ബ്ലോക്ബസ്റ്റര്‍ ആകേണ്ടിയിരുന്ന സിനിമ സംവിധായകന്റെ ചെറിയ അശ്രദ്ധ കൊണ്ട് ഹിറ്റ് സ്റ്റാറ്റസില്‍ ഒതുങ്ങി

158

സഫീർ അഹമ്മദ്

‘മൂന്നാംമുറയുടെ 32 വർഷങ്ങൾ’

മോഹൻലാൽ സിനിമകളുടെ റിലീസ്,അത് കേരളത്തിലെ തിയേറ്ററുകൾക്കും സിനിമ പ്രേക്ഷകർക്കും ഒരു ഉത്സവം തന്നെയാണ്.തിയേറ്ററുകളെ ജനസമുദ്രം ആക്കുന്ന,പ്രകമ്പനം കൊള്ളിക്കുന്ന മോഹൻലാൽ സിനിമകളുടെ റിലീസ് ഡേ,മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികൾ കണ്ട് വളർന്ന ശീലങ്ങളിൽ ഒന്നാണ്,കൃത്യമായി പറഞ്ഞാൽ രാജാവിൻ്റെ മകൻ മുതൽ കണ്ട് തുടങ്ങിയ ശീലം..
രാജാവിൻ്റെ മകന് ശേഷം ഒട്ടുമിക്ക മോഹൻലാൽ സിനിമകളുടെയും റിലീസ് ദിവസത്തെ തിരക്ക് തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കിയിട്ടുണ്ടെങ്കിലും ആക്ഷൻ/മാസ് ശ്രേണിയിൽ വരുന്ന സിനിമകൾക്ക് സാധാരണയിലും കവിഞ്ഞ ജനത്തിരക്ക് ഉണ്ടാകാറുണ്ട്…ഇരുപതാം നൂറ്റാണ്ട്, ആര്യൻ നാടുവാഴികൾ,ഇന്ദ്രജാലം, അഭിമന്യൂ, ദേവാസുരം,സ്ഫടികം,കാലാപാനി, ആറാം തമ്പുരാൻ,നരസിംഹം, രാവണപ്രഭു,താണ്ഡവം, നരൻ തുടങ്ങിയ ഒട്ടനവധി സിനിമകൾ തിയേറ്ററുകളിൽ അസാധാരണമായ രീതിയിൽ ജനസാഗരം തീർത്തവയാണ്…

മോഹന്‍ലാലിന്റെ മാസ് കഥാപാത്രം, അലി ഇമ്രാന്‍ അവതരിച്ചിട്ട് 31 വര്‍ഷം |  Mohanlal's Moonnam Mura Celebrating 31 Years - Malayalam Filmibeatആ ഇനിഷ്യൽ ക്രൗഡിൻ്റെ ശക്തിയും വ്യാപ്തിയും എത്രത്തോളം ഉണ്ടെന്ന് പുലിമുരകനിലൂടെയും ലൂസിഫറിലൂടെയും ഇപ്പോഴത്തെ തലമുറയും അനുഭവിച്ച് അറിഞ്ഞതുമാണ്.എന്നാൽ വമ്പൻ ഇനീഷ്യൽ കളക്ഷൻ നേടിയ മേൽപ്പറഞ്ഞ സിനിമകളെക്കാൾ തിയേറ്ററുകളിലേയ്ക്ക് ജനങ്ങൾ ഒഴുകി എത്തിയ,ആദ്യ ദിവസങ്ങളിലെ ജനത്തിരക്കിൽ മലയാള സിനിമ ബോക്സ് ഓഫീസിനെ പിടിച്ച് കുലുക്കിയ,ചരിത്രം രചിച്ച സിനിമയാണ് K.മധു~SN സ്വാമി~മോഹൻലാൽ~സെവൻ ആർട്സ് ടീമിൻ്റെ മൂന്നാംമുറ…ഇനീഷ്യൽ ഡേ ക്രൗഡിൽ അത്ഭുതം സൃഷ്ടിച്ച മൂന്നാംമുറ റിലീസായിട്ട് ഇന്നേക്ക് (Nov 10th) 32 വർഷങ്ങൾ…

