ജയശങ്കർ എന്ന ഡല്ഹിക്കാരൻ വലിയ ആവേശത്തോടെയാണ് പറയുന്നത്- “ബിജെപി ജയിച്ചാൽ രണ്ട് നേരം മദ്യവും പൈസയും കിട്ടും ഇങ്ങനെ തരുന്ന ഏത് സർക്കാരാണ് ഇവിടെയുള്ളത്.”

0
168

സഫ്‌വാൻ അയ്‌ഖദി

ഡൽഹിയിലെ യൂണിവേഴ്സിറ്റി നോർത്തിൽ നിന്ന് നിസാമുദ്ധീനിലേക്കുള്ള ഒരു ബസ് യാത്രയിലുണ്ടായ അനുഭവമാണ്. ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. സീറ്റിലിരുന്നപ്പോൾ എനിക്കൊരു കോൾ വന്നു. ഫോണിൽ സംസാരിക്കുന്ന മലയാളം കേട്ടിട്ടാകാം അടുത്തിരിക്കുന്ന ഡൽഹികാരനായ ആൾ സംസാരിക്കാൻ തുടങ്ങിയത്. ജയശങ്കർ എന്ന് സ്വയം പരിചയപ്പെടുത്തിയ അദ്ദേഹം ആമുഖ പരിചയപ്പെടലുകൾക്ക് ശേഷം രാഷ്ട്രീയ കാര്യങ്ങളിലേക്കായി സംസാരം.

ഡൽഹിയിൽ ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പും വർത്തമാന സാഹചര്യങ്ങളെ കുറിച്ചുമെല്ലാം വാചാലമാകാൻ തുടങ്ങി. സംസാരത്തിന്റെ തുടക്കം കേട്ടപ്പോഴേ എനിക്ക് രണ്ട് ദുർഗന്ധം വമിച്ചു. ഒന്ന് മദ്യത്തിന്റെ രണ്ടാമത് ഫാഷിസത്തിന്റെ. ആദ്യം തന്നെ ഡൽഹി മുഖ്യമന്ത്രിയായ കെജ്‌രിവാളിന് നേർക്കായി. കെജ്‌രിവാൾ ഹരിയാനയിൽ നിന്നും വെള്ളം മോഷ്ടിച്ചാണ് ഡൽഹിയിൽ വിതരണം ചെയ്യുന്നെതടക്കമുള്ള വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പുള്ളിക്കാരൻ പറയുന്നത്. ഉടനെ ഞാൻ ചോദിച്ചു ഏതാണ് ഇവിടുത്തെ നല്ല മുഖ്യമന്ത്രി എന്ന്. ഉടനെ പറഞ്ഞു ബിജെപി യുടെ എന്ന്. അതിനു മാത്രം വല്ല പ്രവർത്തനങ്ങളും വിശദീകരിക്കാമോ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് ഉത്തരേന്ത്യയിൽ ഫാഷിസ്റ്റ് വാഴ്ചയുടെ പിന്നാമ്പുറം യഥാർത്ഥത്തിൽ മനസിലാക്കി തന്നത്.

കൂലിപ്പണിക്കാരനായ ഇദ്ദേഹത്തെ പോലുള്ള ലക്ഷകണക്കിന് ആളുകളുടെ ദിവസ വേതനം അഞ്ഞൂറോ അറനൂറു രൂപയാണ് അത് തന്നെ കിട്ടിയാൽ വലിയ ഭാഗ്യം. അതിൽ നിന്ന് രണ്ട് നേരം മദ്യം വാങ്ങുന്നത് കിഴിച്ചാൽ മിച്ചം വരുന്നത് വിരലിലെണ്ണാവുന്ന തുക മാത്രം. അദ്ദേഹം വലിയ ആവേശത്തോടെയാണ് പറയുന്നത്. ബിജെപി ജയിച്ചാൽ രണ്ട് നേരം മദ്യവും പൈസയും കിട്ടും ഇങ്ങനെ തരുന്ന ഏത് സർക്കാരാണ് ഇവിടെയുള്ളത്.

ഇവിടെയാണ്‌ ഫാഷിസ്റ്റ് നെറികേടുകൾ വളരുന്ന വഴികളറിയുന്നത്. മദ്യവും പൈസയും പ്രലോഭനങ്ങളും വഴി ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചാണ് ഇവർ ഭരണസിരാ കേന്ദ്രങ്ങളിൽ ഇരിപ്പുറപ്പിക്കുന്നത്. ഈ രാജ്യം ഒരു ഹിന്ദു രാജ്യമാക്കുമെന്നും ഭാരത് മാതാ കി ജയ് എന്നും പറഞാണ് അയാൾ സംസാരം അവസാനിപ്പിച്ചത്. ഒരുകാര്യം ഉറപ്പാണ് സമാനമായ ജയശങ്കരന്മാർ ഉള്ളത് മാത്രമാണ് ഉത്തരേന്ത്യയിൽ ബിജെപിയുടെ സമ്പത്ത്. അത്തരം ജയശങ്കരന്മാർ ഇല്ലാത്ത കേരളത്തെ കുറിച്ച് ഞാൻ അഭിമാനത്തോടെ ഓർത്തു.എന്റെ നാട് എത്ര സുന്ദരം
സഫ്‌വാൻ അയ്‌ഖദി