്..വിനുവിനെ കൊന്ന ശേഷം ഡോക്ടർ രവീന്ദ്രൻ്റെ അടുത്ത് ചെന്ന് ‘call the police,I did it, ഞാൻ അവനെ കൊന്നു’ എന്ന് പറയുന്ന രംഗത്തിലെ നെടുമുടി വേണുവിൻ്റെ പ്രകടനത്തെ അതി മനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാൻ സാധിക്കില്ല..താൻ ചികത്സിക്കുന്ന രോഗിയോട് പ്രണയം തോന്നുന്ന ഡോക്ടർ സാവിത്രി ആയി കാർത്തികയും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചു..വിനുവിൻ്റെ കുസൃതിത്തരങ്ങൾക്ക് സാവിത്രി എന്ന കാർത്തികയുടെ എക്സ്പ്രഷൻസ് വളരെ ക്യൂട്ട് ആയിരുന്നു..സെക്യൂരിറ്റി നാരായണൻ ആയി ജഗതി ശ്രീകുമാറും തകർത്തു..കൈക്കൂലി കൊടുക്കുമ്പോൾ ‘എന്നെ നീ നശിപ്പിച്ചേ അടങ്ങുവെല്ലെടാ’ എന്ന ജഗതിയുടെ ഡയലോഗ് മലയാളികളുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമായ ഒന്നാണ്..വില്ലനായി വന്ന സോമനും തൻ്റെ കഥാപാത്രത്തെ മികവുറ്റതാക്കി..

ഒരുപക്ഷെ പ്രേക്ഷകരുടെ വെറുപ്പും പ്രാക്കും ഇത്രയധികം ഏറ്റ് വാങ്ങിയ വേറെ ഒരു വില്ലൻ കഥാപാത്രം ഉണ്ടാകില്ല..സ്ക്രീൻ സ്പേസ് വളരെ കുറവെങ്കിലും അനിതയായി ലിസിയും നല്ല പ്രകടനം കാഴ്ചവെച്ചു..
താളവട്ടത്തെ മനോഹരമാക്കുന്നതിൽ എസ്.കുമാറിൻ്റെ ഛായാഗ്രഹണവും പൂവച്ചൽ ഖാദർ-രഘുകുമാർ/രാജാമണി ടീമിൻ്റെ ഗാനങ്ങളും ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതവും വഹിച്ച പങ്ക് വളരെ വലുതാണ്..ഗാനങ്ങളിൽ ‘പൊൻ വീണേയും’, ‘കൂട്ടിൽ നിന്നും’ എവർഗ്രീൻ ഗാനങ്ങളായി ഇന്നും നിലനില്ക്കുന്നു…

എം.ജി.ശ്രീകുമാറിൻ്റെ കരിയറിലെ ആദ്യത്തെ സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നായ ‘പൊൻവീണേ’ ഈ സിനിമയിലൂടെ പിറന്നു..താളവട്ടത്തിലെ പല രംഗങ്ങളുടെയും മാറ്റ് കൂട്ടിയത് ജോൺസൺ മാസ്റ്റുടെ ഇമ്പമാർന്ന പശ്ചാത്തല സംഗീതമാണ്,ഇന്നും പുതുമ നഷ്ടപ്പെടാത്ത ഒന്ന്..
പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ തുടങ്ങിയ,താളവട്ടം മുതൽ ടോപ്പ് ഗിയറയിൽ ഓടി തുടങ്ങിയ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് ഈ അടുത്ത കാലത്ത് ഇറങ്ങിയ മരക്കാരിലൂടെ പ്രേക്ഷകരെ ഒന്നടങ്കം നിരാശരാക്കിയെങ്കിലും,ഇനിയും നല്ല സിനിമകൾ സമ്മാനിക്കാൻ ഈ കൂട്ടുക്കെട്ടിന് സാധിക്കുമെന്ന് തന്നെയാണ് ഇവരുടെ സിനിമകൾ കണ്ട് വളർന്ന ഞാൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷ..കാത്തിരിക്കുന്നു പ്രിയൻ-ലാൽ കൂട്ടുക്കെട്ടിലെ മികച്ച സിനിമകൾക്കായി..

Leave a Reply
You May Also Like

അമിത വണ്ണത്തിന്‍റെ പിന്നാമ്പുറസത്യങ്ങള്‍

ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം. അമിതവണ്ണം മൂലം ശരീരഭാരം വര്‍ദ്ധിച്ച് എല്ലുകള്‍ക്ക് തേയ്മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണക്കാരില്‍ ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോള്‍ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം, രക്തസമ്മര്‍ദ്ധം എന്നിവ ഉണ്ടാകുന്നു. രക്തത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകവഴി ഹൃദയധമനികളില്‍ തടസമുണ്ടാക്കുന്നു. ഇതും ഹൃദ്രോഗത്തിനു കാരണമാകുന്നു.

‘അല്‍ കഴുതകള്‍’ അഥവാ ഇസ്ലാമിന്റെ നവസംരക്ഷകര്‍ – ബഷീര്‍ വള്ളിക്കുന്ന്

ഭൂമുഖത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സാമ്രാജ്യത്വ ശക്തികളെ കുറ്റപ്പെടുത്തി സായൂജ്യമടയുന്നതിനു പകരം സ്വന്തം പോരായ്മകളിലേക്ക് വല്ലപ്പോഴും കണ്ണോടിക്കാന്‍ കൂടി മത സമൂഹം തയ്യാറാവണം. അല്ലാഹു അക്ബര്‍ വിളികളുയര്‍ത്തി ചോര ചിന്തുന്ന ഭ്രാന്തന്മാരെ തിരിച്ചറിയാനും ആട്ടിപ്പുറത്താക്കാനും ഏറ്റവും കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത് പട്ടാളമോ പോലീസോ സര്‍ക്കാറുകളോ അല്ല, യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസികളാണ്.

ഹാജിയാരുടെ പിഴ

ഗ്യാസും, അസിഡിറ്റിയും, മൂലക്കുരുവും കാരണം പ്രയാസപ്പെടുകയാണ് ഹുസൈന്‍ ഹാജി. ദിവസവും അതിരാവിലെ കട്ടന്‍ചായയോടൊപ്പം ഓരോ താറാവ്മുട്ട ഹാജിയാര് പതിവാക്കി. രാവിലെ സുബഹി നമസ്കാരം കഴിഞ്ഞു ഹാജിയാര് വീട്ടിലെത്തുമ്പോള്‍ ചായയും, മുട്ടയും കൊലായിയില്‍ റെഡിയായിരിക്കും. ഹാജിയാരുടെ ഭാര്യ ആമിനുമ്മ ഈ താറാവ് മുട്ടയുടെ കാര്യത്തില്‍ മുറ തെറ്റാതെ അതീവശ്രദ്ധ തന്നെ പുലര്‍ത്തിപ്പോന്നു. പലപ്പോഴും താറാവ് മുട്ട സംഘടിപ്പിക്കാനാണ് ആമിനുമ്മ പ്രയാസപ്പെട്ടത്‌. താറാവിനെ വളര്‍ത്തുന്ന അയമ്മദ്‌ ഹാജിയുടെ വീട്ടിലേക്കു ആളെ വിടാറാണ് പതിവും.

കീറിപ്പറിഞ്ഞ ജീൻസ് ഇടാൻ ശാലിന് ഇതിനുമാത്രം ദാരിദ്ര്യമോ എന്നാണ് അവരുടെ ചോദ്യം

ശാലിൻ സോയ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും താരം ഒരുപോലെ തിളങ്ങിയിട്ടുണ്ട്.…