ഇനി ഒരു ഫ്ളാഷ്ബാക്ക്…

1988 നവംബർ പത്താം തിയ്യതി വ്യാഴായ്ച്ച, എൻ്റെ നാടായ കൊടുങ്ങല്ലൂരിൽ മൂന്നാംമുറ റിലീസായ ദിവസം,അന്ന് ഞാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്…1986 കാലഘട്ടം മുതൽ തന്നെ തിയേറ്ററിൽ നിന്നും മോഹൻലാൽ സിനിമകൾ ആദ്യ ദിവസങ്ങളിൽ കാണുന്ന ഒരു പതിവ് എനിക്ക് ഉണ്ടായിരുന്നു, ഇക്കയുടെയും അയൽപ്പക്കത്തെ ചേട്ടന്മാരുടെയും കൂടെയാണ് അന്ന് സിനിമകൾക്ക് പോയിരുന്നത്…മുഗൾ തിയേറ്ററിലാണ് സിനിമ വരുന്നതെങ്കിൽ ടിക്കറ്റ് കിട്ടാൻ എളുപ്പമായിരുന്നു, അവിടെ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴി…ടൗണിൽ പോയി പുതിയ സിനിമകൾ കാണാൻ അന്നത്തെ കുട്ടികൾക്ക് ഇല്ലാതിരുന്ന ആ ഒരു സ്വാതന്ത്ര്യം എനിക്കും ഇക്കയ്ക്കും ഉണ്ടായിരുന്നു…മൂന്നാംമുറ റിലീസായ ദിവസം ഉച്ചയ്ക്ക് ശേഷം സ്കൂളിൽ പോയില്ല…വൻ തിരക്ക് ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ 6.30 ൻ്റെ ഫസ്റ്റ് ഷോയ്ക്ക് വേണ്ടി 4 മണിയോട് കൂടി ഞാൻ ശ്രീകാളീശ്വരി തിയേറ്ററിൽ എത്തി,മറ്റുള്ളവർ പിന്നാലെ വരും എന്ന ഉറപ്പിൽ…

Download Plain Meme of Mohanlal In Moonnam Mura Movie With Tags police,  sweekaranam, maalayum bokkayum, nadatham, success, ali imranതിയേറ്ററിൽ എത്തിയപ്പോൾ കണ്ടത് കോമ്പൗണ്ട് നിറയെ ആളുകളും അവരെ പുറത്താക്കി ഗേറ്റ് അടക്കാൻ ശ്രമിക്കുന്ന സെക്യൂരിറ്റിക്കാരനെയുമാണ്…ഇതിനിടയിൽ ബ്ലാക്കിൽ ടിക്കറ്റ് വില്ക്കാൻ ശ്രമിക്കുന്നവരും ഉണ്ടായിരുന്നു…മാറ്റിനി തുടങ്ങാൻ താമസിച്ചൊ എന്ന് അവിടെ നിന്നിരുന്ന ഒരു ചേട്ടനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് മാറ്റിനി ഒക്കെ വളരെ നേരത്തെ തുടങ്ങി, ഇപ്പൊൾ 4 മണിക്ക് തുടങ്ങിയിരിക്കുന്നത് ഫസ്റ്റ് ഷോ ആണെന്ന്….ഇതിനിടയിൽ സിനിമ തരക്കേടില്ല,അടിപൊളിയാണ് എന്ന് തുടങ്ങിയ അഭിപ്രായങ്ങളും അവിടെ കൂടി നിന്നവരിൽ നിന്നും കേട്ടു…

Seven Artsതിയേറ്റർ കോമ്പൗണ്ടിൽ നിന്നും ആളുകളെ പുറത്താക്കി ഗേറ്റിൽ ഹൗസ് ഫുൾ ബോർഡും പുതുക്കിയ ഷോ ടൈം ബോർഡും തൂക്കിയതോട് കൂടി അവിടെ ഉണ്ടായിരുന്നവർ ഓടി,തിയേറ്ററിൻ്റെ മെയിൻ ബൗണ്ടറി വാളിൽ റോഡിലേക്ക് തുറക്കുന്ന ക്യൂ കൗണ്ടറിലേയ്ക്ക്…ഓട്ടത്തിനിടയിൽ എങ്ങനെയൊ ഞാനും കയറിപ്പറ്റി ഫസ്റ്റ് ക്ലാസ് ക്യൂവിൽ…പിന്നെ രണ്ടര മണിക്കൂറോളം ഒറ്റ നിൽപ്പായിരുന്നു ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുള്ള ആ ഗുഹ ക്യൂവിൽ, ഏഴ് മണിയുടെ സെക്കൻ്റ് ഷോയ്ക്ക് വേണ്ടി…
അടുത്ത ഷോയ്ക്ക് ഉള്ള ടിക്കറ്റ് ഉറപ്പായി എന്ന സന്തോഷത്തിനിടയിലും എന്നെ ചില ചിന്തകൾ പിടികൂടിയിരുന്നു…പിറകെ വരാമെന്ന് പറഞ്ഞിരുന്നവർ വന്നില്ലെങ്കിൽ,അവരെ കണ്ടില്ലെങ്കിൽ ഞാൻ എങ്ങനെ സിനിമ കഴിഞ്ഞ് സൈക്കിളിൽ നാല് കിലൊമീറ്റർ അകലെ ഉള്ള വീട്ടിൽ എത്തും, സാധാരണയിലും താമസിച്ച് ചെല്ലുമ്പോൾ ഉമ്മയിൽ നിന്നും കേൾക്കേണ്ട വഴുക്കും ഒക്കെ എൻ്റെ മനസിൻ്റെ പിരിമുറുക്കം കൂട്ടി…അങ്ങനെ രണ്ടര മണിക്കൂറോളം ഇടംവലം തിരിയാൻ പറ്റാത്ത ആ നീണ്ട ഗുഹ ക്യൂ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് പുറത്തേക്കിറങ്ങി…കുറച്ച് നേരത്തെ തിരച്ചിലുകൾക്ക് ശേഷം കൂട്ടാളികളെ കണ്ട് പിടിച്ച് നേരെ തിയേറ്ററിലേക്ക്….

ഇരുപതാം നൂറ്റാണ്ടും തൊട്ട് മുമ്പ് ഇറങ്ങിയ ആര്യനും തന്ന അമിത പ്രതീക്ഷകളുടെ ഭാരത്തോടെ നിറഞ്ഞ സദസിൽ കരഘോഷത്തോടെ മൂന്നാംമുറയുടെ സെക്കൻ്റ് ഷോ തുടങ്ങി…ടൗണിലെ ജ്വല്ലറിയുടെയും ടെക്സ്റ്റൈൽ ഷോപ്പിൻ്റെയും പരസ്യങ്ങൾ ആർപ്പ് വിളികളോടെ കാണികൾ എതിരേറ്റു…റെസ്ക്യൂ ഓപ്പറേഷൻ്റെ കഥ പറയുന്ന മൂന്നാംമുറയിൽ മോഹൻലാലിൻ്റെ ഇൻട്രൊ രംഗത്തിന് വേണ്ടി ഞാനടക്കം ഉള്ള പ്രേക്ഷകർ അക്ഷമയോടെ ഒരു മണിക്കൂറോളം കാത്തിരുന്നു…
ഒടുവിൽ അലി ഇമ്രാൻ്റെ ഇൻട്രൊ രംഗമെത്തി…ശ്യാമിൻ്റെ അടിപൊളി പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട ആ രംഗത്തിൽതിയേറ്റർ ആകെ ഇളകി മറിഞ്ഞു, കരഘോഷത്തോടെ മാസ് എലമെൻ്റ്സ് ഒന്നുമില്ലാത്ത ആ രംഗത്തെ വരവേറ്റു… പിന്നീടങ്ങോട്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന,ത്രസിപ്പിക്കുന്ന രംഗങ്ങളുമായി മൂന്നാംമുറ മുന്നേറി…ക്ലൈമാക്സിൽ ബാബു ആൻ്റണിയുമായിട്ടുള്ള മോഹൻലാലിൻ്റെ സംഘട്ടനവും ബിൽഡിങിൻ്റെ മേലെ നിന്നുള്ള ചാട്ടവും ഒക്കെ തിയേറ്ററിൽ വൻ ഓളം ഉണ്ടാക്കി…

ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻ്റെ ചടുലതയും മെയ്യ് വഴക്കവും ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു മൂന്നാംമുറയിലേത്…ക്ലൈമാക്‌സിന് തൊട്ട് മുമ്പ് വരെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് പോയി കൊണ്ടിരുന്ന മൂന്നാംമുറക്ക് പെട്ടെന്നാണ് കാലിടറിയത്,ലാലു അലക്സുമായിട്ടുള്ള മോഹൻലാലിൻ്റെ ഫൈറ്റ് രംഗത്തിൽ,ആ രംഗത്തിൽ തിയേറ്ററിൽ കൂവൽ ഉയരുകയും ചെയ്തു…രേവതിയെ ഗൺ പോയിൻ്റിൽ നിർത്തി മോഹൻലാലിനോട് വില്ലൻ തോക്ക് താഴെ വെയ്ക്കാൻ പറയുന്നതും,തോക്ക് താഴെ വെച്ച ശേഷം മോഹൻലാൽ തലക്കുത്തി മറിഞ്ഞ് വില്ലൻ്റെ തോക്ക് തട്ടി തെറിപ്പിക്കുന്നതും ആയ രംഗത്തിൽ ഒരു കൃത്രിമം അനുഭവപ്പെട്ടിരുന്നു,അതാണ് ആ കൂവൽ ഉണ്ടാകാനുള്ള കാരണവും…ലാലു അലക്സിൻ്റെ പിന്നിൽ പ്ലേസ് ചെയ്ത ക്യാമറ ആംഗിളും സ്ലോമോഷനുമാണ് ആ രംഗത്തിൻ്റെ ഏച്ച് കെട്ടലിന് കാരണമായത്…

മാത്രവുമല്ല വില്ലനെ വെടി വെച്ച് കൊന്ന ശേഷം മറ്റ് കഥാപാത്രങ്ങൾ നോക്കി നിൽക്കെ അലി ഇമ്രാൻ കോണിപ്പടികൾ കയറി പോകുന്നിടത്ത് വെച്ച് സിനിമ പെട്ടെന്ന് അവസാനിച്ചതിലും ഒരു പൂർണത ഇല്ലായ്മ പ്രേക്ഷകർക്ക് അനുഭവപ്പെട്ടു,അത് സമ്മിശ്ര പ്രതികരണത്തിലേക്ക് സിനിമയെ എത്തിച്ചു…പക്ഷെ ഞാനെന്ന അന്നത്തെ എട്ടാം ക്ലാസ്ക്കാരന് വലിയ ആവേശമാണ് മോഹൻലാലിൻ്റെ സ്റ്റണ്ട് രംഗങ്ങളും മൂന്നാംമുറയും നല്കിയത്…സിനിമ കഴിഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോൾ കണ്ട കാഴ്ച്ച,തേർഡ് ഷോയ്ക്ക് വേണ്ടി കാത്ത് നിന്ന വൻ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു…കൊടുങ്ങല്ലൂരിൻ്റെ ചരിത്രത്തിൽ ആദ്യമായി നാല് ചാർട്ട് ഷോ ചെയ്ത സിനിമ എക്സ്ട്രാ ഷോയോട് കൂടി അഞ്ച് ഷോ പ്രദർശിപ്പിച്ചത് മൂന്നാംമുറയാണ്…കൊടുങ്ങല്ലൂരിൽ മാത്രമല്ല,കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ജനത്തിരക്ക് കാരണം ആദ്യ ദിവസങ്ങളിൽ എക്സ്ട്രാ ഷോസ് വെച്ചിരുന്നു മൂന്നാംമുറ…മോഹൻലാലിനെ ആക്ഷൻ റോളിൽ കാണാൻ പ്രേക്ഷകർ പ്രത്യേകിച്ച് ചെറുപ്പക്കാർ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു,ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകരെ എത്ര മാത്രം സ്വാധിനിച്ചിരുന്നു എന്നതിൻ്റെ ഒക്കെ വ്യക്തമായ തെളിവാണ് മൂന്നാംമുറക്ക് ലഭിച്ച ഈ അസാധ്യ ജനത്തിരക്ക്…

അടുത്ത ദിവസത്തിലെ പത്രങ്ങളിൽ എല്ലാം മൂന്നാംമുറയുടെ റിലീസ് ദിവസത്തെ അഭൂതപൂർവ്വമായ ജനത്തിരക്കിനെ കുറിച്ച്, തിക്കും തിരക്കിലും ഉണ്ടായ അപകടങ്ങളെ കുറിച്ച്,തിയേറ്ററുകളിൽ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒക്കെയുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞു…തൃശ്ശൂർ ജോസ് തിയേറ്ററിൽ ആണ് തിരക്കിൽ പെട്ട് ഏറ്റവും കൂടുതൽ പേർക്ക് പരിക്ക് പറ്റിയത്…സത്യത്തിൽ മലയാള സിനിമയിൽ ഇങ്ങനെ ഒരു അനിയന്ത്രിതമായ തിരക്കും,ടിക്കറ്റ് വേണ്ടിയുള്ള ഉന്തും തള്ളും പരിക്കും,അതേ പറ്റിയുള്ള പത്ര വാർത്തയും ഒക്കെ ആദ്യത്തെ സംഭവം ആയിരുന്നു…ക്ലൈമാക്സിലെ കല്ലുകടിയും പോരായ്മയും അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണവും ഒക്കെ ആദ്യ ദിവസം തന്നെ സിനിമയുടെ അണിയറക്കാരും മനസിലാക്കിയിരുന്നു…
അത് കൊണ്ട് ഒരു രംഗം കൂടി ഷൂട്ട് ചെയ്ത് ക്ലൈമാക്സിൽ കൂട്ടിച്ചേർക്കാൻ മൂന്നാംമുറയുടെ സംവിധായകൻ K.മധു നിർബന്ധിതനായത്…

റീഷൂട്ട് ചെയ്ത ഈ പുതിയ ക്ലൈമാക്സിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് രണ്ടാം വാരത്തിൻ്റെ പരസ്യം പത്രങ്ങളിൽ വന്നത്…പുതിയ ക്ലൈമാക്സും മൂന്നാംമുറക്ക് ഉണ്ടായ പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണത്തെ മാറ്റാനായില്ല…എങ്കിലും വമ്പൻ ഇനീഷ്യൽ ക്രൗഡ് ദിവസങ്ങളോളം തുടർന്നു…ബ്ലോക്ബസ്റ്റർ ആകേണ്ടിയിരുന്ന സിനിമ സംവിധായകൻ്റെ ചെറിയ അശ്രദ്ധ കൊണ്ട് ഹിറ്റ് സ്റ്റാറ്റസിൽ ഒതുങ്ങി…ഇരുപതാം നൂറ്റാണ്ടിലും ആര്യനിലും ഒക്കെ പ്രേക്ഷകർക്ക് കിട്ടിയ ആ ‘wow factor’ മൂന്നാംമുറക്ക് പൂർണമായ രീതിയിൽ നല്കാൻ സാധിച്ചില്ല,മോഹൻലാലിൻ്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉണ്ടായിട്ട് പോലും..തമിഴ് നാട്ടിലും മികച്ച സ്വീകരണമാണ് മൂന്നാംമുറക്ക് ലഭിച്ചത്, മദ്രാസിൽ 70 ദിവസത്തിന് മുകളിൽ റണ്ണും കിട്ടി…
ഇനി ഫ്ളാഷ്ബാക്കിൽ നിന്നും വർത്തമാന കാലത്തിലേയ്ക്ക്…

ക്ലൈമാക്സിലെ ചെറിയ ഒരു പിഴവ് കൊണ്ട് ഒരു സിനിമയുടെ അഭിപ്രായം മാറി മറിയുമൊ,സിനിമയുടെ ബോകസ് ഓഫീസ് പ്രകടനത്തെ അത് ബാധിക്കുമോ എന്നുള്ള സംശയങ്ങൾ ഇന്നത്തെ തലമുറയിലെ സിനിമാസ്വാദകർക്ക് ഈ കുറിപ്പ് വായിക്കുമ്പോൾ ചിലപ്പോൾ തോന്നിയേക്കാം…എൺപതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഒക്കെ പ്രേക്ഷകർ മലയാള സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾക്ക് അനുവദിച്ച് കൊടുത്തിട്ടുള്ള ഒരു ലിമിറ്റ് ഉണ്ടായിരുന്നു,ആ ലിമിറ്റിൽ നിന്നും പുറത്ത് കടന്ന് കൊണ്ടുള്ള അമാനുഷികമായ രംഗങ്ങൾ ഉണ്ടായാൽ പ്രേക്ഷകർ ആ സ്പോട്ടിൽ പ്രതികരിക്കുമായിരുന്നു,കൂവലിൻ്റെ രൂപത്തിൽ…അത് സിനിമയുടെ അഭിപ്രായത്തെ മൊത്തമായി ബാധിക്കുകയും ചെയ്തിരുന്നു…അതേ സമയം ഇത്തരം അമാനുഷിക രംഗങ്ങൾ ഒരുപാട് ഉള്ള രജനികാന്തിൻ്റെയും കമലഹാസൻ്റെയും വിജയകാന്തിൻ്റെയും തമിഴ് സിനിമകൾ കേരളത്തിലെ സിനിമ പ്രേക്ഷകർ ഇരുകൈളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു..മോഹൻലാൽ~മമ്മൂട്ടി കാലഘട്ടത്തിലെ സിനിമകളുടെ സ്വഭാവികത കൊണ്ടാകാം ജയൻ കാലഘട്ടത്തിലെ അമാനുഷിക രംഗങ്ങൾക്ക് കൈയ്യടിച്ചിരുന്ന അതേ പ്രേക്ഷകർ ഇങ്ങനെ ഒരു പരിധിയും നിലപാടും സ്വീകരിച്ചത്…ബ്ലോക്ബസ്റ്റർ ആകേണ്ടിയിരുന്ന എത്രയൊ സിനിമകളാണ് പ്രേക്ഷകരുടെ ഈ നിലപാട് കാരണം ആവറേജിലും ഹിറ്റിലും ഒക്കെ ഒതുങ്ങിയത്…

ദൗത്യം,യോദ്ധ,ജോണിവാക്കർ,നിർണയം,ഒളിമ്പ്യൻ പോലുള്ള സിനിമകൾ ഉത്തമ ഉദാഹരണങ്ങളാണ്…പ്രേക്ഷകരുടെ ഈ നിലപാടിൽ മാറ്റം വന്ന് തുടങ്ങിയത് 2005 ന് ശേഷമാണെന്ന് പറയാം…തമിഴിലെയും തെലുങ്കിലെയും നായകന്മാർ പറന്ന് സ്റ്റണ്ട് ചെയ്യുന്നത് കണ്ടപ്പോൾ മലയാള പ്രേക്ഷകർക്കും ആഗ്രഹം ഉദിച്ചു നമ്മുടെ നായകന്മാരും ഇത് പോലെ ഒക്കെ പറന്ന് സ്റ്റണ്ട് ചെയ്തിരുന്നെങ്കിൽ എന്ന്.ആ ആഗ്രഹത്തിൻ്റെ പൂർണമായ സഫലീകരണമായിരുന്നു പുലിമുരുകനിൽ കണ്ടത്…പുലിമുരുകനിലെ സ്റ്റണ്ട് രംഗങ്ങൾ പോലെ രംഗങ്ങൾ ഉള്ള ഒരു സിനിമ തൊണ്ണുറുകളിലായിരുന്നു റിലീസ് ആയിരുന്നതെങ്കിൽ ഉറപ്പായും ഇപ്പോൾ കിട്ടിയ പോലെ ഒരു വലിയ വരവേൽപ്പ് കിട്ടില്ലായിരുന്നു…

ഒരു ഫാൻസ് അസോസിയേഷൻ്റെയും പിൻബലം ഇല്ലാതെ,സോഷ്യൽ മീഡിയയും ടീസറും ട്രെയിലറും ഇല്ലാതെ ആണ് മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1986-2000 കാലഘട്ടത്തിൽ പ്രേക്ഷകർ ആർത്തിരമ്പി തിയേറ്ററുകളിലേക്ക് എത്തിയിരുന്നത്…സിനിമ മാഗസിനുകളും റിലീസിൻ്റെ തലേന്നും റിലീസ് ദിവസവും വരുന്ന പത്ര പരസ്യങ്ങളും മാത്രമാണ് സിനിമയെ കുറിച്ച് അറിയാനുള്ള മീഡിയ.കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു,മലയാളിയുടെയും മലയാള സിനിമയുടെയും അഭിരുചികൾ ഒരുപാട് മാറി…പക്ഷെ മാറാതെ നില്ക്കുന്നത് ഒന്ന് മാത്രം,മോഹൻലാലും മോഹൻലാലിൻ്റെ സിനിമകളുടെ തിരക്കും പിന്നെ മലയാളികൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും…